കമ്യൂണിസ്റ്റ് ഐക്യം കണ്ണൂർ മോഡൽ
നിതിൻ നാങ്ങോത്ത്
ഉണ്ടബിരിയാണിക്ക് നന്ദിയുളള നേതാക്കൾ കുറച്ചേയുളളൂ കേരളത്തിൽ. കൂടെ നടന്ന് കാലിൽ ചവിട്ടിയിട്ടും, കൂടയിൽ നിന്നെടുത്ത് കയ്യാലപ്പുറത്ത് പ്രതിഷ്ഠിച്ചിട്ടും നോ പരിഭവം. നെവർ പരാതി. ഒടുവിൽ പാർട്ടിക്കൊരു അത്യാവശ്യം വന്നപ്പം പ്രതിരോധത്തിന്‍റെ ചാട്ടവാർഗീതം മുഴക്കാൻ ഇ,പി തന്നെ വേണ്ടി വന്നു. വാക്കിന്‍റെ തോക്കിനാൽ കാനന രാജനിട്ട് രണ്ടുണ്ട. രണ്ടും കൊണ്ടു.
പത്രത്തിന്‍റെ ജനറൽ മാനേജരായിട്ടും ആപത്ത്കാലത്ത് അഞ്ചാം പേജിൽ പോലും സപ്പോർട്ട് ഉണ്ടായില്ല. പത്രം ഏജന്‍റിന് പിന്നെയും പരിഗണന കിട്ടും. സ്വന്തക്കാരുടെയോ മറ്റോ വിവാഹപ്പരസ്യത്തിന് ഗണ്യമായ ഡിസ്ക്കൗണ്ട്. പോട്ടെ സാരമില്ല. അഗ്നിശുദ്ധി വരുത്തി ഒരു വരവൂടെ വരും. ചിലത് പഠിക്കാനും വേറെ ചിലതൊക്കെ പഠിപ്പിക്കാനും.മാറി നിന്ന് മൗനിച്ചവരും പുച്ഛിച്ചവരും ജാഗ്രതൈ. കണ്ണൂരിലെ കമ്യൂണിസ്റ്റുകാരിൽ നിന്ന് ബംഗാൾ ഘടകത്തിന് പോലും ഒരുപാട് റഫറൻസിന് കോപ്പുണ്ട്. കാരിരുന്പിന്‍റെ പോരാട്ടവീര്യവും തെറ്റിയാലും തളളിപ്പറയാത്ത അദൃശ്യബാന്ധവവും. മറ്റു പാർട്ടികളിലെ കാലടിമണ്ണ് ചോർന്നു പോകുന്പോഴും ഇവിടെയിങ്ങനെ സംരക്ഷണം “കോണ്‍ക്രീറ്റ്” ചെയ്യപ്പെടുന്നതും അതു കൊണ്ടാണ്. ഒ. ഭരതനിൽ നിന്നും എം.വി.ആറിൽ നിന്നും ലഭിച്ച അനുഭവത്തിന്‍റെ ഇരുട്ട് പിൻപറ്റിയത് കൊണ്ടാവും സമീപഭൂതത്തിലെ ഈ കെട്ടുറപ്പ്.
ഏതോ ഒരു പിളളയുടെ പരാമർശത്തിൽ വല്യേട്ടന് നാവുളുക്കിയപ്പോൾ പന്ത് ചോദിച്ച് വാങ്ങി സി.പി.ഐ കോർട്ടിലേക്ക് ചാട്ടുളിവേഗത്തിൽ പായിച്ചത് കാണാതിരിക്കുന്നതെങ്ങനെ. ക്ലാപ്പാതിരിക്കുന്നതെങ്ങനെ. വർഗ്ഗശത്രുക്കളുടെ ഷോൾഡറിൽ കൈയിട്ടുളള വരട്ട് വാദവും വിരട്ട് വേദവും ഇങ്ങോട്ട് വേണ്ട. സർ സി.പിയെയും സഖാവ് ടി.പിയെയും ഞങ്ങൾക്ക് പരിചയപ്പെടുത്തേണ്ട. നടരാജപ്പിളളയുടെ സ്വാതന്ത്ര്യ സമരവീരചരിതമൊക്കെ മനഃപാഠമാണ്. മനോന്മണീയം സുന്ദനാരുടെ ഹിസ്റ്ററി പോലും കിറുകൃത്യം. അച്ഛനെ പരതുന്പോൾ മോനെ മിസ്സായിപ്പോയി. മറവി ഒരനുഗ്രഹമാണ്. നിങ്ങളിങ്ങനെ എല്ലാ കാര്യവും എല്ലാസമയത്തും കൃത്യമായി ഓർമയിൽ വരണമെന്ന് ശഠിക്കരുത്. ഓർക്കാൻ പറ്റാത്ത കാര്യങ്ങൾ ഓർക്കാൻ ട്രൈ ചെയ്യുന്പോഴാണല്ലോ നമ്മൾക്ക് മറവിയുണ്ടാകുന്നത്? പൊറുക്കുക.
ജനയുഗത്തിലെ അരവും കത്തിയും മോഡൽ കോളത്തെത്തുടർന്നാണ് പുതിയ മാന്തിപ്പറി. തർക്കം ഒരു മേൽക്കൂരയ്ക്ക് കീഴെ വിശ്രമിക്കുന്നവർ തമ്മിലാകയാൽ പല കേസും ‘അഡ്മിറ്റ്’ ചെയ്യേണ്ടി വരാറില്ല. വല്ല നാലോ അഞ്ചോ മുന്തിയ തേക്കിന്‍റെ മന്ത്രിക്കസേരയോ മറ്റോ നൽകി കോംപ്രമൈസാക്കും. ഞങ്ങളാണ് ശരിക്കും ഇടതുപക്ഷം എന്നു സമർത്ഥിക്കാനായിരിക്കും പലപ്പോഴും വാക്കുവാർ. ആരാണ് ഇടതുപക്ഷം എന്നതിനപ്പുറം എന്താണ്, എങ്ങനെയാണ് ഇടതുപക്ഷം എന്ന് ഗൂഗിൾ ചെയ്തപ്പോഴാണ് ഒരു സത്യം വീണു കിട്ടിയത്. ഫ്രഞ്ചുവിപ്ലവകാലത്തെ പാർലമെന്‍റിൽ അധ്യക്ഷവേദിയുടെ ഇടതുഭാഗത്ത് ഇരുന്ന അംഗങ്ങൾ ഒരേ തീവ്രവാദനിലപാട് പിന്തുടർന്നപ്പോഴാണത്രേ ‘ഇടതുപക്ഷം’ ഭൂജാതനായത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും ചിലർ കരുതിക്കൂട്ടി കാനം പാർട്ടിയെ വലതന്‍മാരാക്കുന്നു. പടിപ്പുരയ്ക്കപ്പുറം പ്രസാദസദ്യ വിളന്പുന്നു.കേട്ടിട്ടില്ലേ നന്പൂതിരിയുടെ വെളിച്ചത്ത്, വാര്യരുടെ ഊണുപോലെയാണ് ബർദൻ പാർട്ടിയുടെ പവറെന്ന് കൊച്ചേട്ടന്‍റെ ചോറുരുള ബോംബുരുള. കൽക്കത്ത തീസിസ് വായിച്ച് ഒന്നിച്ച് അരയും തലയും മുറുക്കിയതും, പുന്നപ്രയിലും മൊറാഴയിലും ഒന്നിച്ച് വിപ്ലവിച്ചതും ഇത്രേം വേഗത്തിൽ മറന്നുപോയല്ലോ ചിറ്റപ്പനങ്കിളേ. റവന്യൂദേഹത്തിന്‍റെ ത്രിശങ്കുവിനെയോർത്താണ് ഒരിത്. അക്കാദമിയെപ്പറ്റി പ്ലാറ്റോവിന് പോലും ഒരു നല്ലഭിപ്രായമുണ്ടാവില്ല ഇക്കാലത്ത്. പിന്നല്ലേ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്കെച്ചും മാപ്പും വെച്ച് ഒരു കമന്‍റിടൽ. ഉപ്പു തിന്നവർ കുടെത്തന്നെ ഒരു പച്ചമാങ്ങയും കടിക്കുക പുളിയറിയില്ല.
കോൺഗ്രസ്സിനോടൊത്ത് മധുവിധു കഴിഞ്ഞ പാർട്ടിയെപ്പറ്റി ഒരു തമാശ വായിച്ചിരുന്നു. സി.പി.ഐ എന്നെഴുതി ബ്രാക്കറ്റിൽ മാർക്സിസ്റ്റ് എന്നെഴുതുന്നതും, പ്രസവാശുപത്രി എന്നെഴുതി ബ്രാക്കറ്റിൽ സ്ത്രീകൾ എന്നെഴുതുന്നതും സെയിം ആണെന്ന്. ഒരു കെ.സി അബൂജീ ലൈൻ. ഈ വിപ്ലവ മൂപ്പിളമ തർക്കത്തിൽ വിജൃഭിംച്ച് നമ്മുടെ മന്ത്രിപുംഗവന്‍മാർ ഭരണം മറക്കാതിരുന്നാ മതിയായിരുന്നു എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ. പറശ്ശിനിയുടെ പ്രാന്തപ്രദേശത്ത് നടന്ന ഒരു കൊലക്കേസിന് വീണ്ടും ജീവൻവെച്ചിട്ടുണ്ട്. അപ്പീൽ കമ്മിറ്റികളൊക്കെ പ്രതിഭാഗം കമ്മിമാരെ കൈയൊഴിഞ്ഞിട്ടുണ്ട്. വീണ്ടും കണ്ണൂർക്കോട്ട ചുവക്കുമെന്നും കണ്ണൂർ മോഡൽ ജല്ലിക്കെട്ട് തുടരുമെന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.ഒരു വിഷമം വരുന്പോൾ കണ്ണൂരിലെ മുഴുവൻ അണികളും മുഴുവൻ നേതാക്കളും ചങ്ങലതീർക്കുന്നതും മുഷ്ടി ചുരുട്ടുന്നതും കോറസ് ഗീതമാലപിക്കുന്നതും അവിടുത്തെ ഒരു കാലാവസ്ഥയാണ്. എല്ലാ കാലാവസ്ഥാ പ്രവചനങ്ങളെയും തെറ്റിച്ച് കണ്ണൂർ കലക്ടറുടെ നേതൃത്വത്തിൽ അണ്ടലൂരിൽ രക്തസാക്ഷിയുടെ മകൾ വിസ്മയയെ, പാർട്ടീഭേദമന്യേ പ്രമുഖ നേതാക്കൾ സന്ദർശിച്ച് സമാശ്വസിപ്പിച്ചത് വിസ്മയമായി.വിസ്മയം തുടരട്ടെ. വികസനം വിടരട്ടെ. മണ്ണിലും മനസ്സിലും.
തേക്കുകഥകളും സാന്‍റിയാഗോ മാർട്ടിൻ മോഡൽ അപസർപ്പക കഥകളും കൊണ്ടിനി ആരെയും ചക്രവ്യൂഹപ്പെടുത്താമെന്ന് കരുതേണ്ട. 1959 ഒന്നുമല്ല ഇത്. 67ൽ ഫുൾസ്റ്റോപ്പ് വീണത് ഓർമയിലുണ്ടാവുമല്ലോ. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും മാറുമെന്ന് പറഞ്ഞത് ആരാണ്? സാക്ഷാൽ... വെളിയം, സി.കെ, പന്ന്യൻ, കാനം...സ്മരണ വേണം. സ്മരണ!! ജനയുഗവരദാ.... ഇന്ദ്രജിത്ത് ഗുപ്തയും പി.കെ.വിയുമൊക്കെ പ്രൊഫൈൽ പിച്ചറിൽ ചതുരംഗപ്പെടരുത്.
ആന സ്ലിമ്മായാലും ഒരിക്കലും തൊഴുത്തിൽ കെട്ടരുത്. ആദ്യത്തെ അഖിലേന്ത്യൻ എന്നും ആദ്യത്തെ അഖിലേന്ത്യൻ തന്നെ. ലുധിയാന സമ്മേളനമൊക്കെ പുതിയ പിള്ളേര് മറന്നെന്നു തോന്നുന്നു. യുവത്വത്തിന്‍റെ മരവിപ്പ് ചരിത്രത്തിന്‍റെ ശവമടക്കാവുമെന്ന് മുഹമ്മദ് റിയാസ് മറക്കില്ലായിരിക്കാം. എസ്.എഫ്.ഐക്കിട്ട മൂക്കു കയറിന്‍റെ ബാലൻസ് ഡിഫിക്ക് വേണ്ടി കരുതലോടെ കരുതാതിരുന്നാൽ എത്ര നന്നായിരുന്നു? സ്വിച്ചിടുന്ന സമരത്തോടാണ് സഹകമ്യൂണിസ്റ്റ് പാർട്ടിക്കാർക്കും എതിർപ്പ്. ഒപ്പം കേരളാകമ്യൂണിസത്തിന്‍റെ തലസ്ഥാനം അങ്ങ് വടക്കാക്കി വെടക്കാക്കിയതിനോടും. കേരളാ സി.പി.ഐയെ ടാർഗറ്റ് ചെയ്ത്, പാഴ്ചെളിയിലമർന്ന ഒരു താമരവളയം ആദിത്യന് അഭിമുഖമായി ഉയർന്നുവരുന്നതു പോലെ ഉണർന്നു വരുന്നുണ്ട്. നടേശഗുരുക്കളും ജാനുവമ്മ മാഡവും ആ ശോഭയിൽ മനം മയങ്ങിയിട്ടുണ്ട്.