നാളെയും മറ്റന്നാളും നന്നാവാത്ത നമ്മൾ


മരം പൂത്തുലയട്ടെ... തലവരിപ്പണം ആരുടേയും പൊളിറ്റിക്കൽ തലവര മായ്ക്കാതിരിക്കട്ടെ... നീറ്റ് വിഷയങ്ങളിൽ നീറ്റായൊരു അഡ്ജസ്റ്റ്മെന്റ് പാവങ്ങൾ ആഗ്രഹിച്ചു പോകുന്നു...

കുമ്മായം പൂശിയ ചുവരുകളിൽ കരിക്കട്ടകൾ ഉമ്മ വെക്കുന്പോൾ പണ്ട് സർഗ്ഗാത്മകത സംഭവിച്ചിരുന്നു. എന്നാൽ ഇന്ന് സൈബർ ചുവരുകൾ പൂര പ്രബന്ധവും ഭരണിപ്പാട്ടും കൊണ്ട് മലീമസമായിരിക്കുന്നു എന്നു പറയാതെ വയ്യ. ട്രോളിംഗ് നിരോധനം നിർബന്ധമായും ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ ലിങ്ക്ഡിൻ കുന്ത്രാണ്ടങ്ങളിലെങ്കിലും നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചെറുമീനുകൾ തൊട്ട് വമ്പൻസ്രാവുകളെ വരെ കൂട്ടത്തോടെ കാസ്റ്ററേറ്റ് ചെയ്യുകയാണ് ട്രോളിംഗ് വലക്കാരുടെയും കീബോർഡ് ഒളിപ്പോരാളികളുടെയും ലക്ഷ്യം.

അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് സുഗതകുമാരി ടീച്ചർ ഒരു കമന്റ് പറഞ്ഞുപോയതിന് അവരനുഭവിച്ച ‘പൊങ്കാല ഉത്സവ്’ നമ്മൾ കണ്ടതാണല്ലോ. മഴയെയും മരത്തെയും പുഴയെയും പൂന്പാറ്റയെയും പറ്റി കവിത എഴുതിയിരുന്ന ടീച്ചർക്ക് എവിടുന്നാണ് ഇത്രയും ശത്രുക്കൾ! വനിതക്കമ്മീഷൻ അദ്ധ്യക്ഷ സീറ്റിൽ ഇരുന്നപ്പോൾ കറുത്തിരുണ്ട് രൂപം കൊണ്ട മേഘങ്ങൾ തെറിമഴയായ് പെയ്യുന്നതാവണം. ടീച്ച‍ർ തന്റെ പ്രസ്താവനയ്ക്ക് തിരുത്ത് കൊടുത്തെങ്കിലും നിർമ്മിക്കപ്പെട്ടു പോയ തെറിപ്പടക്കങ്ങളൊക്കെ ഇപ്പോഴും പൊട്ടുകയും ചീറ്റുകയും ചെയ്യുന്നു. നേര് പറഞ്ഞാൽ ‘ഉറിയും തെറി പറയും’ എന്ന ചൊല്ലിന് ഒരു സ്കോപ്പുണ്ട്.

തള്ളൽ റേറ്റിംഗിലും പൊങ്കാല റാങ്കിംഗിലും ഈയാഴ്ച മുന്നിൽ നിൽക്കുന്നത് മ വേണുവും ശശികല ടീച്ചറുമാണ്. സX, സ്വ y. സ്വർഗ്ഗീയ y എന്ന പോലെയാണ് ആളുകൾ മ. വേണു എന്ന ഫ്ളക്സ് ഇറക്കിയത്. ‘മ’യുടെ എബ്രിവേഷൻ എൽ.കെ.ജി കുട്ടിക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉറി വിഷയത്തിൽ പാകിസ്ഥാൻ അനുകൂല നിലപാടെടുത്തു എന്ന പേരിലാണ് പ്രമുഖ മാധ്യമപ്രവർത്തകനായ വേണുവിന്റെ നേരെയുള്ള കുരച്ചു ചാടൽ. എന്നാൽ ബി.എം.ഡബ്ലിയു കാറിൽ യാത്ര ചെയ്യുന്നവനോട് നായ കുരയ്ക്കും പോലെ എന്ന മട്ടിൽ വേണു അന്തിച്ചർച്ചകളിൽ നെവർ മൈൻഡ് മനോഭാവവുമായി നിർബാധം ആഞ്ഞടിക്കുന്നുമുണ്ട്. മുന്പ് എം.വി നികേഷ് കുമാറും ഇപ്പോൾ അർണോബ് ഗോസ്വാമിയും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ഏറെ ധൈഷണിക ധീരത ഒഴുക്കിയിട്ടുണ്ട്.

തെറി മലയാളത്തിന്റെ സിംഹതാണ്ധവം അതിന്റെ പൂർണ്ണരൂപത്തിൽ കണ്ടത് വർഷങ്ങൾക്ക് മുന്പ് ഗാനഗന്ധർവ്വനെതിരെയായിരുന്നു. പെൺകാലുറകളെപ്പറ്റി (ലഗ്ഗിൻസ്) ദാസേട്ടൻ ഒരഭിപ്രായം പറഞ്ഞതിന് പെണ്ണെഴുത്തുകാരും കണ്ണെഴുത്തുകാരുമൊക്കെ കടിച്ച് കുടഞ്ഞത് ഇപ്പോഴും ഓ‍ർമ്മയിൽ തികട്ടി വരുന്നു. ഇഷ്ടമില്ലാത്ത അച്ചിയും അച്ഛനും തൊടുന്നതൊക്കെ കുറ്റം എന്ന രീതിയിലാണ് കാര്യങ്ങൾ. ആരോടും നമ്മൾക്ക് ബഹുമാനമില്ലാതായിരിക്കുന്നു. തനിക്ക് അഭിപ്രായമില്ലാത്തവരെയെല്ലാം മാക്സിമം ആക്രമിച്ച് നാറ്റിക്കുക എന്നതാണ് ഗുഢലക്ഷ്യം. യേശുദാസ് അത് പറഞ്ഞ് സെക്കന്റുകൾക്കുള്ളിൽ തന്നെ അവരുടെ ഫാമിലി ഫോട്ടോയും മരുമകൾ ജീൻസ് ധരിച്ചിറങ്ങിയതിന്റെ എക്സ്ക്ലൂസീവുമൊക്കെ വൈറലായിരുന്നു. ആളുകൾ ആയുധവും സംഭരിച്ച് എത്രമാത്രം പ്രിപ്പയേർഡ് ആണെന്നത് ഞെട്ടിപ്പിക്കുന്നു.

ആയതിനാൽ പ്രമുഖരൊന്നും ഇനിയങ്ങോട്ട് വായ തുറക്കാൻ മെനക്കെടില്ല എന്ന് വിചാരിക്കും. വെറുതെ എനിക്ക് സൊല്ല! പിതാമഹന്മാരെ പറയിപ്പിക്കുന്നു. മൗനമാണ് ഏറ്റവും മഹത്തായ സാംസ്കാരിക പ്രവർത്തനം. അല്ലേ, വെറുപ്പിന്റെ വൈറസുകൾ വിപണനം ചെയ്യുന്ന നവലിബറൽ ലൈഫ് ൈസ്റ്റൽ നമ്മെ എവിടെക്കൊണ്ടെത്തിക്കും. ആരെന്ത് ആധികാരികമായി പറയാൻ ശ്രമിച്ചാലും (അതിന് ക്വാളിഫൈഡ് ആയവർ) ഓൻ മറ്റേ പാർട്ടിയുടെ ആളാണ് എന്ന രീതിയിലാണ് വള‍ഞ്ഞിട്ടാക്രമണം. ഓറൽ ഗോസിപ്പിന്റെയും വിഷ്വൽ ഗോസിപ്പിന്റെയും തള്ളലിൽ നമ്മുടെ ചില സെലിബ്രിറ്റികളെങ്കിലും ആത്മഹത്യാ മുനന്പ് തേടാത്തത് അവരുടെ കുടുംബത്തിന്റെ ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. ഇത്തരം സാംസ്കാരിക അധഃപതനത്തിന്റെ കറുത്ത നാളുകൾ നമ്മുടെ കേരളത്തെ അരജകവാദികളുടെ പറുദീസയാക്കും. സുകുമാർ അഴീക്കോടിന്റെയൊക്കെ സാഗര ഗർജ്ജനം കേരളം കാതോർത്തു പോകുന്നു ഇത്തരുണത്തിൽ. മോഹൻലാൽ യുദ്ധവിഷയത്തിൽ എന്ത് ബ്ലോഗിട്ടാലും നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ ടെറിട്ടോറിയൽ കൂടാരം തന്നെ ആളുകൾ തെറി ബോംബു കൊണ്ട് തത്സമയം  തകർക്കും. പാവം മോഹൻലാൽ എന്നിട്ടും അഭംഗുരം എഴുതുന്നു.

വിവിധ രാഷ്ട്രീയ പാ‍‍‍‍ർട്ടികളുടെ സൈബർ സെൽ പോരാളികളും ജാതി മത തീവ്രവാദ മാഫിയ ഗറില്ല മുറക്കാരെയൊക്കെ ചൊല്ലും ചെലവും കൊടുത്ത് പരിശീലിപ്പിക്കുന്നതു പോലെ തോന്നും നിരീക്ഷിച്ചാൽ. ചെളി വാരിയെറിയുന്നവരുടെ കൈകളിലാണല്ലോ ആദ്യം ചെളി പറ്റുക എന്ന സാമാന്യതത്വം അവർ മനസ്സിലാക്കുന്നുണ്ടോ എന്തോ? തെറി വിളിച്ചു കൂവുന്നവരുടെ വായിലാണല്ലോ അതിന്റെ ദുർഗന്ധം ആദ്യം വമിപ്പിക്കുക എന്നത് അവർക്ക് മനസ്സിലാവാഞ്ഞിട്ടാണോ?

എന്തായാലും നല്ലത് പറയാൻ, നന്നായി വിമർശിക്കാൻ ആരുമിനി തുനിയുമെന്ന് തോന്നുന്നില്ല. കാലപ്രവാഹത്തിൽ ഇങ്ങനെ അ‍ടിഞ്ഞു കൂടുന്ന ചണ്ടിപണ്ടാരങ്ങൾക്ക് മുകളിൽ അടയിരിക്കാൻ തന്നെയായിരിക്കും സംസ്കാരചിത്തരെന്ന് അഭിമാനിക്കുന്ന മലയാളിയുടെ ഇനിയങ്ങോട്ടുള്ള ദുർവിധി.

പൂര പ്രബന്ധവും ഭരണിപ്പാട്ടും ന്യൂജെൻ തെറിയും പുസ്തക രൂപത്തിൽ തീവണ്ടിയാത്രയിൽ മടിയിൽ വിൽപ്പനക്കെത്തുന്ന കാലം വിദൂരമല്ല. നമ്മൾക്കും ജീവിക്കണമല്ലോ! നമ്മൾക്കും പിടിച്ചു നിൽക്കണമല്ലോ? എത്ര ചിന്തകളെ സ്ഫുടം ചെയ്താണ് സുഗതകുമാരി ടീച്ചർ ഒരു കവിത എഴുതിയിട്ടുണ്ടാവുക? കരിഓയിലും ചാണക വെള്ളവുമൊക്കെ നമ്മുടെ ചുവരുകളിൽ കൊളാഷ് നിറയ്ക്കട്ടെ. മുട്ടൻതെറിയുടെ പുത്തൻ ആപ്പും പ്രതീക്ഷിച്ച് മാറിപ്പോയ കാലത്തിന്റെ മുന്നിലേയ്ക്ക് ചോദ്യചിഹ്നങ്ങൾ എറിഞ്ഞ് നമ്മൾക്ക് മലർന്നു കിടന്നുറങ്ങാം. കച്ചവട സംസ്കാരത്തിന്റെ വർണശബളിമയിൽ നമ്മുടെ കണ്ണുകളും മഞ്ഞളിച്ചു പോയി. യാന്ത്രികതയുടെ പുത്തൻ റോബോ യുഗത്തിൽ നമ്മളും ശീതികരിക്കപ്പെട്ടു പോയി. ബഹുമാനിക്കപ്പെടേണ്ടവരെ മാപ്പ്. വന്ദിക്കപ്പെടേണ്ടവരെ സോറി...

........... ........... ........... ........... ........... ........... ........... ........... ......

കേരളം കലിപ്പിലാണ്... മുഖ്യന്‍റെ രോഷത്തിന്‍റെ തുപ്പല്‍ കോളാന്പിയായിട്ടുണ്ട് പ്രതിപക്ഷവും ബഹുജനജിഹ്വക്കാരും. പോലീസിനും ഗ്രനേഡ് നിർ‍മ്മാതാക്കൾക്കും മർ‍മ്മയൂനാനി ചികിത്സകർ‍ക്കും ഇനിയങ്ങോട്ട് പിടിപ്പത് പണിയാകും... പണ്ട് സർ സി പി അലമാരയിൽ ഇസ്തിരിയിട്ട് വെച്ച്, എടുക്കാൻ‍ മറന്നു പോയ കൈമുറിയൻ‍ ബനിയനാണ് മുഖ്യന്‍റെ ഇപ്പോഴത്തെ ഇന്നർ എന്ന് ചോരച്ചാലിലൂടെ നീന്തിക്കയറിയവർ പറയുന്നു. പേനയുടെ സമരമുഖങ്ങളിൽ പണ്ട് വിജൃംഭിച്ചിരുന്ന ചോന്ന മഷി ഇന്ന് കുപ്പായക്കീറുകളിൽ സാഫല്യമടയുന്നു. കൊടുങ്കാറ്റുകളോട് യുദ്ധം ചെയ്തു മടങ്ങിയ ഗ്രനേഡുകൾ സമരപ്പന്തലിൽ മന്ദമാരുതനാവുന്നു. അൺ‍പാർ‍ലമെന്‍റേറിയൻ‍ പദപ്രയോഗങ്ങൾ‍ സഭയിൽ ഉച്ചൈസ്തരം ഉദ്ഘോഷിക്കപ്പെടുന്നു. സ്പീക്കർ‍ നാന്ദി, പുറപ്പാട്, കേളിക്കൈ, കേളിക്കേ, ധനാശി വേഷത്തിൽ രസച്ചരടു പൊട്ടിക്കാതെ ചുട്ടി കുത്തിയിരിക്കുന്നു... കണ്ണേറ്, നാവേറ്... ഹന്പന്പോ...അടക്കിവെച്ച ആത്മരോഷങ്ങളുടെ, തോന്നലുകളുടെ പുറത്തേക്കുളള തെറിക്കലാണ് (ബഹിർ‍സ്ഫുരണം) “തെറി“യായി പരിണമിക്കുന്നത്. കാവ്യമീമാംസകർ‍ ഇതിനെ ‘സ്പൊണ്ടേനിയസ് ഓഫർ‍ ഫ്ളോ’എന്ന് നിർ‍വ്വചിച്ചിട്ടുണ്ട്... വാടാ പോടോ കളിയിൽ കേരളാക്കർ‍ച്ചറിന്‍റെ എല്ലാ മാസ്കും അഴിഞ്ഞു വീഴാനുളള സാധ്യത തെളിയുന്നുണ്ട്.ജിമ്മിൽ പോയി മസിൽ ഉരുട്ടിയവരൊക്കെ കണ്ണൂർ‍ക്കളരിക്കാരുടെ പൂഴിക്കടകനിൽ സാഷ്ടാംഗം പ്രണമിക്കേണ്ടി വരും. മേൽ‍ത്തരം തെറികൾ പഠിപ്പിച്ചു കൊടുക്കപ്പെടും എന്ന ബോർ‍ഡും വെച്ച് തിരുവനന്തപുരത്തിരുന്നാൽ ലാവിഷായി ജീവിക്കാമെന്ന് നാടൻ‍ ഉസ്ക്കൂളിൽ നിന്ന് കോഴ്സ് പൂർ‍ത്തിയാക്കിയ ചില വെടക്കന്‍മാർ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. സി.ബി.എസ്.സി, ഐ.സി.എസ്.സി, ഡിസിപ്ലിനിൽ‍  കുപ്പായം തുന്നിയ  യുവതുർ‍ക്കികൾ‍ക്കും പിടിച്ചു നിൽ‍ക്കേണ്ടേ സർ‍ !! ആറുമലയാളിക്ക് നൂറു തെറി മലയാളം !!!

You might also like

Most Viewed