“മിസ്” അണ്ടർ‍സ്റ്റാന്‍റിംഗ്


നിതിൻ നാങ്ങോത്ത്

  

‘മിസ്’അണ്ടർ‍സ്റ്റാന്‍റിംഗ്. ഈ മിസ്സുമാരൊക്കെ ഇതെന്നാ ഭാവിച്ചാ? അറിവിന്‍റെയും തിരിച്ചറിവിന്‍റെയും ഹോൾ‍സെയിൽ‍ ഡിസ്ട്രിബ്യൂട്ടേർ‍സ് ആവേണ്ട മാഷത്തിമാർ‍ ഇങ്ങനെ കുട്ടികളുടെ ഇന്‍റേണൽ‍ ലൈഫിൽ‍ മണ്ണ് വാരിയിടുന്നത് ശരിയല്ല. കളി കാര്യമായി. മനുഷ്യാവകാശ കമ്മീഷൻ‍ തന്നെ റെഡ് കാർ‍ഡ് എടുത്തു. കസേരകളാണ് ആളുകളെ ചെറുതാക്കുന്നതും വലുതാക്കുന്നതും. ഒരാളുടെ റിയൽ‍ ജാഡ അറിയണേൽ‍ അയാൾ‍ക്കൊരു ചെയർ‍ നൽ‍കിയാൽ‍ മതിയാവും. ഭരിച്ചും ഭിന്നിപ്പിച്ചും ഛിന്നിപ്പിച്ചും പീഡിപ്പിച്ചും ചെയറിന്‍റെ പവർ‍ കാട്ടിത്തരും. അതാവണം സമരനായകർ‍ ആദ്യം കസേര തന്നെ പൊക്കി അഗ്നിശുദ്ധി വരുത്തിയത്.ഇരിപ്പിടത്തിന് തീ കൊളുത്തി എന്നാൽ‍ ആസനത്തിന് പൊള്ളലേറ്റു അഥവാ അഹംബോധത്തിന് പൊങ്കാലയേറ്റു എന്ന് വിവക്ഷിതാന്യപരവാച്യ ധ്വനി. ഇരിപ്പവർ‍ക്കും തനു ചൂടകറ്റും എന്നു തന്നെയാണല്ലോ ബീന ടീച്ചർ‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. മഹാരാജാസിൽ‍ സ്റ്റഡിക്കപ്പെടാൻ‍ പറ്റാത്ത ദുർ‍വിധിയോർ‍ത്ത് കുണ്ഠിതപ്പെടുന്നു.

മിസ്സണ്ടർ‍സ്റ്റാന്‍റിംഗാണ് സത്യത്തിൽ‍ സംഭവിച്ചത്. കുട്ടികൾ‍ വെറുതേ ഓരോന്ന് സംശയിച്ചു കൂട്ടി ചാനലിൽ‍ വാളുവെച്ചു. തുള്ളിക്കാനും ചിഞ്ചിണി മുട്ടി പിരി കേറ്റാനും ചില ജലസി മൂരാച്ചി പിന്തിരിപ്പൻ‍ കസാല മോഹികളായ സഹമുറിയന്‍മാരും. അഖിലലോക അഭി‘രുചി’പ്പരീക്ഷാകണ്‍ട്രോളറായ ദച്ചിമി മാമിനോടാണോ കളി? വിവരം അറിയും. കണ്ടില്ലേ, പത്രസമ്മേളനത്തിനിടെ കറുത്ത കർ‍ച്ചീഫ് വീശിക്കൊടുത്ത കാവിക്കുഞ്ഞാടുകളെ ബ്ലിംഗസ്യയാക്കിയത്. പുച്ഛം എന്ന ദശരസം എത്ര ലാവണ്യപരമായാണ് ആമുഖകമലത്തിൽ‍ വിടർന്നു പരിലസിച്ചത്. പന്ത്രണ്ട് ഏക്കർ‍ പാട്ടഭൂമിയും കോൾ‍മയിർ‍ കൊണ്ട തന്‍റേട സ്മൈലി. മക്കളേ കടപ്പുറത്ത് പൂഴിയിറക്കരുത്.

എൻ.എസ്.എസ് കരയിൽ‍ യോഗം കൂടിയിട്ടുണ്ട്.ഇപ്പോൾ‍ തുടർ‍ച്ചയായി നായർ‍ ബോംബിംഗാണ്. കരുതിക്കൂട്ടി ഏതോ ചില കരിഞ്ഞ കൈകളാൽ‍ മെന്പേഴ്‍സിനെ ഇങ്ങനെ കുരുതി കൊടുക്കാൻ‍ വയ്യ. ആദ്യം സരിതാ നായർ‍, പിന്നെ മോഹൻ‍‍ലാൽ‍ നായർ‍, എം.ടി വാസുദേവന്‍ നായർ‍, ഇപ്പോ ലക്ഷ്മി നായർ‍!! ഇതിലെന്തോ അന്തർ‍സംസ്ഥാന കൂടിയാലോചന (ഗൂഢാലോചന ) ഉണ്ട്. ചാതുർ‍വർ‍ണ്ണ്യഭൂതം ഗതി കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട്. ജാതിയധിക്ഷേപം ആണ് പ്രധാന ലോ പോയിന്‍റ്. ഡോക്ടർ‍ പ്രിൻ‍സിപ്പൽ‍ മാം നടത്തുന്ന റസ്റ്റോറന്‍റിൽ‍ വിദ്യാർ‍ത്ഥികളെ പണിയെടുപ്പിച്ചു എന്ന ലേറ്റസ്റ്റ് ആരോപണവും റിലീസായിട്ടുണ്ട്. നന്നായി പണിയെടുത്ത കുട്ടികൾ‍ക്ക് ഇന്‍റേണൽ‍ ഇൻ‍ക്രിമെന്‍റും കൂട്ടിക്കൊടുത്തിട്ടുണ്ടെന്ന് പച്ചയായ ആക്രമണം. ശത്രുക്കളായ ശത്രുക്കളൊക്കെ സംഘടിച്ച് ജല്ലിക്കെട്ട് മോഡലിൽ‍ ആക്രമണോത്സുകത കാണിക്കുന്നു എന്നു വേണം കരുതാൻ‍. ഇപ്പോൾ‍ ഓറൽ‍ ഗോസിപ്പ്..വിഷ്വൽ‍ ഗോസിപ്പ് എപ്പഴാണാവോ ??

പകുതിയാകാശവും പകുതി ഭൂമിയും തങ്ങൾ‍ക്ക് വേണമെന്നാവശ്യപ്പെട്ട് പെണ്ണുങ്ങൾ‍ ലോകവ്യാപകമായി പന്തം കൊളുത്തിയിട്ടുണ്ട്. കേരളത്തിലും അതിന്‍റെ പുകപടലങ്ങൾ‍ കാണാനാകുന്നുണ്ട്. ബേൺ‍ ദ ബ്രാ എന്നാണ് മോട്ടോ. ചിലരിങ്ങനെ ചങ്ക് ബ്രോസായി നെഞ്ചും വിരിച്ച് വിപ്ലവിക്കാൻ‍ രാപ്പകൽ‍ വിയർ‍പ്പൊഴുക്കുന്നതിനിടയിലാണ് അന്യോനമങ്കം. കള്ളിയിൽ‍ കൊള്ളിെവയ്ക്കുന്നവരാണ് എല്ലാക്കാലത്തും ഈ നാടിന്‍റെ ശാപം. മൂരിവിപ്ലവത്തിൽ‍ നിന്നും പഠിക്കാൻ‍ നമുക്ക് എന്തോരമുണ്ട്. ഒരു നേതാവിന്‍റെയും തൊള്ള കീറലില്ലാതെ അവർ‍ കാര്യം സാധിച്ചു. കൂട്ടായ്മയുടെ സ്വത്വത്തെ വിളംബ
രം ചെയ്ത സമരം. ട്രംപ് ഏമാനെതിരെ വരെ സമരം ഇങ്ങ് ബംഗളൂരുവിലും ലിപ്സ്റ്റിക്കിടുന്നു. ഇന്ന് ആർ‍ക്കെതിരെ ഏത് രീതിയിലും നാറ്റിക്കൽ‍ സമരം നടത്താൻ‍ ഇവിടെ  സ്പേസുണ്ട്. ഭീകരമായ കവറേജ് ലഭിക്കുന്നതാണ് വളർ‍ത്തുദോഷം. ഇതിനിടയിൽ‍ ന്യായമായ പ്രതിഷേധ സമരങ്ങൾ‍ ശ്വാസം മുട്ടി ഊർ‍ധ്വൻ‍ വലിക്കുന്നു.

ഫാറൂക്ക് കോളേജിനെതിരെ ആദ്യം ഓലപ്പടക്കമെറിഞ്ഞു. മഹാരാജാസിനെതിരെ ഏറുപൊട്ടാസ്! ലോ അക്കാദമിക്കെതിരെ സ്റ്റീൽ‍ബോംബും!! സ്വാശ്രയ പരാശ്രയ വിഭാഗത്തിനെതിരെ നിരന്തരം നിർ‍ഭയം ചാത്തനേറും. പാവം ചാവേറാവാൻ‍ കുറേ കോരന്‍റെ മക്കളും. വിദ്യാഭ്യാസം തേടിയുളള മലയാളിമക്കളുടെ അന്യസംസ്ഥാനത്തിലേയ്ക്കുളള കുത്തൊഴുക്ക് തുടരേണ്ടത് ആരുടെയൊക്കെയോ അത്യാവശ്യമാണ്. മലർ‍ന്ന് കിടന്ന് കാർ‍ക്കിച്ച് നമ്മൾ‍ക്ക് ചോരതിളപ്പിക്കാം ഞരന്പുകളിൽ‍!! അച്ചായന്‍മാരുടെ കോച്ചിങ്ങും കച്ചവടവത്ക്കരിക്കപ്പെട്ടെന്ന് മുഖ്യൻ‍ വിളിച്ചു പറഞ്ഞിരിക്കുന്നു.പ്രിൻ‍സിപ്പലിന്‍റെ മുറിപൂട്ടിയിടാത്ത, അവരു
ടെ ഇരിപ്പിടം വെണ്ണീറാക്കാത്ത, ഗുരുഭൂതർ‍ക്കെതിരെ അഗമ്യ ഗമന കഥകളിറക്കാത്ത, ശിഷ്യ ഗണങ്ങളെ ‘ടോർ‍ച്ചർ‍’ ചെയ്യാത്ത, അവർ‍ക്കെതിരെ അശ്ലീലം ആരോപിക്കാത്ത, ജാതി മത വർ‍ഗ്ഗ ലിംഗ വർ‍ണ്ണ ബുദ്ധി വിവേചനമില്ലാത്ത ഒരു കിനാശ്ശേരി ഇനിയെന്നാണാവോ നമ്മൾ‍ക്ക് സ്വപ്നം കാണാൻ കഴിയുക. ക്രിക്കറ്റ് കോഴക്കാർ‍ പണ്ട് അടയാളമായ് കീശയിൽ‍ തൂവാലയിട്ടെങ്കിൽ‍, കണ്ണൂർ‍ കലോത്സവത്തിൽ‍ കുച്ചിപ്പുടി അരപ്പട്ടയിൽ‍ സൂചന നൽ‍കി ക്രമക്കേട്. ലക്ഷങ്ങളുടെ എക്സ്ചേഞ്ച്.മാതാക്കളേ പിതാക്കളേ ഗുരുവാണ് ദൈവം. ലോകം മുഴുക്കെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ഷാന്പൂവിട്ട് കുളിക്കുന്പോൾ‍ വിദ്യാ അഭ്യാസരംഗം മാത്രം എന്തിന് ഹരിശ്ചന്ദ്രന് പഠിക്കണം?. കായംകുളം കൊച്ചുണ്ണിമാർ‍ റോബിൻ‍ഹുഡിന് വെറ്റില വെക്കുക.

സർ‍ക്കാർ‍ ഭൂമി, ട്രസ്റ്റ്, ഫ്ളാറ്റ്... ലൊ അക്കാദമി കോലാഹലം സ്പീഡാവുകയാണ്. രാഷ്ട്രീയപാർ‍ട്ടിവാർ‍ ഗ്രൂപ്പെല്ലാം അരയും തലയും മുറുക്കിക്കഴിഞ്ഞു. പ്രിൻ‍സിപ്പൽ‍ രാജി, ത്വരിതാന്വേഷണം, ഏതെങ്കിലും മന്ത്രിയുടെ വർ‍ണ്ണരാജി, കട്ടപ്പൊക...കേരളാവിലെ കാളവിപ്ലവമെല്ലാം ഇപ്പടി താൻ‍... രക്തരൂക്ഷിതം!! അക്രമാസക്തി, പരാക്രമാർ‍ത്തി... ലാത്തിച്ചാർ‍ജ്, ടിയർ‍ഗ്യാസ്, ജലപീരങ്കി... കൊന്പുകോർ‍ക്കൽ‍...ബുൾ‍സ് ഇറ്റ്. കോഴി കൊത്തിപ്പോർ, കാളകുത്തിപ്പോർ, നുമ്മടെ സ്വന്തം വെട്ടിപ്പോർ.ഇക്കൊല്ലത്തെ ഹരിശ്രീ അണ്ടലൂരിൽ‍.ദൈവത്താറിന്‍റെ സ്വന്തം നാട്ടിൽ‍. മാമാങ്ക ചേകോരൊക്കെ തറ്റുടുത്തു. അങ്കനമാർ‍ മൗലേ ബാലേ... പിന്നെ നമ്മുടെ അംഗനമാരെന്തിന് മോശമാക്കണം? ബീന ടീച്ചറേ, ലക്ഷ്മി ടീച്ചറേ ഫുൾ‍ സപ്പോർ‍ട്ട്... പർ‍വ്വത ശിരസ്സുകൾ‍ ആവശ്യപ്പെടുന്ന മഹനീയ കർ‍മ്മമാണ് ടീച്ചിംഗ്സ്. ഇതും കടന്നു പോകും... നെവർ‍ മൈന്റ്.

You might also like

Most Viewed