ആരെടാ ? ഞാനെടാ ! എന്തെടാ ? പോടെടോ !


നിതിൻ നാങ്ങോത്ത്

റയുക എന്നതിന് നിറയൊഴിക്കുക എന്നു കൂടി അർ‍ത്ഥമുള്ളതായി തോന്നും നമ്മുടെ മാർ‍ട്ടിൻ‍ ലൂഥർ‍ ‘കിങ്ങു’മാരുടെ നാവേറ് കേൾ‍ക്കുന്പോൾ‍. അറിഞ്ഞും അളന്നും ആലോചിച്ചും ചുട്ടെടുത്ത പാട്രിയറ്റ് മിസൈലുകൾ‍. ഇങ്ങോട്ടൊരു സ്കഡ്. ഉടൻ അങ്ങോട്ടൊരു പാട്രിയറ്റ്. പാശുപതാസ്ത്രത്തിന് കൗണ്ടറായി ബ്രഹ്മാസ്ത്രം.ഊരിപ്പിടിച്ച കത്തിയുടെയും ഉയർ‍ത്തിപ്പിടിച്ച വടിവാളിന്‍റെയും നടുവിലൂടെ സ്ലോമോഷനിൽ‍... ഹായ് ഹായ്..മൈതാനത്തായാലും ന്യൂസ് റൂമിലായാലും നിയമസഭയിലായാലും ഇരുതല മൂർ‍ച്ച. കേൾ‍ക്കുന്പോൾ‍ രോമാറ്റൻ‍ഷൻ‍ ഒക്കെ ഒണ്ടാവുന്നുണ്ട്. പക്കേങ്കിൽ ആലോചിക്കുന്പോ ഒരു ഇതികർ‍ത്തവ്യതാ മൂഢത. വേദം കൊടുക്കേണ്ട ആൾ ബീജം കൊടുക്കുന്നു. അരിവില അരസെഞ്ച്വറി കടന്നു. പച്ചക്കറിപലവ്യഞ്ജന ജീവൻ‍ ശിക്ഷാസാമഗ്രികളൊക്കെ അർ‍ദ്ധ ശതകാഭിഷിക്തനായിട്ട് നാളേറെയായി. പച്ചമീൻ‍ ദി ഒണക്കച്ചെമ്മീനിന് സറണ്ടർ‍ ചെയ്തു.പ്രമുഖരൊക്കെ കുറ്റകൃത്യത്തിന്‍റെ പൾ‍സറിൽ‍ പറപറാ പറക്കുന്നു. വിഷ്വൽ‍ ഗോസിപ്പിനിരയാവുന്ന സദാചാരപ്പക്ഷികൾ‍ തലതല്ലിച്ചാവുന്നു. മതി നിങ്ങളുടെ തർ‍ക്കവും വിതർ‍ക്കവും. ഉപജീവനം കഴിഞ്ഞിട്ട് മതി അതിജീവനം. വേലി വിളവിറക്കിയവരെ കൈകാര്യം ചെയ്യുന്ന ദുരന്തത്തിലേക്കാവുമോ നമ്മുടെ നാടിന്‍റെ പോക്ക്. വഴിപോക്കർ‍ നിയമം കൈയിലെടുത്ത് ചന്ദ്രഹാസം ചുഴറ്റുന്ന ദുർ‍ഗതി ഇവിടെയെങ്കിലും സംഭവിക്കാതിരിക്കട്ടെ.

കണ്ണൂരിൽ‍ താൽ‍ക്കാലിക വെടിനിർ‍ത്തൽ‍. കന്നടത്തിൽ‍ വെടിപ്പുരയുടെ ശിലാസ്ഥാപനത്തിന് തിരികൊളുത്തൽ‍. ഇവിടെ താലികെട്ട്. അവിടെ പാലുകാച്ചൽ.അവിടെ പാലുകാച്ചൽ ഇവിടെ താലുകെട്ടൽ‍. മദ്ധ്യപ്രദേശത്തിൽ‍ തോറ്റതിന് മംഗലൂരുവിനോട്. ധൈഷണിക ധീരതയുളള, ഇരട്ടച്ചങ്കുളള ഞങ്ങളുടെ കാവലാൾ‍ ലോക്കൽ‍ ടൂർ‍ണ്ണമെന്‍റുകളിൽ‍ പങ്കെടുത്ത് ഊർ‍ജ്ജം കളയരുത്. ബദ്ധവൈരികൾ‍ക്ക് ആവശ്യവും അതുതന്നെ. അങ്ങയുടെ ഉറക്കം കെടുത്തുക. ഏകാഗ്രതയും ജാഗ്രതയും നഷ്ടപ്പെടുത്തുക.സ്ട്രെസ്സും സ്ട്രെയിനും സമ്മാനിക്കുക. ഇനിയെങ്കിലും വൈഡ് ബോളുകൾ‍ക്ക് ബാറ്റ് വെച്ച് ക്യാച്ച് കൊടുക്കരുത്.പ്ലീസ്. അങ്ങയുടെ ഭരണപാടവത്തിൽ‍ ഞങ്ങൾ‍ക്ക് പ്രതീക്ഷയുണ്ട്. കേഡർ‍ സിസ്റ്റത്തിൽ‍ വിശ്വാസമുണ്ട്.പകയ്ക്കും പ്രതികാരത്തിനും ഈഗോയ്ക്കും അടിപ്പെട്ട് ഇന്നാട്ടിലെ അടിത്തട്ട് മനുഷ്യരുടെ അത്യാവശ്യങ്ങളെ തല്ലിക്കെടുത്തല്ലേ.

ഇപ്പോൾ‍ തന്നെ പാണന്‍മാർ‍ എന്തൊക്കെ കോറസ് പാടുന്നു. വെളുത്ത ഷൂസിട്ട മർ‍ഡോക്ക്, മുണ്ടുടുത്ത മോഡി, മുണ്ടഴിഞ്ഞ മുസോളിനി, മുണ്ടഴിച്ചിട്ട മുണ്ടശ്ശേരി മാഷ്... മാങ്ങയുളള മാവിനേ വടിയേറ് കിട്ടൂ എന്ന ഉറച്ച വിശ്വാസത്തിൽ‍ സകുടുംബം ധീരേ ധീരേ... കുടുമ്മക്കാരിൽ‍ ചിലരൊക്കെ ചില്ലറ പ്രോംബ്ലംസ് ഒണ്ടാക്കുന്നുണ്ട് ചെലപ്പോ. ഒന്നു ശ്രദ്ധിച്ചോണം. മറുവടിയും മറുപടിയും കൊടുക്കാൻ‍ വർ‍ഷമെത്ര പായവിരിച്ചു കിടക്കുന്നു. തിരുത്തൽ‍വാദം, തോന്നൽ‍ വാദം, വിരട്ടൽ‍ വാദം, വരട്ടുവാദം ഇങ്ങനെ വാദങ്ങളൊരുപാട് അങ്ങയുടെ അക്കൗണ്ടിൽ‍ ക്രഡിറ്റപ്പെട്ടിരിക്കുന്നു. ചവിട്ട് വാദം എന്നൊരു പുതിയ വാദം കൂടി അച്ചടിയിലാണ്. ചീനാപ്പാർ‍ട്ടി പത്രമായ ‘പീപ്പിൾ‍സ് ഡെയിലി’യുമായുളള ദൈനംദിന സഹവാസമാണ് അങ്ങയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് നമ്മൾ‍ക്കറിയാം. ഗജേന്ദ്രന്‍റെ പുറത്ത് തിടന്പേറ്റിയവർ‍ വല്ല ബാർ‍ക്കും മൈൻ‍ഡ് ചെയ്യാറുണ്ടോ? ചില തോണ്ടലും മാന്തലും കണ്ടില്ലാ കേട്ടില്ലാന്ന് നടിച്ചൂടെ?. പാവം നമ്മുടെ ഡിജിപി സെൻ‍കുമാർ‍ സർ‍ ശത്രുപാളയത്തിൽ‍ ലൈഫ് ടൈം മെന്പർ‍ഷിപ്പ് എടുത്തിട്ടുണ്ട്.

ഉടൻ‍ റിലീസാവുന്ന 1850 സെലിബ്രിറ്റികളുടെ കൂട്ടത്തിൽ‍ ടിപി, ജയകൃഷ്ണൻ‍, മനോജ്, ആദിയായവരുടെ ഡിലീറ്റുകാരൊന്നും ഉണ്ടാവില്ലെന്ന് അങ്ങ് വാക്കാൽ‍, ‘യമസഭയിൽ‍’ തിരുവഞ്ചൂർ സാറിന് ഉറപ്പ് നൽ‍കിയ കാര്യം എപ്പോഴും മെമ്മറിയിലുണ്ടാവണേ.ജീവപര്യന്തം കംപ്ലീറ്റാത്തവർ‍ക്കൊന്നും ഈ ആനുകൂല്യം അവൈലബിളല്ല എന്ന് നല്ല വണ്ണം ‘ലോ ‘പഠിച്ച മുൻ പോലീസ് മന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. വെറുതേയൊരു തമിശയം. ചാമിയും നിസാമും ഓംപ്രകാശുമൊക്കെ ഇറങ്ങിയേക്കുമെന്ന് കിംവദന്തിയുണ്ട്. നടിയെ റേപ്പാൻ‍ തുനിഞ്ഞ കേസിൽ‍ ‘പ്രമുഖർ‍’ ആരുമില്ല എന്ന് അങ്ങ് ആവർ‍ത്തിക്കുന്പോർ‍ ഇവിടെ ചില സത്യഫെമിനിച്ചികൾ‍ക്ക് ചില ഡബിട്ട്. അത് സ്വാഭാവികം. കൈ മടക്കി നല്ലൊരു ചബിട്ട് കിട്ടാത്തതിന്‍റെ സൂക്കേടാ... ഹഹഹ.. (പശ്ചാത്തലത്തിൽ‍ നിയമസഭയിൽ‍ ചിരിച്ച അതേ ചിരി) അമ്മപെങ്ങന്‍മാരുടെ അപ്പോസ്തലനായി പൃഥ്വിരാജ് ചൗഹാൻ‍ മടലേറിയിട്ടിട്ടുണ്ട്. രാജാവൊന്ന് അറിഞ്ഞ് പെരുമാറിയാൽ‍? മഞ്ജുവാര്യർ‍ക്കും രമ്യനന്പീശനും റീമാ കല്ലിങ്കല്ലിനും അഭിവാദ്യങ്ങൾ‍. ആത്മാർ‍ത്ഥമായി. ഝാൻ‍സിയിലെ റാണീലക്ഷ്മീഭായിമാർ‍... മേരീ പ്യാരീ ബഹനോം. ജാഗ്രതൈ...

സിൽ‍മ കാണുന്പോൾ‍, ഇരുട്ടത്ത് കൈയടിച്ച, കൈ തെറുത്ത് കയറ്റിയ, രോമാ അറ്റൻ‍ഷൻ‍ അനുഭവിച്ച എല്ലാ പിന്തിരിപ്പൻ‍ മൂരാച്ചികളും ഇപ്പോ പൊങ്കാലയിടുന്നത് ഗുൽ‍മോഹർ‍ രഞ്ജിത്ത് സാറിനാണ്. കക്ഷിയുടെ ‘ലീലാ’ വിലാസങ്ങൾ‍ പല കപടബുജികൾ‍ക്കും പണ്ടേ ഹറാമായിരുന്നല്ലോ. തന്പുരാൻ സിൽ‍മകൾ‍ പിടിച്ചതിനും ഹൈന്ദവരുടെ ബിംബങ്ങൾ‍ കൊണ്ടാടിയതിനും കൈലാസ് സാറും പണിക്കർ‍ സാറും ലാലേട്ടനും വാങ്ങിച്ച് ഷെൽ‍ഫിൽ‍ വെച്ച ഗ്രീൻ‍തെറികൾ‍ക്ക് നൊ ഹാന്‍റ്സ് ആന്‍റ് നൊ മാത്തമാറ്റിക്സ്. അതൊന്നും ഒരു ഗോംപറ്റീഷൻ‍ ഐറ്റം അല്ലാത്തതിനാൽ‍ ഗപ്പൊന്നും ഒരു ഉജാലാ തുളളിനീലംകാരും കൊടുത്തില്ല. ഇനിയങ്ങോട്ട് നമ്മൾ‍ക്ക് കുളിച്ച് കുറിതൊട്ട് തിയേറ്ററിൽ‍ ചമ്രംപടഞ്ഞിരുന്ന് ഭക്തകുചേലയോ രാജാഹരിശ്ചന്ദ്രനോ കാണാം. ഒരു ഇന്ദ്രനും ചന്ദ്രനും നമ്മളെ തടയാൻ കറേജ് കാണില്ല.അഥവാ തടഞ്ഞാൽ‍... നല്ല കവറേജ് കിട്ടും. പ്ലീസ് എന്നെയൊന്നു തടയൂ... ഭരതൻ‍ എസ്സൈയാ പറയുന്നത്. തടഞ്ഞില്ലേലും വേണ്ടില്ല, കാലു കുത്താൻ അനുവദിക്കുകേലെന്ന് പച്ച ജൂബായിട്ട് പത്രസമ്മേളനം നടത്തിയാലും മതി. തച്ചതിന്‍റെയും തട്ടിയതിന്‍റെയും കണക്ക് പറഞ്ഞ് കൈയടി വാങ്ങിക്കുന്ന നേതാക്കളേ, ഇങ്ങസ്തമിക്കുന്നു സൂര്യൻ‍! തിരിച്ചു നടക്കാം നമുക്കൊന്നിച്ച്.മഴയെ പ്രേമിച്ച പുഴയൊക്കെ കവിളും വയറും ഒട്ടി മണൽ‍മാഫിയയുടെ വെപ്പാട്ടിയായിരിക്കുന്നു. ജലയുദ്ധം ഈ നരച്ച മാർ‍ച്ചോടെ എത്ര ജീവനെടുക്കുമെന്ന് കൊണ്ടറിയണം.

ബഹുമാനപ്പെട്ട മുഖ്യന്‍... ജീർ‍ണ്ണതയ്ക്കെതിരെയുളള ജാഗ്രത തുടരുക. ജിഷ്ണുവിന്‍റെ അമ്മയെ വീട്ടിൽ‍ സന്ദർ‍ശിക്കുക.പ്രഖ്യാപിച്ച പത്തുലക്ഷ സഹായം എത്രയും വേഗത്തിൽ‍. വാലൻ‍ റ്റൈൻ‍ രക്തസാക്ഷി അനീഷിന്‍റെ കുടുംബത്തിനും വേണം സത്വരനീതി. പൾ‍സർ‍ റേപ്പിൽ ഗൂഢാലോചനയുണ്ടെങ്കിൽ‍ പുറത്തു കൊണ്ടു വരിക. അന്നന്നത്തെ അദ്ധ്വാനം കൊണ്ട് മാത്രം ജീവിതം പിച്ച വെപ്പിക്കുന്ന പതിനായിരങ്ങളുടെ കണ്ണീരിനും കിനാവിനും അത്താണിയാവുക. റാങ്ക്ലിസ്റ്റിലും ഇടംനേടി സർ‍ക്കാറുദ്യോഗവും കാത്ത് തലമുടിക്കൊപ്പം തലച്ചോറും നരച്ചുപോയ ആയിരങ്ങളുടെ പതാകാവാഹകനാവുക. ഒഴിവുകൾ‍ കാലാകാലങ്ങളായി പൂഴ്ത്തിവെച്ച് അമർ‍ത്തിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥദുഷ്പ്രഭുക്കളുടെ അഹങ്കാരത്തെ അമർ‍ച്ച ചെയ്യുക. വാക്കിൽ‍ മാത്രം വിപ്ലവപ്പെടുക ആദായകരമായ കച്ചോടമാണ്.അങ്ങ് അങ്ങനെയല്ലെന്ന തിരിച്ചറിവിൽ‍ നിന്ദിതരും പീഡിതരുമായ ഭൂരിപക്ഷം മലയാളി പ്രജ വേഴാന്പൽ‍പ്പെടുന്നു. മമതയും ലളിതയും മോദിയും ഫിഗർ‍ ആയത് പോപ്പുലാരിറ്റിയുടെ പ്രൊട്ടക്ഷൻ‍ ഒന്നുകൊണ്ട് മാത്രം. ബംഗാളിയുടെയും തമിഴന്‍റെയും ഗുജറാത്തിയുടെയും സംഘബോധം മലയാളിക്കും ഉണ്ടാവട്ടെ.കോപിക്കുന്പോൾ‍ അങ്ങയുടെ സംസാരം ഞങ്ങൾ‍ ശ്രദ്ധിക്കുന്നു. ഏറ്റവും മനോഹരമായി അത് അവസാനിക്കുന്നു. വ്യക്തിയല്ല പ്രസ്ഥാനമാണ് ഈ പാർ‍ട്ടി എന്ന് പറഞ്ഞിടത്തു നിന്നും ഒരുപാട് പിറകോട്ട് പോയിരിക്കുന്നു. വ്യക്തികേന്ദ്രീകൃതമായി എല്ലാ പ്രത്യയശാസ്ത്രങ്ങളും ചിറകൊതുക്കിയിരിക്കുന്നു. കൂറ്റൻ‍ ഫ്ളക്സ് ബോർ‍ഡുകളിൽ‍ നട്ടെല്ല് നിവർ‍ത്തി കൈവീശുന്ന കൾ‍ട്ട് ഫിഗറുകൾ‍. മാറ്റം മാറ്റത്തിനു വേണ്ടിയാകുന്പോൾ‍ നല്ലത്. നന്മകൾ‍.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed