മിഴാവ്
ഉറിയിൽ കണ്ണിന് കണ്ണ് പല്ലിന് പല്ല്. അതിർത്തിയിൽ അശാന്തിയുടെ കാറ്റ്. യുദ്ധത്തിന്റെ ദൂതുമായി കഴുകന്മാർ വട്ടമിട്ടു പറക്കുന്നു. ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ എല്ലാ പടക്കോപ്പുകളും അണിയറയിൽ തുടച്ചു വെച്ചിരിക്കുന്നു. ഇന്ന് ഗാന്ധിജയന്തിയാണ്. എവിടെയോ കരയുന്നു ഗാന്ധി. മനുഷ്യനെ അവന്റെ ദുർവൃത്തികളിൽ നിന്ന് കരകയറ്റാനുള്ള ശ്രമത്തിൽ ബുദ്ധനെപ്പോലെ, ക്രിസ്തുവിനെപ്പോലെ, പരാജയം ഭക്ഷിക്കേണ്ടി വന്ന മനുഷ്യൻ. സമയം നിലച്ചുപോയ ഒരു മനഃഘടികാരം. ഭരണകൂടത്തിന്റെ ബിംബങ്ങളിലൊന്നായോ പരാജയപ്പെട്ട ഒരു രാഷ്ട്രീയാശയത്തിന്റെ പിതാവായോ എന്തിനധികം ജാതിവാദിയായിപ്പോലും ആളുകളിന്ന് ഗാന്ധിജിയെ മാറ്റി വരച്ചിരിക്കുന്നു. മകനേ ഇത് ഡിജിറ്റൽ ഇന്ത്യയുടെ ഭൂപടം.
നരഹത്യ കൂടാതെ യുദ്ധം ജയിക്കാനുള്ള ഒരു ആയുധമുണ്ടായിരുന്നു നമുക്ക്. നിരായുധന്റെ ആയുധം. ആ ആയുധമായിരുന്നു നമ്മൾക്ക് ഗാന്ധി. ലോകം പുതുക്രമത്തിന്റെ സ്വാർത്ഥത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്പോൾ മറവിയിലേയ്ക്ക് തള്ളപ്പെട്ട ചിന്തകളെയും ആശയങ്ങളെയും ഒന്നുകൂടി ഓർത്തെടുക്കുന്നു. ഗാന്ധി ഒരു അർത്ഥനഗ്നവായന (എസ്. ഗോപാലകൃഷ്ണൻ. ഡി.സി ബുക്സ്)
ഭൂമിയിലെ ഗ്രന്ഥാലയങ്ങളിൽ ഇത്രയേറെ ഗാന്ധിപ്പുസ്തകങ്ങൾ ഞെരുങ്ങി ഇരിക്കുന്പോൾ വീണ്ടുമൊന്ന് എന്തിന് എന്ന് സംശയിക്കുന്നവരുണ്ടാകും. ഒരു ഗാന്ധി ശിഷ്യന്റെ വാഴ്ത്തു പാട്ടോ ഗാന്ധി വിരുദ്ധന്റെ സംഹാര സ്തോത്രമോ അല്ല ഈ ഗാന്ധി ലേഖനങ്ങൾ. ഇസ്തിരിയിട്ട ഒരു ഖദർ വേഷമല്ല. രസോന്മേഷിയായ, ചുളിവുകളും അഴുക്കുകളുമൊക്കെ പുരണ്ട പച്ച മനുഷ്യനായാണ് ഗാന്ധി ഈ ലേഖനങ്ങളിൽ കാണപ്പെടുന്നത്. പല കോണുകളിൽ നിന്നും പല കണ്ണുകൾ കൊണ്ടും ഗാന്ധിയെ മനസ്സിലാക്കാനാണ് ഇവിടെ ശ്രമം. വൈകാരികമാണ് പലപ്പോഴും ഭാഷ.
ആമുഖത്തിൽ ലേഖകൻ ഗാന്ധി എന്നാൽ എനിക്ക് ഒരു വനസഞ്ചാരം പോലെയാണെന്ന് പറയുന്നു. വനം എനിക്ക് പരിചിതമാണെങ്കിലും എപ്പോഴും അത് അപരിചിത ഗന്ധങ്ങൾ തരുന്നു. ഞാൻ കണ്ട മരങ്ങൾ നിരവധികളായി വീണ്ടും കണ്ടാലും, ഇതുവരെ കാണാൻ കഴിയാതിരുന്ന എന്നാൽ കാൽ നൂറ്റാണ്ടിലേറെ പ്രായം വരുന്ന, ഒരു മരം വഴിത്താരയിൽ നിന്നും തെല്ലുമാറി പ്രത്യക്ഷപ്പെടും. ഓരോ മരത്തിനും കാണുന്നതിൽ കൂടുതൽ ഉയരം. അറിയാൻ ഓരോന്നിനും കാണാത്ത നിഴലുകൾ. ഗാന്ധിയൻ പഠനത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയ ലേഖകൻ ഇങ്ങനെ കുറിച്ചിടുന്നു.
സെമിനാരിയുടെ മതിൽ ചാടുന്ന പുരോഹിത വിദ്യാർത്ഥിയിൽ സംഘടിത പ്രസ്ഥാനങ്ങളെ വെല്ലുവിളിച്ച് പരാജയപ്പെടുന്ന ചെറിയ ചെറിയ മനുഷ്യരിൽ, അധികാര രൂപങ്ങളെ ഭയക്കാതെ നിൽക്കുന്പോഴും അവയുടെ കൈകളാൽ കൊല്ലപ്പെടുന്നവരിൽ എല്ലാം ഓരോ തുള്ളി ഗാന്ധിമാർ ഉണ്ട്. ഇഷ്ടപ്പെടുന്പോഴും വിയോജിക്കുവാൻ ഒരുപാട് കാരണങ്ങൾ ഉള്ള ഒരു ജീവിതമായിരുന്നു ഗാന്ധിയുടേത്. ഈ നിഴലും വെളിച്ചവും ഊടും പാവുമായി അർത്ഥനഗ്നവായനയിൽ ഇഴപിരിയുന്നു.
അഹിംസയെപ്പറ്റി വല്ലതുമെഴുതിയാൽ അതെഴുതിയ ആൾ എം.പി മന്മഥന്റെയോ ജി. കുമാരപ്പിള്ളയുടെയോ, സമകാലീനനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചേക്കാം. അവസാനത്തെ ഗാന്ധിയനും അപ്രത്യക്ഷനായ തെരുവിൽ വീണ്ടും ഗാന്ധിയെ സാന്നിദ്ധ്യപ്പെടുത്തുന്നത് സാഹസമായിരിക്കാം. അക്കാദമിക് ബുജി മാതൃകയിൽ ഇതൊരു തത്ത്വശാസ്ത്ര ഗ്രന്ഥമല്ല. സാന്പ്രദായികാർത്ഥത്തിൽ ജീവചരിത്ര ഗ്രന്ഥവുമല്ല. ഇങ്ങനേയും ഒരു ഗാന്ധിമാർഗ്ഗം എന്ന് അനുബന്ധത്തിൽ അമൃത് ലാൽ.
ഗാന്ധിയെക്കുറിച്ചുള്ള പ്രബന്ധങ്ങളുടെ ഭാരം താങ്ങാൻ ഭൂമിക്കിനി ആവില്ല എന്നും അതുകൊണ്ട് ഗാന്ധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നിയന്ത്രിക്കേണ്ടതുണ്ട്, തമാശയായി പ്രസിദ്ധ ഗാന്ധി പണ്ധിതൻ ടി.കെ മഹാദേവൻ അഭിപ്രായപ്പെട്ടിരുന്നു. നമുക്കറിയാം എത്ര വായിച്ചാലും തീരാത്ത പുസ്തകമാണ് ഗാന്ധി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന പ്രസ്താവനയെ ജീവിതചര്യയായി പരിവർത്തനം ചെയ്യുക എളുപ്പമല്ലല്ലോ?
ഗോപാലകൃഷ്ണൻ വീണ്ടെടുക്കുന്ന ഗാന്ധി സന്യാസിയോ പ്രായോഗിക വാദിയായ രാഷ്ട്രീയക്കാരനോ സൂത്രശാലിയായ ജാതി ഹിന്ദുവോ സമൂഹ മനഃസാക്ഷിയോ ലോകത്തിന്റെ ഗുരുനാഥനോ ഒന്നുമല്ല. ഈ ഗാന്ധിയുമായി നമുക്ക് സൗഹൃദവും സംഭാഷണവും സംവാദവും സാധ്യമാണ്.
ഗാന്ധി ജീവിച്ചതും ക്ലേശങ്ങളനുഭവിച്ചതും മരണം വരിച്ചതും സ്വന്തം നാട്ടുകാർക്ക് വേണ്ടിയാണ്. പക്ഷേ സ്വന്തം നാടുമായി ബന്ധപ്പെട്ടു മാത്രമല്ല ആ ജീവിതം സാർത്ഥകമാകുന്നത്. കേവലം ഒരു ദേശസ്നേഹിയോ വിപ്ലവകാരിയായ പരിഷ്കർത്താവോ എന്ന നിലയിലായിരിക്കില്ല ന്യൂജെൻ തലമുറ ഗാന്ധിയെ വിലയിരുത്തുക. തീക്ഷ്ണമായ രാജ്യസ്നേഹവും വിജയകരമായൊരു രാഷ്ട്രീയ പ്രക്ഷോഭത്തിന് നൽകിയ ഉജ്ജ്വലമായ നേതൃത്വവും അതുമതി അവർക്ക് ഗാന്ധിജിയെ നെഞ്ചേറ്റാൻ.
എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ മനുഷ്യന്റേതായ ഒരു നേട്ടവും എത്ര മഹത്തായാലും സ്ഥിരമല്ല. ശാശ്വതവുമല്ല. ഗാന്ധിയുടെ സംഭാവനകൾ തിരസ്കരിക്കപ്പെടുകയോ കേവലം ഓർമ്മകൾ മാത്രമായി അവശേഷിക്കുകയോ ചെയ്തെന്നു വരാം. എങ്കിലും ഗാന്ധി ജീവിക്കും. കാരണം സ്വന്തം നേട്ടങ്ങളേക്കാൾ വലുതാണ് ആ മനുഷ്യൻ. സത്യാന്വേഷിയുടെ ധാർമ്മികതയുടെ പരിപൂർണ്ണതയിലെത്താൻ വെന്പുന്ന വിശ്വമാനവന്റെ പ്രതീകമാണദ്ദേഹം.
ഗോപലകൃഷ്ണന്റെ അർത്ഥനഗ്നവായനയെ മൂന്നായി കള്ളി വരയ്ക്കാം. ഒന്ന് ഗാന്ധി എന്ന വടവൃക്ഷത്തിന്റെ നിഴലിൽ ജീവിച്ചിരുന്നവരും വന്നിരുന്നു പോയവരുമായ ആളുകളുടെ ചിത്രങ്ങൾ. രണ്ട് ഗാന്ധിജിയുമായി തീവ്രമായി വിയോജിച്ച അല്ലെങ്കിൽ ഏറ്റുമുട്ടിയ മനുഷ്യനെക്കുറിച്ചുള്ള കുറിപ്പുകൾ. ജിന്നയും സവർക്കറും ഭഗത്സിംഗും ജനറൽ സ്മട്ട്സും അടക്കമുള്ളവർ. മൂന്നാം ഭാഗം ഉപ്പുസത്യാഗ്രഹം, നവഖാലി, അഹിംസ തുടങ്ങിയ അനുഭവങ്ങളുടെ ആലോചനകളാണ്.
ഗാന്ധി ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നോ, അതോ ഋഷിചര്യനോ? രാഷ്ട്രീയ പ്രവർത്തകനായ ഋഷിയാണോ, ഋഷിമാരിലെ പ്രവർത്തകനാണോ? രാഷ്ട്രീയത്തെ ആത്മീയവൽക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ? ഈ പുസ്തകം അതിനുള്ള ഉത്തരം തരും.
“പ്രഭോ അങ്ങയുടെ മൊഴി എത്ര സരളം.
അതല്ലല്ലോ, അങ്ങയെക്കുറിച്ച് മറ്റുള്ളവരുടെ ഭാഷണം”
ടാഗോർ പറഞ്ഞതെത്ര ശരിയായിരുന്നു.