ഇതല്ലേ നീറോയിസം (വീണവായന)...


ശരശയ്യ - നിതിൻ നാങ്ങോത്ത്

പ്രത്തെ വീട്ടിലെ ദുരന്തത്തിൽ‍ ചായം മുക്കി ഫേസ് ബുക്കിൽ‍ പോസ്റ്റിടുന്ന കാലം കഴിഞ്ഞു. ചെന്നൈയിലും ഒഡീഷയിലും ആന്ധ്രയിലും സൂചന തന്നപ്പോ നമ്മൾ‍ മൂടിപ്പുതച്ചുറങ്ങി! മതം, രാഷ്ട്രീയം, കായൽ‍, സരിത, ഹാദിയ... അങ്ങനെയങ്ങനെ... വെള്ളമിപ്പം മൂക്കേ കേറിയപ്പോ ഭഗവാനേ പടച്ചോനേ വിളി. കണ്ടറിയാത്തവർ‍ ഉൾ‍ക്കൊണ്ടറിയും. പ്രകൃതി മാത്രമാണ് സത്യം. എല്ലാ വികൃതികളും ഒരിക്കൽ‍ അസ്തമിക്കുക തന്നെ ചെയ്യും.

വീരശൂരപരാക്രമികളായ നേതാക്കൾ‍ ജനരോഷം ഭയന്ന് കണ്ടം വഴി ഓടിയെന്ന് കരക്കന്പിയുണ്ട്. മന്ത്രിയെയും മന്ത്രിണിയെയും കടക്കൂപുറത്തെന്ന് ആൾ‍ക്കൂട്ടം വിപ്ലവപ്പെട്ടതായി ചാനൽ‍ തെളിവുകൾ‍.മുഖ്യമന്ത്രിക്കും സർ‍ക്കാരിനും എതിരെ ട്രോൾ‍ചുഴലി നിർ‍മ്മിക്കുന്നവരുടെ അജണ്ട കൃത്യമാണ്. ദുരന്തത്തെ മുൻ‍നിർ‍ത്തി മുതലെടുപ്പ് വസൂലാക്കുന്ന പൊളിട്രിക്കൽ‍ ചാണക്യ തന്ത്രാസ്. ഇനിയങ്ങോട്ട് കാര്യങ്ങൾ‍ നേരെയാവില്ല. ഡിഫൻ‍സ് മെക്കാനിസത്തിന്‍റെ മാനേജ്മെന്‍റ് തിയറികൾ‍ കണ്ണിൽ‍ ഈർ‍ക്കിൽ‍ കുത്തി നമ്മുടെ നേതാക്കൾ‍ പരിശീലിക്കേണ്ടി വരും.

താരതമ്യാത്മക രീതി ശാസ്ത്രമാണ് ഇനിയങ്ങോട്ട് നേതാക്കളുടെ റീച്ച് തീരുമാനിക്കുക. പിണറായി സ്പോട്ടിൽ‍ സഡൻ‍ എത്താതിരുന്നത് മോശമായിപ്പോയി. അച്ചുതാനന്ദൻ‍ ആണേൽ‍ പറന്നെത്തിയേനെ. ഉറക്കമൊഴിഞ്ഞ് ബാധിതരുടെ തോളിൽ‍ കൈയിട്ട് ഉമ്മൻ‍ ചാണ്ടിയുണ്ടാകുമായിരുന്നു. കണ്ടില്ലേ നിർ‍മ്മലാ സീതാരാമന്‍റെ വ്യക്തിപ്രഭാവം. രൂക്ഷമായ ഒരു സിറ്റ്വേഷൻ‍ എത്ര സ്മൂത്തായാണ് അവർ‍ കൈകാര്യം ചെയ്തത്. മേഴ്സിക്കുട്ടിയമ്മ മത്സ്യത്തൊഴിലാളി കുടുംബത്തെ പുച്ഛിച്ചത് ശരിയായില്ല. ശൈലജ ടീച്ചറായിരുന്നേൽ‍ കുറച്ചൂടെ മാന്യമായി ഹാന്‍റിൽ‍ ചെയ്യുമായിരുന്നു. മുകേഷിനെ എന്തു പിണ്ണാക്കിന് കൊളളാം. ഇത് ബഡായി ബംഗ്ലാവെന്നാണോ മാധവപുത്രൻ‍ കരുതിയിരിക്കുന്നത്. നാട്ടാരുടെ ദുരന്തനിവാരണ കമന്‍റുകൾ‍ ഗാലറിയിലിരുന്ന് ഇപ്രകാരം വിജൃംഭിക്കുകയാണ്. പത്ത് നാപ്പത് വർ‍ഷം ഒരുപാട് ത്യാഗമനുഷ്ഠിച്ച് ഉണ്ടാക്കിയെടുത്ത നേതാക്കന്‍മാരുടെ ഇമേജൊക്കെ എവിടെയോ മറഞ്ഞിരുന്ന് സൈബർ‍ ഗുണ്ടകൾ‍ തകർ‍ത്തെറിയുകയാണ്.അതിന് ടോർ‍ച്ചടിച്ച് കൊടുക്കുന്ന ചില പത്രക്കാരും മാധ്യമക്കാരും. പെര കത്തുന്പോൾ‍ കഴുക്കോൽ‍ ഊരിയെടുക്കുന്ന ഈ കൾ‍ച്ചർ‍ കേരളത്തെ എവിടെയും കൊണ്ടെത്തിക്കില്ല. എല്ലാവർ‍ക്കും വിവാദത്തിനാണ് താത്പര്യം. സംവാദത്തിന് ഒരുത്തനെയും ഫേസ് ടു ഫെയ്സ് കിട്ടില്ല. മാറി നിന്ന് മുനകൂർ‍പ്പിക്കുന്ന ഒളിപ്പോർ‍!! ഫെയ്ക്കുകളുടെ പുയിപ്പിസം!! ഇത്തരം ശിഖണ്ധിക്കളിയിൽ‍ ഒരുമാതിരിപ്പെട്ട ആദർ‍ശനേതാക്കന്‍മാരൊക്കെ മടുപ്പിന്‍റെ മടലേറിയിരിക്കും. നാടിനും നാട്ടാരോടുമുള്ള പ്രതിപത്തി കുറയും. അഞ്ച് കൊല്ലമാണേൽ‍ അഞ്ച് കൊല്ലം, വാട്ട് ഈസ് ഇറ്റ് ഫോർ‍ മി.

മറ്റൊരു ധീരോദാത്ത കമന്‍റ്. ഉപാസന ഉള്ളവരെയൊക്കെ കളിയാക്കുന്പോ ഓർ‍ക്കണമായിരുന്നു.ഓക്സിജൻ‍ കിട്ടാതെ കുട്ടികൾ‍ മരിച്ചതിന് ദുരന്തം യോഗി മന്ത്രിയുടെ പെടലിക്കിട്ട് ആഘോഷിച്ച കേരളക്കമ്മികൾ‍ക്കിട്ടാണ് ട്വീറ്റ്. ഇപ്പം എന്തായി ഓഖി എട്ടിന്‍റെ പണിയുടെ രൂപത്തിൽ‍ എയർ ‍ഇന്ത്യ എക്സ്പ്രസ്സും പിടിച്ചെത്തിയില്ലേ. രോഹിത്ത് വെമുലയ്ക്ക് ജിഷ്ണു പ്രണോയിലൂടെ കിട്ടിബോധിച്ച പോലെ... നജീബിന്‍റെ ഉമ്മയുടെ കണ്ണീരിന് മറുവടി മഹിജയെന്ന അമ്മയിലൂടെ! കേരളം കംപാരിറ്റീവ് സ്റ്റഡീസിൽ‍ അഗ്രഗണ്യരാവുകയായി. ദുരന്തങ്ങൾ‍പോലും ആഘോഷമാക്കുന്നവർ‍. നിലവിളികൾ‍ക്കിടയിൽ‍ തങ്ങളുടെ സാധ്യത ഡൗൺ‍ലോഡ് ചെയ്യുന്നവർ‍. കാത്തുനോറ്റിരുന്ന പകയും പ്രതികാരവും നടപ്പിലാക്കി ആനന്ദജുഗൽ‍ബന്ദി അനുഭവിക്കുന്നവർ‍. ഒരാളെ നാലാളുടെ മുന്നിൽ‍ നാറ്റിക്കാൻ‍ കൊട്ടേഷൻ‍ കൈപ്പറ്റിയവർ‍! കേരളം ഒരു മാനസിക സുനാമിക്ക് ഒരുങ്ങേണ്ടിയിരിക്കുന്നു. ഓഖി അതിനുളള ബെസ്റ്റ് പാഠമാണ്. ഓഖി ചുഴലി മുംബൈ തീരമണയുന്പോഴേക്കും ഇവിടെ മലപ്പുറം ഡാൻ‍സ് സുനാമി തീരം തൊട്ടു. ആ മൂന്നു കുരുന്നുകളുടെ പൊക കണ്ടിട്ടേ അടങ്ങൂ മദമാഫിയകൾ‍... ഈ ആഴ്ച രശ്മിനായരുടെ ഫ്രീഡം അറ്റ് നൈറ്റ് വാർ‍ കൊച്ചിയിൽ‍ ഉറക്കമൊഴിക്കുന്നുണ്ട്. ഒരു ചുംബനസമരോർ‍മ്മ ഉള്ളിൽ‍ ഓക്കാനിക്കുന്നു...

നാടു കത്തട്ടെ... വീടു കത്തട്ടെ... നമുക്ക് വീണ വായിക്കാം... തൊണ്ടയിൽ‍ കാളകൂടം നിറച്ച് യാത്ര തുടരാം... ഇല്ലാ നീറോ നിങ്ങൾ‍ മരിക്കുന്നില്ലാ... ജീവിക്കുന്നു... നമ്മളെല്ലാരിമൂടെ... ഗുളികപ്രായത്തിലുളള ചിന്തകൾ‍ വിഴുങ്ങുന്ന മനോരോഗികളുടെ താവളമായി കേരളം മാറിയിട്ട് കുറച്ചു കാലമായി. സൈബർ‍ ചുവരിൽ‍ നാലുനെടുങ്കൻ‍ തെറിയെഴുതിയാൽ‍ എല്ലാമായി എന്നു കരുതി, മാറിയിരുന്ന് അതിനുളള ലൈക്കും കമന്‍റും വിളവെടുപ്പ് നടത്തി അട്ടഹാസം കൊടുക്കുന്ന നവലിബറൽ‍ ഗറില്ലകളേ... രണ്ടു കൈയുമില്ലാത്തവർ‍ ചെറുവിരൽ‍ നഷ്ടപ്പെട്ടവരെ കളിയാക്കുന്നതിന്‍റെ ഒരു ചെടിപ്പിവിടെ വിമർ‍ശനപ്പെടുന്നു. മോദിയെ താറടിക്കുന്നവർ‍, പിണറായിയെ ചൂലു കൊണ്ട് തേയ്ക്കുന്നവർ‍!! സാങ്കേതിക വിദ്യയും അക്ഷരവുമൊക്കെ ഇങ്ങനെ വ്യഭിചരിക്കപ്പെടുന്നതിൽ‍ വരുംകാല കേരളം കൃത്യമായി മറുപടി കൊടുക്കേണ്ടി വരും. സംഘചേതനയുടെ കടയ്ക്കലാണ് ചരിത്രബോധവും രാഷ്ട്രീയബോധവും കുറഞ്ഞ അനൽ‍പ്പ നിരീക്ഷകർ‍ വാളുവെയ്ക്കുന്നത്. കാഞ്ചിവലിയുടെ സുഷിരസാക്ഷ്യങ്ങൾക്ക്‍ അക്ഷരം മാത്രമാണ് മറുപടിയും മറുവടിയും എന്ന് അറിയാതെയല്ല. അക്ഷരം അശ്ലീലമായി അധഃപതിപ്പിച്ചവരോടാണ് കലിപ്പ്. ബഹുസ്വരതയും  ജനാധിപത്യവും ഹൈജാക്ക് ചെയ്യപ്പെടുന്നതിന്‍റെ പൊളളൽ‍ ഇപ്പഴേ തിരിച്ചറിഞ്ഞില്ലേൽ‍ മറ്റൊരു ഉട്ട്യോപ്യ..ബും! വട്ടപ്പൂജ്യം. കാഞ്ഞബുദ്ധികൾ‍ ആഗ്രഹിക്കുന്നതും അതുതന്നെ. ഇതൊക്കെ കേട്ടും കണ്ടും പിണറായിയോ യോഗി ആദിത്യനാഥനോ സ്ക്കൂട്ട് ചെയ്യില്ലായിരിക്കും. അവർ‍ക്ക് ശേഷം പ്രളയമാണോ ഉണ്ടാവേണ്ടത്. പ്രതിരോധം തീർ‍ത്തില്ലേൽ‍ ലൂയി പതിനാലാമന്‍മാർ‍ പത്തി വിടർ‍ത്തിയാടും. ഞാനാണ് രാഷ്ട്രം. ഞാൻ‍ മാത്രമാണ് രാഷ്ട്രീയം!!

നിർ‍മ്മല മന്ത്രിയുടെ അസൂയാവഹമായ പെരുമാറ്റത്തിൽ‍ ഹാലിളകി കുറേ ട്രോളേഴ്സ് രാവിലേ തന്നെ ആടിനെയും മേയ്ച്ചിറങ്ങിയിട്ടുണ്ട്. അമ്മമാരുടെ കണ്ണീരൊപ്പിയ ആ കടലമ്മ കൾ‍ച്ചർ‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്‍റെ പേരിൽ‍ മുഴുത്ത പരിഹാസമായി വിരലമർ‍ത്തുന്ന ഗറില്ലകളേ.. മറ്റുളളവരെക്കൂടി അംഗീകരിക്കുവാനുളള വിനയം എന്ന് നമ്മൾ പരിശീലിക്കുന്നോ... അന്നേ ഈ നാട് നന്നാവൂ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed