ഗോവിന്ദച്ചാമി മകൻ ജയകാന്തൻ വക!!
നിതിൻ നാങ്ങോത്ത്
“ഇപ്പോൾ അവന്‍മാർ എന്‍റെ ഭർത്താവിനോട് ചോദിക്കുന്നു; ഞങ്ങൾ കശക്കിയെറിഞ്ഞ അവൾക്കൊപ്പം നീ എങ്ങനെയാടാ ജീവിക്കുന്നതെന്ന്?’’ ലോകം കഴിഞ്ഞയാഴ്ച കേട്ട ഒരു പൊട്ടിക്കരച്ചിലിന് തൊട്ടുമുന്പുളള വാക്കുകളാണിത്. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും സ്വന്തം ശരീരത്തിലേയ്ക്ക് ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്ന പതിനായിരങ്ങളുടെ പ്രതിനിധി, ദുശ്ശാസന നാടിന്‍റെ ഒപ്പു കടലാസ്!! ഭർത്താവിന്‍റെ കൂട്ടുകാർ വീട്ടിൽ വന്ന് വിളിച്ചപ്പോൾ വിശ്വസിച്ച് കാറിൽ കയറി. ആശുപത്രിയിലേക്കാണെന്നാണ് പറഞ്ഞിരുന്നത്. ആശുപത്രിയും കഴിഞ്ഞ് വണ്ടി നിർത്താഞ്ഞപ്പോൾ ബഹളം വെച്ചു.അവർ വണ്ടിക്കകത്തിട്ടുതന്നെ എന്നെ....!! പിന്നെ ഏതോ ഒരു വീട്ടിൽ കൊണ്ടിട്ട് മാറി മാറി... തൊണ്ണൂറുകളിലെ സിനിമകളെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ.വടക്കാഞ്ചേരിയിലെ ഇര തന്‍റെ ദുരന്തങ്ങൾ വിളിച്ചു പറയുന്പോൾ കേരളം ഞെട്ടുകയായിരുന്നു.അവർക്കതിനുളള ധൈര്യം പകർന്ന രണ്ടുപേർ, ദുർഗയോ ലക്ഷ്മിയോ? പർവ്വതമോ പാർവ്വതിയോ ? വരുംവരായ്കകളെക്കുറിച്ചൊന്നും ഗൗനിക്കാതെ ധീരതയുടെ പര്യായങ്ങളായി അവതരിച്ച ഉണ്ണിയാർച്ചമാർക്ക് ബിഗ് സല്യൂട്ട്... ഇത്തരം നേരിന്‍റെ നെറിയുളള നിശ്ചയദാർഢ്യങ്ങളുടെ ഉറുമീ ഗീതങ്ങൾക്കാണ് ജനാധിപത്യ കേരളം കാതോർക്കുന്നത്. സ്ത്രീശരീരം സൈബർ ചുമരല്ല എന്ന് ചുരുങ്ങിയ പക്ഷം നമ്മുടെ നാടെങ്കിലും കാണിച്ചുകൊടുക്കേണ്ടതുണ്ട്. ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്ന ചായക്കപ്പു പോലെ ആയിപ്പോവരുത് നമ്മുടെ അമ്മപെങ്ങൾമാരുടെ ത്യാഗജീവിതം. കുടുംബം തകർന്നു പോവരുത് എന്ന ഒറ്റച്ചിന്തയാലാണ് അവരിൽ പലരും തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പുറത്തറിയിക്കാത്തത്. അതാണ് വേട്ടക്കാർക്കുളള മോട്ടിവേഷൻ. ഇത് ചൈനയല്ല, ചായ കുടിക്കും പോലെ ബലാൽസംഗം അടയാളപ്പെടുത്താൻ. മുലക്കരം ആവശ്യപ്പെട്ട തന്പ്രാന് സ്വന്തം മുല തന്നെ ചെത്തി നേദിച്ച വീരാംഗനമാരുടെ ചരിത്രം പഴയ വായനശാലകളിലെങ്കിലും വിശ്രമിക്കുന്നുണ്ടാവണം, വിരൽസ്പർശം കൊതിച്ച്. രാവണ, ദുശ്ശാസന ഫാൻസ് അസോസിയേഷൻകാർക്ക് ടൈമില്ലെങ്കിൽ പെന്പ്രന്നോത്തിമാരെക്കൊണ്ടെങ്കിലും വായിപ്പിക്കുക. കുടുമ്മത്തിൽ കൊണം കാണും.
ഭരണകൂടങ്ങൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഒരു സഹായം, മുക്കിന് മുക്കിന് ഐസ്ക്രീം പാർലർ കം ചുവന്ന തെരുവ് തുറന്നു കൊടുക്കുക എന്നുളളതാണ്. മെറിറ്റ് അടിസ്ഥാനത്തിൽ ലൈസൻസ് തരപ്പെടുത്താം. വിജൃംഭിതരുടെ ശമനതാളം നാടിന്‍റെ താളവും താരാട്ടും തിരികെ തരും. തീർച്ച!! ഫൂട്ട്പാത്തിൽ സെക്സ് ടോയ്സ് വിൽപനയ്ക്ക് വെച്ചിരിക്കുന്ന കിനാശ്ശേരിയാണ് അടിയങ്ങളുടെ സ്വപ്നം. ഡോർ ടു ഡോർ ഡെലിവറി പരീക്ഷിക്കാവുന്നതേ ഉളളൂ. കുറേ പാവങ്ങൾക്ക് എന്തായാലും രക്ഷ കിട്ടിയേക്കും. വിദേശങ്ങളിലൊന്നും റേപ്പില്ലാത്തത് ഇങ്ങനെ ചില അഡ്ജസ്റ്റുളളത് കൊണ്ടാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്. വെറും വേലക്കാരിയോടുളള ഇംഗിതം ലോകരാജാവിന്‍റെ കിരീടം തന്നെ തെറിപ്പിച്ച കഥ നമ്മൾക്കറിവുളളതാണല്ലോ? മോണിക്കാ ലെവിൻസ്കിയുടെ കറകളഞ്ഞ ജീവിതം ക്ലിന്‍റന്‍റെ കരിയറേ കളയിച്ചു.
ഇങ്ങ് സോളാർക്കേരളത്തിൽ എത്രയെത്ര കൊസ്രാക്കൊളളികൾ!! എന്തായാലും ഇപ്പം ചെറിയ സമാധാനമുണ്ട്. ചോയിക്കാനും പറയാനും പറ്റുമെങ്കിൽ രണ്ട് പണി കൊടുക്കാനും ഇവിടെ ആളുകളുണ്ട് എന്നതിൽ. അധികാരം ജനങ്ങളിലേയ്ക്ക് എന്ന ഉട്ട്യോപ്യൻ സ്വപ്നവുമൊക്കെ നേരിട്ട് കണ്ടിട്ടേ അങ്ങോട്ടേക്കുളള വിസ റെഡിയാവൂ എന്ന് ഉൾപ്പുളകപ്പെടുന്നു. മാധവിക്കുട്ടിയുടെ ഡെറ്റോൾക്കഥ നമ്മുടെ പെണ്‍മക്കൾക്ക് പാഠപുസ്തകമാക്കേണ്ട കാലം അതിക്രമിച്ചില്ലേ? ആഷിക് അബു സിനിമയിലെ കാസ്റ്ററേറ്റ് രംഗങ്ങൾ പേർത്തും പേർത്തും കാണേണ്ടതില്ലേ? വേലി തന്നെ വിളവ് മാട്ടുന്പോൾ പാവം ഇരകൾക്ക് ആർ തുണ? കേരളത്തിലെ ചന്പൽ കാടുകളൊക്കെ വനംവകുപ്പുകാർ വെട്ടിത്തെളിച്ചത് നന്നായി. അല്ലേൽ ആയിരങ്ങൾ ഫൂലാൻ ദേവിക്ക് ശിഷ്യപ്പെട്ടേനെ. നരേന്ദ്രൻ മകൻ ജയകാന്തൻ മോഡൽ സിനിമകൾക്ക് പകരം തൂലിക പടവാളാക്കിയ കലാകാരൊക്കെ ഫൂലൻ ദേവി, മിസ് പമീല.. ആദിയായ സന്ദേശ സിനിമകൾ പിടിക്കണം. നാടിന്‍റെ മുന്നോട്ടുളള ‘കിതപ്പിന്’ ഇതൊക്കെ മാത്രമാണ് പരിഹാരം. സൗമ്യയും ജിഷയുമൊക്കെ ഭാഗ്യം ചെയ്തവരാ. നാട്ടിൽ നടക്കുന്ന പുകിലൊന്നും അറിയേണ്ടി വന്നില്ലല്ലോ? ഫേസ്ബുക്കൊക്കെ വല്ലാത്താെരു ബുക്കു തന്നെ. എത്ര മാന്യന്‍മാരുടെ പേജുകളാണ് നിർദാക്ഷിണ്യം കീറിക്കളയുന്നത്. സുക്കറണ്ണൻ ഈ നാടിന്‍റെ ഐശ്വര്യം!!