തെറിച്ച വാക്കുകൾ, മുറിച്ച മാറിടങ്ങൾ
നിതിൻ നാങ്ങോത്ത്
വാക്കളി തീക്കളിയാവുന്നുണ്ട് ക്യാംപസിൽ. ഭാവനയിലെ പല എഴുത്തുകളും എല്ലാ മാന്യതയെയും വെല്ലുവിളിക്കുന്നു. വനിതാദിനത്തിൽ കലാലയത്തിൽ തൂങ്ങിയാടിയ ചാർട്ടുകൾ അശ്രീകരത്തിന്‍റെ ഓവുചാലാവുന്നു. വിപ്ലവം ജനനേന്ദ്രിയത്തിലേയ്ക്ക് കൂപ്പുകുത്തുന്ന കാഴ്ച എത്രമേൽ അരോചകമാണ്. കൾച്ചറിന്‍റെ സൗന്ദര്യം ചെത്തിക്കളയുന്ന തെറിമലയാളം ഭാഷയേയും ഭാഷാപ്രേമികളെയും വാക്കത്തിയെടുപ്പിക്കും. പച്ചത്തെറി പറയുന്പോൾ പൊട്ടിയൊലിക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ ഭ്രാന്തമായ മനസ്സിന്‍റെ ചുട്ടെഴുത്തുകൾ മാത്രം. പൊതുനിരത്തിൽ പച്ചയ്ക്ക് അധരപാനം നടത്തുന്നത് തല്ലുകൊളളിത്തരം. ആർത്തവരക്തം ചാലിച്ച പാഡ് പ്ലക്കാർഡാക്കുന്നത് ഏതുതരം മനോനിലയെയാണ് സൂചിപ്പിക്കുന്നത്. ഇതൊക്കെ എഴുതുന്പോഴും വായിക്കുന്പോഴും ഒന്നാംചർമ്മ അറ്റൻഷൻ ഫീൽ ചെയ്യുന്നവരെ ഏത് തിരണ്ടി വാലിനാൽ തല്ലിയോടിക്കണം. പബ്ലിസിറ്റി ക്രേസിന്‍റെ ഇത്തരം ഷോവനിസം ബന്ധപ്പെട്ടവർ ഗൗനിച്ചില്ലെങ്കിൽ മലയാളഭാഷയുടെ മുണ്ടിൻകുത്തഴിയും. വാക്കുകളിൽ നിന്ന് വസ്ത്രമൂരിപ്പോവും.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പ്രകാശനപ്പെട്ട ഏല്ലാ കോളേജ് മാഗസിനുകളിലും കാണാം ഇത്തരം ഒന്നോ രണ്ടോ തിരുശേഷിപ്പുകൾ. ക്ഷോഭത്തിന്‍റെ ഇത്തരം സുവിശേഷങ്ങൾ സ്റ്റാഫ് സെക്രട്ടറിയുടെ കത്രികമൂർച്ചയ്ക്ക് ഇരയാവേണ്ടതിനു പകരം കൃത്യമായി കൊട്ടിഘോഷിക്കപ്പെടുന്നതിനു പിന്നിൽ കാര്യമായ മനോവൈകല്യങ്ങളുണ്ട്. അശ്ലീലലിഖിതമുള്ള പുസ്തക തലക്കെട്ടുകൾ ഇക്കൂട്ടർക്ക് ആവേശം പകർന്നു കാണണം. കന്യാവന അബ്ദുളളയുടെയും ചന്ദനമര സുരയ്യയുടെയും ക്ലാസ്സെഴുത്തുകൾ വല്ലാതെ ഹോണ്ട് ചെയ്തിരിക്കണം. അമൃതമഥനവും ആനപ്പകയും മറ്റ് പുത്തൂരാൻ സാഹിത്യവും പേർത്തും പേർത്തും പാരായണം ചെയ്യപ്പെട്ടിരിക്കണം. നവമാധ്യമ കാലത്തെ പമ്മൻ ക്ലാസിക്കുകൾ കലാലയങ്ങളിൽ ആസ്വദിക്കപ്പെടുന്നത് ചർച്ചയ്ക്ക് വരേണ്ടതാണ്. വലിയ ചിന്തകൾ എന്ന രീതിയിൽ ഊതിവീർപ്പിക്കപ്പെടുന്ന നിരോധിയൻ ക്യാംപസ് ബലൂണുകൾ അവിടെ വെച്ചുതന്നെ മൊട്ടുസൂചിമറുപടിക്ക് അർഹതപ്പെടുന്നു.
ഖുഷ് വന്ത് സിങ്ങിയൻ അരാജകത്വങ്ങൾ, ഡി എച്ച് ലോറൻസ് അശ്ലീല ഗിമ്മിക്കുകൾ വായിച്ചു രമിച്ച തലമുറ പുനഃസൃഷ്ടിക്കുക പാശ്ചാത്യപേക്കൂത്തുകളാവും. ജനനേന്ദ്രിയത്തിന്‍റെ ദൂരപരിധിയിൽ മാത്രം വിശ്രമിക്കുന്ന നവവിരൽവിപ്ലവികളുടെ ചുംബിത സാഹിത്യം അനുവദിച്ചാൽ ക്യാംപസ് ചുമരുകൾ കൂടി ടോയിലറ്റ് സാഹിത്യത്താൽ ഓക്കാനിക്കപ്പെട്ടേക്കാം. കോളേജ് മാഗസിനുകൾ കിടക്കക്കടിയിൽ ഒളിപ്പിച്ച് വെച്ച് വായിക്കപ്പെടുന്നതിലെ ഗതികേട് ആലോചിക്കുക. കാളിയുടെ കബനിയും ഹനുമാന്‍റെ ഉദ്ധൃതവീര്യവുമൊക്കെ പകർത്തപ്പെടുന്നത് അതിനാലാവണം. എംഎഫിന്‍റെയും കാനായിയുടെയും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന് എന്താണ് പിന്നീട് സംഭവിച്ചത്. അശ്ലീലം കാണുന്നവരുടെയും വായിക്കുന്നവരുടെയും ഹൃദയത്തിലാണെന്ന മുടന്തൻ തോട്ടുകൾ കൊണ്ട് പിടിച്ചു നിൽക്കാൻ എത്ര നാൾ പറ്റും. സദാചാരപോലീസുകാർ വീടിന്‍റെ അടുക്കള വരെ എത്തി. ഇനിയൊരടി നടന്നാൽ കുളിമുറിയാണ്. കുളിമുറി കൂടി നഷ്ടമായാൽ നവമനുഷ്യരുടെ ദുരന്തജീവിതം സ്ഫോടനാത്മകമായി സ്വയംഭോഗപ്പെടും.
വർഷങ്ങൾക്കപ്പുറം മാതാഅമൃതാനന്ദമയിയെപ്പറ്റിയെഴുതിയ ഒരു കലാലയലേഖനം എത്രമാസം കത്തിയെരിഞ്ഞെന്നോർക്കുക. വികെഎന്നിന്‍റെ അധികാരം എന്ന നോവൽ അശ്ലീല−രാഷ്ട്രീയപരാമർശത്തിന്‍റെ പേരിൽ പാഠപുസ്തക ഊർദ്ധ്വൻ വലിച്ചതും ഓർമ്മയിൽ തികട്ടിവരുന്നു. ഇത്തരം ഊമി സാന്പിയെഴുത്തുകൾ നട്ടെല്ലുളള മലയാളി എന്നും പുച്ഛത്തോടെ അവഗണിച്ചിട്ടുണ്ട്. വാക്കുകളാൽ തേഞ്ഞുപോകുന്നതല്ല മലയാളിയുടെ സദാചാര ഔന്നത്ത്യം എന്ന് തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. അമ്മിഞ്ഞപ്പാലിന്‍റെ മണവും ഗുണവുമുളള തെളിമലയാളത്തെ തെറിമലയാളമാക്കി അധഃപതിപ്പിക്കുന്നവർ ആരായാലും ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. പുഷ്പഭാഷ മാത്രമാണ് സാഹിത്യം എന്ന് അടച്ചുപറയുകയല്ല. പുഷ്പത്തിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടാൻ ഒരു വിഫലശ്രമം. അത്രയേ കവി ഉദ്ദേശിക്കുന്നുളളൂ. സോദ്ദേശ സാഹിത്യ പുംഗവർ തത്ക്കാലം ക്ഷമി.
അശ്ലീല ചുവയുള്ള വാക്കുകൾ കലാലയത്തിനകത്തു നിന്നെങ്കിലും പടിയടച്ച് പിണ്ധം വെയ്ക്കുക. മലയാളികളിൽ മുഴുവരും ഗാബോയുടെ മാജിക്കൽ റിയലിസം അരച്ചുകുടിച്ചവരല്ല.നാലും കൂട്ടി നല്ല കൊടുങ്ങല്ലൂർ ഭരണിയേറുകൾ അവർക്ക് പ്രയോഗിക്കാനറിയാഞ്ഞിട്ടല്ല. പിന്നെ വാക്കുകൾക്ക് അർത്ഥമുണ്ടാവുന്നത് അവ പ്രവർത്തിക്കുന്ന പരിസരങ്ങളിലാണെന്ന് തിരിച്ചറിയുന്നത് കൊണ്ടുതന്നെ. കൊണ്ടുപഠിച്ച ഭാഷയ്ക്ക് ഇരുതലമൂർച്ചയുണ്ട്. പ്രയോഗിച്ചാലും ഷോകേസിൽ വെച്ചാലും. ഇന്നു ഭാഷയത പൂർണ്ണമിങ്ങ് ഹേ! വന്നുപോം പിഴയും അർത്ഥശങ്കയും.