പൂ­ട്ടി­ക്കാം... പക്ഷെ­ തോ­ൽ‍­പ്പി­ക്കാ­നാ­വി­ല്ല...


നിതിൻ നാങ്ങോത്ത്

ബിവറേജസ് “ഔട്ട്” ലെറ്റ് കംപ്ലീറ്റ്ലി!! സുപ്രീം അനീതീ പീഠം ഇതെന്നാ ഭാവിച്ചാ? അയ്യായിരം കോടിയുടെ റവന്യൂ നഷ്ടം. പാവങ്ങളുടെ വിമോചന ദ്രവ്യം. കുടിച്ച് കൂന്പുവാടി മഹോദരാദി രോഗങ്ങൾ‍.ആശുപത്രി, ചികിത്സ, മരുന്നു കച്ചോടം! ഫിറ്റായി വണ്ടിയോടിച്ച് ആക്സിഡന്‍റ്, പോലീസ് കേസ്, കോടതി!! ഭാര്യാമർ‍ദ്ദനം, പീഡനം, ഡിവോഴ്സ്!! ഒരുപാട് കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന, അവരുടെ ഉപജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും കടയ്ക്കൽ‍ ‘വാളു’വെക്കുന്ന ഹൊറിബിൾ‍ നടപടി. ഇന്നലെത്തന്നെ കണ്ടല്ലോ? ആറും ഏഴും മണിക്കൂർ‍ വരിക്കാരായിട്ടാണ് മോചനദ്രവ്യം കൈപ്പറ്റിയത്. പോരാത്തതിന് പോലീസ് ഏമാന്‍മാരുടെ ലാത്തീ ചാർ‍ജിംഗും. മൂടി തുറക്കും മുന്നേ ചാർ‍ജായി. സൂചി അനങ്ങി. ഇനി എന്തൊക്കെ കാണണമെന്‍റെ ബ്രാണ്ടി വിസ്കി റം സ്കോച്ച് പുണ്യാളാ. ചോയിക്കാനും പറയാനും ആളില്ലെന്ന് ബിജാരിക്കരുത്. നമ്മളും യൂനിയനുണ്ടാക്കും. സമരം ചെയ്യും. നിരാഹാരം കിടക്കും. എന്‍റെ പണം, എന്‍റെ പള്ള, എന്‍റെ പ്രോബ്ലം സോൾ‍വിംഗ്. ആരിക്കാടാ ഇത്ര ചേതം? ജാസ്തി വെളച്ചിലെടുത്താൽ‍ വീട്ടിലിരുന്നു വാറ്റും. മുന്നൂറ് രൂപ വർ‍ക്കിംഗ് ക്യാപ്പിറ്റലും ഒരു മണിക്കൂർ‍ ടൈമുമുണ്ടെങ്കിൽ‍ വാട്ടീസ് പാർ‍ലർ‍ വീട്ടീത്തന്നെ. ഒരു കുപ്പി അടിക്കുകയും ഒരു കുപ്പി കുയിച്ചിടുകയും ചെയ്താൽ‍ മൂന്നാം കൊല്ലം സ്വയന്പൻ സ്കോച്ച് വിപ്ലവം!! 

പാവം കുടിയന്‍മാരെ തൊട്ടുകളിച്ചവരാരും ആയുസ്സെത്തി തീർ‍ന്നിട്ടില്ല. അമ്മാതിരി പ്രാക്കല്ലേ. ചാരായം ബ്ലോക്കിയ ആന്‍റണി അച്ചായനെ വാണം പോലെ ശൂ വരച്ചില്ലേ. ലെഫ്റ്റ് ഔട്ട് കം സ്റ്റോപ്പർ‍ ബാക്ക് ബാബു സർ‍, നോട്ടെണ്ണൽ‍ യന്ത്ര തന്ത്രി മാണിസർ‍, ടീടോട്ടലർ‍ വി.എം സുധീർ‍ ജീ, അപകടം മുൻകൂട്ടി മണത്ത് ഉടുപ്പഴിച്ച രാമകൃഷ്ണൻ മിനിസ്റ്റർ‍... എക്സിട്രാ എക്സിട്രാ. മുഖ്യരാജാവ് ചൂണ്ടിയ മറ്റൊരിന്ദ്രൻ കൂടി ബലിയാടാവാൻ പോണൂ. കടകംപള്ളി സുരേന്ദ്രൻ വിനോദസഞ്ചാരം. നാക്കിൽ‍ ജിംനേഷ്യവും വാക്കിൽ‍ കാവ്യകേളിയും നടത്തുന്ന ജി. സുധാകർ‍ജി ഫിറ്റ്നെസ് സർ‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാൽ‍ കുടി ജനങ്ങൾ‍ക്കിനി ബേജാറ് മാണ്ട. 

ഓപ്പണിംഗ് ആന്‍റ് ക്ലോസിംഗ് ടൈം അരവീതം ബേക്കോട്ടും മുന്പോട്ടുമാക്കീട്ടുണ്ട്. സംസ്ഥാന പാതകൾ‍ ജില്ലാപാതകളാക്കാൻ ഗൂഢാലോചനയുണ്ട്. മാറ്റിയ ഔട്ട്ലെറ്റുകൾ‍ കണ്ടെത്താൻ‍ വെബ്സൈറ്റിൽ‍ തപ്പിയാൽ‍ മതി. നിരന്തര പാനം നിമിത്തം സൈറ്റ് പോയവർ‍ക്ക് ചോയിച്ച് ചോയിച്ച് പൂവാം. ആലങ്കാരികമായി നമുക്കിനി ഗ്രാമങ്ങളിൽ‍ ചെന്ന് ‘ക്യൂ’ പാർ‍ക്കാം. കള്ളുഷാപ്പുകളിൽ‍ നിന്നുതന്നെ സ്വദേശി, വിദേശി, പരദേശി, പട്ടാളം ലഭിച്ചേക്കും. നിങ്ങളിരിക്കുന്നിടത്തേക്ക് നഷ്ടത്തിലായ കട്ടപ്പുറം സ്കാനിയ മൊബൈൽ‍ ബാറുകൾ‍ ഈ വാഹനത്തിന്‍റെ തൊട്ടുപിറകിലായി കടന്നു വന്നേക്കും. ആനന്ദലബ്ധിക്കിനിയെന്തുവേണം? 

ഇടവഴിയിൽ‍ മൂത്രമൊഴിക്കാൻ പോലും സർ‍ക്കാറിന്‍റെ പെർ‍മിഷൻ‍ വേണമെന്നായി. ഞാൻ എന്തു തിന്നണമെന്നും എങ്ങനെ കുടിക്കണമെന്നുമൊക്കെ അവരിങ്ങനെ തിട്ടൂരം കൽ‍പ്പിച്ചാൽ‍! മദ്യനിരോധനവും മദ്യവർ‍ജ്ജനവുമൊക്കെ എന്‍റെ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പുറത്തുള്ള കടന്നുകയറ്റമല്ലേ.. കടന്നാക്രമണമല്ലേ... ഞാൻ ചോദിച്ചു പോവുകയാണ് സൂർ‍ത്തുക്കളേ.. വാട്ടീസ് പാടില്ലെന്ന് പറയാൻ‍ സ്വന്തം രക്ഷിതാവിനുപോലും അവകാശമില്ലെന്നിരിക്കേ. വെറും അരക്ഷിതാവായ സർ‍ക്കാരിനെന്തു കാര്യം. ആയതിനാൽ‍ പട്ടയടിച്ച് പൂസാവാനും പരാമർ‍ അടിച്ച് വടിയാവാനുമുള്ള ഒരു പൗരന്‍റെ മൗലികാവകാശത്തെ സംരക്ഷിക്കണമെന്ന് ബഹുമാനപ്പെട്ട നീതിപീഠത്തോട് താണുവീണപേക്ഷിക്കുന്നു. 

കുറച്ച് സ്ത്രീ വോട്ടുകളെ ടാർ‍ഗറ്റ് ചെയ്താണ് ഇപ്പോഴുള്ള നാടകാന്തം വാളുവെപ്പ്. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും തനിനിറം മലപ്പുറം ബൈ ഇലക്ഷനോടെ പുറത്തുവരും. ആർ ആരുടെയൊക്കെ തോളിൽ‍ കൈയിടുമെന്ന് അപ്പോൾ‍ കാണാം. പരിചയമില്ലാത്തവരുടെ തോളിൽ‍ ധൈര്യമായി കൈയിടാനുള്ള അവകാശത്തെയാണല്ലോ സത്യത്തിൽ‍ ഈ ‘സോഷ്യൽ‍ ഡ്രിങ്കിംഗ്’ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. നേരേ ചൊവ്വേ കണ്ടാ മിണ്ടാത്തവർ‍ കുപ്പിക്കഴുത്തിന്‍റെ ചിയേഴ്സ് പറച്ചിലിൽ‍ ഒറ്റ പ്ലേറ്റിൽ‍ തൊട്ടു നക്കും. ഒറ്റ ഗ്ലാസിൽ‍ ലിപ്പ് ലോക്കും! സഹജീവീ പ്രേമം, ആൽ‍ക്കഹോളിസത്തിന്‍റെ വിശ്വമാനവികത.. അന്പന്പോ!! 

വരാനിരിക്കുന്നത് മദ്യവിരുദ്ധമുന്നണിക്കാരുടെ നല്ല കാലമാണ്. പുതുതായി തുടങ്ങിയ ഔട്ട് ലെറ്റിനു മുന്നിലോ വരാൻ ചാൻസുള്ള ഗ്രാമഭൂമികയിലോ ചെന്ന് നാലാളെയും കൂട്ടി ഒച്ചപ്പാടുണ്ടാക്കുക. ബന്ധപ്പെട്ടവർ‍ വീട്ടിൽ‍ വന്നു കാണും. രണ്ടായിരത്തിന്‍റെ റോസുഗാന്ധിമാർ‍ അലമാരയിൽ‍ കെട്ടുകെട്ടായി പൊട്ടിച്ചിരിക്കും. ഏറ്റുവിളിച്ചവർ‍ക്ക് കൊടുക്കാനാണ് അഞ്ഞൂറിന്‍റെ പച്ചഗാന്ധി. പ്രതിഷേധ സമരത്തിന്‍റെ സാധ്യത കേരളം തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. ബഹുമാനപ്പെട്ട മന്മഥൻ‍ സാറും കുമാരപ്പിള്ള സാറും സുഗതകുമാരി ടീച്ചറും മറ്റും മറ്റും പൊറുക്കേണമേ. അത്രമേൽ‍ പൂസുവൽ‍ക്കരിക്കപ്പെട്ടിരിക്കുന്നു നമ്മുടെ സോഷ്യൽ‍ വർ‍ക്ക്. ഒരു പ്രശ്നവും പ്രശ്നമാക്കാത്ത ആൾ‍ ഒരിക്കലും മദ്യപിക്കില്ല എന്നും വെറുതെ എന്തിനാ കാശുകളയുന്നതെന്ന് അവര്‍ വിചാരിക്കുമെന്നും, താത്ത്വികമായി നമ്മൾ‍ക്ക് പറയാം. ഇന്നിത്തരം പ്രബോധനം കേട്ട മാത്രയിൽ‍ വ്രണപ്പെട്ടവർ‍ വാളൂരും. കുടിച്ച് പൂക്കുറ്റിയായി പ്രഘോഷണക്കാരുടെ പൂമുഖത്ത് പൂക്കളം തീർ‍ക്കും. വാളിന്റെ പൂക്കളം. സ്ക്കൂൾ‍ കുഞ്ഞുങ്ങൾ‍ വരെ നാവിൽ‍ ‘എൽ‍.എസ്.ഡി’ സ്റ്റാന്പു പേസ്റ്റ് ചെയ്യുന്ന കാലമാണ്. സന്പൂർ‍ണ്ണ മദ്യനിരോധനവും കൂടി വന്നാൽ‍ ടെറസിലെ കഞ്ചാവ് കൃഷിക്ക് കൃഷിഭവൻകാർ‍ സബ്സിഡി കൊടുക്കേണ്ടി വരും. വിശുദ്ധനായ ഒരു മദ്യപന്‍റെ ഇതിഹാസത്തിൽ‍ നിന്ന് ചുരണ്ടി മാറ്റിയ ഉപദേശമിങ്ങനെ. പൂസാവാനാണ് കുടിയെങ്കിൽ‍ ദശമൂലാരിഷ്ടവും പട്ടയും സമം സമം. വെറുതെ അയ്യായിരത്തിന്‍റെ ജോണിവാക്കർ‍ ബ്ലൂലേബലൊക്കെ വെയ്സ്റ്റ്. ഞങ്ങൾ‍ പോണ്ടിച്ചേരിയിലെ ബുദ്ധിയുള്ള കുടിക്കാരൊക്കെ അങ്ങനെയാ!! വെറും ഈഥൈൽ‍ ആൽ‍ക്കഹോളാണ് പാന്പാക്കുന്നത്. വെറുതേയെന്തിന് ക്യൂവും ലാത്തിച്ചാർ‍ജും മാനക്കേടും! മണിച്ചനും കല്ലുവാതുക്കൽ‍ ചേട്ടത്തിമാരൊക്കെ കേരളത്തിന് ചെക്കെഴുതാൻ ഒരുന്പെടുന്ന ഒരു വിഷുക്കാലമാണ് നമ്മളെ കാത്തിരിക്കുന്നത്. വിഷു ആൾ‍ ദ ബെസ്റ്റ്. പൂസായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ‍, ഉണ്ടായൊരിണ്ടൽ‍ ഹൃദയഭേദകം! ആദ്യം വിഷമദ്യത്തിന്‍റെ അടുക്കള സംഗതികൾ‍ തച്ചുടയ്ക്ക്....

You might also like

Most Viewed