ശോഭേ... അമ്മേ...!!
നിതിൻ നാങ്ങോത്ത്
കണ്ണൂരിന്റെ വാല് ഓടക്കുഴലിലിട്ടാൽ ഓടക്കുഴലിന്റെ ഷേപ്പ് മാറിപ്പോകും. അത്ര തന്നെ! എത്ര പഠിച്ചിട്ടും പാസാവാത്ത ഒരു നാട്. ഡ്രാക്കുളയ്ക്ക് രക്തരക്ഷസ്സിൽ സംഭവിച്ച കൃത്യ വിലാപം. കൃത്യവിലോപമായാലും തെറ്റില്ല. അന്നന്നത്തെ അത്യദ്ധ്വാനം കൊണ്ടുമാത്രം ജീവിതം പിച്ചവെപ്പിക്കുന്ന പാവങ്ങൾ തലയറുക്കപ്പെട്ടും തലയറുത്തും ചോരശാസ്ത്രം പഠിപ്പിക്കുന്നു. ജീവനിൽ കൊതി കൊണ്ട് ഈ നാടുപേക്ഷിച്ച് ജീവിതം പറിച്ചു നട്ട എത്ര ക്ഷുഭിതയൗവ്വനങ്ങളുണ്ടെന്നറിയോ? ചിരട്ടച്ചങ്കുള്ള കുറച്ച് പ്രൊഫഷണൽ ക്രിമിനലുകൾ മിക്കപാർട്ടിക്കും സ്വന്തമായുള്ളതിനാൽ കണ്ണൂരിൽ ഒരുകാലത്തും രക്തസാക്ഷികൾക്ക് ക്ഷാമമുണ്ടാവില്ല. അവസരവും കാത്ത് കഴിയുന്ന ടൂൾസുകൾക്കും ബോംബുകൾക്കുമായി പോലീസ് അറിഞ്ഞൊന്നിറങ്ങിയാൽ അവ സൂക്ഷിക്കാൻ കേരളത്തിലെ മുഴുവൻ പോലീസ് േസ്റ്റഷൻ ഗോഡൗണുകളും മതിയാവില്ല. ഇതിനെപ്പറ്റിയൊക്കെ കൃത്യമായ ധാരണയും ഭീതിയുമുള്ളതിനാലാവാം ബീജേപീ കേരളഘടകത്തിലെ ഗർജ്ജിക്കുന്ന സിംഹിണി ഏറ് ഗവർണറുടെ നേരെയാക്കിയത്. ജസ്റ്റിസ് പി. സദാശിവം വെറും സാധാരണക്കാരനായ ഗവർണ്ണറാണ്. ആര് കോക്രി കാണിച്ചാലും വിരട്ടാൻ ശ്രമിച്ചാലും കക്ഷി സ്റ്റാന്റ് വിട്ടുപോവൂല. വേണേൽ നിങ്ങൾ സ്പീഡ് ഗവേണർ സ്വന്തം ചിലവിൽ ഫിറ്റാക്കിക്കോളൂ.
റൗഡിസത്തിനെതിരെ ധാർമ്മികമായി മുഷ്ടി ചുരുട്ടിയിട്ടും സ്വന്തം പാളയത്തിലെ റൂഡി പോലും, (രാജീവ് പ്രതാപ് റൂഡി) സപ്പോർട്ടിട്ടില്ല. പ്രതാപകാലത്തേ എല്ലാരും കാണൂ.ഉറക്കത്തിൽ പോലും വിശ്വസിക്കാൻ പറ്റുന്ന രാജേട്ടനും കൈവിട്ട് കളഞ്ഞു. മലയുടെ നേർക്ക് കല്ലെറിഞ്ഞ് ശോഭയുടെ ശോഭകുറഞ്ഞെന്ന് പറഞ്ഞാ മതീലോ. ഒരു കളിയാവുന്പോ എല്ലാരും ഒന്നിച്ച് നിൽക്കണം. അല്ലേൽ കാണികൾക്ക് കളിക്കാരിലുളള പ്രതീക്ഷ നഷ്ടപ്പെടും. നിങ്ങൾ സി.പിഎമ്മിനെ കണ്ടുപഠിക്കുക. ഏത് കയ്യബദ്ധത്തിനും കൈ സുബദ്ധത്തിനും അവർ സംരക്ഷണകവചം ഒരുക്കും. ഏതറ്റം വരെയും ഒപ്പമുണ്ടാവും. ചത്തത് കീചകനെങ്കിൽ ഭീമന് പങ്കില്ല മോഡൽ പ്രസ്താവന ആദ്യഘട്ടം. പിന്നെ ഒറ്റപ്പെട്ട സംഭവം, നിർഭാഗ്യകരം, ജനകീയ പ്രതിരോധം...അങ്ങനെയങ്ങനെയിങ്ങനെ. അണികൾ പിടിയിലായാൽ പാർട്ടിയുടെ അറിവോടെയല്ല, കുറ്റവാളികൾക്കെതിരെ പാർട്ടീതലത്തിൽ ശക്തമായ നടപടിയുണ്ടാകും; രണ്ടാം ഘട്ടം. പിന്നെയെല്ലാം തഥൈവ.
പിടിക്കപ്പെട്ട മ്യാരക ടൂൾസ് വാർപ്പ്പണിയുപകരണമാവും. പച്ചത്തെറി പുഷ്പഭാഷയാവും. നാക്കിന്റെ കലിപ്പ് നാടൻ ശൈലിയാവും. കുമ്മനം ശൈലിയിലാണ് ബീജേപീ ശോഭായാത്രയെങ്കിൽ കണ്ണൂരിൽ കീരിക്കാടൻ ചത്തേ മോഡലിൽ ആഹ്ലാദ പ്രകടനവും പായസ വിതരണവും ഡെയ്ലി നടക്കും. സ്വന്തം അണിയുടെ ശവഘോഷയാത്ര തമിഴ്മക്കൾ ശൈലിയിലായാൽ ആഘോഷത്തിന്റെ കാര്യത്തിൽ സപ്പ സപ്പ!! അനുയായിയേക്കാൾ പാർട്ടിക്കാവശ്യം രക്തസാക്ഷിയെയാണെന്ന്, പകയുടെ പരാഗരേണു തലയിൽ ഇൻസ്റ്റാളു ചെയ്യപ്പെട്ട ചോരത്തിളപ്പുളള യുവത തിരിച്ചറിയാതെ പോവുന്നതെന്തുകൊണ്ട് !!
പയ്യന്നൂരും പരിസരവും പവിത്രഭൂമിയായിരുന്നു. ഇപ്പോൾ അവിടെയും കലാപക്കൊടി. പണ്ട് സൈക്കിൾ ബാലൻസ് ടീം ഓരോ സീസണിലും വ്യത്യസ്ത പ്രദേശങ്ങൾ തിരഞ്ഞെടുത്ത് കലാപ്രകടനങ്ങൾ കാഴ്ചവെക്കുംപോലെയാണ് പുതിയ കണ്ണൂർ മോഡൽ രക്തരൂക്ഷിത റവല്യൂഷൻ. ആളുകൾ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഒരിടത്തേയ്ക്ക് പെട്ടെന്നൊരു മാന്തിപ്പറിയുണ്ടാവുന്നു. ബോംബേറ്, കൊലപാതകം. നാട്ടുകാരിൽ, പ്രത്യേകിച്ചും അയൽക്കാരിൽ പോലും വിഭാഗീയത ഉടലെടുക്കുന്നു.അവർ ശത്രുക്കളാകുന്നു. പകയും ആക്രമണോത്സുകതയും വെറുപ്പും ഭീതിയുമായി പിന്നീട് വർഷങ്ങളോളം സ്വന്തം വീട്ടിലെ മംഗളകാര്യത്തിന് പോലും എതിർ പാർട്ടിക്കാരനെ വിളിക്കാതെ. വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നത് പോലും സ്വന്തം പാർട്ടിക്കാരന്റെ കട നോക്കിയാവുന്പോൾ ജീവിത ശൈലിയുടെ ഭീകരത പറയേണ്ടതില്ലല്ലോ? പെണ്ണ് കാണലും കല്യാണമുറപ്പിക്കലുമെല്ലാം പിന്നെ റാഡിക്കലായ ആ വഴിയിലൂടെ മാത്രം. ദൈനംദിന ജീവിതത്തിന്റെ ഓരോ മിടിപ്പിലും പിന്നീടങ്ങോട്ട് പ്രത്യയശാസ്ത്രങ്ങളുടെ കാര്യമായ ഇടപെടൽ കാണാം. സങ്കടമുണ്ട് കണ്ണൂരേ, നീ കേരളമാപ്പിൽ ഉൾപ്പെട്ട് പോയതിൽ. കണ്ണൂരിനെ പുറംനാട്ടുകാരുടെ മുന്പിൽ താറടിക്കാനാണ് ഇത്തരം പറച്ചിലുകളെന്ന് പറഞ്ഞ് ആരും വിജൃംഭിക്കേണ്ട. അഫ്സലോ കാപ്പനോ ടാഡയോ ആരു വന്നാലും ഇവിടം ക്ലീനാവാൻ പ്രകൃതി തന്നെ കനിയണം. വല്ല ബൗദ്ധിക സുനാമിയോ ഭൂകന്പമോ... അത്രമേൽ ഹാംഗിലാണ് ഇവിടുത്തെ ഓരോ സിസ്റ്റവും.
പാർട്ടീപിരാന്തും മതഭ്രാന്തും വെറുപ്പിന്റെ വൈറസ്സും ഹാക്ക് ചെയ്ത വാനാക്രൈ മാൽവേർ ലൈഫ്. ആയതിനാൽ ശോഭാജീ ഗവർണറെ സോപ്പിട്ട് ഒരു ചോപ്പ് അലേർട്ട് ഒപ്പിച്ചു തരണം. വിരട്ട് വാദം പിണറായിയെ വിട്ട് കോടിയേരിയുടെ മേക്കിട്ട് കാച്ചിയത് നന്നായി. നല്ല പുളളിയാ. ബോംബ് നിർമ്മാണത്തിന് പോലീസ് േസ്റ്റഷൻ തരമാക്കാൻ ആപ്ലിക്കേഷൻ ഒപ്പിട്ട ആളാ. പോരാത്തതിന് പയ്യന്നൂരിലെ വയൽവരന്പിൽ പോയി നോക്കുകുത്തികളോട് നോക്കുകൂലിയെപ്പറ്റിയും വരന്പത്തെ ശന്പളവർദ്ധനവിനെപ്പറ്റിയും ബോധവൽക്കരണം നടത്തിയ ആളാ. മോർച്ചക്കാർ കാല് കൊത്താനോ കാലു കുത്താതിരിക്കാനോ ആവും പോലെ വായ്പ്പായസം വെക്കുക. എരിവും പുളിയും പഞ്ചുമുളള ഡയലോഗിന് ശോഭ ചേച്ചിയോ ശശികല ചേച്ചിയോ അല്ലാതെ അഭിമാനിക്കാൻ ആരുണ്ട് നമ്മൾക്ക് മാമല നാട്ടിൽ. ഉമാഭാരതിയുടേയോ സ്വാധി പ്രാചിയുടേയോ ഏഴയലത്ത് എത്തിക്കണേ സരസ്വതിയേ. വൃന്ദാകാരാട്ടിനെയൊക്കെ എന്തിന് കൊളളാം. വാക്കുകളിൽ വെടിമരുന്ന് പുരട്ടുവാൻ പരിശീലിച്ചിട്ടില്ലാത്ത നനഞ്ഞ പടക്കം. കോങ്ക്രസ്സും ബീജേപീയും ഒന്നിച്ച് തങ്ങളെ ടാർഗറ്റ് ചെയ്യുന്നുവെന്നൊക്കെ മാക്സിമം വോളിയത്തിൽ ചിരിച്ചു പറയും.
സേനാനിയമത്തിലും സുരക്ഷയുടെ കാറ്റഗറിയിലുമൊക്കെയാണ് ഇപ്പോൾ നാട്ടാരുടെ ബേജാറ്. സുരക്ഷ ഒഴിവായതിന്റെ അടുത്ത നാൾ തന്നെ രാമന്തളിയിലെ കാര്യവാഹക് കാലനൂർ പൂകി. നാട്ടീന്ന് രക്ഷപ്പെട്ട് പുറത്ത് ജോലി ശരിയാക്കി സമാധാനത്തോടെ പോവാനിരിക്കേയാണ് തന്റെ ഓരോ ചലനവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒറ്റുകാർ ശരിയാക്കിക്കളഞ്ഞത്. സുരക്ഷയുടെ സൗജന്യത്താലാണ് കെ.ടി ജയകൃഷ്ണൻ മാഷ് ക്ലാസ്സ് മുറിയിൽ ശരിപ്പെട്ടത്. വെടിയുണ്ട ബ്രീഫ്കേസിൽ കൊണ്ടുനടക്കുന്ന എത്ര നേതാക്കൾ നമുക്കുണ്ട്? രണ്ട് തോക്കിന്റെ ലൈസൻസും കൊണ്ട് പി.സി ജോർജ് സ്വൈര്യവിഹാരം നടത്തുന്നത് കൊക്കിനെ വിരട്ടാനാണോ. ഒന്ന് സ്വയന്പൻ വെളുവെളെ വെളുത്ത പരദേശി പിസ്റ്റളാണ്. പണ്ട് സാഗർ ഏലിയാസ് ജാക്കിയുടെ കയ്യിൽ കണ്ടത് മാതിരി. ഒരു സെലിബ്രിറ്റി ആവുന്പോ അമ്മയ്ക്കും വേണം മുന്തിയ കാറ്റഗറി പ്രൊട്ടക്ഷൻ. മക്കളൊക്കെ കൊടുംഭീകരരായിപ്പോയില്ലേ! ആസ്തിയിൽ അസൂയപ്പെടുന്ന ആസക്തിക്കാരെയെങ്കിലും പേടിക്കേണ്ടേ. ഇന്ദിരാഗാന്ധി വലിയ സിലബസായി നമ്മുടെ മുന്പിലുണ്ടല്ലോ... അതുകൊണ്ട് ശോഭേ, അമ്മേ... അമ്മേ ശോഭേ... അച്ഛന് സുഖം തന്നെയല്ലേ...?? പ്രകാശാ നീ മൈക്ക് കുത്തടാ... പാനൂരു നിന്നും പയ്യന്നൂരിലേയ്ക്കുള്ള അക്രമപരന്പര വിളംബര ശവഘോഷയാത്രയിതാ ഈ വാഹനത്തിന്റെ തൊട്ടുപിറകിലായി...