കുടുംബ വാഴ്ചയും ഭരണവീഴ്ചയും...
നിവൃത്തികേടിന്റെ പാഠപുസ്തകങ്ങളാണോ കണ്ണൂരിലെ നേതാക്കളും അണികളും. കണ്ടകശനി ഉച്ചക്ഷേത്രത്തിൽ ഡമോക്ലസിന്റെ വാൾ പോലെ പുഞ്ചിരിക്കുന്നുണ്ട്. അധികാര പ്രമത്തതയെ ആലിംഗനം ചെയ്തു പോയതിന്റെ പേരിൽ ആരോപണവിധേയരായി ശരശയ്യത്തിൽ പൊതുദർശനപ്പെടാനാണ് പലരുടെയും രാഷ്ട്രീയവിധി. എത്ര യോഗ്യരുടെ കണ്ണീരിലൂടെ ചവിട്ടിക്കയറിയാണ് ഓരോ അയോഗ്യരും താക്കോൽസ്ഥാനങ്ങളിൽ ഞെളിഞ്ഞിരിക്കുന്നത് എന്നത് ആദർശശുദ്ധരെ പടവാളെടുപ്പിക്കും. ആത്മാർത്ഥത, സേവനസന്നദ്ധത, അർപ്പണ മനോഭാവം, സംശുദ്ധ രാഷ്ട്രീയം ഇതൊക്കെ ബുദ്ധിയില്ലാത്തവരുടെ കിരീടങ്ങളാണെന്ന് അനുദിനം തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
അനുയായികളുടെ ശവത്തിൽ തൊട്ട് കണ്ണീരൊലിപ്പിച്ച് മൂക്കു വലിച്ച് ക്യാമറ ഫ്ളാഷിന് ഏറുകണ്ണിട്ട് നോക്കുന്ന മുതലെടുപ്പുകാരാണ് ചില രാഷ്ട്രീയ മേലാളന്മാരെന്ന് പല പാർട്ടികളിലെയും അണികൾ തന്നെ ഇപ്പോൾ സധൈര്യം പ്രതികരിക്കുന്നുണ്ട്. പശ തേച്ചവനും പോസ്റ്റർ ഒട്ടിച്ചവനും മൊള കുയിച്ചിടാൻ കുണ്ട് തോണ്ടിയവനുമൊക്കെ ഒരു ഉപജീവനത്തിന് പൊരിവെയിൽ തന്നെയാണ് ഇന്നും ശരണം. ഇവരുടെയൊക്കെ നെഞ്ചിലൂടെ ചവിട്ടി മെതിച്ച് ബന്ധു നിയമനങ്ങൾ പാവം മുദ്രാവാക്യം വിളിക്കാരെ നോക്കി കൊഞ്ഞനം കുത്തുന്നു.
ചിതറിക്കിടക്കുന്ന അണികളെ ഏകോപിപ്പിക്കാൻ അടിക്കടി അക്രമ മാമാങ്കം സംഘടിപ്പിക്കപ്പെടാറുമുണ്ട്. കണ്ണൂരിൽ ഹർത്താൽ ഉത്സവമാണ് (പാർട്ടിക്കാരല്ലാത്തവർക്ക്). സംസ്ഥാന വ്യാപനാഘോഷത്തെ ചെറുത്തുതോൽപ്പിക്കാൻ വ്യാപാരിവ്യവസായ കാഹളമുണ്ട്. മിനിഞ്ഞാന്നത്തെ ഹാങ് ഒാവർ തീർന്നില്ല. ഫ്രിഡ്ജിൽ വെട്ടേറ്റ ചിക്കനും പൊട്ടിയ കുപ്പിയും സ്പർശനം കൊതിച്ചു കിടപ്പാണ്. അക്രമപരന്പര മണത്താൽ ആളുകൾ വിശാലാടിസ്ഥാനത്തിൽ പർച്ചേഴ്സ് നടത്തും. ലഭ്യതക്കുറവിൽ സങ്കടപ്പെടരുതല്ലോ? വീരശൂര’പര’ അക്രമികളായ അണികൾക്ക് പിടിപ്പത് പണിയുണ്ട്.. അവർ തച്ചു തകർക്കേണ്ട പാർട്ടി മന്ദിരങ്ങൾ, ബസ് ഷെൽട്ടറുകൾ, വർഗശത്രുക്കളുടെ വീടിന്‍റെ പൂമുഖത്തിട്ട ആഡംബരക്കാറുകൾ, കൊടിമരങ്ങൾ, രക്തസാക്ഷി സ്തൂപങ്ങൾ... ഇവയുടെ രൂപരേഖ തയ്യാറാക്കുന്ന തിരക്കിലാണ്. കിണറായ കിണറെല്ലാം മുടിയഭിഷേകം നടത്താൻ എവിടുന്ന് രോമകൂമങ്ങൾ സംഘടിപ്പിക്കുമെന്‍റെ ബാർബർ ദൈവമേ... ആവശ്യക്കാരുടെ ഡിമാന്റ് നിമിത്തം വടിവാൾ, മഴു, കത്തി, സ്റ്റീൽ ബോംബ് മൊത്തക്കച്ചവടക്കാർ അങ്കലാപ്പിലാണ്. ഒരേ കന്പനിയിൽ നിന്ന് തന്നെയാണ് എല്ലാ പാർട്ടിക്കാരും തങ്ങളുടെ ടൂൾസ് വാങ്ങിക്കുന്നതെന്ന് അടക്കം പറച്ചിലുമുണ്ട്. ഓരോ റെയ്ഡിലും 50 വടിവാളും 30 സ്റ്റിൽ ബോംബുമൊക്കെയാണ് ചെറിയ പോക്കറ്റുകളിൽ നിന്നു പോലും ലഭിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ ബോധം ഒരഗ്നിപർവ്വതത്തിന്റെ സ്ഫോടന മുനന്പിലാണെന്ന് വരും ദിനങ്ങൾ തെളിയിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇക്കഴിഞ്ഞ ഒരാഴ്ച തന്നെ എല്ലാ ദിവസവും എവിടെയെങ്കിലും ഒരാൾക്കെങ്കിലും വെട്ടേറ്റിട്ടുണ്ട്. പോരാത്തതിന് തീവ്രവാദത്തിന്റെ നാഗഫണങ്ങൾ ഇഴഞ്ഞെത്തിയിട്ടുമുണ്ട്. കത്തി നിൽക്കുന്ന കർമ്മാവേശത്തിന്റെയും ഉണർന്നു നിൽക്കുന്ന ഊർജ്ജസ്വലതയുടെയും ഉരുക്കു മുഷ്ടികളാവേണ്ട യുവത്വം പോലീസ് േസ്റ്റഷനുകളിലും കോടതി വരാന്തകളിലും ഷട്ടിൽ സർവ്വീസ് നടത്തുകയാണ്.
ഒടുവിലത്തെ കലിയിൽ പൊലിഞ്ഞത് രണ്ട് കൂലിത്തൊഴിലാളികൾ. തൊട്ടടുത്ത പ്രദേശക്കാർ. തമ്മിൽ യാതൊരു വൈരവും ഉണ്ടാവാനിടയില്ല. സർജിക്കൽ സ്ട്രോക്കുകാരുടെ അറ്റാക്കിൽ നിലവിളിക്കാൻ പോലുമാവാതെ, ജോലിയിടത്തും വീടിന് മുന്പിലും ‘’ഡ്രെസ്സ് ‘’ചെയ്യപ്പെട്ടു. അല്ലെങ്കിലും കോഴിയെ ഡ്രസ്സു ചെയ്യുന്നത് കോഴിക്കുവേണ്ടിയല്ലല്ലോ? നേർച്ചക്കോഴിയോ കുരുതിക്കോഴിയോ ആവാനുളള കണ്ണൂരുകാരന്‍റെ ദുരന്തവിധി ഇനിയെത്ര കാലം? രണ്ടുപേരെയും വെട്ടിക്കീറിയതിന്‍റെ തത്സമയശരീരചിത്രങ്ങൾ മിനുറ്റുകൾക്കകം, കഷ്ടം !.
വെട്ടേറ്റവരുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് എതിരാളികളിൽ
ഭയം വിതറുന്ന ഗ്രൂപ്പുകൾ രംഗത്തുണ്ട്. പ്രതികളെന്ന്
സംശയിക്കുന്നവരുടെ ചിത്രങ്ങൾ ചുവന്ന വൃത്തത്തിലാ
ക്കി ഷെയർ ചെയ്ത് ഭീഷണി അറിയിക്കുന്ന ട്രെന്‍റ്
കണ്ണൂർ മോഡലിലെ ലേറ്റസ്റ്റ് ൈസ്റ്റൽ.
എതിർ പാർട്ടിക്കാരന്‍റെ മരണത്തിൽ ആഹ്ലാദം കൊളളാൻ കഴിയുന്ന ഒരു ജനവിഭാഗം മറ്റെവിടെയും കാണില്ല. ആര് വധിക്കപ്പെട്ടാലും മറ്റൊരു വിഭാഗം ഹാപ്പിയായിരിക്കുന്നിടത്തോളം കണ്ണൂരിലെ കലാപരിപാടിക്ക് പൂർണ്ണവിരാമം ഉണ്ടാവില്ല. നൂറു കണക്കിന് ഭീകര കൊലപാതങ്ങളും വെട്ടിനുറുക്കലുകളും ഇവിടെ ഉണ്ടായിട്ടുണ്ട്. ആക്ഷനിൽ നേരിട്ട് പങ്കെടുത്തവരുടെ മാനസിക നില ആലോചിച്ച് നോക്കിയിട്ടുണ്ടോ.? പഴയ പ്രൊഫഷണലുകളൊക്കെ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും? പലരും കടുത്ത കുറ്റബോധത്തിൽ ഉരുകിത്തീരുന്നുണ്ടാവണം.വിഷാദരോഗത്തിന്‍റെ ഭ്രാന്തിൽ, നൈരാശ്യത്തിന്‍റെ പടുകുഴിയിൽ ആത്മഹത്യ അഭയമാക്കിയവരുണ്ടാവണം. മാരക രോഗത്തിന് അടിമപ്പെട്ട് മാനസാന്തരം വന്നവരെയും കണ്ടേക്കാം. പ്രകൃതി മാത്രമാണ് സത്യം. എല്ലാ വികൃതികളും ഒരിക്കൽ അസ്തമിക്കുക തന്നെ ചെയ്യും. കാലത്തിന്‍റെ കൈകളിലാണോ മറുപടി ഇല്ലാതിരിക്കുക.
ഇങ്ങനെ ഒരു വിഭാഗം വെട്ടിക്കീറി അസ്തമിക്കുന്പോഴാണ് ഇവരുടെ പ്രൊട്ടക്ഷനിൽ വലിയവരായ ആളുകൾ യാതൊരു നീതിബോധവും ഉളുപ്പുമില്ലാതെ ഒരു ജാഥയിലെങ്കിലും കയറി മുഖത്തിന്റെ മേക്കപ്പെങ്കിലും വിയർത്ത് മായാത്ത ബ്രോയിലർ ബന്ധുക്കളെ ഒന്നരലക്ഷം ശന്പളത്തിനൊക്കെ കസേരകൾ ഒരുക്കിക്കൊടുക്കുന്നത്. അധികാരത്തിന്റെ പുളിച്ചു തികട്ടലിൽ എല്ലാ പാർട്ടിക്കാരും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നുള്ളതിന്റെ ലിസ്റ്റ് പുറത്തുവന്നു കൊണ്ടിരിക്കുന്നു. ആടിന് പ്ലാവില കാട്ടി ആകർഷിക്കപ്പെടുന്പോലെയാണ് പല യുവരക്തങ്ങളും ഒരു ചെറിയ ജോലി പ്രതീക്ഷയിൽ കൊടി പിടിക്കുന്നത്. അല്ലാതെ ഒരു നവലോക ക്രമത്തിനോ സോഷ്യലിസത്തിനോ വസന്തത്തിന്റെ ഇടിമുഴക്കത്തിനോ പ്രത്യയശാസ്ത്ര ശരികൾക്കോ നവലിബറൽ മഹാശരിക്കോ ഒന്നും വേണ്ടിയായിരിക്കില്ല. മഹാനദികളുടെ കാലം കഴിഞ്ഞു. മഹാന്മാരായ നേതാക്കളുടെയും. ഇപ്പോൾ പുഴ ഒഴുകുന്നത് അരികുകളിലൂടെ മാത്രം. നമ്മൾ ഒരു മീനിന് വേണ്ടി പുഴയിൽ ചൂണ്ടയിട്ടിരിക്കുന്പോൾ കരയിൽ നമ്മൾക്കു വേണ്ടി ചൂണ്ടയിട്ടിരിപ്പുണ്ടാവും മറ്റൊരു മുതല! ലോംങ് ജംപ് റാണിയുടെ നേർച്ചപ്പളളിയിൽ അഞ്ചുവട്ടം കുന്പിടുന്നു. കൊടുത്താൽ ചിറ്റപ്പനും കിട്ടും...
മരണവീടുകളിൽ മഴ പെയ്യുന്പോൾ
നമ്മൾ അയൽപ്പക്കക്കാർ എങ്ങനെ പ്രതികരിച്ചു എന്നതിന്റെ ഒരു കണ്ണൂർചിത്രം കൂടി പങ്കുവെയ്ക്കുന്നു. നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയും മാനവികതയുമൊക്കെ എങ്ങനെ കൈമോശം വന്നിരിക്കുന്നു എന്ന ബോധ്യത്തിനായി ചില കോണുകളിലെ ഇത്തരം വൈകൃതങ്ങൾ കൊണ്ടൊന്നും കണ്ണൂർ ചെറുതാവില്ല. ചില പുഴുക്കുത്തുകളെ സങ്കടപൂർവ്വം ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം.
കഴിഞ്ഞ ദിവസം കണ്ണൂർ ശ്രീനാരായണ കോളേജിലെ ഒരു പെൺകുട്ടി ബൈക്കപകടത്തിൽ മരണപ്പെട്ടു. തലയിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ഒരു ദൗത്യം പോലെ ഭീകരദൃശ്യങ്ങൾ വാട്സാപ്പ് കലാകാരന്മാർ ഏറ്റെടുത്തു. പിന്നെ മീഡിയകളിൽ ആദരാജ്ഞലികളുെട മലവെള്ളപ്പാച്ചിലാണ്. മരിച്ച കുട്ടിയുടെ തികച്ചും വ്യക്തിപരമായ ഫോട്ടോകൾ. അവർ കാന്റീനിൽ നിന്ന് ചായ കുടിക്കുന്നത്. മതിലിൽ ചാരി നിന്നത്. അങ്ങനെ അടുത്ത സുഹൃത്തുക്കളുടെ ഫോണിൽ നിന്ന് മാത്രം പകർത്താൻ കഴിയുന്ന ചിത്രങ്ങൾ ഏകോപിപ്പിച്ച് ആദരാജ്ഞലി പ്രളയം. സഹപാഠികളും അദ്ധ്യാപകരുമടക്കം നൂറ് കണക്കിനാളുകൾ റോഡ് ഉപരോധിച്ച് ബഹളം സൃഷ്ടിക്കുന്നതിനിടയിലാണ് ചിലരിങ്ങനെ എന്നോർക്കുക.
ഭീകരമായ വസ്തുത ഇതല്ല. ഉച്ചയോടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മറ്റൊരു സന്ദേശം പ്രചരിക്കുന്നു. അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ അച്ഛൻ അൽപം മുന്പ് ഹൃദയസ്തംഭനം മൂലം മരിച്ചു എന്ന വാർത്ത. ആളുകൾക്കിടയിൽ ഇതൊരു വലിയ ചർച്ചയായി. ആർക്കാണപ്പാ ഈ ദുരന്തവേളയിൽ ഇങ്ങനെ ക്രിയേറ്റീവാവാൻ കഴിഞ്ഞത്. നാല് മാസം ഗർഭിണിയായ ആ പത്തൊന്പതുകാരിയുടെ ആത്മാവ് അവരോട് പൊറുക്കട്ടെ. പാവം അച്ഛൻ!!
പ്രസവം അധികാരികൾ വാട്സാപ്പിലിട്ടത് വലിയ വിവാദമായിരുന്നു. അച്ഛന്റെ ഊർദ്ധ്വനും അമ്മയുടെ കുളിയും പെങ്ങളുടെ ആർത്തവവും അങ്ങനെ പ്രത്യക്ഷപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ട ഇനിയങ്ങോട്ട്. ഒരു തരത്തിലുള്ള അന്ധത എല്ലായിടത്തും ബാധിച്ചു കൊണ്ടിരിക്കുന്നു. നവജീവിതത്തിന്റെ ഇത്തരം വെള്ളെഴുത്ത് പാഠങ്ങൾ ഇന്ന് ഹരിശ്രീ അറിയുന്ന പുതുരക്തങ്ങൾക്ക് വേഗം തിരിച്ചറിയാനാവട്ടെ. അവരെ പഠിപ്പിക്കേണ്ട കരങ്ങളിലാണ് പൂർണ ഉത്തരവാദിത്വം. ക്ലാസ് മുറികളിൽ ശരി വാങ്ങിക്കാൻ മാത്രം മത്സരിച്ച് പത്തിരുപത് വർഷം പഠിക്കേണ്ടി വരുന്ന ഒരു തലമുറയിൽ നിന്ന് തെറ്റ് മാത്രം സംഭവിക്കുന്നതെങ്ങനെയെന്ന് വിദ്യാഭ്യാസ വിചക്ഷണരും മനഃശാസ്ത്രജ്ഞരും അദ്ധ്യാപക സമൂഹവും ആഴത്തിൽ പരിശോധിക്കേണ്ടതാണ്.
കോഴയും തലവരിപ്പണവും പൊളിറ്റിക്കൽ സ്വാധീനവും ജീവിതവിജയത്തിലേയ്ക്കുള്ള കുറുക്കുവഴികളാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാതിരിക്കട്ടെ. സംശുദ്ധ രാഷ്ട്രീയത്തിന്റെ ബ്രാൻഡ് അംബാസഡർമാരായ എത്രയോ മഹാമനീഷികൾ നമ്മുടെ എല്ലാ മേഖലകളിലെയും നേതൃത്വനിരയിൽ പണ്ടുണ്ടായിരുന്നു. ഇന്ന് അവർ നൽകിയ ദീപശിഖയിലെ വെളിച്ചം കെട്ടുപോകാതെ സംരക്ഷിക്കാൻ പെടാപാടു പെടുന്ന കുറച്ച് ധൈഷണിക ധീരന്മാരുണ്ട്. ഭരണം ഒരു ടീം ഗെയിമാണെന്നും ക്യാപ്റ്റൻ മാത്രം കളിച്ചാൽ ജയിക്കില്ലെന്നും ബാക്കോ ഗോൾകീപ്പറോ ഫൗൾ കളിച്ച് ചുവപ്പ് കാർഡ് കണ്ട് കരയ്ക്കിരുന്നാൽ കൈയ്യെഴുത്തുകാരും ഗാലറിയിലെ കൈയ്യടിക്കാരും കൂവൽക്കോറസ് നടത്താൻ മടിക്കാത്തൊരു കാലമാണ്. അടിച്ച ഗോളുകളൊന്നും ഗോളായിരുന്നില്ലെന്ന് പിന്നീട് തിരിച്ചറിയുന്ന കളിയെയാണല്ലോ സത്യത്തിൽ പൊളിറ്റിക്സ് എന്ന് പറയുന്നത്. കാർഡുകളുടെ ധാരാളിത്തത്തിൽ ഭാഗ്യവശാൽ നമ്മുടെ വിജിലൻസ് മേധാവി ഇരട്ടച്ചങ്കനാണ്.
നിതിൻ നാങ്ങോത്ത്