വേണം ജനാധിപത്യത്തിൽ ചില മാറ്റങ്ങൾ!
കഴിഞ്ഞ രണ്ടര മാസക്കാലമായി നടന്ന തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങൾക്ക് വിരാമമിട്ടു കേരളത്തിലെ എഴുപതു ശതമാനത്തിനു മുകളിലുള്ള ജനം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ പാർട്ടികൾ അവരവരുടെ അവകാശ വാദങ്ങൾ വീറോടെ ഉന്നയിക്കുന്നു. പെട്ടിയിലായ വോട്ടിനെ ചൊല്ലിയുള്ള ചർച്ചകൾ എത്രമാത്രം ജനത്തെ വീണ്ടും അപഹസിക്കുന്നതിനു തുല്യമാണ്. ഒന്നോ രണ്ടോ ദിനങ്ങൾ ക്ഷമയോടെ ഇരുന്നാൽ പകൽ വെളിച്ചം പോലെ സത്യമാകാൻ പോകുന്ന ഒരു ഫലത്തെപ്പറ്റിയാണ് ‘പ്രബുദ്ധ’ ജനതയെ വിഡ്ഢികളാക്കുന്ന തരത്തിൽ ‘എക്സിറ്റ് പോളുകളും’ അതിന്മേലുള്ള ചർച്ചകളും. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്പോഴും ഇതൊക്കെ പതിവാണെങ്കിൽ തന്നെയും ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ എന്ന ചിന്ത നമ്മളിൽ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
അധികാര ദുർവിനിയോഗം:− നിലവിലെ സർക്കാരുകളുടെ കാലാവധി കഴിയുന്നത് കൊണ്ടാണ് പുതിയ തിരഞ്ഞെടുപ്പുകൾ ആവശ്യമായി വരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരുകൾ അധികാരത്തിൽ ഇരിക്കുന്നത് പല രീതിയിലുള്ള അധികാര ദുർവിനിയോഗത്തിന് കാരണമാകും. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും പോലീസിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും സ്വാധീനം ചെലുത്തുന്നു. പലപ്പോഴും തങ്ങൾക്കെതിരെ വരുന്ന രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിക്കും. തൃപ്പൂണിത്തുറയിലും പാലായിലും ഇത്തരം പ്രവർത്തനങ്ങൾ നാം കണ്ടു. അതുകൊണ്ട് തന്നെ കാലാവധി തീരുന്ന നിലവിലെ സർക്കാരുകളെ പിരിച്ചുവിട്ടു ഗവർണ്ണർമാരുടെ കീഴിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയണം. അതുപോലെ തന്നെ പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ തുടങ്ങി രാജ്യത്തിലെ മുഴുവൻ ജനതയെയും പ്രതിനിധാനം ചെയ്യുന്നവർ സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണെങ്കിൽ പോലും പ്രചരണം നടത്തുന്നത് ശരിയല്ല. ഭരണയന്ത്രങ്ങൾ മൊത്തമായും ഇത്തരക്കാർക്ക് സഹായകരമാകുന്ന അവസ്ഥ വരുകയും കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പിൽ നാം കണ്ടത് പോലെയുള്ള ‘പാക്കേജു’കൾ പ്രഖ്യാപനങ്ങളിൽ മാത്രമാണെങ്കിൽ കൂടി പ്രഖ്യാപിക്കുക വഴി വോട്ടർമാരുടെ തീരുമാനത്തെ സ്വധീനിക്കപ്പെടാം.
പ്രവാസികളുടെ ‘വോട്ടെന്ന സ്വപ്നം’: കാൽ കോടിയിലധികം പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. ഇക്കുറിയും അവർ ജനാധിപത്യത്തിനു പുറത്തു തന്നെ. കേരളത്തിന്റെ വികസന മാതൃക ഉയർത്തികാട്ടാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒരിക്കൽ പോലും അതിൽ പ്രവാസികളുടെ പങ്ക് പരാമർശിക്കുന്നില്ല.
ഇന്ന് കേരളത്തിൽ കാണുന്ന വികസനത്തിന്റെ വലിയൊരു ശതമാനവും പ്രവാസികളുടെ സന്പാദ്യത്തിൽ നിന്നാണ്. മിച്ചം വെയ്ക്കാൻ കഴിയുന്ന തരത്തിൽ ലഭിക്കുന്ന വിദേശനാണ്യം പ്രവാസികളുടെ സംഭാവനയാണ്. എന്നിട്ടും ലോകരാജ്യങ്ങൾക്ക് സാങ്കേതിക വിദ്യ നിർമ്മിച്ച് നൽകുന്ന ഇന്ത്യക്ക് വിദേശ നാടുകളിൽ കഴിയുന്ന സ്വന്തം പൗരന്മാരുടെ വോട്ടു രേഖപ്പെടുത്താൻ ഒരു മാർഗവുമില്ല എന്നത് വിരോധാഭാസമാണ്. വോട്ടു വിമാനങ്ങൾ ചാർട്ട് ചെയ്യുന്ന പ്രവാസി സംഘടനകൾ ഇനിയും കണ്ണ് തുറന്നു സാധാരണ പ്രവാസിയുടെ വോട്ടവകാശത്തിന് വേണ്ടി പോരാടുക.
ജനാധിപത്യത്തെ വിഡ്ഢികളാക്കുന്ന ‘അപരന്മാർ’: പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകൾ വിജയിക്കാനുള്ള തന്ത്രങ്ങൾ മെനയുന്പോഴും, എതിരാളികളെ തോൽപ്പിക്കാൻ വേണ്ടിയുള്ള കുതന്ത്രങ്ങൾക്കാണ് പ്രമുഖ സ്ഥാനം. ഊരും പേരും പൊടുന്നനെ പൊട്ടി മുളക്കുന്ന ഒരു പറ്റം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കും. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഗുണം ചെയ്യുമെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഭരണ−നയങ്ങൾ രൂപീകരിക്കുന്ന പ്രക്രിയയിൽ ഇത്തരം സ്ഥാനാർത്ഥികൾ വിജയിച്ചു വന്നാൽ യാതൊരു സ്ഥാനവും ഉണ്ടാകില്ല. അതിനാൽ തന്നെ നിയമപരമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്ത ചെറു രാഷ്ട്രീയ പാർട്ടികളെയും അപരന്മാരായ സ്വതന്ത്ര സ്ഥാനാർത്ഥികളേയും നിയന്ത്രിക്കാൻ കഴിയുന്ന തരത്തിൽ തിരഞ്ഞെടുപ്പുകൾ പരിഷ്കരിക്കണം.
തിരഞ്ഞെടുപ്പ് ദിവസത്തെ പ്രചരണം: പലപ്പോഴും ദൃശ്യ മാധ്യമങ്ങളുടെ റേറ്റിംഗ് വർദ്ധിപ്പിക്കാൻ വേണ്ടി ക്യാമറയും മൈക്കുമായി മാധ്യമ പ്രതിനിധികൾ തിരഞ്ഞെടുപ്പ് ബൂത്തുകൾ കയറിയിറങ്ങുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി കാണുന്നു. എന്നാൽ അതും കടന്നു സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും വീന്പു പറച്ചിലും ആരോപണ പ്രത്യാരോപണ വിവാദങ്ങളും അവകാശ വാദങ്ങളും കാണുന്പോൾ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചിട്ടില്ല എന്ന സംശയം ബലപ്പെടുന്നു. ഇത് തീർച്ചയായും വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയുടെ ചിഹ്നം ഉയർത്തികാട്ടിയുള്ള ചിത്രം വിവാദമായത് എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഒന്നാണ്. ഇനിയും നമ്മുടെ തിരഞ്ഞെടുപ്പും പ്രചരണ രീതികളും പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, വീണ്ടുവിചാരം താമസിച്ചാണെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, ഒപ്പം വിജയിച്ചു അധികാരത്തിൽ കയറാൻ പോകുന്ന സ്ഥാനാർത്ഥികൾക്ക് ആശംസയും.