ഭാഷാ അസംസ്കൃത യോഗോ ‘മണി‘ പ്രവാളം
നിതിൻ നാങ്ങോത്ത്
ഭാഷയിൽ സംസ്കൃതപദങ്ങളും അസംസ്കൃതപദങ്ങളും ഒരുപോലെ കൂട്ടിക്കുഴച്ച് പ്രയോഗിക്കുന്നതാണല്ലോ മണിപ്രവാളം. ഇടുക്കിമുത്തിന്‍റെ പവിഴഭാഷ. കറണ്ട് മാസ്റ്ററുടെ ശ്രേഷ്ഠഭാഷ. മാലിന്യക്കുഴലിന്‍റെ ഒരറ്റം മാന്യന്‍മാരുടെ പറന്പിലേക്കാണ് അനസ്യൂതം ഒഴുകിപ്പരക്കുന്നത്. ആളുകൾ ചൂലും ചാണകവുമെടുത്ത് പുണ്യാഹപ്രവൃത്തി തുടങ്ങി. ഗോമതിയുടെ ചൂണ്ടുവിരൽ മുദ്രയ്ക്ക് ചന്പൂകാരന്‍റെ നടുവിരൽ നമസ്കാരം. അന്പ് കൊള്ളാത്തവരില്ല കുരുക്കളിൽ. സകല ഗുരുക്കളുടെയും കുരുപൊട്ടി. കളക്ടർ, സബ്കളക്ടർ, പ്രതിപക്ഷനേതാവ്, ബി.ജെ.പി അദ്ധ്യക്ഷൻ, ഡിവൈ.എസ്.പി, മുൻകാട്ടുപൂച്ച, മാധ്യമ സിന്‍റിക്കേറ്റ്സ്, പെന്പിളൈ ഒരുമൈ... ലിസ്റ്റ് അപൂർണ്ണം. പാറ്റിയായിരുന്നു വെടിവെപ്പ്. ആയതിനാൽ വൺ ടൂ ത്രീ എണ്ണാൻ ടൈം കിട്ടിയില്ല. സെപ്റ്റിക് ടാങ്ക് പൊട്ടിയതിന്‍റെ സങ്കടം മൂക്കുപൊത്തി രേഖാമൂലം പരാതിപ്പെട്ടത് മഞ്ജുവാര്യർ മാത്രമാണ്. ശ്രീമതി ടീച്ചറും ടി.എൻ സീമയും ശൈലജ ടീച്ചറുമൊക്കെ കർച്ചീഫിനാൽ അഡ്ജസ്റ്റ് ചെയ്തു. സാറ ടീച്ചറും സുഗത ടീച്ചറും ജെ. പ്രമീളാദേവിയും ഫിലോസഫിക്കലായി ഇമോഷൻ അറിയിച്ചു. ടിയാന്‍റെ അടുത്ത മോഷന് മുന്പായി കേരളം പ്രിക്കോഷൻ എടുക്കണം. സൈക്കോസിസിന്‍റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ആദ്യമാ.
പിണറായി ടീമിനിത് ഗുളികകാലമാണെന്ന് തോന്നുന്നു. ഒന്ന് മൂരിനിവരാൻ പോലും പാങ്ങില്ലാതെ രാഹുവും കേതുവുമൊക്കെ അപഹാര താണ്ധവമാടുന്നു. ബന്ധുനിയമന വിവാദം സോൾവിയപ്പോഴേക്കും അടുത്ത തലവേദന ക്യൂവിലെത്തി. ലക്ഷ്മി നായർ, ജിഷ്ണു പ്രണോയ്, തേൻകെണി! മണിമണിയായി ഭരിക്കേണ്ട സമയത്ത് ഓരോരോ വയ്യാവേലികൾ. മഹിജയുടെ വീഴ്ചയിൽ നിന്നും ഒന്നു തലപൊന്തിക്കുന്പോഴേക്കും മണിയുടെ വാഴ്ച വന്നു. ഫീകരവാഴ്ച! ചെറ്റ, മറ്റേപ്പണി.. വായ്മൊഴിക്കപ്പുറം മണിയാശാന്‍റെ മാസ്റ്റർ പീസ് കരമൊഴിയാണ്. കൈകൾ കൂട്ടിത്തിരുമ്മി, വെളക്കുതിരി ഒണ്ടാക്കുന്ന പരുവത്തിൽ കൈ മുന്നോട്ടും റീവേഴ്സ് ഗിയറിലും. ഈ അംഗവിക്ഷേപത്തിന് ശേഷം പുളുത്തും എന്ന ക്ലാസിക്കൽ ലാംഗ്വേജ് കൂടിയുണ്ട്. മുദ്ര ശ്രദ്ധിക്കുന്പോഴാണ് ആഴത്തിൽ അശ്ലീലം അനുഭവവേദ്യമാവുന്നത്. ഏകമുദ്ര, ദ്വിമുദ്ര, ത്രിമുദ്ര... ബഹുകേമമാണ് കഥകളിയാശാന്‍റെ കേളി’ക്കൈ’. ചതുർവിധാഭിനയം വശമുളളവർക്ക് രസച്ചരട് പൊട്ടാതെ മേളപ്പദത്തിന്‍റെ വശപ്പെശക് മനസ്സിലാക്കാം. തെറി മലയാളം നീണാൾ വാഴട്ടെ. ഭാഷാപോഷിണി ഏമാന്‍മാർ ഉയിർത്തെഴുന്നേൽക്കട്ടെ. ലിസി ഗോമതിമാരുടെ സങ്കരഭാഷകൂടിയാവുന്പോ ചെന്തമിഴ് സാഹിത്യം സ്വാഹ. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസ പരിണാമങ്ങളിൽ മണിയങ്ങുന്നിന്‍റെ ഭരണിഭാഷ തങ്ക ലിപികളിൽ എഴുതപ്പെടും. അതൊക്കെ പോട്ടെ, മാപ്പുമായി മന്ത്രി നേരിട്ടെത്തിയില്ലേൽ ഇന്നുതൊട്ട് ഉണ്ണാവ്രതം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. നമുക്കറിയാം, പാലം കുലുങ്ങിയാലും ഇടുക്കിഗോൾഡ് അനങ്ങില്ല. അവസാനം ഉടുക്കാവ്രതം വേണ്ടി വരും. വരട്ടെ പുതിയ സമരമാർഗ്ഗങ്ങൾ.
ശനി, മൂർത്തിയിൽ കയറിയിരിപ്പാണ് നമ്മുടെ സർക്കാരിന്‍റെ. ജൂൺ മുപ്പതുവരേയുളളൂവെങ്കിലും ‘സെന്നിസം’ പലകുമാരസംഭവങ്ങൾക്കും ഹേതുവായേക്കും. നിമജ്ജനം ചെയ്യപ്പെട്ട പല കേസിന്‍റെയും അസ്ഥിവാരമിളകും. പല പ്രമുഖർക്കും വിയർക്കും. ചില ഉന്നതരെങ്കിലും വിറയ്ക്കും. വിശദീകരണ ന്യായീകരണ കമ്മിറ്റഡ് ലേബേഴ്സ് കയർക്കും. മധ്യവേനൽ കഴിഞ്ഞാൽ സ്കൂൾ തുറക്കാറാണ് പതിവ്. ഇക്കൊല്ലം ഒരു ചേഞ്ചാവട്ടെ. പല ഉസ്ക്കൂളുകളും പൂട്ടിച്ചേ ടി.പി സർ അടങ്ങൂ. ആനപ്പകയുടെ നിയമപരിരക്ഷയുമായാണ് അങ്ങേരുടെ വരവ്. ബുൾഡോസർ കൈകൾക്ക് ജീവൻ വെച്ചേക്കും. കലക്ടർ ബ്രോസ് മീശ പിരിച്ചേക്കും. അൽഫോൺസ് കണ്ണന്താനം സർ യൂടൂബിൽ പുതിയ മോട്ടിവേഷൻ ടോക്ക് അപ് ലോഡ് ചെയ്യും. കൂനിന്‍മേൽ ‘കുരു’ശ് ആയി എന്ന് പറഞ്ഞാ മതീലോ !!
ഭരണഭാഷ ഭരണിഭാഷ ആവുമോ? കൊടുങ്ങല്ലൂർ ഭരണി!! മണി വീണ്ടും നാവേറു നടത്തുമോ? പിണറായി കാനം മൂപ്പിളമ വാർ ആയിരിക്കുമോ ഈ വർഷത്തെ മെയ് ദിന സന്ദേശം. പാർട്ടി കയ്യേറ്റക്കാർക്ക് പച്ചക്കൊടി കാട്ടിയതിൽ ഇഷ്ടക്കേട് മുഷ്ടിയിലൊളിപ്പിച്ചിട്ടുണ്ട് നൈൻ വൺ സിക്സ് കമ്മ്യൂണിസ്റ്റുകാർ. കോർപ്പറേറ്റ് ഹുങ്കാരത്തിന്‍റെ ടൈ കെട്ടിയ പ്രത്യയശാസ്ത്ര തോന്ന്യാസത്തോട് അവർക്ക് മമതയില്ല. ഈയടുത്ത കാലത്തൊന്നും സാധാരണക്കാരുടെ പാർട്ടി ഇത്രയധികം അസാധാരണ ക്രൈസിസ് ഫെയിസ് ചെയ്തിട്ടില്ല.
പ്രശ്നങ്ങളെ ഡിഫന്‍റ് ചെയ്യാനാണല്ലോ ‘നവരത്നങ്ങളെ’ ഉപദേഷ്ടാക്കളാക്കിയിരിക്കുന്നത്. വിക്രമാദിത്യ മഹാരാജാവിന്‍റെ വിദ്വൽ സദസ്സിനെ ഓർമ്മിപ്പിക്കുന്ന ഈ തീരുമാനം എന്തായാലും ഗംഭീരമായി. എന്നിട്ടും കാര്യങ്ങൾ ശരിപോയിട്ട് ശരാശരി പോലും ആവണില്ലല്ലോ എന്‍റെ ശിവനേ! പ്രതിപക്ഷം കുളുപ്പപ്പടക്കം പോലെയായത് നന്നായി. ചോയിക്കാനും പറയാനും ആളില്ലാതാവുന്പോ എന്തും ആവാലോ? അതിരക്കളി എന്നാണിതിന് ഗ്രാമ്യഭാഷയിൽ പറയുന്നത്‍. ഈ കളി അതിരപ്പളളി വിഷയത്തിലെ സി.പി.ഐ നിലപാടോടെ ദ്വന്ദ്വയുദ്ധത്തിന് പുതിയ ആകാശവും അഭി ‘മാന’വും കൈവരും. ഉദ്യോഗസ്ഥർ ഇരുചേരികളിലണിനിരക്കും. വാക്കുവാറും നിയമവാറും മുഖാമുഖം കോന്പല്ല് കാട്ടും. ഒരുതരി ഭരണം പോലും നടക്കാതെ നമ്മുടെ നാട് പിന്നെയും കുട്ടിച്ചോറാവും. കേരളത്തിന്‍റെ ട്രാജഡി എന്നും ഇതുമാത്രമാണ്. അടിസ്ഥാനവികസനത്തിലോ പ്രഖ്യാപിതനയങ്ങളിലോ ഫോക്കസ് ചെയ്യാതെ, കുറേ നിർമ്മിത വിവാദങ്ങളിൽ തലയിട്ട് ഹ്യൂമൻ റിസോഴ്സസും പണവും സമയവും പാഴാക്കുന്ന ഒരവസ്ഥ. സരിതയെപ്പോലുളള സാധാരണ മനുഷ്യ ജീവികളാണ് പ്രബുദ്ധ കേരളത്തിന്‍റെ പിരീഡ് (അഞ്ചുവർഷക്കാലയളവ്) കൺട്രോൾ ചെയ്യുന്നതെന്നറിയുന്പോൾ പതിനാല് ജില്ലകളിലും ഊളന്പാറ ലൈസൻസ് സാംഗ്ഷനാക്കുവാൻ കനിവുണ്ടാവണം. കല
ഹപ്രിയരായ നമ്മുടെ നേതാക്കളെ അടിയന്തിര കൗൺസിലിംഗിന് വിധേയമാക്കണം. അക്രമാദിത്യ സദസ്സിലെ ചെങ്കിസ്ഖാന്‍മാർക്ക് ധ്യാനകേന്ദ്ര സൗകര്യം ഏർപ്പാടാക്കണം. ഈഗോയും താൻപോരിമയും ഉള്ളവരെ ഏതെങ്കിലും ഒരു ക്യാൻസർ വാർഡിന്‍റെ വരാന്തയിലൂടെ ഒരഞ്ചുമിനുട്ട് അങ്ങോട്ടുമിങ്ങോട്ടും നടത്തിയാ മതി. അഹംബോധത്തിന്‍റെ അവസാന ഇതളും കൊഴിഞ്ഞു വീഴും.
കേരളം ഈയിടെയായി കസേരകളെയാണ് ബഹുമാനിക്കുന്നത്. അതിന്‍മേൽ അടയിരിക്കുന്ന ആളുകളെയല്ല. അത്രമേൽ തീക്ഷ്ണമാണ് അവരുടെ തീവ്രാനുഭവങ്ങൾ. കേരളം താൽപ്പര്യങ്ങളുടെ ആൾക്കൂട്ടമാവുന്നതിനെ സുപ്രീം കോടതിപോലും കണ്ണുരുട്ടുന്നു. സുപ്രധാന സ്ഥാനങ്ങളിലെ നിയമനം ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണേൽ കുരിശുകളുടെ സ്വന്തം നാടായ കേരളത്തിന് നൊ രക്ഷ. നെവർ സുരക്ഷ. പകപോക്കാനൊക്കെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുന്നതിൽ ഇമ്മിണി സങ്കടമുണ്ട് കേട്ടാ. ചില ജീവിതങ്ങൾ അതിർത്തിയിലും മാവോവാദിഭൂമിയിലും പൊട്ടിത്തെറിച്ചസ്തമിക്കുന്പോഴാണ് ചിലരിങ്ങനെ ലെജിസ്ലേറ്റീവിന്‍റെ എല്ലാ ആനുകൂല്യവും ഔദാര്യവും കൈപ്പറ്റി ഇന്റേണൽ ഗെയിം കളിക്കുന്നത്. തിരഞ്ഞെടുത്തയച്ചവരെ തിരിച്ചു വിളിച്ചിരുത്തിക്കാനുളള ഓപ്ഷൻ കൂടി ജൂഡീഷ്യറി അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. ഒബ്ജെഷൻ...ഓവർറൂൾഡ്!