വലി­വും തലവേ­ദനയും ആയതി­നാൽ‍...


നിതിൻ നാങ്ങോത്ത്

 

ടുത്ത തലവേദനയും ചർത്തിയും വലിവുമായതിനാൽ‍ ഈയൊരാഴ്ച ക്ലാസിൽ‍ ഹാജരാവാൻ കഴിഞ്ഞില്ല. ലീവനുവദിച്ചു തരുവാൻ വിനീതമായ അപേക്ഷ. ലീവ് ലെറ്റർ‍ ഏതെങ്കിലും കുട്ടിയുടേതല്ല. നമ്മുടെ കട്ടപ്പ സർ‍ക്കാർ‍ പൊതുജനസമക്ഷം പരസ്യപ്പെടുത്താൻ സാധ്യതയുളള പത്രപ്പരസ്യത്തിലെ ആദ്യവരികളാണ്. വായിച്ച് മെഡിക്കൽ‍ ലീവ് അനുവദിച്ചേക്കുക. തലവേദന മൂന്ന് കൊന്പത്തെ ആപ്പീസർ‍മാരെ കൊണ്ടാണ്. അങ്ങ് സുപ്രീംകോടതി വരെ പോയി ചെന്നിക്കുത്തുമായി കുത്താൻ വന്നിരിക്കുന്നു എൽ‍.ബി.ഡബ്ല്യൂവിൽ‍ പറഞ്ഞയച്ച ടി.പി സെൻകുമാർ‍ സർ‍. ടി.പിയെന്ന് കേൾ‍ക്കുന്പോൾ‍ ചോരതിളയ്ക്കും സർ‍ക്കാരിന്. ടി.പി ശ്രീനിവാസൻ സാറിന് നേരെ എസ്.എഫ്.ഐ ചോര തിളച്ച് തൂവിയത് കണ്ടതാണല്ലോ? ഓർ‍ക്കാട്ടേരി ഓർ‍മ്മകൾ‍ കേരളം മറക്കുവതെങ്ങനെ? ഒഞ്ചിയം ദിനത്തിലും അവിടെ വെട്ടും കുത്തും നിലവിളിയും കലാപരിപാടികളും തന്നെ.  

ടി.പി സാറിന്‍റെ പുനർ‍നിയമന കാര്യത്തിലാണ് ഏറ്റവും വലിയ വലിവ് അഥവാ ലാഗിംഗ്. ജൂൺ മുപ്പതോടെ കക്ഷിയുടെ ചീട്ട് കീറും. കോടതി വാണിംഗ് വന്നിട്ട് ആറുനാളായി. ഇങ്ങനെ അനങ്ങാപ്പാറ നയം കളിച്ചാൽ‍ സംഗതി വിചാരിച്ചപോലെ നടക്കും. മെയ് ഒന്പത് മുതൽ‍ സുപ്രീംകോർ‍ട്ടിന് വെക്കേഷനാണ്. ജൂലൈ മൂന്നിനേ തുറക്കൂ. ജൂൺ മുപ്പതിന് പിരിയുന്ന മേധാവിക്ക് മേലാളന്‍മാർ‍ കൊടുക്കുന്ന പണിയൊന്നു കാണണേ. മേലാളത്തിയുമുണ്ടെന്ന് അണിയറ ടോക്ക്. മെയ് അഞ്ചിന് നെറ്റോയോട് നേരിട്ട് ഹാജർ ആവശ്യപ്പെട്ടിട്ടുണ്ട് നീതിപീഠം. കോടതിയലക്ഷ്യത്തിന് പാഞ്ഞ ബാഹുബലി എന്തോ ഉദ്ദേശിച്ചുറപ്പിച്ച് ഇന്നലെ ഇഴഞ്ഞ സീൻ എല്ലാരെയും ഞെട്ടിച്ചു. ഇത്തരമൊരു കേസിൽ‍ കളിച്ച ചീഫ് സെക്രട്ടറി അയൽ ‍സംസ്ഥാനത്ത് അഴിയെണ്ണിയ ചരിത്രം മെമ്മറിയിൽ‍ തികട്ടിവന്നതോ? അതോ ഉന്നതരാഷ്ട്രീയ പ്രഷർ‍കുക്കറിൽ‍ വെന്തുവിസില് വന്നതോ? ഇതൊക്കെ നിരീക്ഷിച്ച് ആവേശം കയറിയിറക്കുന്ന ഞങ്ങൾ‍ പാവം കാണികളുടെ ഞരന്പ് പൊട്ടാതിരുന്നാൽ‍ മതിയായിരുന്നു!!                        

അടുത്ത മേധാവി ലോക്നാഥ് ബെഹ്റ സാറാണ്. ഉറങ്ങുന്നിടത്തുനിന്ന് തലയിൽ‍ വെളളമൊഴിച്ച് ഉണർ‍ത്തിയിട്ട് ചോറില്ല അഥവാ ഊണ്‍ തീർ‍ന്നു എന്ന ബോർ‍ഡ് കാണിക്കുന്ന അരക്ഷിതാവസ്ഥ. മണിയുടെ നാവേറ് കേട്ട് കോടതി ഇവിടെയൊരു ഡി.ജി.പിയുണ്ടോ എന്ന് ഗൂഗിൾ‍ ചെയ്തിരുന്നു. മിനിഞ്ഞാന്ന് കാസർ‍ഗോഡ് മൊഗ്രാലിൽ‍ ഒരു ചെറുപ്പക്കാരന്‍റെ തല ബോഡിയിൽ‍ നിന്നും മുപ്പത് മീറ്റർ‍ ദൂരെയാണ് വിശ്രമിച്ചത്. പ്രതി മിക്കവാറും ബാഹുബലി 2 കണ്ടിരിക്കാൻ ചാൻസുണ്ട്. എന്ത് പോലീസ്? ആർ‍ക്ക് ആരെ പേടി? കുട്ടിപ്പോരാട്ടക്കാർ‍ വാൾ ‍‍പ്രാക്ടീസ് നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ഇന്‍റലിജൻസും എപ്പഴേ പറഞ്ഞു കഴിഞ്ഞു.  കഴുത്തറുത്തും കൊടലുമാല പുറത്തിട്ടും സസ്യശ്യാമള കോമളമായിരുന്ന നമ്മുടെ ചപ്പാത്തിച്ചോലയുടെ ഫ്യൂച്ചർ‍ ഇരുളടഞ്ഞതാവും. സെൻകുമാർ‍ ആസനസ്ഥനായാൽ‍ ലോക്നാഥ് സാറെ വിജിലൻസിൽ‍ പ്രതിഷ്ഠിച്ച് പ്രോബ്ലം സോൾ‍വ് ചെയ്യാം. പക്ഷേ, അതാ വരുന്നു അവധി തീർ‍ന്ന് പുതിയ ആകാശവും പുതിയ ഭൂമിയുമായി സാക്ഷാൽ‍ ജേക്കബ് തോമസ്. കൊടുക്കാൻ കസേരയെവിടെ? ഒന്നിരുത്തിക്കാൻ സീറ്റെവിടെ? മന്ത്രി ജീ പറഞ്ഞതു പോലെ ഇവരൊന്നും പിണറായി സഖയേക്കാൾ‍ വലിയ ആളുകളല്ലല്ലോ? ഇവർ‍ സ്വാതന്ത്ര്യ സമരത്തിൽ‍ പങ്കെടുത്തിട്ടുണ്ടോ? അടികൊണ്ടിട്ടുണ്ടോ? ജയിലിൽ‍ കിടന്നിട്ടുണ്ടോ? കുറച്ച് ബുദ്ധി കൂടിപ്പോയത് കൊണ്ട് എഴുതിയ പരൂക്ഷയെല്ലാം പാസായതിന്‍റെ അഹങ്കാരമാണ് സാർ‍. വിട്ടുകള. പിഴച്ചു പോയ്ക്കോട്ടെ. ശ്രീറാം വെങ്കിട്ടറാമിനെപ്പോലെ കുരിശിന്‍റെ കെടപ്പ് മനസ്സിലാവുന്പോ പത്തി മടക്കിക്കോളും.

സർ‍ക്കാരിന്‍റെ തലവേദനയുടെ ഹേതു ബോധ്യമായില്ലേ. ഈ വേദന മാറാൻ അദർ‍മാഞ്ചനും വിക്സുമൊന്നും വാരിത്തേച്ചാൽ‍ പോര. മൊഗ്രാൽ‍ മോഡലിൽ‍ തല തന്നെ വെട്ടേണ്ടി വരും. വലം കയ്യും ഇടം കയ്യുമായി നളിനി മാഡവും ശ്രീവാസ്തവ സാറും ഉളളതിനാൽ‍ ബേജാറ് വേണ്ട. കൊന്പുളള മേധാവികളെയൊക്കെ പൂട്ടാനുളള മേധ അഥവാ പുത്തിശക്തി അവരുടെ ഇൻബോക്സിലിപ്പോഴും ജാസ്തിയുണ്ട്. ചർ‍ത്തി എന്ന് സൂചിപ്പിച്ചത് ഒരു മന്ത്രിയുടെ വായവഴിയുളള വിക്ഷേപണമാണ്. രോഗം പകർ‍ച്ചവ്യാധിയാകാതിരുന്നാൽ‍ മതിയായിരുന്നു. ഇപ്പൊ കുറച്ച് മയമൊക്കെ വന്നിട്ടുണ്ട്. ഏതോ പോളിറ്റ്ബ്യൂറോ കാര്യമായി വിരട്ടിയിട്ടുണ്ട്. അടുത്ത അതിസാരത്തിന് മുന്നേ ആരോഗ്യമന്ത്രിയുടെ സത്വരശ്രദ്ധ ക്ഷണിക്കുന്നു. മട്ടന്നൂർ‍ ഡ
ങ്കിഭീഷണി അസ്തമനം കണ്ടമാതിരി. മണി മന്ത്രിയുടെ ഒടുവിലത്തെ പ്രഭാഷണ വിഷയം കെങ്കേമമായിരുന്നു. ഭൂമിയുടെ രാഷ്ട്രീയം. സംഘാടകർ‍ അമിട്ടും ഗുണ്ടുമൊക്കെ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കക്ഷി ഔട്ട്ഒാഫ് സിലബസ് കാച്ചി. ഭാരതം എന്‍റെ നാടാണ്. എല്ലാ ഭാരതീയരും എന്‍റെ... മോഡൽ‍ കലോത്‍സവ പ്രസംഗം. അസ്സൽ‍ ദേശസ്നേഹ മൻ കീ ബാത്ത് വചന പ്ര
ഘോഷണം. എല്ലാവരും ഇ.പി.ഐ (എവരി പേർ‍സൻ‍ ഈസ് ഇംപോർ‍ട്ടന്‍റ് )ആയ സ്ഥിതിക്ക് വി.ഐ.പി വേട്ട ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതുവരെ ഈ നിലയത്തിൽ‍ നിന്നും പ്രക്ഷേപണം ഉണ്ടായിരിക്കുന്നതല്ല. 

പാർ‍ട്ടിയുടെ ലൗഡ് സ്പീക്കറായുളള വേഷം എത്ര മനോഹരമായിട്ടാണ് മഹാനടൻ ആടിത്തീർ‍ക്കുന്നത്. എം.ടിയോട് പറഞ്ഞിട്ട് പുതിയ മഹാഭാരതത്തിൽ‍ ഒരു റോൾ‍ തരപ്പെടുത്തണം. സംഭാഷണം സ്വയമങ്ങ് സ്ക്രിപ്റ്റുന്നതാവണം ഉചിതം. മറ്റേ ഭാഷ ജ്ഞാനപീഠകാരന് അറിയാൻ വഴിയില്ലല്ലോ? ഘടോത്കചൻ ഹിഡിംബിയുടെ നേർ‍ക്ക് കീച്ചുന്ന ആ ഡയലോഗുകൾ‍ കേട്ട്
പ്രേക്ഷക ലക്ഷങ്ങൾ‍ക്ക് രോമാറ്റൻഷൻ ഉണ്ടാവട്ടെ.ഗോമതി ബാറ്റൺ കൗസല്യയ്ക്ക് കൈമാറിയിട്ടുണ്ട്. നിരാഹാരം സത്യാഗ്രഹത്തിന് വഴിമാറി എല്ലാരും തൂവെളള തൂവിയിട്ടുണ്ട്. ഒടുവിൽ‍ ഇതും കടന്നുപോകും. കാനം മാത്രം “കാനം കുരിശ് കലാപം” ഒറ്റയ്ക്ക് നയിക്കും. കൂനൻ കുരിശ് കലാപത്തിലെ ചരിത്രയാഥാർ‍ത്ഥ്യങ്ങൾ‍ ഒന്ന് റഫർ‍ ചെയ്തേക്കുക. കയ്യേറ്റ കുരിശ് ദൈവത്തിന്‍റേതല്ല കളളന്‍റേതാണെന്ന നിരീക്ഷണം ലോകനിലവാരത്തിലുളളതാണ്. കാനം നമ്മുടെ മുഖ്യനായിരുന്നെങ്കിലെന്ന് ഒരുവേള വെറുതെ നിനച്ചുപോയി. കാര്യങ്ങൾ‍ പഠിച്ച് പറയാൻ കാണിക്കുന്ന നിലവാരം പ്രചോദിപ്പിക്കുന്നു. സഭയിൽ‍ നിലമറന്ന് ഹെയർ‍ ഓയിൽ‍ തേക്കുന്ന എരുമക്കച്ചവടക്കാരും ചപ്പാത്തിച്ചോലക്കാരും ശൂന്യവേളയിലിടയ്ക്കിടെ രാജിവെക്കുന്നവരുമൊക്കെ ഒന്ന് ഹോംവർ‍ക്ക് ചെയ്യുന്നത് നന്നായിരിക്കും. ഇത് ഓൺ‍ലൈൻ ട്യൂഷന്‍റെ കാലമാണ്.

ഇന്ന് ലോക വലിവ് ദിനമാണ്. ഭരണനടപടി ക്രമങ്ങളിൽ‍ വലിവ് നയം കരുതിക്കൂട്ടിക്കാണിക്കുന്നവർ‍ പുട്ടപർ‍ത്തിയിൽ‍ പോയി മീൻ വിഴുങ്ങേണ്ടതാണ്. ടി.പി സാറെക്കൂടി ബ്ലോക്ക് ചെയ്താൽ‍ രാജുനാരായണസ്വാമി, സുരേഷ് കുമാർ‍ റിസർ‍വ്വ് ബെഞ്ചിലേക്ക് ഒരാൾ‍കൂടി. മഹാബലിജീവിതത്താൽ‍ സറണ്ടർ‍ ചെയ്യപ്പെട്ട ധീരകേസരികൾ‍. നാട് വാമനന്‍മാരുടേതാണ്. ഒതുക്കലും ചവിട്ടിത്തേക്കലും അഭംഗുരം തുടരും. ജീവിതം കീഴടങ്ങലിന്‍റെ കല കൂടിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed