‘ഹാപ്പി കൃഷ്ണന്‍റൈൻ‍സ് ഡെ’


നിതിൻ നാങ്ങോത്ത് 

ലാ ലാ ലാൻ‍ഡിങ്... സമരവണ്ടി തിരുവനന്തപുരം വിട്ട് കുറച്ചാഴ്ച ഇനി തൃശ്ശൂരിൽ‍ ലാൻ‍ഡ് ചെയ്യും. പാന്പാടി നെഹ്റു കലാപാലയത്തിന് ഫ്രണ്ടിൽ‍ മകുടി ഊതപ്പെടും. സീനിയർ‍ പാന്പാട്ടികളും തവളപിടുത്തക്കാരും അവശ്യം ടൂൾ‍സും പെറുക്കി റെഡിയായിരിക്കുക. ഒളിവിലുള്ള പി.കൃഷ്ണദാസ് ഏമാനെ പുകച്ച് പുറത്തുചാടിക്കും വരെ.ലക്ഷ്മിയമ്മയുടെ പൊക കണ്ടതിന്‍റെ ആനന്ദജുഗൽ‍ബന്ദിയുണ്ട് കോലീബീസി സഖ്യകക്ഷികൾ‍ക്ക്. ഇനി നെഹ്റുക്കാരുടെ ദംഷ്ട്ര, ഐ മീൻ‍ പല്ലടിച്ചു കൊഴിച്ചിട്ടേ വിശ്രമമുളളൂ.ക്യാപ്റ്റന്‍റെ ക്യാപ്പ് എസ്എഫ്ഐക്ക് കൊടുക്കണം. ലൊ അക്കാദമി ട്വന്റി20 ടൂർണ്ണമെന്റിൽ മാൻ ഓഫ് ദ മേച്ചും മാൻ‍ ഓഫ് ദ സീരീസും ആന്പിള്ളേർ‍ കൊണ്ടോയി. സംഘടനയുടെ അവസ്ഥ സീരിയസായി. നല്ല പന്തൽ‍ പണിക്കാരെയും പ്രൊഫഷണൽ‍ നിരാഹാര എക്സിക്യൂട്ടീവുമാരെയും ബുക്കു ചെയ്യുക. കുണ്ടുകുഴി തൊട്ട് മരങ്കേറ്റം, പെട്രോൾ‍ ഡ്രാമ... ആദിയായ പാക്കേജുകൾ‍ ഓഫർ‍ നൽ‍കുന്ന ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകൾ‍ക്ക് ക്വട്ടേഷൻ‍ കൊടുക്കുക. കോളേജിന്‍റെ കവാടവും ഗെയ്റ്റും ജെസിബി തോണ്ടിയതിന് ശേഷം മാത്രം ഫുൾ‍ പെയ്മെന്‍റ് പാസാക്കുക. ഹാപ്പി കൃഷ്ണന്‍റൈൻ‍സ് ഡെ! ഹാപ്പി ബാലന്‍റൈൻ‍സ് ഡെ! മന്ത്രി എ.കെ ബാലനെയും കക്ഷി ചേർ‍ത്തിട്ടുണ്ട് യുവമോർ‍ച്ച. അടുത്ത മാർ‍ച്ച് പഠിപ്പിന്‍റെ മന്ത്രിയുടെ വീട്ടുപടിക്കലേക്കാണെന്ന് നിഷ്ക്കരുണം മോർ‍ച്ചക്കാർ‍ പത്രസമ്മേളനം നടത്തിക്കളഞ്ഞു.

പ്രേമം സിനിമ ഹിറ്റായതിന്‍റെ വെളിച്ചത്തിൽ‍ അമ്മാതിരി കുറേ അവിയലുകൾ‍ വിളന്പപ്പെട്ടു. ലക്ഷ്മീ വധം ആട്ടക്കഥയെ പിൻ‍പറ്റി ഒരുപാട് ചരിതങ്ങൾ‍ ചാർ‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് സേന ഫുൾ‍ബോഡീ കല്ലേറ് തെറിയേറ് പ്രൂഫ് ജാക്കറ്റിന് ഓർ‍ഡർ‍ ചെയ്യുന്നത് നന്നായിരിക്കും. ഷവർ‍ കുളി അഥവാ ജലപീരങ്കി അപ്ഡേറ്റണം. ചാവേർ‍ കൾ‍ച്ചറുള്ള സമരഭടർ‍ക്കെന്ത് കുളിതെറ്റ് ഭീതി, ടിയർ‍ഗ്യാസ് പേടി. വെടിയുണ്ടയെ പൂമാലയാക്കുമവർ‍. ഒരഞ്ചാറ് പുഷ്പചക്രം അധികാരക്കൊതിയുളള ആരാണ് ആഗ്രഹിച്ചു പോവാത്തത്?

തമിഴ്നാട് നമ്മുടെ അയൽ‍നാട് ശരി തന്നെ. തമിഴ്‍പടങ്ങൾ‍ അവിടേക്കാൾ‍ പണം വാരുന്നത് കേരളാടാക്കീസുകളിൽ‍. അണ്ണാച്ചിമാരോടുളള (ചേട്ടായീസ്) അദൃശ്യബാന്ധവം കേരളത്തനിമ കംപ്ലീറ്റ് ഡിലീറ്റ് ചെയ്യപ്പെടാൻ‍ കാരണമായി. നമ്മുടെ നേതാക്കളുടെ ബോഡിലാംഗ്വേജ്, അതിവൈകാരികത കലർ‍ത്തിയ സംഭാഷണരീതി, സമരഭൂമിയിലെ പ്രകടനപരത, ജെല്ലിക്കെട്ട്, പെന്പിളൈ ഒരുമൈ പ്ലേജറിസം. ആത്മാഹുതീ ഭീഷണി. സമരവേളയിൽ‍ ധരിക്കുന്ന ഉടുപ്പുകളുടെ നിറധാരാളിത്തം. വെള്ളിത്തിരയിൽ‍ നിരായുധനായിപ്പോയ എംജിആറിന് കത്തിയെറിഞ്ഞു കൊടുത്ത് സ്ക്രീൻ‍ കീറിപ്പോയ പാരന്പര്യം. അനുകരണമാണ് കലയും ജീവിതവുമെന്ന വാദം എത്ര മഹാശരി. ഇനി എംഎൽ‍എമാരെ കിഡ്നാപ്പലും ഫ്ളാറ്റിൽ‍ അടക്കം ചെയ്യലും കൂടിയായാൽ‍ എല്ലാം ശരിയായി. എല്ലാം ശരിയാവും. അല്ലാതെവിടെപ്പോവാനാ. കണ്ണൂർ‍ പ്ലയേഴ്സൊക്കെ വടിവാളിന് അഡിക്റ്റായത് തമിഴ് സിനിമയിലെ ദേശീയ ആയുധമായ “വടിവാൾ‍” ഇഫക്ട് ആയിരിക്കണം. വിജയകാന്ത്, ശരത്കുമാർ‍, അർ‍ജുൻ‍, വിജയ്, സൂര്യകേസരികൾ‍ കൈകളിലേന്തിയ ഈ മാരകായുധത്തിന് കൈയും കണക്കുമില്ല. നമ്മുടെ പോലീസും സമരക്കാരും തമ്മിലുളള വടിവാൾ‍ കാലാൾ‍പയറ്റ് വെറുതേയൊന്ന് ഇമാജിൻ ചെയ്യുക. എല്ലാം ഒന്ന് ചിന്നമ്മ നാടുപോലെ കളർ‍ഫുള്ളാവട്ടെ. പനീർ‍ധ്യാനം പോലെ മെലോഡ്രാമയാവട്ടെ. പിണറായി ഷെയ്ക്കിന്‍റെ കോട്ടും ഷൂസും ഈ വസ്തുതയ്ക്ക് ചെമന്ന അടിവരയിടുന്നു. ധവള വിപ്ലവം കണ്ണാ തവളവിപ്ലവം !! പെറ്റിബൂർ‍ഷ്വാ റവല്യൂഷൻ‍.

കൃഷ്ണദാസ് ഏമാന്‍റെ കാര്യം ഏതാണ്ട് സ്വാഹ. കൊലക്കുറ്റം, ഗൂഢാലോചന, വ്യാജരേഖ, തെളിവ് നശിപ്പിക്കൽ‍, വധഭീഷണി...പാർ‍ട്ടിക്കാരും എട്ടിന്‍റെ കളിക്കാരും പ്ലക്കാർ‍ഡ് പ്രിന്‍റ് ചെയ്തു കഴിഞ്ഞു. ഡെയിറ്റ് ഓഫ് ബർ‍ത്തും എലിജിബിൾ‍ സർ‍ട്ടിഫിക്കറ്റും ജാതകവും അടിയാധാരവും അടിവസ്ത്രവും ചാനൽ‍പ്പടയും ന്യൂസ് നൈറ്റ് പ്രഘോഷണക്കാരും നോക്കിക്കൊള്ളും. കസേരയുടെ കാലിളക്കിയിട്ടും, പടിയടച്ച് ‘പിണ്ടം’ വെച്ചിട്ടും ഹാലിളകിയ വിനീത ശിഷ്യർ‍ ടീച്ചർ‍ക്കിട്ട് ജാതിക്കാർ‍ഡിന്‍റെ ചീട്ടു കീറിക്കൊടുത്തിട്ടുണ്ട്. ജാതിവെറി!! കൊലവെറി കൊലവറി ഡാ... പാവം മാഡത്തിനിനി (അ)സ്വസ്ഥം ഗൃഹഭരണം. ശശികല മാഡത്തിനിനി സ്വസ്ഥം ജയിൽ‍ ഭരണം! ഒരു ഉസ്ക്കൂൾ‍ കൂടി പൂട്ടിച്ചു. ഇവിടെ പനിനീർ‍ തളിയാനേ. ക്ലോസ്ഡ് സർ‍ക്യൂട്ടിൽ‍ നാലഞ്ച് ദിവസമായി പൂട്ടിയിടപ്പെട്ട എല്ലാ എംഎൽ‍എമാരും ജനൽ‍വഴി സ്വമേധയാ പുറത്തേയ്ക്ക് ചാടിയിട്ടുണ്ട്, മിനിസ്റ്റർ‍ കുപ്പായത്തിന് അളവെടുക്കാൻ‍.പ്രബുദ്ധമത കേരളമേ. കണ്ടുപഠിച്ചിടുവേൻ‍. ഈ സുപ്രീം കോടതി കേരളത്തിലേക്കിങ്ങനെയൊന്നു തൃക്കണ്ണ് പാർ‍ത്തിരുന്നെങ്കിൽ‍?

ലീഡർ‍മാരില്ലാതെ ഡീലർ‍മാർ‍ മാത്രം വിചാരിച്ചാൽ‍ ഇനിയീ നാട്ടിൽ‍ ചിലതൊക്കെ നടക്കും. ഒരു ആം ആദ്മീ മൂവ്മെന്‍റ് എല്ലായിടത്തും പത്തി വിടർ‍ത്തുന്നുണ്ട്. കൊടിയുടേയോ കൊടികെട്ടിയ കാറിൽ‍ പറന്നു വരുന്ന തന്പ്രാന്‍റെയോ സിദ്ധാന്തക്കിത്താബിന്‍റെയോ പരിരക്ഷയില്ലാതെ അവകാശപ്പോരാട്ടം നടത്താൻ‍ ന്യൂജീൻ‍സ് ജനറേഷൻ‍ പഠിച്ചിരിക്കുന്നു. ഫുൾ‍ എ പ്ലസ്സിൽ‍ പാസായിരിക്കുന്നു.ശുഭോദർ‍ക്കം. സമരത്തിന്‍റെ തലയാവാൻ‍ (അ)രാഷ്ട്രീയരായ വിദ്യാർ‍ത്ഥി സമൂഹം ഇനിയങ്ങനെ ആരെയും അനുവദിക്കുമെന്ന് തോന്നുന്നില്ല. അവർ‍ ചിലപ്പോ മന്ത്രിയുടെ കൂടെ ഇഡ്ഡലിയും സാന്പാറും കഴിച്ചെന്നു വരാം. അതു കണ്ടിട്ടാരും കട്ടിൽ പണിയേണ്ട.മെത്തയുടെ ബ്രാന്‍റ് നോക്കേണ്ട. വേണമെങ്കിൽ‍ വാലായ് സമരജാഥയിൽ‍ ചുരുണ്ടു കൂടാം. വിജയകാഹള ലഡ്ഡുവിതരണ ഡപ്പാക്കൂത്ത് ഡാൻ‍സിൽ‍ പ്രഖ്യാപിക്കാം. വാലെന്‍റെ ആണടേയ്... തല ആന്പിള്ളേരുടെ ആണേലും വാല് എന്‍റെ ആണടേയ്!! പ്രണയവും വിപ്ലവും മണ്ട പോയ തെങ്ങിലേക്കുളള ചെത്തുകാരന്‍റെ കയറ്റം തന്നെ! ഏത് ധൂസരസങ്കൽ‍പ്പത്തിലും. സൗഗന്ധിക ഭീമാ വാലെൻ‍‘ഡെ’ ആണടേയ്... നുമ്മളൊക്കെ വെറും മൂളിക്കുരങ്സ്... പാഞ്ചാലീ ലക്ഷ്മീ −കൃഷ്ണദാസ് പ്രജാപതീസ് നീണാൾ‍ വാഴുക...വീഴുക. വാഴ് വേ മായം. ഹാപ്പി വാലന്‍റൈൻ‍സ് ഡെ. ഒരു പ്രിൻ‍സിയുടെ കട്ടയും പടവും അടക്കിയതിന് ഹാപ്പി ഇൻ‍ഡിപെൻ‍ഡൻ‍സ് ഡെ. ഒരു കോളേജ് മേധാവിയുടെ ചെങ്കോലും കിരീടവും പറിച്ചു കളയുന്നതിന്...? ജിഷ്ണുവിന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. പഠിക്കണം. പോരാടണം. മരണം രണമാണല്ലോ...

 

You might also like

Most Viewed