ലൈ­ക്കി­ക ലൈ­ഫും “പതി­നെ­ട്ട’’ടവും...


നി­­­തിൻ നാ­­­ങ്ങോ­­­ത്ത്

ആണവബോംബിന്‍റെ റിമോട്ട് ആ കൊറിയൻ‍ സായിപ്പിന്‍റെ മേശവലിപ്പിൽ‍ ഇരുന്നാലെന്താ?

ലൈക്ക് ഭരണിയുടെ അടപ്പ് ഞമ്മളുടെ കയിമ്മൽ സുഭദ്രയായിരിക്കണം. കൊറിയൻ ‍കേരള നയതന്ത്രസമ്മന്തത്തിന്‍റെ പുതിയ കൗടില്യസമവാക്യം ദിങ്ങനെയാണ്. അവിടെ അമേരിക്കയുടെ മുട്ടിടിക്കുന്നു. ഇവിടെ മലയാളികളുടെ പല്ലമരുന്നു.ലൈക്കും ഷെയറും കമന്‍റും ടാഗും പോക്കും ട്രോളും−ഭക്ഷണം, വസ്ത്രം, പാർ‍പ്പിടം, വായു, വെള്ളം, വെളിച്ചം പോലെ എമർ‍ജൻ‍സി ആയ കാലത്ത് പുരോഗമനപ്പാർ‍ട്ടിയും തഥൈവ!!

ബീഡിപ്പുകയിൽ‍ നിന്നും അമ്യൂസ്മെന്‍റ് പാർ‍ക്കുകളിലേക്കുളള നൈസായ ചെയിഞ്ച്. പരിപ്പുവടയിൽ‍ നിന്നും ത്രീസ്റ്റാർ‍ പാർ‍ട്ടി ആപ്പീസുകളിലേക്കും മുന്‍മുഖ്യ അക്കാദമീ സൗധങ്ങളിലേക്കുമുളള റോക്കറ്റിങ്. ഈ കോങ്ക്രസ്സിനെയൊക്കെ എന്തിനു കൊളളാം? വിശാലാടിസ്ഥാനത്തിൽ‍ ഒരു നീക്കിയിരിപ്പോ ദീർ‍ഘവീക്ഷണമോ അവർ‍ക്കുണ്ടോ!! എത്രയും പെട്ടെന്ന് മൂലധനപ്പാർ‍ട്ടിയിൽ‍ നിന്നും ദസ്ക്യാപ്പിറ്റലിന്‍റെ ഫസ്റ്റ് ചാപ്റ്ററെങ്കിലും ഫോട്ടോസ്റ്റാറ്റി വായിച്ചില്ലേ രണ്ടായിരത്തി പത്തൊന്പത് കാണുകേല, പറഞ്ഞേക്കാം. “കുംഭസാര’’ത്തിന്‍റെ ബട്ടൺ‍സ് ഹസ്സൻ‍ജീ ഓരോന്നായി പൊട്ടിക്കുന്നത് ഓർ‍മ്മ വേണം. കൺ‍ഫെഷൻ‍സിന് മുട്ടി നിൽ‍ക്കുന്ന തൂവെള്ളക്കാർ‍ ഇനിയും ക്യൂവിലുണ്ട്.

ഭരണം ജോറാണ്. ജനോപകാരപ്രദമായ ധാരാളം പദ്ധതികൾ‍ റിലീസായിട്ടുണ്ട്. പക്ഷെ പത്രം വായിക്കാത്ത, ന്യൂസ് കാണാത്ത ഫുൾ‍ടൈം മൊഫൈലിലും കുത്തിക്കളിക്കുന്ന നവമലയാളികൾ‍ സംഗതിയൊന്നും അറിയുന്നില്ല. അവർ‍ക്കിടയിലെ പബ്ലിസിറ്റിയിലാണ് കാര്യം. വോട്ട്ബാങ്കിന്‍റെ ഏക്കർ‍ ഷെയറും അവർ‍ക്കാണ്. അപ്പോ ഹാർ‍ട്ട് ടു ഹാർ‍ട്ട്, ബ്രെയിൻ‍ ടു ബ്രെയിൻ‍ കമ്മ്യൂണിക്കേഷൻ‍ ഒാക്കെ ആയിരിക്കണം. കേരള കമ്മ്യൂണിസ്റ്റ്പാർ‍ട്ടിയുടെ പുതിയ അടവുനയത്തെ ആർ‍ക്കേലും പിന്തിരിപ്പനെന്ന് പുച്ഛിക്കാൻ‍ പറ്റ്വോ? അപ്പോ ലതാണ് കാര്യം. ഫേസ് ബുക്കിൽ‍ ലൈക്ക് കൂട്ടുക. മന്ത്രിപുംഗവരുടെ ദൈനംദിന ക്ലോസപ്പും വിവാദവചനപ്രഘോഷണങ്ങളും പാവം വിരൽ‍ഞെക്കികളിൽ‍ അടിച്ചേൽ‍പ്പിക്കുക.പബ്ലിക്ക് റിലേഷൻ‍സ് വകുപ്പിന്‍റെ കോടികളിറക്കിയ സർ‍ക്കാർ‍ ഒപ്പമുണ്ട് പരസ്യത്തിനും, ചാനലുകളിലെ പുതിയ “നാം മുന്നോട്ട്” ൈസ്റ്റൽ‍ പരിപാടികൾ‍ക്കുമൊക്കെ റീച്ച് കുറവാണ്. എല്ലാ ആനുകൂല്യങ്ങളും ഇരുകൈയും നീട്ടികിട്ടിബോധിച്ചിട്ടും വോട്ട് മറ്റേ പെട്ടിയിൽ‍ വീണ കാര്യം മെമ്മറിക്കുന്പോഴാണ് ഒരുമാതിരി ഡബിൾ‍ ചങ്കിടിപ്പ്. ടിയാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനസന്പർ‍ക്കത്തിനായി മഞ്ഞുകൊണ്ടിട്ട് എന്തുണ്ടായി? ചെങ്കോലും പോയി, കിരീടവും പോയി. കുറച്ച് പാനപാത്രവും ചീത്തപ്പേരും മാത്രം ബാക്കി. ഈ മലയാളീസിനെ കുളിച്ച വെളളത്തിൽ‍ വിശ്വസിക്കാൻ‍ കൊളളില്ല. നമ്മളെ കണ്ണൊന്ന് തെറ്റുന്ന നേരം അവർ‍ ബക്കറ്റിൽ‍ നായ്ക്കുരണപ്പൊടി മിക്സു ചെയ്തു കളയും. സൂക്ഷിച്ചാൽ‍ പിന്നീട് ടെൻ്‍ഷനടിക്കേണ്ടല്ലോ.

കിഫ് ബിയിലാണ് തോമസ് മന്ത്രി ലൈക്കുരാജാപ്പട്ടം തട്ടിയെടുത്തത്. സെക്കന്‍റ് പ്രൈസ് മുഖ്യനുണ്ട്.കാലുകുത്താൻ‍ വിടില്ല, കൈ കുത്താൻ‍ വിടില്ല, ഊരിപ്പിടിച്ചവാൾ‍, ഇരട്ടച്ചങ്ക്, ലാവലിൻ‍ കേസ്, കടക്കൂ പുറത്ത് എന്നൊക്കെ പറഞ്ഞ് ശത്രുക്കൾ‍ തന്നെ അത്യാവശ്യം പബ്ലിക്കിറ്റി അങ്ങേർ‍ക്ക് കൊടുക്കുന്നുണ്ട്. അതിനാൽ‍ തൽ‍ക്കാലം ബല്യ ഹോം ട്യൂഷൻ‍ വേണ്ട. തൊട്ടുപിറകിൽ‍ കട്ടക്ക് കട്ടക്ക് മുട്ടി മഹാകവി ജീ അദ്ദേഹമുണ്ട്. എനിക്കുറങ്ങണം, സ്വാമിക്ക് ഇജ്ജാദി പൂച്ചക്കവിതകൾ‍ തന്നെ  ടിയാന്‍റെ ആണവായുധം. ക്ഷണിച്ച കമ്മിറ്റിക്കാരെ തെറിപറഞ്ഞും സെർ‍വന്‍റ്സിനെ തത്സമയം സസ്പെന്‍റ് ചെയ്തും ലൈക്ക് കൂട്ടാനുളള വിദ്യ അദ്ദേഹത്തിന്‍റെ പോക്കറ്റിലുണ്ട്.തിലോത്തമൻ‍ എന്ന മന്ത്രി കേരളത്തിലാണോ എന്ന സംശയമാണ് പാർ‍ട്ടിക്ക്. വെറും വൺ‍കെ പോലും.ചെന്പരത്തിപ്പൂവിന്‍റെ പ്രൊഫൈൽ‍ പിക്കും വെച്ച് ഫെയിക്ക് കളിക്കുന്ന ചെക്കന് പോലും കിട്ടും ഡെയിലി മൂന്നോനാലോ “K”.

എഫ്ബിയിലെ ലൈക്കിക മനഃശാസ്ത്രം വേറെ ലെവലാണ്. പ്രതീക്ഷകൾ‍ അവിടെ അസ്ഥാനത്താണ്.പിണറായി സഖാവ് ഭരണത്തെക്കുറിച്ച് പറഞ്ഞപോലെ ഇവിടെയും അമിതപ്രതീക്ഷ പാടില്ല.

ഏതേലും ഒരു കാന്താരിപ്പെണ്ണ് (പെണ്ണാണെന്നതിന് ഒരു ഉറപ്പൂല്ല കേട്ടാ) ഫീലിങ് എക്സൈറ്റഡ് എന്നും പറഞ്ഞ് “അതിരാവിലെ തന്നെ എന്‍റെ അടിവയറ്റിലൊരു ആക്രന്ദനം” എന്ന് സ്റ്റാറ്റിയ പോസ്റ്റിന് കീഴേ ലൈക്ക് നിമിഷം വിനാ പെറ്റുപെരുകും.വെജും നോൺ‍വെജും തന്തൂരിയുമായ കമന്‍റുകൾ‍ക്ക് കൈയും കണക്കുമുണ്ടാവില്ല. നേരെമറിച്ച് വിദ്യാഭ്യാസവിചക്ഷണനും സൈദ്ധാന്തികനുമായ ഒരു കോളേജ് പ്രൊഫസറുടേയോ അക്കാദമിക സെലിബ്രിറ്റിയുടേയോ പോസ്റ്റ് പരിസരം ശ്മശാനമൂകത. രാത്രി ഉറക്കത്തിന് മുന്നേ പോസ്റ്റ് മുതലാളിമാർ‍ കണക്കെടുക്കുന്പോൾ‍ മൂത്രക്കടച്ചലിന് ഗുളിക കഴിക്കുന്നവരുടെ മൂത്രിഫിക്കേഷൻ‍ പോലെ ഒന്നോ രണ്ടോ തുളളി ലൈക്ക് കടാക്ഷം. ഹതാശരായ ഇക്കൂട്ടർ‍ സുക്കറണ്ണന്‍റെ മാതാപിതാസ്മരണ നടത്തി പ്രാർ‍ത്ഥിച്ച് കിടക്കും. ലൈക്കിക ജീവിതം ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയ സ്ഥിതിക്ക് അത് കൂട്ടാൻ‍ ആളുകൾ‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ‍ കാണുന്പോൾ‍ സ്വാമി വിവേകാന്ദനെ ഓർ‍മ്മ വരും. അദ്ദേഹത്തിന്‍റെ മഹത് വചനങ്ങൾ‍ തൊണ്ടയിൽ‍ കുടുങ്ങും.

മെഡിക്കൽ‍ ബന്ദ് കാലാവസ്ഥയായതിനാൽ‍ ശൈലജ ടീച്ചർ‍ക്ക് ലൈക്ക് ഭീതി വേണ്ട. മറ്റേ ലാംഗ്വേജ് കരഗതമായതിനാൽ‍ മണിയാശാന് എപ്പവേണേലും വിക്ടറി സ്റ്റാന്‍റിലേക്ക് കയറി വരാവുന്നതേ ഉളളൂ. ബാക്കി ഉള്ളോരെന്തോ ചെയ്യും.ജേക്കബ് തോമസ് സാറിനെപ്പോലുളളവരെ വിജിലന്‍റാക്കി പ്രസ്താവനാ യുദ്ധം നടത്തി വാർ‍ത്തയിൽ‍ പെറ്റുകിടക്കണോ? ഈ സെൽ‍ഫ് പ്രമോഷൻ‍ ബല്ലാത്തൊരു എടങ്ങേറുതന്നെയാണപ്പാ.. അണീസ്തുതിയിൽ‍ ജയരാജസഖാവ് പഴി കേട്ടു. ശത്രുസംഹാരപൂജയ്ക്ക് കോടിയേരി സഖാവും കേട്ടോണ്ടിരിക്കുന്നു.ഓഖിക്ക് മേഴ്സിക്കുട്ടിയമ്മയും ബല്ലാണ്ട് ട്രോളപ്പെട്ടു. അപ്പോ ലൈക്കിനൊപ്പം എറ്റവും കൂടുതൽ‍ ട്രോളിങ്ങിനിരയാവുന്നവരെയും ഗ്രേഡിങ്ങിന്‍റെ പരിധിയിൽ‍ ഉൾ‍ക്കൊളളിക്കണം. പബ്ലിസിറ്റിക്ക് ചീപ്പെന്നോ ചീഫെന്നോ തരംതിരിവ് ഇല്ലല്ലോ. ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം ലൈക്ക്!!

ഇരുപതിനായിരം കോടിയുടെ കിഫ്ബീക്ക് ലൈക്ക്.വിദ്യാലയങ്ങൾ‍ ഹൈടെക്കാവുന്നതിന് ഡബിൾ‍ ലൈക്ക്. ആപ്പീസുകളിൽ‍ വിജിലൻ‍സ് കണ്ണട വെച്ചതിന് ലൈക്കോടു ലൈക്ക്... നവകേരളസൃഷ്ടിക്കായുള്ള സർ‍ക്കാറിന്‍റെ എല്ലാ ആർ‍ജ്ജവ പ്രയത്നത്തിനും ഒരു കോടിഷെയറുകൾ‍...  പുതുവത്സരനന്മകളും. വരികളിൽ‍ കണ്ണു തന്നവർ‍ക്ക്... അതിജീവനത്തിന്‍റെ പതിനെട്ടടവുകളുടെ ഹാപ്പി രണ്ടായിരത്തി പതിനെട്ട്.

പ്രതീക്ഷകളോടെ യാത്ര തുടരുക. അതാണ് എത്തിച്ചേരുന്നതിലും നല്ലത്. ഓം ലൈക്കീശ്വരായ നമഃ... കാൾ‍ മാർ‍ക്സ് സുക്കർ‍ ബർ‍ഗ്, ഈ വീടിന്‍റെ ഐശ്വര്യം !!

 

You might also like

Most Viewed