വെയിൽ തിന്നുന്ന കുരുവികളേ... കുയിൽപ്പാട്ട് ക്യൂവിലാണ്
നിതിൻ നാങ്ങോത്ത്
അധികാരത്തിന്റെ ഖഡ്ഗം എന്താണെന്ന് നമ്മുടെ ആളുകൾ തിരിച്ചറിഞ്ഞ ആറു ദിവസമാണ് കടന്നുപോവുന്നത്. ആകാശം ഇപ്പോഴും മേഘാവൃതമാണ്. ഇളവുകൾ മുറയ്ക്ക് പുറപ്പെടുവിക്കുന്നുണ്ട്. ക്ഷമയുടെനെല്ലിപ്പലക തകർന്നു വീണ ശബ്ദം കേട്ടിട്ടും രാജ്യത്തിന്റെ സന്പദ്്വ്യവസ്ഥയുടെ ശുദ്ധികലശത്തിൽ അവർ ക്യൂ നിൽക്കുകയാണ്. വെയിലിൽ ഉരുകിയൊലിക്കുന്പോഴും സാന്പത്തിക അടിയന്തിരാവസ്ഥ അവർ ആസ്വദിക്കുന്നു. വരാനിരിക്കുന്ന നല്ല കാലമാണ് ത്യാഗത്തിന് അടിത്തറ. അങ്ങിങ്ങ് ചില പൊട്ടലും ചീറ്റലും തുപ്പലും കാർക്കിക്കലുമുണ്ട്. അത് സ്വാഭാവികം. മലർന്നു കിടന്നു മുള്ളുന്നവരെയൊക്കെ കണ്ടു കൊണ്ടു തന്നെയായിരുന്നു ഗവൺമെന്റിന്റെ ഈ ധീരമായ തീരുമാനം. ഏറ്റവും ശക്തമായ തീരുമാനങ്ങൾ ഏറ്റവും വേഗത്തിൽ എടുത്തവരാണ് എല്ലാ കാലത്തും ചരിത്രത്തിന് ധൈര്യത്തിന്റെ പാഠങ്ങൾ സമ്മാനിച്ചിട്ടുള്ളത്.
നമ്മുെട രാജ്യത്തിന്റെ ഭരണവ്യവസ്ഥ ഒരു ഉത്സവപ്പറന്പ് പോലെ ചിതറിത്തെറിച്ചവയാവില്ല ഇനിയങ്ങോട്ട്. കള്ളപ്പണക്കാരെ പൂട്ടുക, സാന്പത്തിക തോന്ന്യാസത്തിന് മൂക്കു കയറിടുക, അഴിമതിയെന്ന കാൻസറിനെ കീമോ ചെയ്യുക, പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക, സർവ്വോപരി രാജ്യസുരക്ഷ മുന്നിൽ കണ്ട് തീവ്രവാദഭീഷണികളെ കുഴിവെട്ടി മൂടുക തുടങ്ങിയ പ്ലാൻ ബി (ബിഗ്) കൾക്കാണ് നയതന്ത്ര വിദഗ്ദ്ധൻ ബ്ലൂ പ്രിന്റ് തയ്യാറാക്കിയിരിക്കുന്നത്.
ഗവൺമെന്റിന്റെ നീക്കങ്ങൾ ആദ്യം മുതലേ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ആധാർ കാർഡ് നിർബന്ധം, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് (ജൻധൻ അക്കൗണ്ടുകൾ) കെ.വൈ.സി (നിങ്ങളുടെ കസ്റ്റമറെ അറിയുക) റൂൾസ്, 50,000 മുകളിൽ ഡപ്പോസിറ്റ് പാൻകാർഡ് നിർബന്ധം, ബാങ്ക് ശാഖകളുമായി ആധാർ കാർഡ് ലിങ്കിംഗ്. ഫിംഗർ പ്രിന്റും ഐറിസ് സ്കാനിങ്ങുമൊക്കെയായി മൊത്തത്തിലൊരു കാളപ്പൂട്ട്. തട്ടിപ്പ് തരികിടകൾക്കെതിരെ ഒരു പത്മവ്യൂഹം ചമയ്ക്കൽ. എട്ടാം തിയ്യതി എട്ട് മണിക്ക് ശേഷം ഞെട്ടിയവർക്കൊന്നും ഇനിയും നേരാംവണ്ണം ബോധം തെളിഞ്ഞിട്ടില്ല. നിരോധന വാർത്ത കേട്ട് ചോര പൊടിഞ്ഞ ആളുകളാണ് ഭീകരമായ വിമർശനവുമായി മലർന്നു കിടന്ന് ഛർദ്ദിക്കുന്നത്. ഭാരതം ഒരു ജനാധിപത്യ രാജ്യമാണ്. പ്രധാനമന്ത്രി മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. റിസർവ് ബാങ്ക് ഗവർണറും പ്രസിഡണ്ടും ധനമന്ത്രാലയവും ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദങ്ങളുമടക്കം ധൈഷണിക കൂട്ടായ്മയുടെ ദീർഘമായ ചർച്ചയുടെയും വിശകലനത്തിനെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരത്തിലുള്ള നിർണ്ണായക തീരുമാനങ്ങൾ. എല്ലാ അസ്ത്രങ്ങളും പ്രധാനമന്ത്രിയിൽ ഫോക്കസ് ചെയ്ത് ശരശയ്യ തീർക്കുകയാണ്. വിഭാഗീയതകളെ മാറ്റിവെച്ച് രാഷ്ട്രീയ അഭിപ്രായവ്യത്യാസം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിത്. ഇത് രാജ്യസുരക്ഷയെയും നമ്മുടെ നാളത്തെ സമാധാന പൂർണ്ണമായ നിലനിൽപ്പിനെക്കൂടി ബാധിക്കുന്ന കാര്യമാണ്. കുറച്ച് ത്യാഗങ്ങളൊക്കെ സഹിക്കാതെ ആരാണ് എന്തെങ്കിലും തിളക്കമാർന്ന വിജയങ്ങളൊക്കെ പിടിച്ചെടുത്തിട്ടുള്ളത്. പുര കത്തുന്പോൾ വാഴ വെട്ടുക, എലിയെ പേടിച്ച് ഇല്ലം ചുടുക, റോം കത്തിയെരിയുന്പോൾ വീണ വായിക്കുക തുടങ്ങിയ പഴഞ്ചൊൽ മാലകൾക്ക് പുതിയ വ്യാഖ്യാനവും നൽകി എടുത്തിട്ടലക്കുകയാണ് തൽപ്പരകക്ഷികൾ.
ശത്രുക്കളായ വിദേശശക്തികൾ പണി പതിനെട്ടും പയറ്റുന്നുണ്ട്. നമ്മുടെ മാതൃരാജ്യത്തെ തകർക്കാൻ. കള്ളനോട്ടുകൾ കണ്ടെയ്നറുകളിലൂടെ ഒഴുകിപ്പരക്കുകയാണ്. വിദേശനിർമ്മിത ആയുധ ശേഖരണം, ഡെത്ത് വളണ്ടിയർ പരിശീലനം, പ്രതിരോധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ട യുവതയെ ലഹിക്ക് അടിമയാക്കി ബൗദ്ധികമായ ഷണ്ധീകരണം. കോർട്ടും പന്തും തങ്ങൾക്കനുകൂലമാക്കാനുള്ള വിദഗ്ദ്ധ തന്ത്രങ്ങളാണ് ഒരുഭാഗത്ത് കാർമേഘമായി ഉരുണ്ടുകൂടപ്പെടുന്നത്. ഒരുപക്ഷേ പ്രിക്കോഷൻ എടുത്തില്ലേൽ ഈ വിഷമഴയെ താങ്ങാനുള്ള ശേഷി പോലും നമ്മുടെ രാജ്യത്തിന് നാളെ ഉണ്ടായി എന്നു വരില്ല.
ചെറിയ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആത്മാർത്ഥമായി പണിയെടുക്കുന്ന ഭരണകർത്താക്കളെയും ഉദ്യോഗസ്ഥമേധാവികളെയും പുലയാട്ട് പറയുന്ന സ്വഭാവം ഡിജിറ്റൽ ഇന്ത്യയ്ക്ക് ഒരിക്കലും സ്യൂട്ടാവില്ല. ശത്രു നിങ്ങളുടെ ഫ്രന്റ് ഡോറിൽ ചവിട്ടിത്തള്ളുന്പോൾ നിങ്ങളുടെ ഭാര്യയുടെയോ പെൺമക്കളുടെയോ അടിവയറ്റിൽ കുത്തിപ്പിടിക്കുന്പോഴോ മാത്രം ഉണരേണ്ട ഒന്നല്ല ദേശഭക്തിയും ദേശവിഭക്തിയും. ഒരാലോചനയ്ക്ക് പോലും അവസരമില്ലാത്ത വിധം നമ്മൾ ഡിലീറ്റായി പോവാതിരിക്കണമെങ്കിൽ ഇപ്പോൾ ഒത്തിരി ബുദ്ധിമുട്ടുകളൊക്കെ സഹിച്ചേ മതിയാവൂ. ലോങ്ങ് ടേം ബെനിഫിറ്റുണ്ടാക്കുന്ന ഷോട്ട് ടേം ടെൻഷനായി മാത്രം ഈ പ്രതിസന്ധിയെ കാണുന്നവരേറെ. പിന്നെ ചില കുത്തിത്തിരുപ്പുകളുടെയും ദുർവ്യാഖ്യാനങ്ങളുടെയും കിംവദന്തികളുടെയും ഭാഗമായുള്ള കുറേ ഗിമ്മിക്കുകൾ മാത്രം. നല്ലതെന്ന് ഉറപ്പു വന്നാൽ അത് അംഗീകരിക്കാനുള്ള വിനയം നമ്മൾ പരിശീലിച്ചേ മതിയാവൂ. നാരദഭാഷ്യം ചെയ്യുന്നവരുടെ പ്രൊഫൈൽ പരിശോധിച്ചാൽ ഉത്തരം വ്യക്തമാവും. അവരുെട മാളങ്ങളിൽ മുളക് പൊടി വിതറിയ പുകച്ചുരുളുകൾ കയറിത്തുടങ്ങിയെന്ന്. വന്ദിച്ചില്ലേലും നിന്ദിക്കാതിരുന്നൂടേ പൊന്ന് ബ്രോസ്. ഭരിക്കുന്ന പാർട്ടിയാരെങ്കിലുമാവട്ടെ നമ്മൾ തിരഞ്ഞെടുത്ത ഭരണകർത്താക്കളുടെ ഉദ്ദേശശുദ്ധിയെ കുനിച്ച് നിർത്തി ചോദ്യം ചെയ്ത് വഷളാക്കുന്ന ഈ രീതി രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും. ആരോപണങ്ങളും അധിക്ഷേപങ്ങളും താങ്ങാനുള്ള കപ്പാക്കുറ്റി ഇല്ലാത്തതിനാലാണ് ഉണ്ടായിട്ടും ഉപയോഗിക്കാതെ നമ്മുടെ ചില നേതാക്കൾ സ്വന്തം നട്ടെല്ലിന് റബ്ബർ കവചം വാങ്ങിച്ചിടുന്നത്.
അഹിംസയുടെ അപ്പോസ്തലനായ നേരിന്റെ പോരാളി പിടഞ്ഞമർന്ന മണ്ണാണിത്. അവസാന രക്തവും എന്റെ രാജ്യത്തിനു വേണ്ടി എന്ന് ഉദ്ഘോഷിച്ച ഇന്ദിരാഗാന്ധിയുടെ ചോര സാക്ഷ്യം ഞങ്ങളുടെ മുന്നിലില്ലേ! കുടെയുള്ളവരെപ്പോലും വിശ്വസിച്ച് ശ്രീ പെരുന്പത്തൂരിൽ പൊട്ടിത്തെറിച്ച രാജീവ്ഗാന്ധിയും നമ്മുടെ മുന്പിലുണ്ടല്ലോ. പച്ചയ്്ക്ക് കത്തിച്ചാലും ഞാൻ പിന്നോട്ടില്ല എന്ന് ഒരാൾക്ക് നെഞ്ച് വിരിക്കാൻ പറ്റുമെങ്കിൽ ധാർമ്മികതയ്ക്ക് മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുത്ത ഒരു ദേശപ്പെരുമ അദൃശ്യ കിരീടമായി അണിയുന്ന ഓരോ ഭാരതീയനും നമ്മുടെ നാട്ടിന്റെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നവരുടെ കവചകുണ്ധലങ്ങളാവേണ്ടേ. നാക്കിൽ എല്ലുള്ള മൃഗങ്ങൾക്ക് ഒരുപക്ഷേ ബൗ ബൗ വളയുമെന്ന് തോന്നുന്നില്ല. കാടു കത്തുന്പോൾ ചൂട് ആദ്യമറിയുക പക്ഷികൾ തന്നെയാണ്. ഈ കഠിന വെയിലിൽ നാളത്തെ സുഖശീതളിമയ്ക്കുള്ള ചെറിയ ഒരു ഷോക്ക് ട്രീറ്റ്മെന്റായി കണ്ടുകൂടെ. നമുക്കിനിയുമൊരുപാട് മുന്പേ പറക്കേണ്ടതല്ലേ. മുന്പേ പറക്കുന്ന പക്ഷികളാണ് എക്കാലത്തും ചരിത്രത്തിന്റെ ദശാസന്ധികളിൽ പ്രവാചക ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. കുപ്പയിൽ മാന്തുന്ന കുക്കുടപ്പക്ഷിയെ ആലോചിക്കുന്പോഴാണ് സങ്കടം. കോഴി ഒരു പക്ഷിയാണെങ്കിലും ഒരു പരിധി വരെയോ പറക്കൂ. പരിധിക്ക് പുറത്താവരുതെന്ന ആത്മരോഷം പങ്ക് വെയ്ക്കുന്നു. ആയാൽ ഏതേലും എരിതീയിലോ വറചട്ടിയിലോ അന്ത്യവിശ്രമം കൊള്ളാം.
ഭിന്നിപ്പിച്ച് ഭരിക്കപ്പെട്ടതിന്റെ ബലിയാടുകളാണ് ഇന്നും വികസ്വരപ്പട്ടത്തിൽ നിന്നും ഒരിഞ്ച് മുന്നോട്ട് അനങ്ങാൻ പോലുമാകാതെ കിതയ്ക്കേണ്ടി വരുന്ന ഇന്ത്യ. പണമില്ലാത്തവൻ ഫണമായി മാറുന്ന കാഴ്ച വരുംകാല ദിനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കും. അപ്രത്തെ വീട്ടിലെ മതിലകത്ത് എട്ട് ആഡംബര കാറുകൾ കാണുന്പോൾ ഇപ്രത്തെ കോരനും ചിരുതയ്ക്കും സൈനബയ്ക്കും മജീദിനും വർഗ്ഗീസിനും ത്രേസ്യാമ്മയ്ക്കും എങ്ങനെയാണ് മനസ്സമാധാനമായി കിടന്നുറങ്ങുവാൻ കഴിയുക. പിണമായിരിക്കുവാൻ ആരും ആഗ്രഹിക്കുന്നില്ല. ചുരുങ്ങിയ പക്ഷം ഫണം വിടർത്തിയാടിയെങ്കിലും തന്റെ ജീവിതനൈരന്തര്യത്തെ അടയാളപ്പെടുത്തുക. ജീർണ്ണതയ്ക്കെതിരെയുള്ള ജാഗ്രത തന്നെയാണ് ജീവിതം. മേരാ ഭാരത് മഹാൻ. ആദ്യം അവഗണിക്കുക, പിന്നെ പുച്ഛിക്കുക, പിന്നീ
ട് അനുകരിക്കുക, ഒടുവിൽ സാഷ്ടാംഗപ്പെടുക.ഇത് നമ്മുടെ ബിഹേവിയർ കാപട്യത്തിന്‍റെ ഇരട്ടപ്പിറവിയായി ശിലപ്പെട്ടു പോയി...