നവ കേരള സൃഷ്ടിക്കായി കേരളം കാത്തിരിക്കുന്നു
എല്ലാം ശരിയാക്കാൻ പിണറായിയും കൂട്ടരും എത്തിക്കഴിഞ്ഞു. നവകേരളം എന്ന സ്വപ്ന സൃഷ്ടിക്കായി ഇടതുപക്ഷം മുന്നോട്ടു വെച്ച മുദ്രാവാക്യം സാക്ഷാത്കരിക്കാൻ മതത്തിന്റയും ദേശത്തിന്റെയും ജാതിയുടെയും ബാഹ്യ സമ്മർദ്ദമില്ലാതെ ഭരിക്കുന്നതിലേയ്ക്ക് വൻ ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്. സവിസ്തരം ചർച്ചകൾക്ക് വിധേയമാകേണ്ട വകുപ്പുകളുടെ കഴിഞ്ഞ കാല പ്രവർത്തികൾ ചികയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ആകെ ജനങ്ങൾക്ക് ചർച്ച കൂടാതെ അറിയാവുന്ന ഏക കാര്യം ‘ഖജനാവ് കാലിയാണ്’ എന്നുള്ളതാണ്. നാട്ടിൻപുറത്തെ മുറുക്കാൻ കടകൾ നടത്തുന്ന ലാഘവത്തോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല വകുപ്പുകളിലും ഭരണം നടന്നിരുന്നത്. സാക്ഷരതയിലും അടിസ്ഥാന വികസനത്തിലും ഏറെ മുന്നോക്കം പോയൊരു സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്തക്ക ദീർഘ വീക്ഷണത്തോടെയുള്ള ഒരു പദ്ധതികളും വലതുപക്ഷം തുടങ്ങിയിട്ടില്ലായിരുന്നു. എടുത്തുപറയത്തക്ക ഒരു നയവും ഒരു മേഖലകളിലും നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല ഒരു അക്കാദമിക് തല ചർച്ച പോലുമുണ്ടായിരുന്നില്ല. അഞ്ച് വർഷക്കാലത്തിനിടയിൽ ആകെയുണ്ടായത് മദ്യനയം മാത്രമായിരുന്നു, അതും പത്രസമ്മേളനത്തിൽ എഴുതിയ ഒരു കുറിപ്പ്. വിദ്യാഭ്യാസരംഗം താറുമാറായി, കാർഷിക വളർച്ചാ നിരക്ക് മൈനസ് നാലിന്(−4) താഴേയ്ക്ക് പോയി. ഉത്പാദന മേഖല, പരന്പരാഗത തൊഴിൽ മേഖല എന്നിവ നിർജ്ജീവമായ സ്ഥിതിയിലായി. ഇതിനെല്ലാം പുറമെയാണ് ഭരണത്തിലെ അധിക ചിലവും, ധൂർത്തും. ആകെ നടന്നത് റോഡുകളും പാലങ്ങളും നിർമ്മിക്കുക, കൂടെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതികൊടുത്ത്, എത്രത്തോളം ഇതിൽ കമ്മീഷൻ നേടുക എന്നതിൽ വകുപ്പുകൾ പരസ്പരം മത്സരിച്ചിരുന്നു എന്നത് മാത്രമായിരുന്നു. ജനസന്പർക്കം എന്ന മായജാലത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നും, വർഗീയതയിൽ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിർത്താമെന്നുമുള്ള വലതുപക്ഷത്തിന്റെ മനപ്പായസത്തിനാണ് അടിയേറ്റിരിക്കുന്നത്.
മൂല്യാധിഷ്ടിത വിദ്യാഭ്യാസം നഷ്ടമായ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വൻ പൊളിച്ചെഴുത്ത് ആവശ്യമാണ്. ഇല്ലങ്കിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾ എന്നത് വെറും കാട്ടിക്കൂട്ടലുകളുടെ സംഗമായി മാറും. വസ്തുക്കളുടെ ആധാരം ബാങ്കുകളിൽ പണയം െവച്ച് ലോൺ എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യച്യുതി മൂലം പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വരുകയും എടുത്ത വായ്പ്പ തിരിച്ചടക്കാൻ കഴിയാതെ കടക്കാരനായി തീരുകയും ചെയ്യുന്നു. അതുപോലെ തന്നെ ഉന്നത−വിദേശ സർവ്വകലാശാലകളുടെ സ്ഥാപനവും അവയുടെ നടത്തിപ്പവകാശവും. സൂക്ഷ്മമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ നടപ്പിൽ വരാൻ പാടുള്ളൂ, എങ്കിൽ മാത്രമേ പാർശ്വ വൽക്കരിക്കപെട്ടവർക്കും, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഇവ രണ്ടും പ്രാപ്യമാവുകയുള്ളൂ. നിലവിലെ സർക്കാർ വിദ്യാലയങ്ങളുടെ ഗുണ നിലവാരവും, അടിസ്ഥാന സൗകര്യവും ഉയർത്തിയാൽ മാത്രമേ സ്വകാര്യ മേഖലയിലെ ചൂഷണം അവസാനിക്കുകയുള്ളൂ.
മൂലധന നിക്ഷേപം വർദ്ധിപ്പിച്ചാൽ മാത്രമേ കാർഷിക − പരന്പരാഗത തൊഴിൽ മേഖലകളേയും ഉത്പാദന മേഖലയേയും ഉണർത്താൻ കഴിയുള്ളൂ. ഇതുമൂലം ജനങ്ങളുടെ വാങ്ങൽ ശേഷി വർദ്ധിക്കും, അതായത് ക്രയ ശേഷി കൂടും. ഇങ്ങനെ വന്നാൽ മാത്രമേ സർക്കാരിന് മിച്ച ബട്ജറ്റ് ഉണ്ടാവുകയും വിദ്യാഭ്യാസം, −ആരോഗ്യം തുടങ്ങിയ സേവന−ക്ഷേമ പദ്ധതികൾ കൂടുതലായി നടപ്പിലാക്കുവാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ സമാന്തരമായി വിപണിയിലെ വിലകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുയും വേണം. നികുതിപ്പിരിവ് കാര്യക്ഷമമാക്കുമെന്ന് നിയുക്ത ധനകാര്യ മന്ത്രി പറയുന്നുണ്ട്. ഏകദേശം നാൽപ്പത് ശതമാനം നികുതി ചോർച്ചയുണ്ട് എന്നത് വസ്തുതയാണ്. അത് കുത്തക മുതലാളിമാരിൽ നിന്നുമായിരിക്കും. നിർബന്ധമായും അവ പിരിച്ചെടുക്കണം, അത്പോലെ തന്നെ അവർക്കാവശ്യമായ അടിസ്ഥാന വികസനവും, നികുതി പിരിക്കുന്നതിൽ പരിഷ്കാരങ്ങൾ കൊണ്ട് വരുകയും വേണം. എന്നാൽ ഒരു ഇടതുപക്ഷ ജനകീയ സർക്കാരിൽ നിന്നും നികുതികൾ കുറയ്ക്കുന്നതും ഇല്ലാതാക്കുന്നതുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നേരിട്ടുള്ള നികുതി ഒഴിവാക്കി സേവന മേഖലകളിൽ മാത്രം നിലനിർത്തുന്നതിനായി ശ്രമിക്കണം, ഒരു ഇടതു സർക്കാർ.
മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറച്ചതും, മന്ത്രി മന്ദിരങ്ങൾ മോഡിപിടിപ്പിക്കില്ല എന്ന തീരുമാനങ്ങളും സ്വാഗതാർഹം തന്നെ. കൂട്ടത്തിൽ സാധാരണ ജനത്തെ നേരിട്ടും എളുപ്പത്തിൽ സ്വാധീനിക്കുന്നതുമായ രാഷ്ട്രീയ−അക്രമങ്ങളും കൊലപാതകകങ്ങളും ഒഴിവാക്കി, പ്രകോപനങ്ങളിൽ വീഴാതെ ‘കേരള -2030’, എന്ന ദീർഘവീക്ഷണ നവ കേരള സൃഷ്ടിക്കായി മുന്നേറുക, എല്ലാ ഭാവുകങ്ങളും...