‘നോട്ടി’ംഗ് ഹാമും ‘കത്തീ’ഡ്രൽ സിറ്റിയും....
ശരശയ്യ - നിതിൻ നാങ്ങോത്ത്
ബാങ്കേഴ്സ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് അറിയിപ്പോടെ പ്രധാനമന്ത്രി ‘അഗ്നി’ശുദ്ധി വരുത്തണമെന്ന മുറവിളിയാണെങ്ങും. സംഗതി പാളിയാൽ പച്ചയ്ക്ക് കത്തിക്കാമെന്ന അന്പത് ദിന ചാലഞ്ചാണ് വിനയായത്. ഏറ്റുപിടിച്ച സഹചാലഞ്ചൻ സുരേന്ദ്രജീയും പണിക്കുറ്റം തീർക്കേണ്ട ഗതികേടിലാണ്. കേന്ദ്രപ്പാർട്ടിയുടെ ലഗ്നത്തിൽ ഇമ്മാസം മൊത്തം വിഘ്നമാണ്. ഏതോ ന്യൂനപക്ഷമർദ്ദം ഹഠാദാവേശിച്ചിട്ടുണ്ട് താമരക്കുളത്തെ. ഫണ്ട് ബ്ലോക്ക് പ്രളയത്തിൽ കുറേ പഴി കിട്ടി. വാളിലും പേജിലും ചെളി ലേപനപ്പെട്ടു. അർണ്ണവില്ലായിരുന്നുവേൽ കാണാമായിരുന്നു. അർണ്ണവം തന്നിലല്ലോ നിമ്ന്നത ചേർന്ന് ഞായം എന്നാണല്ലോ. പിന്നെ ഒരാശ്വാസം താമരയുടെ ആരൂഢം ചെളിയിലാണെന്നതാണ്.ഇലവാട്ട രോഗം ബാധിക്കപ്പെടാതിരിക്കാൻ വെക്കം മമതയോടെങ്കിലും മമതയുണ്ടായിരിക്കുക. ബാക്കിയെല്ലാ ‘ബ്ലാക്ക് ലഗ്ഗേഴ്സും’ ഒറ്റക്കെട്ടാണ്; അതിജീവനത്തിനും ഉപജീവനത്തിനും. മനുഷ്യാവകാശ വരവരറാവുമാരും തലവരമായ്ക്കാൻ ഒരുന്പെട്ടിട്ടുണ്ട്. ഇലക്ഷൻ അടുക്കുന്നതോടെ ആക്രമണത്തിന്റെ തോത് ക്രമാതീതമായി വർദ്ധിക്കും.രോഷം മുന്നറിയിപ്പില്ലാതെ ഒഴുക്കിക്കളയുക. ഡാമുകളും അതിവൃഷ്ടിയും കേരളത്തോട് ചെയ്തപോലെ!!
ഇന്നത്തോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും പോലും. യമ സഭയിലെ കസേലകൾക്ക് സ്ഥാനഭ്രംശം ഉണ്ടാവുമോ? നടുത്തളത്തിൽ കടിക്കലും മാന്തലും കളി തുടരുമോ? ക്ലീനിംഗ് ഗ്ലൗസും കുറ്റിച്ചൂലുമായി എമ്മല്ലേമാർ പ്രത്യക്ഷപ്പെടുമോ? കൊണ്ടറിയാം. കണ്ടറിയാം.നവകേരള നിർമ്മിതിക്ക് കാഴ്ചയുടെ പ്രശാന്തിയാശംസകൾ. പ്രതിപക്ഷനേതാവിന്റെ എടങ്കോലിടൽ ബർത്താനങ്ങൾക്ക് ഈയിടെയായി സി.എം ഫ്രണ്ട് ഫൂട്ടിൽ തന്നെയാണ് ബാറ്റ് വീശുന്നത്. അടിച്ചതെല്ലാം സിക്സർ. പുളളി നെറ്റ്സിൽ അധികം സമയം ചിലവഴിക്കുന്നുണ്ടെന്ന് തോന്നുന്നു. ഹോംവർക്കും പ്രിപ്പറേഷനും അസൂയാവഹം. ‘എന്തു പ്രശ്നം! നമ്മളെല്ലാരും കൂടിയങ്ങ് നാളെ മുതൽ ഇറങ്വല്ലേ’ എന്ന ഹെലിക്കോപ്റ്റർ ഷോട്ടിൽ ഗ്യാലറി മൊത്തം കൈയടിച്ച് പോയി. മത്സ്യത്തൊഴിലാളികളെ സൈനികരാക്കിയ കവർ ഡ്രൈവ് ബുക്കിൽ പറയാത്തതായിരുന്നു. പെർഫോമൻസ് ലവൽ ഇങ്ങനെ ഉയർന്നാൽ ചെന്നിത്തലയുടെ പ്രതിപക്ഷ ആസനത്തിന് തയന്പേറും. എറിഞ്ഞ് കുറ്റിതെറിപ്പിക്കാൻ പറ്റിയ സീമേഴ്സൊന്നും ഇന്നാ പാർട്ടിയിലില്ല. ഉണ്ടായിരുന്നേൽ ‘രാജുമാണിക്ക്യ’ത്തെയൊക്കെ എൽബിയിൽ കുടുക്കേണ്ട അവസരത്തെ ഒരപ്പീലുമില്ലാതെ കളഞ്ഞു കുളിച്ചു. ഇസ്തിരി ചുളിയാത്ത തൂവെളളക്കാരുടെ ക്ലീനിംഗ് ചാലഞ്ച് കണ്ട് നെറ്റി ചുളിഞ്ഞുപോയി. ഫോട്ടോവിന് പോസുചെയ്യുന്പോൾ നല്ല കൈലിയൊക്കെയുടുത്ത് ദേഹമാസകലം ചെളി കുറിയായി തൊട്ട് തലയിലും അരയിലും ഒരു ചുറ്റിക്കെട്ടൊക്കെയായ് ഒന്ന് ആഹാര്യശോഭ വരുത്തേണ്ടേ. ഞങ്ങൾ പോണ്ടിച്ചേരിയിലെ ബുദ്ധിയുളളവരൊക്കെ അങ്ങനെയാണ്.
നാസയുടെ നാസാദ്വാരം ഇടിച്ച് പഞ്ചറാക്കിയിട്ടുണ്ട്. സൈബർ കമ്മിക്കൂട്ടം. സേവാഭാരതിയുടെ താങ്ങോടെ സങ്കിത്തുർക്കികൾ പിടിച്ച്നിൽക്കുന്നുണ്ട്. പഴയ വീരസാഹസ ഗാഥകൾ കുത്തിപ്പൊക്കാനുളള പ്രത്യേക ഫോഴ്സുതന്നെ ഇരുടീമുകളും ഫോം ചെയ്തതായി തിരിച്ചറിയുന്നു. അടിയും തടയും തടയും അടിയും ഇലക്ഷൻ വരെ കേരളത്തിന്റെ സ്വൈര്യം കെടുത്തും.
പിഴുതെറിയലിന്റെ പക മെട്രോമാൻ കൃത്യമായി വീട്ടി. മർമ്മത്തിട്ടുതന്നെ കറക്റ്റ് ടൈമിൽ. ദിദുവഴി ഭാവിയിലെ മുഖ്യമന്ത്രി കാൻഡിഡേറ്റായി ശ്രീധരദ്ദേഹത്തെ ഉയർത്തിക്കാട്ടുന്നവരേറെ. ജലഅതോറിറ്റിയുടെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും ഡിഫൻസൊക്കെ ഗുദാഗവാ...തളളിയും താങ്ങിയും ഇങ്ങനെ മുന്നേറാൻ തന്നെയാണ് തീരുമാനമെങ്കിൽ താർക്കിക കേരളത്തിന്റെ ഭാവി കൂന്പടഞ്ഞത് തന്നെ. പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്ന ഭരണപക്ഷവും ഭരണപക്ഷ റെസ്പെക്റ്റില്ലാതെ പെരുമാറുന്ന പ്രതിപക്ഷവും നമ്മുടെ കയ്പക്കാകേരളത്തിന്റെ എത്രയെത്ര സാന്പാർ സദ്യകളാണ് തട്ടിമറിച്ചിട്ടു കളഞ്ഞത്.
‘ടൺകണക്കിന് ഫണ്ടാണ്’ പ്രളയകേരളത്തിന്റെ സൗഭാഗ്യമായി അവതരിച്ചിരിക്കുന്നത്. വ്യക്തിഗതം എന്നതിനപ്പുറം കൂട്ടായ്മയുടെ സംഘഗാനമാണ് സഹായ ധനകാര്യത്തിൽ മുഴങ്ങിക്കേൾക്കുന്നത്.വൃദ്ധമന്ദിരത്തിൽ നിന്നുളള ‘നുളളിപ്പെറുക്കലുകൾ’ കണ്ണുനനയിച്ചുകളഞ്ഞു. ഭൂമീദാനത്തിന് തയ്യാറായ കുട്ടികൾ, മാലയൂരി നൽകിയ സ്ത്രൈണ മാഹാത്മ്യം, ലോട്ടറിയടിച്ച കാശ് അപ്പടി നീട്ടി നൽകിയ കാരുണ്യം, പുതിയ നോവലിന്റെ റോയൽറ്റിയായ ലക്ഷങ്ങൾ റിലീഫ് ഫണ്ടിലേയ്ക്ക് വകയിരുത്തിയ സൂര്യനെ അണിഞ്ഞ ഒരു എഴുത്തുകാരിയുടെ വിശാലമനസ്കത, ലൈംഗികത്തൊഴിലാളികളുടെ കോൺട്രിബ്യൂഷൻ, റോഹിങ്ക്യൻ അഭയാർത്ഥികളുടെ നന്മമനസ്സ്.... അങ്ങിനെയങ്ങിനെയങ്ങനെ...
ഈയാഴ്ച മ്യാരകമായി ബലാൽ‘സംഘം’ ചെയ്യപ്പെട്ട മലയാളപദം ‘പക്ഷെ’ എന്നതാണ്. പണം തരാം, പക്ഷെ.... ചില കണ്ടീഷൻസ് വെച്ചുകൊണ്ടുളള പ്രസ്താവനാ യുദ്ധങ്ങൾ അനവരതം തുടരുന്നു. പബ്ലിസിറ്റി ക്രേസുമായി കൊടുത്താളാവുന്നവരുടെ പ്രളയം പുറപ്പെട്ട് തുടങ്ങിയിട്ടേയുളളൂ. മുട്ടാപ്പോക്കും പറഞ്ഞ് നയാപൈസ കൊടുക്കാത്തവരേക്കാൾ എത്രയോ ബെറ്ററാണല്ലോ ആത്മപുഷ്ഷേഴ്സിന്റെ നെറ്റിപ്പട്ടം കെട്ടിയ സഹായധനങ്ങൾ. സാലറി ചാലഞ്ച് ക്ലിക്കായി. പട്ടിണിയും പരിവട്ടവും ബാങ്ക് ലോണും പറഞ്ഞ് അടവ് നയവുമായി പരിതപിക്കുന്ന ജനതയെയും കണ്ട് സങ്കടസ്ഥനായി. കൊരട്ടയോട് അടുക്കുന്പോഴാണല്ലോ നാവ് മാങ്ങയുടെ പുളിയറിയുക!!
പച്ചപ്പരിഷ്ക്കാരികളുടെ സൈദ്ധാന്തിക വെളിച്ചപ്പെടലുകൾക്ക് നേരെ പൊങ്കാലയാണ്. ഗാഡ്ഗിലിന്റെ വാദത്തെ പുച്ഛം കൊണ്ടും തുമ്മാരുകുടിയുടെ ദുരന്ത നിവാരണത്തെ അസൂയ കൊണ്ടും കൂവി ഒതുക്കുന്നു.ഡാം കൊലയെന്നോ എഴുനൂറാനെന്നോ മിണ്ടിയാൽ പണി പാലുംവെളളം ൈസ്റ്റലിൽ. നിലവാരമുളള പ്രതികരണ ധീരത വരിയുടയ്ക്കപ്പെടുന്ന നവകേരളസൃഷ്ടിക്കാണ് തറക്കല്ലിട്ട് കൊണ്ടിരിക്കുന്നത്. ഉഗ്രശാസന കിട്ടി രാജുമന്ത്രി ബോധരഹിതനായോ? പരസ്യശാസനയുടെ പടവാൾ തുരന്പെടുത്തു. പ്രളയം സംസ്ക്കാരത്തെയേ തൂത്തുവാരിയിട്ടുളളൂ. ശവസംസ്ക്കാരം അവിടവിടെയായി ദുർഗന്ധം വമിപ്പിക്കുന്നുണ്ട്. പെയ്ഡ് ന്യൂസുകളുടെയും വ്യാജവാർത്തകളുടെയും ഒരു ഡാം നിറയപ്പെടുന്നുണ്ട്. പ്രളയാനന്തര കേരളത്തെ ഗീബൽസുമാർ നയിക്കും. ചെങ്കിസ്ഖാന്മാർ ഭരിക്കും. നുമ്മ പാവം വോട്ട് വിരൽ ഞെക്കികൾ കണ്ടാമൃഗപ്പെട്ട് സന്തോഷിച്ചാട്ടെ... സന്തോഷിച്ചാട്ടെ... നോട്ടിംഗ് ഹാമും മാണ്ട. കത്തീഡ്രൽ സിറ്റിയും മാണ്ട. നുമ്മക്ക് കൽപ്പിച്ചിട്ടുളളത് പയേ ഉട്ടോപ്പിയാ!!!