കൗ ജിഹാദും ‘അറക്കൽ’ ഫാമിലിയും
നിതിൻ നാങ്ങോത്ത്
പശു വെറുമൊരു പാൽത്തൂ ജാൻവർ മാത്രമല്ല എന്ന് ഇപ്പം ബോധ്യമായില്ലേ. പശു പാൽ തരുന്നു. പശു പല നിറം! പാൽ ഒരു നിറം!! നമ്മൾ പശുപതിമാർ തനി നിറം കാണിച്ചില്ലേ അങ്ങ് കണ്ണന്‍റെ; പശുപാലകന്‍റെ ഊരിൽ, കണ്ണൂരിൽ. നഗര ‘മദ്യ’ത്തിൽ പട്ടാപ്പകൽ ക്രൂരവും പൈശാചികവും മൃഗീയവുമായി. ആരും മോശമാക്കിയില്ല. ഒരിടത്ത് അറക്കുന്നു. വേറൊരിടത്ത് വറക്കുന്നു. ഇങ്ങനെത്തന്നെ മുന്നോട്ട് ചലിച്ചാൽ നമ്മൾ കേരളമക്കൾ പൊരിക്കും. പോത്തിന്‍റെ നിലവിളി ഏത് പന്നിക്കും മനസ്സിലാവും. എന്നാൽ ഗോട്ടിന്‍റെ കാര്യത്തിൽ ഒരു പട്ടിയും മിണ്ടൂല. ഒട്ടകമൊക്കെ മരുഭൂമിയിലെ കപ്പലായതോണ്ട് ലേശം കൺസിഡറേഷൻ കണ്ടേക്കും.
എന്തൊക്കെപ്പറഞ്ഞാലും ബിജെപി അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൃത്യമായി നടപ്പാക്കുന്നു. ആദ്യം നോട്ട് ബന്ദി, ഇപ്പം മാട്ടുബന്ദി, നെക്സ്റ്റ്? ഒരു “ഹിന്ദു സൗദി”യിലേക്കാണോ രാജ്യത്തിന്‍റെ പോക്കെന്ന് ചില മുസ്ലീം ഏകോപന സമിതിക്കാരെങ്കിലും ന്യായമായും സംശയിക്കുന്നുണ്ടാവണം.
ഹിന്ദു ഏകോപനസമിതി, മുസ്ലീംഏകോപനസമിതി, ക്രിസ്ത്യൻ ഏകോപനസമിതി! നമ്മുടെ നാടും നന്നാവുന്നുണ്ട്. ഫാരതത്തിന്‍റെ ഫാവി ഫാഗധേയം ഇനിയങ്ങോട്ട് “ഹിമുക്രി”കൾ തീരുമാനിക്കും. ലൗ ജിഹാദിൽ നിന്നും കൗജിഹാദിലേക്കുളള പോക്ക് അത്ര ആശാവഹമല്ല. പരാക്രമം കോടതികളോടല്ല വേണ്ടൂ. എറണാകുളം ഹർത്താൽ ഒരു ദുസ്സൂചനയാണ്. നോന്പിന്‍റെ തലേന്നാൾ നിയമം ഇൻസ്റ്റാൾ ചെയ്യുന്നതിലെ താൽപര്യമാവാം ആളുകളെ സംഘടിച്ച് സംഘടിച്ച് സംഘടനകൊണ്ട് ശക്തരാവാൻ പ്രേരിപ്പിക്കുന്നത്. ഫസ്റ്റ് പോക്കറ്റടിച്ചു.ക്ഷമിച്ചു. ഇപ്പോൾ വയറ്റത്തടിക്കുന്നു. ക്ഷമ അരികത്തീന്ന് ഒഴിഞ്ഞു ഐക്യവേദി ടീച്ചറേ. പള്ളക്കടിക്കുന്ന തീരുമാനങ്ങൾ വരുന്പോഴാണല്ലോ മനുഷ്യന്‍റെ ഞെട്ട് ശരിക്കും തെളിയുന്നത്. അവർ വാക്കും വാളും ചൂലുമെടുക്കുന്നത്. വാക്കെടുത്തവർ വാക്കാലും വാളെടുത്തവർ വാളാലും ചൂലെടുത്തവർ ചൂലാലും; ശേഷം അചിന്തനീയം! കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുതിയ വിജ്ഞാപനം ഏതായാലും ജോറായി. ഫ്രൈയായും ഡ്രൈയായും കറിയായും തീപ്പെടാൻ കുറേ കന്നാലികൾക്ക് യോഗമുണ്ടായല്ലോ? ദേവസ്വം മന്ത്രിയൊക്കെ മീമാംസാകാരനായതിന്‍റെ വീഡിയോ കണ്ട് ഇതികർത്തവ്യതാമൂഢനായിപ്പോയി. കൊല്ലത്തെ കല്ലടുപ്പ് സദാ എന്തിനോ വേണ്ടി തിളയ്ക്കുന്നുണ്ട്. പാൽക്കഞ്ഞിയായും പാൽപ്പായസമായും ബീഫ് ചാറായും. കോൺഗ്രസ്സിൽ അടുത്ത കാലത്തൊന്നും കാണാത്ത മഹിളാമോർച്ചയെ പുനരുജ്ജീവിപ്പിക്കാൻ ബിന്ദുകൃഷ്ണയുടെ നളപാകത്തിനായി എന്നുളളത് പൊളിറ്റിക്കൽ വിക്ടറി.
സത്യത്തിൽ കോളടിച്ചത് റിജിൽമാക്കുറ്റിക്കാണ്. ഒറ്റ അറവിന് വേൾഡ്ഫേമസായി. സാക്ഷാൽ ആദിത്യയോഗിയും രാഹുൽ ഗാന്ധിയുമൊക്കെയാണ് കമന്‍റിട്ടത്. ബിബിസിക്കാരൊക്കെ കണ്ണൂരിൽ ക്യാമറ തിരിച്ചിട്ടുണ്ടെന്നാ കേട്ടത്. നടു റോഡിൽ എത്രയോ യുവരക്തങ്ങൾ അറുത്തു വേർപെട്ടപ്പോൾ ഇവരൊക്കെ എവിടെയായിരുന്നുവെന്നാണ് ഒറിജിനൽ കോൺഗ്രസ്സുകാർ ചോദിക്കുന്നത്. മാക്കുറ്റിയുടെ തൂവെളള സംസ്ക്കാരത്തിൽ അസൂയയുളള സ്വന്തം ചോരക്കാർ തന്നെ കക്ഷിയെ മരക്കുറ്റിയും പശുക്കുറ്റിയുമാക്കാനുളള നാരദപ്പണികൾ ആവും പോലെ ചെയ്യുന്നുണ്ട്. സസ്പെൻഷനടിച്ചാലെന്താ ഇത്രവേഗത്തിൽ ഇത്ര വലിയ റീച്ച് മറ്റൊരു നേതാവിനും കിട്ടിക്കാണില്ല. ഒറ്റ പൈക്കുട്ടിയാൽ യൂത്ത് നേതാവിന്‍റെ മൂത്തരാഷ്ട്രീയഭാവി അഥവാ നീചരാജയോഗം തെളിഞ്ഞിരിക്കയാണ്. പശു ഐശ്വര്യത്തിന്‍റെ പ്രതീകമാണെന്ന് ഇപ്പോളെങ്കിലും ബോധ്യപ്പെട്ടല്ലോ. ഭാഗ്യം. ഗോമാതാവ് നല്ലൊരു രാഷ്ട്രീയ ആയുധമാണ്. കൃത്യമായ ഇടവേളകളിൽ ഇതൊക്കെ ചുട്ടെടുത്ത് വിപണനം ചെയ്യുന്ന നാഗ്പൂർ ബുദ്ധിവൈഭവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
പാകിസ്ഥാന്‍റെയോ ബംഗ്ലാദേശിന്‍റെയോ അഫ്ഗാനിസ്ഥാനിന്‍റെയോ അടിത്തറ ഇളകിയ പ്രാകൃതജനാധിപത്യത്തിലേക്കാണ് ഭാരതവും പോയിക്കൊണ്ടിരിക്കുന്നത്. ഫാസിസവും മതപ്പിരാന്തും തലയിലൂടൊഴുകുന്നവർക്ക് ഹൃദയത്തിൽ കട്ടപിടിച്ച ആക്രമണോത്സുകത പുറത്തേക്കൊഴുക്കാൻ ഇങ്ങനെ ചില പൊടിക്കൈകൾ കൂടിയേ തീരൂ. ഗോവധനിരോധനം ശരിക്കും കോൺഗ്രസിന്‍റെ രാഷ്ട്രീയകളിക്കോപ്പുകളിലൊന്നായിരുന്നു. ഇന്ദിരാഗാന്ധിയായിരുന്നു അതിന്‍റെ ഉടയോർ. അവരുടെ ചിഹ്നം തന്നെ പശുവും കിടാവുമായിരുന്നു. ഈ ബില്ല് പാർലിമെന്‍റിൽ പാസാവുന്നതിന്‍റെ ഭാഗമായി ഒരുപാട് പൊളിറ്റിക്കൽ ചോരച്ചാലുകൾ അന്നുമുണ്ടായിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ ടൂളായി എന്നും പശുവും ബന്ധുമിത്രാദികളും ഇന്ത്യൻരാഷ്ട്രീയത്തെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം തന്നെ പശുവിന്‍റെ ഔദാര്യമായിരുന്നില്ലേ?
പുതിയ കന്നുകാലി നിർവ്വചനം വഴി പോത്തുകൾ നിരോധനത്തിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ട്. പ്രോട്ടീൻ കിട്ടാതെ ഒരൊറ്റ ഭാരതീയനും മരിക്കാൻ പാടില്ലല്ലോ? ബീഫും ബിലീഫും റിലീഫായി മാറുന്ന പുത്തൻ കോർപ്പറേറ്റ് കാഴ്ചകൾ! ഒരാവേശത്തിന് ഫെസ്റ്റ് നടത്തുന്നിടത്തു നിന്നും ഇഷ്ടം പോലെ അകത്താക്കി ഹൈ കൊളസ്ട്രോളുമായി മരുന്നുമാഫിയയുടെ കൂടി ഇരയാവാതെ ‘എന്‍റെ ശരീരമാണ് എന്‍റെ ജീവിതം’ എന്ന പ്രപഞ്ചസത്യം തിരിച്ചറിഞ്ഞാൽ കുറച്ചുകാലം കൂടെ ജീവിക്കാം.
1857ലെ നാഷണൽ റിവോൾട്ടിന് തന്നെ ഹേതു മൃഗക്കൊഴുപ്പ് പുരട്ടിയ തിരകൾ ഉപയോഗിക്കാൻ നിർബന്ധിച്ചതാണല്ലോ? അന്ന് പട്ടാളക്കാരുടെ തലയിൽ കയറിയ വികാരം ഇന്ന് സാധാരണക്കാരിലേക്കും. ഒടുവിൽ ജന്തുത തന്നെ ജയിക്കും. ഇന്ത്യ എന്ന വികാരം! ജന്തുവെന്ന വികാരം! കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും നീണാൾ വാഴട്ടെ. ഹിമുക്രി ഐക്യം സിന്ദാബാദ്...