ഭീഷണികളുടെ പോർമുഖങ്ങൾ
വി.ആർ. സത്യദേവ്
കാറ്റു വിതച്ചവൻ കൊടുങ്കാറ്റു കൊയ്യുമെന്നൊരു വചനമുണ്ട്. അന്തച്ഛിദ്രവും അസ്വസ്ഥതകളുമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ആത്യന്തികമായി അതിന്റെയൊക്കെഫലം അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യുമെന്നാണ് പറയുന്നത്. ലോക പൊലീസായ അമേരിക്കയും അത്തരത്തിലൊരു അനിവാര്യമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണോ കടന്നു പോകുന്നതെന്ന സംശയം ശക്തമാകുന്നു. കഷ്ടകാല നേരത്ത് തല മൊട്ടയടിക്കുന്പോൾ കല്ലുമഴ പെയ്യുമെന്നാണ് തമാശ. പ്രതിസന്ധികൾ അകത്തും പുറത്തും നിന്ന് ഒരേ നേരത്തുണ്ടാകും. പ്രതീക്ഷിക്കാത്ത ദിശകളിൽ നിന്നൊക്കെ പ്രശ്നങ്ങൾ ഉയർന്നു വരും. അത് ആഭ്യന്തരവും വൈദേശികവും ഒക്കെയാകാം. ഒരുകാലത്ത് അതിനിസാരമായി പരിഹരിക്കാവുന്ന നിരവധി പ്രശ്നങ്ങൾ അപരിഹാര്യമായി തുടരും എന്നാതാണ് ഇതിലുമൊക്കെ കൗതുകകരമായ കാര്യം. പറഞ്ഞു വരുന്നത് വാരഫലമോ ദ്വൈവാരഫലമോ വർഷ ഫലമോ എന്നു ഒന്നുമല്ല. വസ്തുതകൾ വിശദമായെന്ന് പരിശോധിച്ചാൽ അമേരിക്കൻ ഐക്യ നാടുകളെന്ന, ലോകത്തെ ഏറ്റവും ശക്തമായ രാജ്യം കടന്നു പോകുന്നത് ഇത്തരം ഒരുനൂറായിരം പ്രശ്നങ്ങളുടെ നീർച്ചുഴികളിലൂടെയാണ് എന്നു മനസ്സിലാക്കാം.
ആഗോള ജനാധിപത്യത്തിന്റെ കാവൽഭട സ്ഥാനത്ത് സ്വയം പ്രതിഷ്ടിച്ചവരാണ് അമേരിക്ക. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി രാഷ്ട്രനായകന്മാരെ വാഴിക്കുകയും വീഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് അമേരിക്ക. അതൊക്കെ അവരുടെ സ്വന്തം താൽപ്പര്യ സംരക്ഷണം മുൻ നിർത്തയുള്ള ഭരണ മാറ്റങ്ങൾ തന്നെയായിരുന്നു. അതിനൊക്കെ അവർ എന്നും പറഞ്ഞിരുന്ന ന്യായം ജനാധിപത്യ സംരക്ഷണവും ജനാധിപത്യ സ്ഥാപനവുമായിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ അമേരിക്കയിലെ ജനാധിപത്യ സംവിധാനങ്ങൾ എത്രത്തോളം കുറ്റമറ്റതാണെന്ന കാര്യത്തിൽ പക്ഷേ പണ്ടേ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് ഉത്തമേദാഹരണങ്ങളിലൊന്നാണ് അവിടുത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്.
സുതാര്യതയാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര. ഈ സുതാര്യത അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അവശ്യത്തിനുണ്ടോ എന്ന കാര്യം സംശയമാണ്. അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അതി ദീർഘമായ പ്രക്രിയയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും ഓരോ സ്ഥാനാർത്ഥികൾക്കു മാത്രമാണ് അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയുക. എന്നാൽ ഈ രണ്ടു കക്ഷികളുടെയും സ്ഥാനാർത്ഥിത്വത്തിനായി നിരവധി പേരാണ് രംഗത്തുണ്ടാവുക. രണ്ടു വർഷത്തോളം സമയമെടുത്താണ് ഇവരിൽ നിന്നും അവസാന രണ്ടു പേരെ കണ്ടത്തുന്നത്. ഒടുക്കം പ്രഖ്യാപനം വരുന്പോൾ ആരുടെ വോട്ട് എത്രയെണ്ണി, എങ്ങനെയെണ്ണി എന്നൊന്നും പൊതുജനങ്ങൾക്ക് തിരിച്ചറിയാനാവാതെ പോയ സംഭവം ഈ നൂറ്റാണ്ടിലെ ആദ്യ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലായിരുന്നു അരങ്ങേറിയത്. റിപ്പബ്ലിക്കൻ പക്ഷത്ത് ജോർജ് ഡബ്ല്യൂ ബുഷെന്ന ജൂനിയർ ബുഷും ഡെമോക്രാറ്റിക് പക്ഷത്ത് വൈസ് പ്രസിഡണ്ട് അൽ ഗോറുമായിരുന്നു പോരാളികൾ. അതിശക്തമായ മൽസരമായിരുന്നു ഇരു സ്ഥാനാർത്ഥികളും അന്നു കാഴ്ച വെച്ചത്. ഒടുക്കം ഫ്ളോറിഡ സംസ്ഥാനത്തെ വോട്ടുകളെണ്ണിയപ്പോൾ അരാണു മുന്നിലെന്നു വ്യക്തമായി അറിയാനാവാത്ത സ്ഥിതിയിലെത്തി. അണ്ടർ വോട്ടുകളും ഓവർ വോട്ടുകളുമായിരുന്നു ആ തിരഞ്ഞെടുപ്പിലെ വില്ലന്മാർ.
കൃത്യമായി ചെയ്യപ്പെടാത്ത വോട്ടുകളെ അസാധു വോട്ടുകളെന്ന ഗണത്തിൽ പെടുത്താനും അന്തിമ ഫലത്തിൽ അവ പരിഗണിക്കപ്പെടാതിരിക്കാനുമുള്ള വ്യവസ്ഥകൾ ഇന്ത്യയുടെ വോട്ടിംഗ് സംവിധാനത്തിലുണ്ട്. അതിലും ഒരു പടി കൂടി കടന്ന് മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളിലാരെയും പിന്തുണയ്ക്കാതെ നോട്ടയ്ക്കു വോട്ടു ചെയ്ത് വിരുദ്ധ നിലപാടെടുക്കാനും ഇന്ത്യൻ ജനാധിപത്യത്തിൽ വ്യവസ്ഥയുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ നോട്ടക്കായി ചിഹ്നം പോലും സജ്ജമാകും എന്നാണറിയുന്നത്. ഇതിനപ്പുറത്തും അസാധു വോട്ടുകളുണ്ടാവുന്നത് സമ്മതിദായകൻ ഒന്നലധികം സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുന്പോഴോ വോട്ടിംഗ് മുദ്ര ബാലറ്റ് പേപ്പറിൽ പതിയാതിരിക്കുന്പോഴോ ഒക്കെ മാത്രമാണ്. ഇത്തരം പിഴവുകളും പരമാവധി ഒഴിവാക്കാൻ പ്രോക്സി വോട്ടിംഗടക്കമുള്ള സംവിധാനങ്ങൾ നമുക്കുണ്ട്. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയുടെ പുരോഗതിയാണ് ഇതൊക്കെ എടുത്തു കാട്ടുന്നത്. മറ്റെല്ലാക്കാര്യങ്ങളിലും പുരോഗതിയുടെ കാര്യത്തിൽ ലോകോത്തരമായ അമേരിക്ക പക്ഷേ ഇത്തരം നിസാര കാര്യങ്ങളിൽ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല എന്നാണ് രണ്ടായിരത്തിലെ അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പ് ലോകത്തിനു മുന്നിൽ വ്യക്തമാക്കിയത്.
അസാധുക്കളുടെ എണ്ണമേറുന്നത് ആ സമൂഹത്തിനു കൃത്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അറിയാതെ വരുന്പോഴാണെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടായിരത്തിലെ തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുണ്ടായ അണ്ടർ വോട്ടുകളും ഓവർ വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്താൻ ഫ്ളോറിഡ സംസ്ഥാനത്ത് മാത്രം ഒരു മാസത്തിനടുത്ത് സമയമാണ് എടുത്തത്. അമേരിക്കക്കാരന് കൃത്യമായി വോട്ടു ചെയ്യാനറിയില്ലെന്ന പരിഹാസമുയരാൻ ഇത് അന്നു വഴി വെച്ചു. തുടർന്ന് അമേരിക്കൻ സുപ്രീം കോടതി പ്രശ്നത്തിൽ ഇടപെടുകയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ജോർജ് ബുഷിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. പക്ഷേ ബുഷിനു കോടതി പ്രസിഡണ്ടു പദവി സമ്മാനിക്കുകയായിരുന്നു എന്ന ആരോപണമുയരാൻ അതു കാരണമായി. അമേരിക്കൻ വോട്ടിംഗ് സംവിധാനത്തിന്റെ ദൗർബല്യം ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ട നാണക്കേടിന്റെ ഭാരം ലഘൂകരിക്കാൻ പക്ഷേ അന്നു മറുപക്ഷം തയ്യാറായി. സുപ്രീം കോടതി വിധിക്കെതിരേ പരാതിയുമായിപ്പോകാതെ അൽ ഗോറും കൂട്ടരും മാന്യത പുലർത്തി. മാധ്യമങ്ങളടക്കം പല ഏജൻസികളും അന്നത്തെ തിരഞ്ഞെടുപ്പു ഫലം പിന്നീട് സർവ്വേകളിലൂടെ ആവർത്തിച്ചാവർത്തിച്ചു പരിശോധിച്ചു. പരിശോധനാ ഫലങ്ങൾ പലതും സുപ്രീം കോടതിയുടെ തീരുമാനം യുക്തമായിരുന്നെന്നു വിലയിരുത്തി. എന്നാൽ ജനാധിപത്യ അമേരിക്കയുടെ മനസ്സിൽ അതൊരു തീരാ കളങ്കവും മായാത്ത സംശയത്തിന്റെ മുദ്രയുമായി അവശേഷിക്കുന്നു.
ഇതിനു സമാനമായിട്ടില്ലെങ്കിലും ഇത്തവണത്തെ പ്രസിഡണ്ടു തിരഞ്ഞെടുപ്പും ജനാധിപത്യ അമേരിക്കയുടെ പ്രതിച്ഛായക്കു കളങ്കമേൽപ്പിക്കുന്ന തരത്തിലാണ് പുരോഗമിക്കുന്നത്. സ്ഥാനാർത്ഥിത്വ പോരാട്ടത്തിന്റെ തുടക്കത്തിൽ കാര്യമായ സാദ്ധ്യത കൽപ്പിക്കപ്പെടാതിരുന്ന വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. എന്നാൽ പിന്നീട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വ മോഹികളിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ച ട്രംപിന്റെ വാക്കുകളും പ്രവർത്തിയും തിരഞ്ഞെടുപ്പു രംഗത്തുണ്ടാക്കുന്ന കോളിളക്കങ്ങൾ വളരെ വലുതാണ്. ഏറെ വിമർശകരെ സൃഷ്ടിച്ചാണ് ട്രംപിന്റെ പ്രചാരണം മുന്നേറുന്നത്. എന്തിനേറെ ആഗോള കത്തോലിക്കാ സഭാ നായകന്റെ വരെ വിമർശനത്തിന് ട്രംപിന്റെ നിലപാടുകൾ വഴിവെച്ചു. പക്ഷേ സ്ഥാനാർത്ഥിത്വ പോരാട്ടത്തിൽ ട്രംപ് മുന്നേറ്റം തുടരുകയാണ് എന്നതാണ് കൗതുകം.
അതിനിടെയാണ് കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രാചാരണ റാലിക്കിടെ നടന്ന സംഘർഷം പുതിയ വിവാദങ്ങൾക്കു വഴിമരുന്നിട്ടിരിക്കുന്നത്. തന്റെ യോഗങ്ങൾ അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടത്തുന്നവർക്കെതിരേ നിയമ നടപടികളെടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പ്രചാരണ രംഗത്തെ എതിരാളികളിലൊരാളായ ബേണി സാൻഡേഴ്സിന്റെ അനുയായികളാണ് ചിക്കാഗോയിലെ പ്രചാരണ യോഗത്തിനിടെ സംഘർഷമുണ്ടാക്കിയതെന്നാണ് ട്രംപ് ആരോപിക്കുന്നത്. റിപ്പബ്ലിക്കൻ പക്ഷത്തെ എതിരാളികളെ വിട്ട് ഡെമോക്രാറ്റിക് പക്ഷത്തെ സാൻഡേഴ്സിനെതിരായ ട്രംപിന്റെ ആരോപണത്തിനു പിന്നിലെ യഥാർത്ഥ ഉദ്ദേശമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അവസാനം വരെ ട്രംപ് മത്സര രംഗത്തുണ്ടാകുമോയെന്ന് തുടക്കത്തിൽ അഭിപ്രായപ്പെട്ട വിദഗ്ധരുടെ നിലപാട് ശരിയാണോയെന്ന സംശയം ജനിപ്പിക്കുന്നതു കൂടിയാണ് ട്രംപിന്റെ പുതിയ ചെയ്തികൾ.
ആഭ്യന്തര രംഗം ഇങ്ങനെ കലങ്ങി മറിയുന്നതിനിടെ ഉത്തര കൊറിയയും ചൈനയുമൊക്കെ അമേരിക്കക്കു കൂടുതൽ തലവേദന പകരുന്നു. ഉത്തരകൊറിയൻ സർവ്വാധിപൻ കിം ജോംഗ് ഉൻ അണ്വായുധ പരീക്ഷണം നടത്തിയെന്ന് അവകാശപ്പെട്ടിട്ടും അമേരിക്കക്കു കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. അടുത്ത പടിയായി ഒരു ആണവയുദ്ധത്തിനു തയ്യാറായിരിക്കാൻ കിം സ്വന്തം സൈന്യത്തിനു നിർദ്ദേശം കൊടുത്തിട്ടും അതു കണ്ടു നിൽക്കാൻ മാത്രമാണ് അവർക്കാകുന്നത്. അതിനുമപ്പുറത്താണ് ആഗോള രാഷ്ട്രീയത്തിലെ ഒന്നാം സ്ഥാനത്തിനായി അമേരിക്കയോടു മത്സരിക്കുന്ന ചൈന അതിന്റെ സൈനിക ശക്തി കുത്തനെ കൂട്ടാൻ പോകുന്നു എന്ന വാർത്ത. ഈ പറഞ്ഞതൊക്കെ ജനാധിപത്യത്തിനെതിരായ വെല്ലുവിളികളാണ്. അമേരിക്കയെപ്പോലെ ശക്തമായ രാഷ്ട്രങ്ങൾക്കു മാത്രമേ അതിനോട് ഫലപ്രദമായി എതിരിടാനാവൂ. അത് ഇനി പക്ഷേ ഒറ്റയ്ക്കൊരു രാജ്യത്തിനും എളുപ്പത്തിൽ സാദ്ധ്യമാകുന്ന കാര്യമല്ല. ബ്രിട്ടണും ഓസ്ട്രേലിയയും പോലുള്ള ഏറാൻമൂളി സാമന്തന്മാരുടെ മാത്രം പങ്കാളിത്തം കൊണ്ടും അതുണ്ടാവില്ല. സ്വന്തം കയ്യൂക്കിന്റെ കരുത്തുണ്ടാക്കിയ അഹങ്കാരം മൂലം ലോകത്തെ മൊത്തം വെറുപ്പിക്കുന്ന ശൈലിയിൽ നിന്നും അമേരിക്ക പിന്നാക്കം പോകാൻ സമയമായിരിക്കുന്നു. ഇരട്ടത്താപ്പുകൾക്ക് ഒരവസാനം ഉണ്ടാവുക തന്നെ ചെയ്യും. ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് സമഗ്രാധിപത്യം നടപ്പാക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയല്ലാതെ അമേരിക്കക്കു മുന്നിൽ വേറേ വഴികളില്ല.