'ഒരു സെക്സിക്കൻ അപാരത’


നിതിൻ നാങ്ങോത്ത്

 

ന്നിമാസ മാനിയ പിടിപെട്ട കാമപ്പിരാന്തന്‍മാർ‍ ഗതികിട്ടാതെ അലയുന്ന പ്രേതഭൂമിയായിരിക്കുന്നു നമ്മുടെ മാതൃഭൂമി. പെണ്ണ് ഒരുന്പെട്ടാൽ‍ മാത്രമാണിനി രക്ഷ. മൈതാനത്ത് ഒത്തുകൂടി മെഴുകുതിരി കത്തിച്ച് ധാർ‍മ്മികരോഷം പന്പു ചെയ്താലൊന്നും കാര്യം നേരെയാവില്ല. അവനെ, അവനാക്കുന്നിടം നോക്കി അരിയണം!! രണ്ടര വയസ്സുകാരിയുടെ ചുണ്ടുകൾ‍ കടിച്ചെടുക്കുന്നവനെയൊക്കെ പിന്നെന്തു വേണം? സേഫ്റ്റിപിന്നിൽ‍ നിന്നും വെട്ടുകത്തിയിലേക്ക് നമ്മുടെ ഉണ്ണിയാർ‍ച്ചമാർ‍ പുരോഗമിച്ചിരിക്കുന്നു. എസി കോച്ചിൽ‍ അപ്പർ‍ബെർ‍ത്തിൽ‍ ഇന്നലെയും ഒരു വനിതാമുഷ്ടി ഉയർ‍ന്നിരിക്കുന്നു. ആസാം റൈഫിളുകാരന്‍റെ പിസ്റ്റൾ‍ ഒടിഞ്ഞു എന്നു പറഞ്ഞാ മതിയല്ലോ! എല്ലാവരും നഗ്നരാണ് സർ‍, പാപം ചെയ്യാത്തവർ‍ കല്ലെറിയട്ടെ തുടങ്ങിയ അളിഞ്ഞ ഡയലോഗുമായി വന്നേക്കരുത് കേട്ടാ. കപ്പലു മയ്യത്തും.ഫൂലൻ‍ ദേവി ഈ വീടിന്‍റെ ഐശ്വര്യം. ഒറ്റപ്പെട്ടു പോയ ഒരു പെങ്കൊച്ച് റേപ്പിസ്റ്റുകളിൽ‍ നിന്നും അത്ഭുതകരമായി ഈയടുത്ത് രക്ഷപ്പെട്ട സ്റ്റോറി കേട്ടിട്ടുണ്ടോ? തന്നെ വളഞ്ഞ അവരുടെ മുന്നിൽ‍ വെച്ചു തന്നെ അവൾ‍ ഒന്നും രണ്ടും സാധിച്ചു. വിസർ‍ജ്യ അവക്ഷിപ്തങ്ങൾ‍ മേലാസകലം വാരിപ്പൂശി. വളഞ്ഞവർ‍ ഓടിയ വഴി പിന്നീട് കണ്ടില്ല. എന്തൊരു സെക്സിക്കൻ‍ അപാരത. സാക്ഷാൽ‍ ഗബ്രിയേൽ‍ ഗാർ‍സിയ മാർ‍ക്കേസിനു പോലും ഇത്തരമൊരു ഭാവന അപ്രാപ്യം.

പണ്ടൊക്കെ നിലവാരമുളള സ്റ്റണ്ടും സെക്സും വയലൻ‍സും കാണാൻ‍ വരിയിൽ‍ മുഷിഞ്ഞ് ടിക്കറ്റെടുക്കണമായിരുന്നു. ബിഗ്സ്ക്രീനിൽ‍ നോക്കി വാ പൊളിക്കണമായിരുന്നു. ഇപ്പോൾ‍ പൾ‍സർ‍ സുനി, വടിവാൾ‍ സലീം, കൊടുവാൾ‍ പ്രദീപ്, എസ് കത്തി മണികണ്ഠൻ‍ ആദിയായവരുടെ കാരുണ്യ കടാക്ഷത്താൽ‍ നടുറോട്ടിൽ‍, വിരൽ‍ത്തുന്പിൽ‍! സന്പൂർ‍ണ്ണ ക്ലിപ്പിങ്ങ്സിനു വേണ്ടി നെറ്റിൽ‍ ചാർ‍ജും ചെയ്തിരിക്കുന്ന ഒരു ജനതയെപ്പറ്റി ഇവർ‍ക്ക് വല്ല വിചാരവും ഉണ്ടോ ആവോ? റ്റൂ ജീബിയിൽ‍ നിന്നും സിക്സ്റ്റീൻ‍ ജീബിയിലേയ്ക്കും അവിടുന്ന് തേർ‍ട്ടിറ്റു ജീബീയിലേയ്ക്കും അവരുടെ മെമ്മറിക്കാർ‍ഡ് പനപോലെ വളർ‍ന്നിരിക്കുന്നു.വിവരശേഖരണത്തിന്‍റെ സാധ്യത ഈ തലമുറയോളം അറിഞ്ഞവർ‍ വേറെയുണ്ടാവില്ല. വാട്സാപ്പ് അവതാരപുരുഷന്‍റെ ആവിർ‍ഭാവത്തോടെ കണ്ണിന് കർ‍പ്പൂരമാവുന്ന ദൃശ്യസദൃശ്യപ്പെരുമഴ ചോർ‍ന്നൊലിക്കുകയാണ്. അപ്പർ‍ പ്രൈമറി തൊട്ട് ഹയർ‍സെക്കണ്ടറി വരെ. നിശ്ചിത രൂപയ്ക്ക് ഇതൊക്കെ കയറ്റിക്കൊടുക്കുന്ന പെട്ടിക്കടകൾ‍ എല്ലാ സ്്കൂളുകളുടേയും പ്രാന്തപ്രദേശങ്ങളിലുണ്ടത്രേ. ഇതൊക്കെ കണ്ട് പകച്ചുപോയ കൗമാരക്കാർ‍ സഹബഞ്ചിണിയേയോ, മിസ് പമീലമാരെയോ കേറിപ്പിടിച്ചില്ലെങ്കിലേ അത്ഭുതമുളളൂ. അവർ‍ക്ക് പഠനം വെറും സെക്കണ്ടറി. ഇതൊക്കെ ആന്പിള്ളേരിൽ‍ നിന്നും ഇരന്ന് ഷെയർ‍ ചോദിച്ച് ഡിലീറ്റ് ചെയ്യുന്ന പെങ്കൊച്ചുങ്ങളുണ്ടെന്നറിയുന്പോൾ‍ ദുരന്തം ഇരട്ടിയാവുന്നു. പുതുതായി വന്ന ടീച്ചറെ ‘ചരക്ക് കൊള്ളാലോ‘ എന്ന് കമന്‍റിട്ട എട്ടു വയസ്സുകാരനൊക്കെ നാളെ എത്ര ക്വട്ടേഷനിൽ‍ ഒപ്പുവെയ്ക്കുമോ എന്തോ?

ചരിത്രത്തിൽ‍ ഗൂഗിൾ‍ ചെയ്യുന്പോൾ‍ സ്ത്രീവിരുദ്ധതയുടെ, ശാരീരികഅധിനിവേശത്തിന്‍റെ അങ്ങേയറ്റം കണ്ടെത്താനാവുക ‘സാർ‍ട്ജി ബ്രാട്മാന്‍’ എന്ന ഗോത്രവർ‍ഗ്ഗക്കാരിയുടെ ചോരസാക്ഷ്യത്തിൽ‍ നിന്നാണ്. ലൈംഗികപ്പേക്കൂത്തിന്‍റെ ഒറിജിനൽ‍ രക്തസാക്ഷി!! വെളളക്കാരാൽ‍ വാങ്ങുകയും വിൽ‍ക്കുകയും മൃഗക്കൂട്ടിൽ‍, ജനിച്ചപോൽ‍ പ്രദർ‍ശിപ്പിക്കപ്പെടുകയും ചെയ്ത സ്ത്രീ. ഓരോ പ്രദർ‍ശനത്തിനും അവർ‍ കാശ് വാങ്ങി. സാർ‍ട്ജിയുടെ മർ‍മ്മഭാഗങ്ങളിൽ‍ തൊട്ട് ആനന്ദിക്കാൻ‍ പ്രത്യേകം പ്രത്യേകം ടിക്കറ്റ് എടുക്കണമായിരുന്നു.മാദകഭംഗിയുളള അവയവചേരുവയായിരുന്നു ആ പാവം കറുത്ത യുവതിയുടെ ശാപം. ഇവരുടെ ടിക്കറ്റ് വെച്ച നഗ്നതാപ്രദർ‍ശനം രാജ്യങ്ങളിൽ‍ നിന്നും രാജ്യങ്ങളിലേയ്ക്ക് പറന്നു. ഷോ ഇല്ലാത്തപ്പോൾ‍ ചില്ലിക്കാശിന് വെളളക്കാരുടെ പുതപ്പായി പുതക്കപ്പെട്ടു. ഡിമാന്‍റിൽ‍ നിന്നും സപ്ലൈയിലേക്കുളള കച്ചോടപ്പാച്ചിലിൽ‍ ആ ശ്വാസവും നിലച്ചു. തീർ‍ന്നില്ല ദുരന്തം! മുതലാളിമാർ‍ ആ സാധുസ്ത്രീയുടെ മൃതശരീരത്തിൽ‍ ലേപനങ്ങൾ‍ പുരട്ടി പാരീസിലെ ഒരു മ്യൂസിയത്തിൽ‍ കാഴ്ചയ്ക്കു വെച്ചു. പെയ്ഡ്!! നീണ്ട 186 വർ‍ഷങ്ങൾ‍. തീർ‍ന്നില്ല. അവയവങ്ങളും തലച്ചോറും കീറിമുറിച്ച് ഫോർ‍മാലിൻ നിറച്ച കുപ്പികളിൽ‍ നിറച്ചു. വെറും ഇരുപത്തേഴ് വയസ്സിൽ‍ അസ്തമിച്ചുപോയ ആ ദക്ഷിണാഫ്രിക്കക്കാരിയുടെ അവയവം മാത്രം കാണാനായി പിന്നീടും കണ്ണുകൾ‍ ഉണ്ടായത്രേ. അതൊക്കെ വായിച്ച് ഞെട്ടുന്പോൾ‍, ഇതൊക്കെ എന്ത് എന്ന് ഫെയ്സ്ബുക്ക് ഭാഷയിൽ‍ താരത്തിന്‍റെ കിഡ്നാപ്പിനെ നമ്മൾ‍ക്ക് സില്ലീകരിക്കാം. കിളിരൂരും വിതുരയും ലോകത്തിനുമുന്പിൽ‍ പല്ലിളിക്കുന്നുണ്ടല്ലോ? നിർ‍ഭയയും സൗമ്യയും പല്ലിറുമ്മുന്നുണ്ടാവണം. ആളൂരാന്‍മാരുടെ അക്കൗണ്ടബിലിറ്റിയിലാണ്  പെണ്ണാപ്പേടി, കൊലപ്പേടി. ശിക്ഷിക്കാൻ‍ അധികാരമുള്ള നീതിവ്യവസ്ഥയ്ക്ക് രക്ഷിക്കാനും ഉണ്ടാവണമല്ലോ ശുഷ്ക്കാന്തി.ആളുകൾ‍ ആയുധത്തിന്‍റെ പ്രതിരോധച്ചട്ട അണിഞ്ഞാൽ‍ നമ്മുടെ ജയിലുകളിൽ‍ ‘ഊണ് ‍തീർ‍ന്നു’ ബോർ‍ഡ് വെക്കേണ്ടി വരില്ലേ?

സിനിമാക്കാരുടെ പുതിയ ഡ്രാമയിൽ‍ ഒരുപാട് ട്വിസ്റ്റ് ഉണ്ടത്രേ..മോഹന്‍തോമസ്സിന്‍റെ ഉച്ചിഷ്ടവും അമേദ്യവും ആവശ്യത്തിന് കൂട്ടിക്കുഴച്ചിട്ടുണ്ടത്രേ. ഉച്ചിഷ്ടമെന്നാൽ‍ പകയെന്നും അമേദ്യമെന്നാൽ‍ പ്രതികാരമെന്നും മാന്യവായനക്കാർ‍ ഡിഷ്ണറിപ്പെടണേ. ഒന്നരമാസത്തെ ഗൂഢമായ ആലോചന, കൊട്ട്വേഷൻ‍, ബ്ലാക്ക്മെയിലിംഗ്, ഒതുക്കൽ‍, ചതിക്കൽ‍, കുടുമ്മം കലക്കൽ‍, മദ്യം, മദിരാക്ഷി ചേരുവകളെല്ലാം പാകത്തിന് വേവലിന്. ക്രൈമൊക്കെ സിലിമേൽ‍ എത്രയും ആവാം. ലൈഫിൽ അപ്ലൈ ചെയ്താൽ‍ വിവരമറിയും.കാശ് കൊടുത്തു കാണുക. സിൽ‍മ കഴിഞ്ഞാൽ‍ മെമ്മറിക്കാർ‍ഡ് തിയേറ്ററിൽ‍ തന്നെ ഊരിയെറിഞ്ഞേക്കുക. വീട്ടീകൊണ്ടോയി റീവൈൻ‍ഡ് ചെയ്യരുത്. മമ്മൂക്കയുടെയും ലാലേട്ടന്‍റെയും ‘ഗ്യാപ്പ്’  വർ‍ത്തമാനങ്ങൾ‍ കേട്ട് കൂരാക്കൂരിരുട്ടിൽ‍ നാമെത്രമാത്രം കോൾ‍മയിർ‍കൊണ്ടിട്ടുണ്ടെന്നറിയോ അതൊക്കെ നല്ലപ്രായം കഴിഞ്ഞ അവരുടെ ചുണ്ടിൽ‍ ഫിറ്റുചെയ്തുകൊടുത്ത തിരക്കിട്ട് കഥയെഴുതുന്ന ക്രിയേറ്റീവ് റൈറ്റേഴ്സിന്. കണ്ട ഞങ്ങ പിഴ. കൊണ്ട നിങ്ങ പുണ്യാളൻ‍സ് അഗർ‍ബത്തീസ്. കട്ടപ്പൊക തന്നെ ‘അമ്മേ’ ഫെഫ്ക്കേകാര്യങ്ങൾ‍. ഈ ഒരു സ്ക്രിപ്റ്റോടു കൂടിയെങ്കിലും ‘എന്‍റ് ഓഫ് ദ ഇമാജിനേഷൻ‍’ സംഭവിക്കാതിരിക്കട്ടെ. ആമിയുടെ തട്ടമിട്ടതിന് മഞ്ജുവാര്യർ‍ക്ക് പണി പിന്നാലെ സ്റ്റാർ‍ട്ട് ആയിട്ടുണ്ട്. ചെമ്മീൻ‍ സിനിമയിലെ ചെന്പൻ‍കുഞ്ഞ്, കറുത്തമ്മ, പരീക്കുട്ടിമാർ‍ക്കൊക്കെ മരണാനന്തര ബഹുമതിയായി പൊങ്കാല തിളയ്ക്കുന്നുണ്ട്. ജാതിക്കോമരങ്ങൾ‍ ഇരുതലമൂർ‍ച്ചയുളള പള്ളിവാളും കാൽ‍ച്ചിലന്പുമായി തുടികൊട്ടി വരണുണ്ട്. ലിബർ‍ട്ടി ബഷീറിന്‍റെ ടാക്കീസ് പൂട്ടിച്ച പോലെ തലയിൽ‍ ആളനക്കമുള്ള എല്ലാ സെല്ലുലോയ്ഡ്കാരന്‍റെയും ഉസ്ക്കൂളും കക്കൂസും പൂട്ടിക്കും. വിപ്ലത്തിന് പൂട്ടിക്കുക എന്നുകൂടി അർ‍ത്ഥമുണ്ട്. രാജമൗലി ഇൻ‍, കമലഹാസൻ‍ ഔട്ട്. കമാലുദ്ദീൻ‍ ഔട്ട്. കമലാസുരയ്യ ഇൻ‍... അതിനാൽ‍ കലേ, ആദ്യത്തെ ചുവടിൽ‍ നീ മേൽ‍വസ്ത്രമുരിയുക. വാക്കുകളിൽ‍ നിന്ന് വസ്ത്രമൂരിപ്പോയവരുടേതാണ് പുതിയ ലോകം !!

You might also like

Most Viewed