രാഷ്ട്രീയം അധികാരമാകുന്പോൾ....
വ്യക്തതയും ദിശാബോധവുമില്ലാതെ ഉഴലുകയാണ് നമ്മുടെ രാഷ്ട്രീയം. ജനാധിപത്യത്തിൽ പരമപ്രധാനമായ ഒരു പ്രക്രിയയാണ് തിരഞ്ഞെടുപ്പ്. ഇന്ത്യയിൽ ഓരോ അഞ്ച് വർഷവും വിവിധ അധികാര സ്ഥാനങ്ങളിലേയ്ക്ക് കാലതാമസം കൂടാതെ തിരഞ്ഞെടുപ്പ് നടക്കുന്നു. പ്രായപൂർത്തിയായ ഏതൊരു പൗരനും പൗരയ്ക്കും അഭിമാനിക്കാവുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന അസുലഭ മുഹൂർത്തമാണ് തിരഞ്ഞെടുപ്പുകൾ. അധികാരം തങ്ങളിലേയ്ക്ക് വന്നു എന്ന് കുറച്ചു ദിവസമെങ്കിലും നാട്ടാർക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമയം.
അധികാര സ്ഥാനത്തേയ്ക്ക് വരാൻ കച്ചകെട്ടിയിറങ്ങിയവരോട് എന്തും പറയാനും ചോദിക്കാനുമുള്ള അവസരം. ഇങ്ങനെ സംഭവബഹുലമായ ചിത്രങ്ങളിലൂടെയാണ് ഓരോ തിരഞ്ഞെടുപ്പും നമ്മളിലൂടെ കടന്നു പോകുന്നത്.
ഇപ്പോൾ കൊച്ചു കേരളത്തിലും തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങൾ ഉയർന്നു കഴിഞ്ഞു. ജനസേവകരാകാൻ വെന്പൽ കൊണ്ട് കരഞ്ഞും കാലുപിടിച്ചും സ്ഥാനാർത്‍ഥിയാകാൻ ശ്രമിക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ. മുൻകാലങ്ങളിൽ ഇതൊക്കെ ഒരു തരം ‘രാഷ്ട്രീയക്കാർക്ക്’ മാത്രം പറഞ്ഞിട്ടുള്ള ഏർപ്പാട് മാത്രമെങ്കിൽ ഇന്ന് സിനിമാതാരം മുതൽ കായിക താരങ്ങളും ചാനൽ അവതാരകർ വരെ ക്യൂവിലാണ്. സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയം ഏറെക്കുറെ അസ്തമിച്ചുക്കഴിഞ്ഞു. ചിന്താശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിന് അർഹതപ്പെട്ട ഒരു രീതിയിലേയ്ക്ക് രാഷ്ട്രീയം എത്തപ്പെട്ടിരിക്കുന്നു.
മുൻകാലങ്ങളിൽ കാഴ്ചപ്പാടുകളും നിലപാടുകളും നയങ്ങളുമായിരുന്നു രാഷ്ട്രീയവും തിരഞ്ഞെടുപ്പും നിയന്ത്രിച്ചിരുന്നത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നയങ്ങളിലെ ശരിതെറ്റുകളെ വോട്ടർമാർക്ക് മുന്നിൽ നിരത്തി വോട്ടു ചോദിക്കുന്ന സന്പ്രദായം ഇന്നില്ലാതായിരിക്കുന്നു. സ്വന്തം ബുദ്ധിയെ പണയപ്പെടുത്തി നേതാക്കളെ അന്ധമായി പിന്തുടരുന്ന ഒരുപറ്റം അണികൾ രാഷ്ട്രീയത്തെ മലീമസമാക്കി എന്ന് വേണം കരുതാൻ. പാർട്ടി നേതൃത്വങ്ങൾക്ക് മണ്ധലങ്ങളിലെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ പോലുമുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടി സഖാക്കളുടെയും കുഞ്ഞ് ഖദർധാരികളുടെയും പ്ലക്കാർഡുകളും ഉടമസ്ഥനില്ലാത്ത നോട്ടിസുകളുടെയും സമ്മർദത്തിന് മുന്നിൽ മുട്ട് മടക്കേണ്ട അവസ്ഥ. എങ്ങനെയും അധികാരം നേടണം എന്ന ചിന്തയാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് അപചയം സംഭവിക്കാനുള്ള ഒരു കാരണം. അധികാരമില്ലാതെ നിലനിൽപ്പില്ല എന്ന നിലയാണ് അവരുടെ രാഷ്ട്രീയം. അതിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
വർഗ്ഗീയത അഴിമതിയെക്കാൾ ഭയാനകരമാണ്, അതിനാൽ തന്നെ ബി.ജെ.പിയുടെ സാധ്യത വിരളവും. എന്നാൽ വർഗ്‍ഗീയത വെടിഞ്ഞു ശക്തമായൊരു മുന്നാം ബദൽ കെട്ടിപ്പടുക്കുന്നതിൽ അവർ ഇപ്പോഴും പരാജയം തന്നെ. വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയം കളിക്കുന്ന വലതുപക്ഷം സത്യത്തെ ഒരിക്കൽ പോലും ഭയക്കുന്നില്ല. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കാവുന്ന ആരോപണങ്ങളിൽ വച്ചേറ്റവും മ്ലേച്ചമായ ആരോപണം ഉണ്ടായിട്ടും പ്രതിരോധിക്കാനെന്ന പേരിൽ പോലും ഒരു അന്വഷണത്തിന് ഉത്തരവിടാത്തതിൽ അത്ഭുതവും ലജ്ജയും തോന്നാത്ത മലയാളി ഉണ്ടാകുമോ? സോളാർ എന്ന് കേൾക്കാ
ൻ തുടങ്ങിയിട്ട് കാലം കുറെയായി. മൂന്ന് കോടിയിലധികം വരുന്ന ജനത്തെയും കോടതികളെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഒരു സ്ത്രീ പന്പര വിഡ്ഢികളാക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇനിയും അവസാനിപ്പിക്കാൻ കഴിയുന്നില്ലേ ഇവരുടെ ജൽപ്പനങ്ങൾ.
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം തികച്ചും അഴിമതിയുടെതായിരുന്നു. അവസാന മന്ത്രിസഭയുടെ 822 തീരുമാനങ്ങൾ മാത്രം നോക്കിയാൽ മതിയാകും ഇക്കൂട്ടരുടെ നാടിനോടും ജനത്തിനോടുമുള്ള സ്നേഹം. സ്വന്തം പാർട്ടിയുടെ പ്രസിഡണ്ടിന് പോലും പലപ്പോഴും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ കത്തെഴുതേണ്ടി വന്നു. ഭൂ മാഫിയകൾക്കും മത സ്ഥാപനങ്ങൾക്കും സംസ്ഥാനത്തിന്‍റെ ഭൂമി പതിച്ചു നൽകുന്ന തിരക്കിലായിരുന്നു സർക്കാർ അവസാന നാളുകളിൽ. ആദർശധീരനെന്ന സുധീരൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും സ്ഥാനാർത്‍ഥി ലിസ്റ്റിൽ വെട്ടൽ വരുത്താൻ കഴിഞ്ഞില്ല.
അഴിമതിക്കാർ വീണ്ടും ജനത്തെ പറ്റിക്കാൻ ഇറങ്ങുന്നു. പൂച്ച പാലുകുടിച്ചത് പോലെ മകൻ സീറ്റൊരുക്കി ‘ആര്യാടൻ’ കാര്യം സാധിച്ച് പടിയിറങ്ങി. മുപ്പതും നാൽപ്പതും വർഷം ജനസേവനം ചെയ്തവർക്ക് ഇനിയും ചെയ്യണമെന്ന അതിയായ ‘മോഹം’. പ്ലക്കാർഡുകളും ജാഥകളും നടത്തിയ നാട്ടുകാർ വീട്ടിലിരിക്കുക, നേതാവ് ഞാൻ തന്നെ എന്ന ഭാവത്തിലാണ് പല തല നരച്ച നേതാക്കളും. ഇങ്ങനെ അധികാരം ഒരു തരം ലഹരിയായി മാറിയിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക്. നേതാവിന്റെയും ചിഹ്നങ്ങളുടെയും പിറകെ പോകാതെ നാടിന്‍റെയും ജനത്തിന്റെയും പുരോഗമനത്തിനുതകുന്ന നയം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെ വിജയിപ്പിക്കാൻ നാം തയ്യാറാകണം, എങ്കിൽ മാത്രമേ തിരുത്തലുകൾ വരുത്താൻ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തയ്യാറാകുകയുള്ളൂ.