വക്താ­വും കൃ­താ­വും


നിതിൻ നാങ്ങോത്ത്

കോൺ‍ഗ്രസ്സിന് കിത്താബിൽ‍ കൂടിച്ചേരൽ‍ എന്നർ‍ത്ഥം. കൂടിപ്പിരിയൽ‍ എന്നാവാൻ‍ അധികം കാക്കേണ്ടിവരില്ല എന്നു തോന്നുന്നു ഇക്കളി കാണുന്പോൾ‍. കുറേക്കാലമായി ഞണ്ടുകളുടെ താവളമായിട്ടുണ്ട് പാർ‍ട്ടീകോൺ‍ഗ്രസ്സ് !! ഖദറിട്ട എല്ലാരും നേതാവായാ ഇതാ കൊയപ്പം. കൊടിപിടിക്കാനും ഫ്ളക്സ് കെട്ടാനും അണിയെ കിട്ടില്ല. കുശിനിക്കാരനും ശിഖണ്ധിയുമൊക്കെ കേറിയങ്ങ് അർ‍മാദിക്കും. ഒരു ടിവിക്ക് മൂന്ന് റിമോട്ടുണ്ടായാൽ‍ വിഡ്ഢിപ്പെട്ടീടെ പിക്ചർ‍ ട്യൂബ് തന്നെ കാഞ്ഞ് പോകും. സുധീര രമേശ ഉമ്മൻ‍ ത്രയം കേരളാ ടൈറ്റാനിക്കിനെ ഒന്ന് കരയ്ക്കടുപ്പിക്കുന്നത് കണ്ടിട്ട് വേണം വീണവായിക്കാൻ‍... നീറോ റോമിൽ‍ കാണിച്ചമാതിരി. ലോ കമാന്‍റിന്‍റെ വിദഗ്ദ്ധമായ കവിടി നിരത്തലിനു ശേഷം ചോരച്ചാലിലൂടെ നീന്തിക്കയറിയ പതിനാല് ലൈഫ് ബോട്ടുകൾ‍ റെഡിയായിക്കഴിഞ്ഞു. കൊല്ലത്തൊരു ‘റോസ്’ വിരിഞ്ഞത് പല ജാക്കുമാർ‍ക്കും അത്ര സുഖിച്ചിട്ടില്ല. പണം സ്വരുക്കൂട്ടാനും ആളെക്കൂട്ടാനും വളയിട്ട കൈകൾ‍ക്കാകുമോ എന്നാണ് പ്രധാന ശങ്ക. കുപ്പായം തുന്നി മനപ്പായസമുണ്ട ചിലരാണത്രേ ഗോസിപ്പിന്‍റെ ഫ്രണ്ടിൽ‍. എന്തായാലും മുഖ്യപ്രതിപക്ഷമാവാൻ‍ അടുത്ത കേരളാപ്രദേശ് (സു?)ധീര കപ്പിത്താന് ആശംസ.കാവിപ്പാർ‍ട്ടി ഇതിനകം തന്നെ ഇടപെടൽ‍ കൊണ്ട് ആ പദവിക്ക് ‘ഹൗസാറ്റ്’ അപ്പീൽ‍ മുഴക്കിയിട്ടുണ്ട്. ലോ സഭാ ആപ്പീസിന്‍റെ ഔട്ട്ഫീൽ‍ഡിലാണെന്ന് മാത്രം. പൂമരം കൊണ്ട് പെട്ടിയുണ്ടാക്കാൻ‍ പ്രധാന കപ്പിത്താന് യോഗമുണ്ടാവാതിരിക്കട്ടെ !

കീരിയും പാന്പുമില്ലേൽ‍ കേരളത്തിൽ‍ കോൺ‍ഗ്രസ്സില്ല.പുതിയ രാമരാഭണ തെറിപ്പാട്ട് വാർ‍ അതാണ് സൂചിപ്പിക്കുന്നത്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുളള ചരടുവലി, ശംഖൊലി ഇന്ദിരാഭവനത്തിൽ‍ പ്രതിധ്വനിച്ചപ്പോഴാണ് ഈ തീയും പുകയും പൊടുന്നനെ ആവിർ‍ഭവിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ? അപ്പോൾ‍ ആരൊക്കെയാണ് സ്ഥാന ആർ‍ത്തികൾ‍ എന്ന് ഗസ്സ് ചെയ്യാവുന്നതേയുളളൂ. ഒന്നിനെ ചീയിച്ചിട്ട് മറ്റൊന്നിന് വളമിടുന്നതിന്‍റെ പേറ്റന്‍റ് രാഷ്ട്രീയക്കാർ‍ക്ക് മാത്രം സ്വന്തം.                        

രാഭണൻ എന്ന് തുടക്കത്തിൽ‍ സൂചിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെ. വിഭീഷണനും കുംഭകർ‍ണ്ണനുമാവുന്പോൾ‍  ‘ഭ’ വേണ്ടിടത്ത് ‘വ’വന്നത് ഗുരുതരമായ ക്ലറിക്കൽ‍ മിേസ്റ്റക്ക് തന്നെ. വാ യുടെ വിളയാട്ടം ഒരൽ‍പം ജാസ്തിയായിപ്പോയെന്ന് സ്വയം പല്ലേൽ‍ കുത്തി സ്പ്രേയിട്ട മുന്നറിവുകാർ‍ തുറന്നു സമ്മതിക്കും. കുളിപ്പിച്ചു കിടത്തിയ ബോഡിയൊന്നു സടകുടഞ്ഞ പ്രതീതിയുണ്ടായിരിക്കുന്നു കോൺ‍ഗ്രസ് കോലായിൽ‍.

സ്വപ്ന തസ്തികയ്ക്ക് വേണ്ടിയുളള ഈ വാക്ക് വാർ‍ ഇനിയങ്ങോട്ട് പല കോണുകളിൽ‍ നിന്നും അഭംഗുരം തുടർ‍ന്നേക്കും. പണ്ട് സ്കൂളിൽ‍ പഠിക്കുന്പോ പ്രേമിച്ചതും, ബാത്ത്റൂമിൽ‍ ബീഡി വലിച്ചതിന് ടീച്ചറ് പൊക്കിയതുമൊക്കെ വലിയ വായിൽ‍ ചാനൽ‍ സമ്മേളനം വിളിച്ചുകൂട്ടി വിളംബരം ചെയ്യും. തിരിച്ചു കേൾ‍ക്കാൻ‍ ഡിജിറ്റൽ‍ ചങ്കുളളവർ‍ മാത്രം ഒരുപാട്  കൂട്ടിഗുണിച്ച് വാ തുറന്നാൽ‍ മതിയാകും. പിന്നീട് ചൂടായിട്ട് രാജിയായിട്ട് കാര്യമില്ല. ഷാജി കൈലാസും രഞ്ജിപ്പണിക്കരും എംപി സുരേഷ് ഗോപി സാറുമൊക്കെ അപ്പണി നിർ‍ത്തിയേൽ‍പ്പിന്നെ പഞ്ച് ഡയലോഗുകൾ‍ കേൾ‍ക്കാൻ‍ ദിപ്പടി തിരുവാ എതിർ‍വാ തന്നെ ശരണം.മക്കൾ‍ക്ക് ‘ന്യൂസ് ഹവർ‍’ കാണാൻ‍ ഒരു അലിഖിത വിലക്ക് ഏർ‍പ്പെടുത്തിയിട്ടുണ്ട് എല്ലാ മാതാപിതാക്കളും.പണ്ട് രാപ്പടം നിരോധിച്ചത് പോലെ. അയാൾ‍ക്ക് പെണ്ണിന്‍റെ ജന്മമായിരുന്നേൽ‍ അറിയപ്പെടുന്നൊരു വേശ്യയായിരുന്നേനേ... എന്തൊരു കൽപനാഭാവുകത്വം തുളുന്പുന്ന കാവ്യകല്ലോലിനി. പൂരപ്രബന്ധകാരനൊക്കെ സാഷ്ടാംഗപ്പെടേണ്ടി വരും. ഭരണിപ്പാട്ടുകാർ‍ വെറ്റിലയും നാണയവും റെഡിയാക്കിക്കൊൾ‍വിൻ‍.                        

വക്രോക്തി കാവ്യജീവിതത്തിൽ‍ കുന്തകന്‍റെ നേരെ അളിയനായിട്ടു വരും നമ്മുടെ വക്താവ്. നാവ്,‍ ഗുളികനും ഫാമിലിയും പാ പിരിച്ചു കിടക്കുന്ന പുണ്യസ്ഥാനം. കെപിസിസി അമരക്കാരനും മന്ത്രിയും എന്തിനധികം ആഭ്യന്തരനാക്കാനുളള വിവരവും താക്കത്തുമുണ്ട്.വാമന വിഭാഗം തദവസരത്തിൽ‍ ചവിട്ടിക്കൂട്ടി അരിക്കാക്കും. പാർ‍ശ്വവൽ‍ക്കരണത്തിന്‍റെ അംബാസിഡർ‍ എന്ന വിശേഷണം ചേരുന്ന വേറൊരാളും ഈ ഭൂമി മലയാളത്തിലുണ്ടാവില്ല. ജയിക്കാൻ‍ വേണ്ടി കൊടുത്ത സീറ്റോ? ചുടുകാട്ടിൽ‍ ബാർ‍പ്പിന്‍റെ വീടെടുത്ത് കൊടുത്ത മാതിരി. തലശ്ശേരി ചുടലപ്പറന്പിൽ‍. പേഴ്സൺ‍ വോട്ടിൽ‍ ടിയാൻ‍ എത്ര മുന്നേറിയെന്ന് പൊളിറ്റിക്സ് മാനിഫെസ്റ്റോ ഇടയ്ക്കിടെ മറിച്ചു നോക്കുന്നവർ‍ക്കറിയാം. പോരാത്തതിന് മുണ്ടുപറിച്ചടി, ചീമുട്ടയേറ്, അനാശാസ്യ സർ‍ട്ടിഫിക്കറ്റ്. മനുഷ്യനായിപ്പിറന്നവർ‍ക്ക് മടുത്തു പോകും.                        

തന്‍റെ കുടുംബത്തോട് തൽ‍പ്പരർ‍ കാട്ടിയ പുച്ഛത്തോടും പ്രത്യയശാസ്ത്രതോന്ന്യാസത്തോടും കൂട്ടുപലിശയടക്കം മറുവടി കൊടുക്കാൻ‍ വെയ്റ്റ് ചെയ്തിരിപ്പുണ്ട് ആളുകൾ‍ അണിയറയിൽ‍. കൂടെ നടന്ന് കാലിൽ‍ ചവിട്ടി, കുതികാൽ‍ വെട്ടി കുന്പിട്ട് വീഴ്ത്തിയവരൊക്കെ വലിയ പൊസിഷനിലാണ്. അവിടം വരെ കേറി താഴേയ്ക്ക് വലിച്ചിട്ട് പണി കൊടുപ്പാൻ‍ പിടിപ്പത് വിയർ‍ക്കേണ്ടി വരും. കൊണ്ടും കൊടുത്തും പണിതും പണിയിച്ചുമുളള ചരിത്രമേ ഉളളൂ നമ്മുടെ മുഖ്യധാരാ ‘അന്തർ‍ ധാരാ’ പൊളിറ്റിക്സിന്. ഇഎംഎസും നായനാരും അച്യുതാനന്ദനും പിണറായി സഖാവും ആന്‍റണിയും കരുണാകരനും ഉമ്മൻ‍ചാണ്ടിയും ചെന്നിത്തലയും കെ.ജി മാരാരും പിപി മുകുന്ദനും ശ്രീധരൻ‍ പിള്ളയുമൊക്കെ ഒരു പൂവിന്‍റെ വിവിധ ഇതളുകൾ‍ മാത്രം. തേക്ക് ഒരു മരമാണ്. അത് തനിക്ക് നാളെ ഭീഷണിയായേക്കാവുന്ന ഒരു ചെടിയേയും തന്‍റെ ദൂരപരിധിയിൽ‍ വളരാനനുവദിച്ച ചരിത്രമുണ്ടോ? ഉണക്കി കുത്തുപാളയെടുപ്പിച്ച ഇന്നലെകളെയറിയാൻ‍ ഒന്നു കൂടി ഗൂഗിൾ‍ ചെയ്യുക. ഇപ്പോഴത്തെ കണ്ഠവിക്ഷോഭത്തിന്‍റെ പൊരുൾ‍ അപ്പോൾ‍ അറിയാം. സ്വയം കൃതനാർ‍ത്ഥം ബഹുകൃത വേഷം...

∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗∗∗∗∗∗∗ ∗∗∗∗∗∗
മഹാകവി ജീ യുടെ “കവിതയ്ക്ക് ഒരു ചരമഗീതം” ഗീർ‍വാണമായി. ജ്ഞാനപീഠം കയറിയ കവി ശരാശരിയെന്നും തന്നെപ്പോലുളള ക്യാറ്റ്, സ്ലീപ്പ് കാവ്യപ്രജാപതികളാണ് ശരിയെന്നും തോന്നിക്കുന്ന മട്ടിലുളള നാക്ക്പയറ്റ് ജുഗുപ്സ ഉണർ‍ത്തി. ഭൂമിക്കൊരു ചരമഗീതം കുറിച്ചയാൾ‍ മണ്ണോടു ചേർ‍ന്നിട്ടും ഭൂമിക്ക് വല്ലതും പറ്റിയോ എന്നാണ് അർ‍ത്ഥം ഗർ‍ഭം ധരിച്ച ചോദ്യം. അപ്പറഞ്ഞത് ശരിയല്ലേ എല്ലാ അർ‍ത്ഥത്തിലും. ജീവിച്ചിരുന്നപ്പോൾ‍ നിഴലിനെപ്പോലും പേടിച്ചവർ‍ കാലശേഷം അവർ‍ക്കെതിരെ ഗർ‍ജിക്കുന്നത് സാക്ഷര കേരളം രാക്ഷസകേരളമായി മാറിപ്പോയതിന്‍റെ ഒടുവിലത്തെ ചൂണ്ടുപലകയാണ്.സാക്ഷരതാ യജ്ഞത്തിന് വേണ്ടി വേലുക്കുറുപ്പ് സാറ് എഴുതിയ വരികളൊക്കെ ഇത്തരുണത്തിൽ‍ പിൻ‍വലിക്കാം.വിഎസിനെപ്പറ്റിയുളള നോവൽ‍ ബോധോദയത്താൽ‍ പി സുരേന്ദ്രൻ‍ മാഷ് പിൻ‍വലിച്ച പോലെ. ബോധോദയം മാത്രമാണ് ഒരേയൊരു വിപ്ലവം. അക്ഷരകേരള ശിൽപികളേ അഭിവാദനമരുളുന്നു. അക്ഷരം ‘അറിയാതുണരുന്ന’വരേ അഭിവാദനം അരുളുന്നു.’ “മയിൽ‍പ്പീലി’’ തന്ന മാഷിന് മാപ്പ്.

You might also like

Most Viewed