ആശങ്ക ഉയർത്തുന്ന തിരഞ്ഞെടുപ്പു ഫലങ്ങൾ


ഇ.എ സലിം 

 

അനഭിലഷണീയങ്ങളായ തെരഞ്ഞെടുപ്പു ഫലങ്ങൾ ആശങ്കകൾ ഉണർത്തുകയാണ് ലോകമാകെയും. അമേരിക്കയിലെ പ്രസിഡണ്ടു തിരഞ്ഞെടുപ്പിന്റെ ചിത്രം ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത തരത്തിലെ സവിശേഷ സന്ധിയിലാണ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിനായുള്ള പ്രൈമറി തിരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തോടെ വിജയങ്ങൾ നേടി പാർട്ടിയിലെ മറ്റു സ്ഥാനാർത്ഥിത്വ കാംക്ഷികളെ ബഹുദൂരം പിന്നിലാക്കി അതിവേഗം പോവുകയാണ് ഡൊണാൾഡ് ട്രംപ്‌. 2016ലെ അമേരിക്കയിലെ പ്രസിഡണ്ടു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ആയി മത്സര രംഗത്ത് വരിക ഡൊണാൾഡ് ട്രംപ് തന്നെ ആവും എന്നിടത്തേയ്ക്കു സംഭവ ഗതികൾ ഉരുത്തിരിയുന്നു. ന്യൂയോർക്ക് നഗരത്തിലും അമേരിക്കയിലെങ്ങും തലയെടുപ്പോടെ നിൽക്കുന്ന നിരവധി അംബര ചുംബികളായ കെട്ടിട സമുച്ചയങ്ങളും ആഡംബര ഹോട്ടൽ ശൃംഖലകളും അനവധി ഗോൾഫ് കോഴ്സുകളും ആരംഭിച്ചു അവയെ  വളർത്തി വലുതാക്കി ഉടമസ്ഥാവകാശം നിലനിറുത്തുന്ന അതി ധനികനാണ്  ട്രംപ്.  കുടുംബത്തിന്റെ ചെറിയ ‘റിയൽ എേസ്റ്ററ്റ്’ വ്യവസായത്തെ ഏറ്റെടുത്ത് മാൻ ഹാട്ടന്റെ ആകാശങ്ങളിൽ മുദ്ര ചാർത്തിയ കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണത്തിലൂടെ റിയൽ എേസ്റ്ററ്റ്  രംഗത്തെ വൻകിട സാമ്രാജ്യമായി മാറ്റിയതാണ് ഡൊണാൾഡ് ട്രംപിന്റെ അനുഭവ സന്പത്ത്.  എൻ.ബി.സി ചാനലിന്റെ 2004 ലെ റിയാലിറ്റി സീരിയൽ ആയ ‘അപ്രന്റീസിൽ’  തന്റെ അതി ധനിക ചമയങ്ങളുമായി പങ്കെടുത്ത ട്രംപ് വൻ വിജയമായിത്തീരുകയും പ്രശസ്തിയുടെ കൊടുമുടി കയറുകയുമുണ്ടായി.  വരുന്ന പ്രസിഡണ്ടു തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി മത്സര രംഗത്തിറങ്ങിയ   പത്തു പന്ത്രണ്ടു പേരിൽ ഒരാളായി താനും ഉണ്ടെന്നു 2015 ജൂണിൽ പ്രഖ്യാപിച്ചപ്പോൾ സ്വന്തം ജീവിത വിജയമാണ് പുത്തൻ അമേരിക്കയെ സൃഷ്ടിക്കുവാനുള്ള ശേഷിക്ക് സാക്ഷ്യ പത്രമായി മുന്നോട്ടു വെച്ചത്. ‘ദൈവം സൃഷ്ടിച്ച പ്രസിഡണ്ടുമാരിൽ ഏറ്റവും മഹത്തരമായി ആ കർത്തവ്യം ഞാൻ അനുഷ്ഠിക്കും. വീണ്ടും നമ്മുടെ രാജ്യം മഹത്തായതായിത്തീരും’ എന്ന പ്രഖ്യാപനത്തിൽ ട്രംപിലെ വ്യവസായിയുടെ തൻപോരിമയാണ് കണ്ടത്.

വിവിധ തരം ജനസേവനങ്ങളുടെ പൊതു രംഗങ്ങളിൽ പ്രവർത്തിച്ച ജീവിത പരിചയങ്ങളിൽ നിന്നും ഇതര സ്ഥാനാർത്ഥികൾ പ്രകടിപ്പിക്കുന്ന കുലീനമായ ഔചിത്യവും പക്വതയും അൽപ്പം പോലും തന്റെ പെരുമാറ്റത്തിൽ പ്രകടിപ്പിക്കാതെ എന്തും വിളിച്ചു പറയുന്നവന്റെ ഇത്തിരി അപഭ്രംശം വന്ന പ്രതിച്ഛായ ഉണ്ടാക്കിയ ട്രംപിന്റെ തുടക്കത്തെ തമാശയോടെയാണ് മാധ്യമ ലോകവും നിരീക്ഷകരും കണ്ടത്. ആദ്യ ഡിബേറ്റിൽ തന്നെ തുടങ്ങിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ എന്തും വിളിച്ചു പറയുന്ന പരുക്കൻ രീതിയെ കോടീശ്വരന്റെ മുതലാളി ശീലങ്ങളിൽ നിന്നു വരുന്ന പ്രകൃതങ്ങളുടെ അസ്ഥാനത്തെ പ്രകടനങ്ങളായിക്കണ്ടു രസിക്കുകയായിരുന്നു എല്ലാവരും. യഥാർത്ഥ രാഷ്ട്രീയക്കാരോടു ഏറ്റു മുട്ടേണ്ടി വരുന്ന  ജനവിധികളുടെ വേളകളിൽ ധനാഡ്യന്റെ വേഷംകെട്ടുകൾ  ഒരു കൊള്ളിമീൻ പോലെ എരിഞ്ഞടങ്ങുമെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും രാഷ്ട്രീയ-മാധ്യമ പണ്ധിതരുടെ തുടക്കത്തിലെ വിലയിരുത്തൽ വലിയ തെറ്റായിരുന്നുവെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഡൊണാൾഡ് ട്രംപ് ഏറെ  ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. ‘ന്യൂയോർക് ടൈംസും’ ‘വാഷിങ്ങ്ടൺ പോസ്റ്റും’ പോലെ പ്രമുഖ പത്രങ്ങളെയും ചാനൽ അവതാരകരേയും ശകാരിക്കുകയും അധിക്ഷേപം ചൊരിയുകയും ചെയ്തു കൊണ്ടു മറ്റാർക്കുമില്ലാത്ത മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും കീഴടക്കുകയുമാണ് ട്രംപ് ചെയ്തത്. നവ മാധ്യമങ്ങൾക്ക് സമൂഹത്തിൽ ചെലുത്തുവാൻ കഴിയുന്ന അപാരമായ സ്വാധീനം ഡൊണാൾഡ് ട്രംപ് പ്രഗത്ഭമായി ഉപയോഗിച്ചു. ധർമ്മാധർമ്മ വിവേചനത്തിനു മുതിരുന്ന എഡിറ്റർമാരുടെയും മാധ്യമ വിശാരദന്മാരുടെയും വിലയിരുത്തലുകളെയും നിയന്ത്രണങ്ങളെയും ആ മാർഗ്ഗത്തിലൂടെ മറികടക്കുകയും ചെയ്തു. 6.7 ദശലക്ഷത്തിൽ അധികമാണ് ട്രംപിനെ ട്വിറ്ററിൽ പിന്തുടരുന്നവർ, ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം. ലോകത്തിലെ ഏതു വലിയ പത്രത്തിന്റെ പ്രചാരത്തെ
ക്കാളും പല മടങ്ങ് മേലെയാണ് ട്രംപിന്റെ സോഷ്യൽ മീഡിയയിലെ സ്വാധീന മണ്ധലം. ദിവസവും അനവധി ട്വീറ്റുകൾ ചെയ്തു കൊണ്ടു ട്രംപ് അവരുമായി സംവദിക്കുന്നു. തന്റെ പ്രകോപനപരമായ ചിന്തകളും ആശയങ്ങളും നേരിട്ടു അവരോടു പറയുന്നു. ആ സാദ്ധ്യതയെ അവഗണിക്കുവാൻ കഴിയാത്ത സ്ഥിതിയിൽ എത്തിയ മാധ്യമ സ്ഥാപനങ്ങൾ അർത്ഥ പൂർണ്ണവും സുചിന്തിതവുമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടു വരുന്പോൾ അത് വൈര നിര്യാതനത്തിനുള്ള കുത്സിത ശ്രമമാണെന്ന് ട്രംപ് ട്വീറ്റ് ചെയത് മാധ്യമങ്ങളെ തോൽപ്പിക്കുന്നു.

മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരെ ‘ബലാൽസംഗം ചെയ്യുന്നവർ’ എന്നു അധിക്ഷേപിക്കുകയും അമേരിക്കയുടെ അതിരിൽ വലിയ മതിൽകെട്ടി അവരെ തടയുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ട്രംപ് ഔചിത്യ സീമകളെയാകെ ലംഘിക്കുകയായിരുന്നു. ആ പ്രസ്ഥാവനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. 2008ലെ സാന്പത്തിക മാന്ദ്യത്തിന്റെ അനന്തര ഫലമായി ഉടലെടുത്ത തൊഴിൽ നഷ്ടങ്ങളുടെയും വിപണി പരാജയങ്ങളുടെയും ക്ലേശങ്ങളെ അതിജീവിക്കുവാൻ പണിപ്പെടുന്ന വെളുത്ത വർഗ്ഗ ഭൂരിപക്ഷത്തിന്റെ ഇടതുപക്ഷ ചായ്്വ് പ്രകടിപ്പിക്കുന്ന ചിന്തകളിലേയ്ക്ക്  അവരുടെ തൊട്ടടുത്തു നിൽക്കുന്ന  കുടിയേറ്റ തൊഴിലാളിയെ ശത്രുവായും  കഷ്ടപ്പാടിന്റെ കാരണക്കാരനായും ചൂണ്ടിക്കാണിക്കുന്നതിൽ ട്രംപ് വിജയിച്ചുവെന്നാണ് പ്രൈമറി തിരഞ്ഞെടുപ്പു ഫലങ്ങൾ വെളിവാക്കുന്നത്. ഭൂരിപക്ഷ പിന്തുണ ആർജ്ജിക്കുവാനായി തൊടുത്ത മറ്റൊരു അസ്ത്രമാണ് മുസ്ലീങ്ങൾ തീവ്രവാദികൾ ആണെന്നും അവരെ അമേരിക്കയിൽ പ്രവേശിക്കുവാൻ അനുവദിക്കുകയില്ലെന്നുമുള്ള വംശീയ വെറി പ്രകടിപ്പിക്കുന്ന പ്രസ്ഥാവന. ‘നൂറു വർഷങ്ങൾ ആടായി ജീവിക്കുന്നതിനേക്കാൾ നല്ലതാണ് സിംഹമായുള്ള ഒരു ദിവസത്തെ ജീവിതം’. ഇതു പറഞ്ഞിട്ടുള്ളത് ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണ ക്രമത്തിന്റെ സ്ഥാപകനായ മുസ്സോളിനിയാണ്. ഡോണാൾഡ് ട്രംപ് ഇപ്പോൾ ആ വാചകങ്ങൾ ട്വീറ്റ് ചെയ്തത് ചർച്ചയാവുകയും അത് മുസോളിനിയുടെ വാക്കുകൾ അല്ലേയെന്ന ചോദ്യത്തിനു ഇങ്ങിനെ  മറുപടി പറയുകയും ചെയ്തു . ‘നിശ്ചയമായും അത് മുസ്സോളിനി ആണെന്നറിയുന്നതിൽ കുഴപ്പമൊന്നുമില്ല. നോക്കു, മുസോളിനി മുസോളിനിയായിരുന്നു... അത് വളരെ നല്ലൊരു ഉദ്ധരണിയാണ്... വളരെയധികം താൽപ്പര്യമുണർത്തുന്നത്...’ അമേരിക്കയിൽ ഫാസിസം വരുന്പോൾ അത് ദേശീയ പതാകയാൽ പൊതിഞ്ഞിരിക്കും, കയ്യിൽ ഒരു കുരിശും ഉണ്ടായിരിക്കും എന്ന്  1935ൽ അമേരിക്കയിൽ ആദ്യമായി സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ സിൻക്ലെയർ ലെവിസ് എഴുതിയിട്ടുള്ളത് ഓർമ്മിപ്പിക്കുന്നതാണ് ട്രംപ് താണ്ടുന്ന വിജയ വഴികൾ. 

റിപ്പബ്ലികൻ പാർട്ടി നേതൃത്വത്തിൽ നിർണ്ണായക ശക്തിയായിരുന്ന നവ ലിബറൽ ആഗോളവത്കരണ പാതയുടെ പ്രയോക്താക്കളായ ‘നിയോ കൺസർവേറ്റീവ്’ പക്ഷത്തെയും ട്രംപ്‌ ബാധിച്ചിരിക്കുന്നു. അവരുടെ ആഗോള മേധാവിത്വ തത്വ ശാസ്ത്ര പ്രകാരമാണ് ബുഷ്‌ ഭരണകൂടം പല അധിനിവേശങ്ങൾക്കും മുതിർന്നതും അവയുടെ തുടർച്ചകൾ ഇപ്പോഴും സംഭവിക്കുന്നതും. നിർമ്മാണ−വിപണന രംഗങ്ങളിൽ അമേരിക്കയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് വെളിയിലേയ്ക്കു രാജ്യത്തെ കൊണ്ടുപോയതും അവരാണ്. അതിനെതിരെയുള്ള വീക്ഷണങ്ങളെ തർക്കിച്ചു തോൽപ്പിക്കുവാൻ അവർക്ക് ശേഷിയുണ്ട്. അമേരിക്കയുടെ വിദേശങ്ങളിലെ സൈനിക സാന്നിദ്ധ്യം അവസാനിപ്പിക്കും എന്നും വിദേശ തൊഴിൽ ബന്ധങ്ങൾക്കു അറുതി വരുത്തുമെന്നും നയം വ്യക്തമാക്കുന്ന ഡോണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനു അരികിലെത്തിയിരിക്കുന്നു. വിദ്വേഷ, വിഭാഗീയ, സങ്കുചിത ദേശീയ നിലപാടുകൾക്ക് പ്രൈമറി തിരഞ്ഞെടുപ്പുകളിൽ വലിയ ജനപിന്തുണ ലഭിക്കുന്നതാണ് അവരെ അന്പരപ്പിക്കുന്നത്. ട്രംപിനെ തുറന്നു കാട്ടുവാനുള്ള ശ്രമങ്ങളുമായി റിപ്പബ്ലിക്കൻ  പാർട്ടി നേതൃത്വം ഇപ്പോൾ മുന്നോട്ടു വന്നു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ മിട്ട് റോംനി പരസ്യ പ്രസ്ഥാവനയുമായി എത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഒരു വ്യാജനും തട്ടിപ്പുകാരനും സ്ത്രീ വിരോധിയും ആണെന്ന് മിട്ട് റോംനി പറഞ്ഞു. ട്രംപ് സ്വന്തം വ്യവസായത്തിൽ ഒരു വിജയം അല്ലെന്നും വിദേശ നയത്തെക്കുറിച്ച് അയാൾക്ക്‌ ഒന്നും അറിയില്ലെന്നും അയാൾ സത്യസന്ധനല്ലാത്ത വ്യക്തിയാണെന്നും റോംനി തുറന്നടിച്ചു. ന്യൂ ജേഴ്സിയിൽ ആയിരക്കണക്കിന് മുസ്ലീങ്ങൾ 9/11 ആഘോഷിക്കുന്നത് താൻ കണ്ടുവെന്നു അയാൾ പറഞ്ഞത് കള്ളമാണെന്നും ഇറാഖ് അധിനിവേശത്തെ അക്കാലങ്ങളിൽ അയാൾ അനുകൂലിച്ചിരുന്നുവെന്നും പറഞ്ഞ മിട്ട് റോംനി ട്രംപിനല്ലാതെ മറ്റാർക്കെങ്കിലും വോട്ടു ചെയ്യുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഒടുവിൽ ട്രംപ് തന്നെ സ്ഥാനാർത്ഥി ആയി വന്നാൽ ഡേമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചെയ്യണമെന്ന നിർദ്ദേശവും റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയരുന്നു. ട്രംപിനെ യഥാസമയം നേരിടുന്നതിലും ചെറുക്കുന്നതിലും വീഴ്ച സംഭവിച്ചു എന്ന് മാധ്യമങ്ങളെയും റിപ്പബ്ലികൻ പാർട്ടി നേതൃത്വത്തെയും പഴിക്കുന്ന വാദഗതികൾ ഉയർന്നു വരുന്ന സമയമാണിത്. അപ്പോൾ തന്നെയാണ് ‘ഹിന്ദൂസ് ഫോർ ട്രംപ്’ എന്ന ഫെയ്സ് ബുക്ക് പേജ് പ്രത്യക്ഷമാകുന്നത്. ചുവപ്പും വെള്ളയും നീലയും നിറത്തിലെ താമരയിൽ വിചിത്രമായി കാണപ്പെടുന്ന ഒരു ട്രംപ് ഓം സഹിതം  ആസനസ്ഥനായിരിക്കുന്നതാണ് അതിലെ  ട്രംപ് ലോഗോ. 

അമിതാധികാര പ്രയോഗത്തിനു വേണ്ടി ദേശീയതയുടെ കപട വ്യാഖ്യാനങ്ങൾ ഉപയോഗിക്കുക എന്ന് പരക്കെ പ്രചാരത്തിൽ ഉള്ള രീതി തന്നെയാണ് ട്രംപും എടുത്തു പെരുമാറുന്നത്. അമേരിക്കയ്ക്കു വെളിയിലേയ്ക്ക് തൊഴിലുകൾ കൊണ്ടു പോകുന്നതും പുറത്തുള്ളവർ ജോലി ചെയ്യേണ്ടി വരുന്നതും അവസാനിപ്പിക്കുമെന്നതാണ് ട്രംപിന്റെ മണ്ണിന്റെ മക്കൾ വാദത്തിന്റെ രീതി. ഇത്തരം പ്രഖ്യാപനങ്ങളും നിലപാടുകളും പുറത്ത് വന്നപ്പോൾ സ്വാഭാവികമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സംഭവിച്ചു തുടങ്ങി. ഉരുക്കു മുഷ്ടിയാൽ അടിച്ചു തകർത്തും കിരാതമായി ആക്രമിച്ചുമാണ് പ്രതിഷേധങ്ങളെ ട്രംപ് നേരിട്ടത്. ഇവനെയൊക്കെ സ്ട്രച്ചറിലാണ് ‍‍‍‍പുറത്താക്കേണ്ടതെന്നാണ് ഒരു ബഹളക്കാരനെ കൊണ്ടു പോകുന്നവരോട് പ്രസംഗ പീഠത്തിൽ നിന്ന് ട്രംപ് വിളിച്ചു പറഞ്ഞത്. അവന്റെ മുഖത്തൊന്നു കൊടുക്കാൻ എനിക്കു തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് കരോലിനയിലെ ട്രംപ് റാലി നടക്കുന്പോൾ പ്രതിഷേധം പ്രകടിപ്പിച്ച ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖത്ത് തന്നെയാണ് ട്രംപ് അനുയായിയായ വെള്ളക്കാരൻ ഇടിച്ചു ചോര വരുത്തിയത്. ഇനി അവൻ വന്നാൽ കൊന്നു കളയും എന്ന് പറഞ്ഞ അനുയായിയെ പിറ്റേന്നു പോലീസ് അറസ്റ്റ് ചെയ്തു. പക്ഷെ ആർക്കെങ്കിലും അങ്ങിനെ വല്ലതും സംഭവിച്ചാൽ വക്കീൽ ഫീസ് താൻ കൊടുക്കുമെന്നും ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്. മത ഭ്രാന്തിന്റെയും വംശീയതയുടെയും അമിതാധികാര പ്രയോഗങ്ങളുടെയും പാതയിലെ ഈ പ്രഖ്യാപനങ്ങൾ അമേരിക്ക ഉയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ സാരാംശങ്ങൾക്കും മൂല്യങ്ങൾക്കും എതിരാണെന്നും അത് അമേരിക്കയുടെ ദാർശനിക നേതൃത്വം മുന്നോട്ടു െവച്ച ‘അമേരിക്കൻ സ്വപ്നം’ എന്ന സങ്കൽപ്പത്തെ തകർക്കുമെന്നും ബൗദ്ധിക ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ന്യൂയോർക്ക് ടൈംസ് ആ വിഷയത്തിൽ എഴുതിയ മുഖ പ്രസംഗത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഫാസിസത്തിന്റെ വക്കിലേക്കു ട്രംപ് കൊണ്ടുപോയിരിക്കുകയാണ് എന്ന വെളിപ്പെടുത്തൽ ഉണ്ടായി. അമേരിക്കയുടെ മഹത്വം പുനഃസ്ഥാപിക്കുമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങളിൽ ഹിറ്റ്‌ലറെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അമേരിക്കൻ ഫാസിസത്തിന്റെ ആദി രൂപങ്ങളെയും  ദർശിക്കുന്ന പ്രബന്ധങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.

You might also like

Most Viewed