ഇടിമുറി ട്രാജഡിയും ഇടിക്കട്ടക്കോമഡിയും
നിതിൻ നാങ്ങോത്ത്
സമാധാനപരമായി മാഷന്‍മാർക്കു നേരെ ബോംബെറിഞ്ഞ വിദ്യാർത്ഥിക്കൂട്ടത്തെ ഇടിമുറിയും ഇടിക്കട്ടയും തൊട്ടുകാട്ടി പ്രിൻസിപ്പാളും മാനേജരും വിരട്ടിയോടിച്ചു. ഒരാഴ്ചയ്ക്കുളളിൽ വരാൻ ചാൻസുളള വാർത്താലൈൻ ഇപ്രകാരം! അല്ലെങ്കിൽ തന്നെ നമ്മുടെ കുട്ടികൾ ഫ്രിഡ്ജിൽ വെച്ച സ്രാവിനെപ്പോലെയായിട്ട് കാലം ശ്ശി ആയി. അടിക്കും ഞങ്ങ പൊളിക്കും ഞങ്ങ, അടിച്ചുപൊളിച്ചു നിരത്തും ഞങ്ങ എന്ന പ്രാർത്ഥനാഗാനം എല്ലാരും മറന്ന പോലെ. പഠിക്കുക, പോരാടുക എന്ന് സിദ്ധാന്തക്കിത്താബിൽ നൂറ്റാണ്ടിന്‍റെ വിപ്ലവനക്ഷത്രം കട്ട് ആന്‍റ് പെയിസ്റ്റ് ചെയ്തിട്ടുണ്ട്. പോരാട്ടം ആരോടാണെന്ന് പണ്ടേ തംശയിച്ചു. ഇപ്പോ തിരിഞ്ഞു. മാഷന്‍മാരോടാണെന്ന്.’ പരാക്രമം ടീച്ചർമാരോടല്ല വേണ്ടൂ’എന്നൊരു കവിതയിറക്കിയാൽ അപ്പം കേന്ദ്രസാഹിത്യ അക്കാദമി റിവാർഡ് ഓട്ടോയും പിടിച്ച് വീട്ടിലെത്തും.
ബദ്ധവൈരികൾ എന്നതിന് പണ്ടൊക്കെ കീരിയും പാന്പും, കോഴിയും കുറുക്കനും, സംഘിയും കമ്മിയും എന്നൊക്കെയായിരുന്നു ആൻസേർസ്. പാന്പാടി കാന്പസിലെ സംഭവത്തോടെ മാഷുമ്മാരും കുട്ട്യോളും ആ കാറ്റഗറിയിൽ ശിഷ്യപ്പെട്ടു. ഗുരുനിന്ദ ഉമിത്തീയിൽ ദഹിച്ചാലും തീരാത്ത പാപകർമ്മമാണ് എന്ന് എഴുതിയ ആൾക്ക് കണ്ണീരും കിനാവിന്‍റെ പിഡിഎഫ് ഷെയർ ചെയ്യണമായിരുന്നു. കോഴ വാങ്ങിയ കോളേജിനോട് കുട്ടികൾക്കെന്ത് കമ്മിറ്റ്മെന്‍റ്? കോഴ കൊടുത്ത് ജോലി വാങ്ങിയ പ്രൊഫഷണൽ പ്രൊഫസേഴ്സിന് ശിഷ്യരോടെന്ത് കമ്മിറ്റ്മെന്‍റ് ? അപ്പോൾ ഇടിമുറിയും ഇരുട്ടുമുറിയും ഭേദ്യം ചെയ്യലും ഇടിക്കട്ടയുമൊക്കെ സർവ്വസാധാരണം.പണം കൊടുക്കുക. കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കുക. ആധുനികവിദ്യാഭ്യാസ പ്രക്രിയയുടെ പ്രാഥമിക ധർമ്മം അതാവുന്പോൾ ഇതിലപ്പുറം വിക്രിയപരാക്രമങ്ങൾ നമ്മൾക്ക് സഹിക്കേണ്ടി വരും.പണ്ടാരാണ്ടോ ഉദ്ഘോഷിച്ചിരുന്നു. അടിച്ചു വളർത്തപ്പെടുന്ന കുട്ടിക്കും അടച്ചു പാചകം ചെയ്യുന്ന ഫുഡ്ഡിനും ഗുണം കൂടുമെന്ന്. എങ്ങനെ ചിന്തിച്ചാലും ഒരടിയുടെ കുറവുണ്ട്; ഉന്മൂലന സിദ്ധാന്തത്തിൽ ഗവേഷിക്കുന്ന ന്യൂജൻ ചങ്ക് ബ്രോകൾക്ക്.
ഒരു പെഗ്ഗോ ഒരു ചെക്കോ ഒരു ‘ബ്ലാങ്കറ്റോ ‘കൊടുത്ത് ഒതുക്കാവുന്നത്ര സില്ലിയായിരുന്നു നമ്മുടെ വിദ്യാർത്ഥി സമരങ്ങളത്രയും. പഠിച്ച കോളേജിന്‍റെ ചില്ലുകളും ലാബുകളും പൊളിച്ചടുക്കുന്പോൾ കിട്ടിയ സുഖത്തിന്‍റെ ഇരട്ടി സങ്കടപ്പെടേണ്ടി വരും കേസും കൂട്ടവുമായി കോടതിച്ചുമരിൽ കാത്ത്കെട്ടി ചാരിപ്പോയ ഫ്യൂച്ചറിനെപ്പറ്റിയോർത്ത്. എഴുതിയെടുക്കേണ്ട സപ്ലിയെപ്പറ്റി. മാനസാന്തരത്തിന്‍റെ കുറ്റബോധമഴ ഒറ്റയ്ക്ക് നനയുന്പോൾ പ്രേരിപ്പിച്ചവന്‍റെയോ വടിയെടുപ്പിച്ചവന്‍റെയോ പൊടിപോലുമുണ്ടാവില്ല. ഇപ്പോഴും എന്‍റെ പൊന്നുമോന്‍ എഞ്ചിനീയറാവാനും അപ്രത്തെ പൊരയിലെ ചെക്കന്‍ ചെഗുവേരയാവാനും... എന്‍റെ മോളൂട്ടി ദീപ്തി ഐഎഎസ് ആവാനും അപ്രത്തെ പെങ്കൊച്ച് ഇറോം ശർമ്മിളയാവാനും തന്നെയാണ് സ്ക്കൂളിലും കോളേജിലും പോയ്ക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസക്കച്ചവടത്തിലെ ഈയാംപാറ്റകളായി വീണുടഞ്ഞതാണ് മിക്ക കുട്ടിരാഷ്ട്രീയക്കാരുടെയും ചരിത്രവും ഭൂമിശാസ്ത്രവും.
എൺപതുകളിലും തൊണ്ണൂറുകളിലും ക്യാംപസ്സുകളിൽ ഇടിമുറികളും സ്റ്റോർറൂമുകളും ഉണ്ടായിരുന്നു.അത് വിദ്യാർത്ഥി ഗ്യാങുകളുടെ മേൽനോട്ടത്തിലായിരുന്നു എന്നു മാത്രം. കുട്ടികൾക്ക് അവരുടെ ടൂൾസ് അഥവാ പഞ്ചമഹായുധങ്ങൾ സൂക്ഷിക്കുവാനുളള സുരക്ഷിതമായ ഒരിടം. പിന്നെ റിബലുകളെ റാഗ് ചെയ്യാനുളള കോൺസൻട്രേഷൻ ക്യാന്പോഫീസ്. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവരെപ്പോലെ അദ്ധ്യാപകവൃന്ദം സമ്മതപത്രവും പൂരിപ്പിച്ച്... ഇടിക്കട്ട, സൈക്കിൾ ചെയിൻ, ഹോക്കിസ്റ്റിക്ക്, മുളകു പൊടി, നായ്ക്കുരണസ്പ്രേ. വജ്രായുധങ്ങൾ കൊണ്ട് പഞ്ഞിക്കിടപ്പെട്ട ഒരുപാട് രക്തരൂക്ഷിത വിപ്ലവങ്ങൾ ഒരോ കലാലയത്തിനും പറയാനുണ്ടാവും. കുട്ടികൾ അരാഷ്ട്രീയരും അരാജകപ്പേക്കോലങ്ങളുമായപ്പോൾ ഈ ക്ഷേത്രകല അന്യം നിന്നുപോവാതിരിക്കാൻ തല്ലുമുറികളെ അദ്ധ്യാപകസമൂഹം തിരിച്ചുപിടിച്ചെന്നു മാത്രം.
സ്വാശ്രയ ‘മേടിക്കൽ’ കോളേജുകളോട് മത്സരിക്കാനോ കട്ടയ്ക്കുനിൽക്കാനോ ഒരു ഭരണകൂടത്തിനും കഴിയില്ല എന്നതാണ് വാസ്തവം. അനുഭവങ്ങളും മുന്നറിവുകളും നമ്മെ പഠിപ്പിക്കുന്നത് അതാണ്. തൊണ്ണൂറുകളിലെ വിളനിലം സമരം ഓർക്കുക. കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് പൊട്ടിയും കത്തിയും ചാന്പലായത്. കൂത്തുപറന്പിലെ അഞ്ചു പുഷ്പചക്രങ്ങൾ കൊണ്ട് എന്തുണ്ടായി. നഷ്ടം നഷ്ടപ്പെട്ടവർക്ക് മാത്രം. മുക്കിലും മൂലയിലും റീചാർജ് മൊബൈൽ ഷോപ്പു പോലെ സ്വാശ്രയബിൽഡിങ്ങുകൾ നടുനിവർത്തി. മാനേജ്മെന്‍റും അവരെ നിയന്ത്രിക്കുന്ന വിവിധ മതനേതാക്കളും പണാധിപത്യം കൊണ്ട് നമ്മുടെ ബ്യൂറോക്രസിയെ വരിഞ്ഞുമുറുക്കിയിരിക്കയാണ്. വോട്ടുബാങ്ക് ഭീതിയാൽ ആരും മിണ്ടില്ല. അടികൊണ്ടതും ചില്ലുടച്ചതും പോലീസിന്‍റെ തിണ്ണമിടുക്ക് കൊണ്ടറിഞ്ഞതും മിച്ചം. ഏമാനന്‍മാർക്ക് വിദ്യാർത്ഥിപ്രക്ഷോഭം വെറും പിള്ളേരുകളിയാണ്. അടിച്ചമർത്താൻ ടൺകണക്കിന് ഫണ്ണുണ്ട് അവരുടെ കൈയിൽ.നമ്മൾക്ക് അലൻസിയർ നടനെപ്പോലെ വല്ല ഡും ഡും പീ പീ പി മാതൃക കലിപ്പ് സമരം നടത്താം. അതാവുന്പോ തടിക്കും കേടില്ല. നല്ല കവറേജും കിട്ടും. അത്യാവശ്യമാണേൽ കുപ്പായത്തിൽ ചോന്ന മഷിയും കൊടഞ്ഞ് ആരെങ്കിലും തല്ലീന്ന് പറഞ്ഞ് എഫ്ബീൽ സെൽഫിയിട്ടോളു. അഞ്ചാം കൊല്ലം മെന്പറോ എമ്മെല്ലേയോ മന്ത്രിയോ ആവാം.
ജിഷ്ണു പ്രണോയിയുടെ വേർപാടിന് കോപ്പിയടി വിവാദവുമായി ബന്ധമില്ലെന്ന് പോലീസ്. കണ്ണിനും മൂക്കിനുമിടയിലെ മുറിവും പോസ്റ്റ്മോർട്ടത്തിലെ അലംഭാവവും ഈ ആഴ്ചയിലെ തർക്കവിഷയമാവും. രോഹിത് വെമുല ജീവിതം കൊണ്ട് സമരം പൂരിപ്പിച്ചിട്ട് ഇന്നേക്ക് കൃത്യം ഒരുവർഷം.കെട്ടകാലത്തിന്‍റെ മാലിന്യക്കുളത്തിലേയ്ക്ക് എറിയപ്പെട്ട രണ്ടു കല്ലുകൾ! രോഹിത്തും ജിഷ്ണുവും. ചെറുതരംഗങ്ങൾ ഉണ്ടായിട്ടുണ്ടാവും. കാലാപാനി (കറുത്തജലം) എന്നും ഒഴുക്കുനിലച്ച യാഥാർത്ഥ്യം തന്നെ. സാക്ഷാൽ ഗാന്ധിക്ക് പോലും രക്ഷയില്ലാത്ത നാടാ. കൂടുതൽ ശിക്ഷ ഏറ്റുവാങ്ങാതെ സമരസപ്പെടാം. ലോകം എന്‍റെ പിന്നാലെ നടന്നു വരുന്ന വളർത്തുനായയല്ല എന്നെങ്കിലും നമ്മുടെ വിദ്യാർത്ഥിസമൂഹം മനസ്സിലാക്കിയാൽ എത്ര നന്നായിരുന്നു. അടിയുടെയും ഇടിയുടെയും വെടിയുടെയും പുകയുടെയും ചരിത്രത്തിൽ നുഴഞ്ഞു കയറാൻ കപടലോകത്തിന് കുട്ടികളുടെ ചോരശാസ്ത്രം അനിവാര്യമാണ്. പ്രലോഭനങ്ങളും പ്രകോപനങ്ങളും ഓഫർ ചെയ്ത് അവരത് നേടിയെടുക്കുക തന്നെ ചെയ്യും.സമരം ഈസിയാണ്. സമരസപ്പെടാൻ ഒരുപാട് ത്യജിക്കണം.കൂടുതൽ ആലോചിച്ചാൽ കുറച്ചേ സങ്കടപ്പെടേണ്ടി വരൂ.
ഓർമ്മകളെ ഗൂഗിൾ ചെയ്യുന്പോൾ ഒരുസ്വാശ്രയ ഗുരുവിന്‍റെ ഇൻസ്റ്റിറ്റ്യൂഷൻ തികട്ടി വരുന്നു. സാന്ദീപനി മാഷുടെ ബോർഡിങ്ങ്. തലവരി കൊടുക്കാതെ അഡ്മിഷൻ വാങ്ങിയ കുബേരനും കുചേലനും. മേട്രനും വാർഡനുമായ ഗുരുപത്നിയുടെ ഫൈനടിക്കൽ!! കൃഷ്ണന്‍റെയും കുചേലന്‍റെയും തലവര തന്നെമാറ്റിയ ആ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ വെറുതേയൊന്ന് വിചിന്തനത്തിനെടുക്കുക. ഒരിക്കലും സാന്ദീപനിയുടെ താടിക്ക് തീകൊളുത്താനുളള പ്ലാനിങ്ങ് അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കുടിവെളളത്തിൽ വിസർജ്യം കലർത്തിയിട്ടില്ല. ബന്ധങ്ങൾ കുന്തങ്ങളാവുന്ന കാലത്ത് ഏറ്റവും മുന്തിയ വാരിക്കുന്തം തന്നെ ഊരിയെടുക്കുക. ഭസ്മാസുരൻ ഈ വീടിന്‍റെ ഐശ്വര്യം.