രണ്ട് ലിംഗവും ഒരാളിൽ‍ത്തന്നെ ആയാൽ‍


കൂക്കാനം റഹ്മാൻ

 

ലിംഗസമത്വം, ലിംഗനീതി, ലിംഗപദവി തുടങ്ങിയ വാക്ക് പ്രയോഗങ്ങൾ‍ കേൾ‍ക്കാനും, വായിക്കാനും തുടങ്ങിയിട്ട് നാളേറെയായി. ഇതിന്റെ പേരിൽ‍ വിമർ‍ശനങ്ങളും, സെമിനാറുകളും, ചർ‍ച്ചകളും ഒരുപാട് നടന്നു. ഇന്നും നടന്നു കൊണ്ടിരിക്കുന്നു. ഒന്നാം ലിംഗക്കാരും, രണ്ടാം ലിംഗക്കാരും കഴിഞ്ഞ് മൂന്നാം ലിംഗക്കാരും സജീവമായിക്കഴിഞ്ഞു. ഇതേവരെ മൂന്നാം ലിംഗക്കാർ‍ എന്നൊരു വിഭാഗത്തെക്കുറിച്ച് പരാമർ‍ശങ്ങളൊന്നുമുണ്ടായിരുന്നില്ല. ആണും പെണ്ണും കെട്ടവർ‍ എന്ന പുച്ഛഭാവത്തോടെയുള്ള സമീപനമായിരുന്നു ‘ട്രാൻ‍സ്ജൻഡർ‍’ എന്ന പേരിലറിയപ്പെടുന്ന ഈ വിഭാഗത്തെക്കുറിച്ചു സമൂഹത്തിനുണ്ടായിരുന്നത്. അതിന് അൽ‍പം മാറ്റം വരുത്താൻ കഴിഞ്ഞു മൂന്നാംലിംഗ പദവി കിട്ടിയതിനാൽ‍. റിക്കാർ‍ഡുകളിലൊക്കെ ഇനി ഇത്തരക്കാരെ മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്താനും നടപടിയായിക്കഴിഞ്ഞു.

നീതിക്കും സമത്വത്തിനും വേണ്ടി വാദിക്കുകയും സമരം ചെയ്യുകയും ഒക്കെ ചെയ്തിട്ടും പുരുഷന് തന്നെ എന്നും പ്രമാദിത്വം. അവരാണല്ലോ ഒന്നാം ലിംഗക്കാർ‍, രണ്ടാം തരക്കാരിയായി സ്ത്രീകളും, ഇപ്പോൾ‍ മൂന്നാം ലിംഗം വന്നതിനാൽ‍ ഇടയിലായി സ്ത്രീ അഥവാ രണ്ടാം ലിംഗക്കാർ‍. ‘ട്രാൻസ് ജൻ‍ഡേർ‍സ്’ വിഭാഗത്തിന് മൂന്നാം ലിംഗക്കാർ‍ എന്ന പേരു നൽ‍കിയപ്പോഴാണ് ഒന്നും രണ്ടും ലിംഗാവസ്ഥയെ കുറിച്ച് ചിന്തിച്ച് പോയത്.

തരംതിരിവും വേർ‍തിരിവും സമത്വചിന്തയെ തകിടം മറിക്കും. മനുഷ്യരായി ജനിച്ചവർ‍ക്ക് എല്ലാ കാര്യത്തിലും തുല്യത ഉറപ്പുവരുത്തണം. ലിംഗവ്യത്യാസം കണക്കിലെടുത്ത് വേർ‍തിരിവ് ഉണ്ടാക്കുന്പോഴാണ് പ്രശ്‌നങ്ങൾ‍ ഉടലെടുക്കുന്നത്. ഭൂമിയിൽ‍ ജനിച്ചുവീഴുന്ന മനുഷ്യരെല്ലാം ഇപ്പറഞ്ഞ മൂന്നുവിഭാഗത്തിലേതെങ്കിലുമൊന്നിൽ‍ പെടും. അതുചൂണ്ടിക്കാട്ടി അംഗീകരിക്കപ്പെടലും, പുച്ഛിക്കപ്പെടലും ഉണ്ടാകുന്പോഴാണ് മനുഷ്യരിൽ‍ മാനസിക സംഘർ‍ഷമുടലെടുക്കുന്നത്. ഇതിന് പരിഹാരം വല്ലതുമുണ്ടോ എന്ന് ‘സ്ത്രീ പക്ഷ’ത്തുനിന്ന് സംസാരിക്കുന്പോഴും എഴുതുന്പോഴും ഞാൻ ആലോചിക്കാറുണ്ട്.

എന്റെ ചിന്തയ്ക്ക് പ്രചോദനമേകുന്ന ഒരു ഫിക്ഷൻ കഥയുമയി കെ.ജി കൊടക്കാട് വീട്ടിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. വായിച്ചു നോക്കാൻ‍ പറഞ്ഞു. ഒരു അവതാരിക എഴുതിത്തരണമെന്നും കൂട്ടത്തിൽ‍ ആവശ്യപ്പെട്ടു. ഞാൻ ഗുരുതുല്യനായി ബഹുമാനിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തിന്റെ നിർ‍ദേശം അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഒരേ ഇരുപ്പിൽ‍ ഇരുനൂറോളം പേജ് വരുന്ന കഥയുടെ ഡ്രാഫ്റ്റ് വായിച്ചു തീർ‍ത്തു.

ആൺ പെൺ വ്യത്യാസമില്ലാത്ത ഒരു സമൂഹ സൃഷ്ടി ഉണ്ടാവണമെന്നും, എല്ലാ കാര്യത്തിലും തുല്യതയിലും സന്തോഷത്തിലും കഴിയുന്ന അവസ്ഥ ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നവർ‍ക്ക് സാങ്കൽ‍പ്പികമായിട്ടാണെങ്കിലും സ്വപ്നം കാണാൻ പറ്റുന്ന കാര്യമാണിത്. അതാണ് ഈ ഫിക്ഷനിലെ പ്രാധാന പ്രതിപാദ്യവിഷയവും.

‘പജ്മ’യെന്ന അന്യഗ്രഹത്തിൽ‍ നിന്നും അന്തമാനിലെ വനാന്തർ‍ഭാഗത്ത് ഒരു അന്യപേടകം ഇടിച്ചിറങ്ങുന്നു. പേടകത്തിനകത്ത് സർ‍വസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയെക്കുറിച്ച് പഠിക്കാൻ പജ്മയിലെ ഭരണാധികാരികൾ‍ ഒരുക്കി അയച്ചതാണ് ഈ പേടകം. പേടകം തുറന്നു കിട്ടാനും, അതിനുള്ളിലെ മനുഷ്യരെയും സജ്ജീകരണങ്ങളെയും കുറിച്ചറിയാനും മാസങ്ങളോളം നീണ്ട യത്‌നം വേണ്ടിവന്നു.

അവസാനം രഹസ്യം കണ്ടെത്തി. അതിനകത്ത് പത്തോളം യന്ത്രമനുഷ്യരും രണ്ടു ജീവനുള്ള മനുഷ്യരും ഉണ്ട്. പേടകത്തിനകത്തെ മറ്റ് വിശേഷങ്ങളും, സൗകര്യങ്ങളും, പേടകത്തിന്റെ യാത്രാസൗകര്യവും എല്ലാം കഥയിൽ‍ വിവരിച്ചിട്ടുണ്ട്. അതൊന്നും ഈ കുറിപ്പിൽ‍ വിശദമാക്കുന്നില്ല. 

നമുക്ക് കഥയിലെ സൂര്യയെയും സോനയെയും പരിചയപ്പെടാം. അവരുടെ രൂപഭാവം ഇങ്ങിനെയൊക്കെയാണ്. ഇടതൂർ‍ന്ന നീണ്ട മുടി ചുരുട്ടിക്കൂട്ടി പിന്നിൽ‍ കെട്ടിവെച്ചിരിക്കുന്നു. നെറ്റി അതിമനോഹരം, കണ്ണുകൾ‍ ആകർ‍ഷകം. കവിൾ‍ത്തടങ്ങൾ‍ അതിമനോഹരം. കാണികളെ കുഴക്കിയ കാഴ്ച വേറൊന്നായിരുന്നു. മൂക്കിനുതാഴെ നല്ല മീശ. താടിരോമങ്ങൾ‍, ചുകന്നു തുടുത്ത ചുണ്ടുകൾ‍. മാറിടം സ്ത്രീകളെ നാണിപ്പിക്കും വിധം ഉരുണ്ട് കൊഴുത്ത് അതിനെ ഭംഗിയുള്ള മുലക്കച്ച കൊണ്ട് മറച്ചിരിക്കുന്നു.

താഴെ മനോഹരമായ കുത്തനെയുള്ള വയറ്. പൊക്കിൾ‍ക്കൊടി ആഴം കൂടിയത്. അരക്കെട്ടിൽ‍ ഒരു ഹാഫ് ട്രൗസർ‍ മുട്ടോളം മറച്ചിരിക്കുന്നു. കാലുകൾ‍ രണ്ടും മിനുസമുള്ളതും രോമരഹിതവും.  ആണാണോ, പെണ്ണാണോ ഉറപ്പാക്കാൻ‍ പ്രയാസം. പജ്മയിൽ‍ ആണും പെണ്ണുമില്ല. രണ്ടും ഒരാളിൽ‍ തന്നെ ഉണ്ട്. ആണും പെണ്ണും വേറെ വേറെ ഇല്ല. രണ്ടും ഒരാളിൽ‍ തന്നെ. വംശ വർ‍ദ്ധനയ്ക്കുവേണ്ടി ആർ‍ക്കും ആരെയും പ്രസവിപ്പിക്കാനും, സ്വയം പ്രസവിക്കാനും സാധിക്കും. ദ്വിലിംഗികളായ ഇവർ‍ക്ക് എതിർ‍ലിംഗികൾ‍ കാണാതിരിക്കാൻ‍ ശരീരം മൂടി നടക്കേണ്ട ആവശ്യമില്ല. പജ്മയിലെ ആളുകൾ‍ക്ക് നാണം വേണ്ട. എതിർ‍ലിംഗികളെന്ന പരിഗണന വേണ്ട. പരസ്പരം ലൈംഗികാകർ‍ഷണമില്ല. പുറത്തുപോകുന്പോൾ‍ മാത്രം ഡ്രസ് ധരിക്കും. വീട്ടിനകത്ത് വിവസ്ത്രരാണ്.

ഇവരിൽ‍ സ്ത്രീ പുരുഷാവയവങ്ങളെല്ലാം അതിന്റെ പൂർ‍ണതയിൽ‍ത്തന്നെ കാണാൻ കഴിയും. സ്ത്രീ പുരുഷ ഹോർ‍മോണുകൾ‍ തുല്യ അളവിൽ‍ ഉൽ‍പ്പാദിപ്പിക്കുന്നു. മാസമുറയില്ല. അവിഹിത ഗർ‍ഭം എന്നൊന്നില്ല. പ്രേമമെന്ന അടക്കാനാവാത്ത വികാരമൊന്നും അവിടത്തുകാർ‍ക്കില്ല. എല്ലാവരും സർ‍വസ്വതന്ത്രരാണ്. പ്രസവം സ്വകാര്യമായിട്ടല്ല എല്ലാവരും സാക്ഷികളായിത്തന്നെ പ്രസവിക്കും...സാങ്കൽ‍പിക കഥയാണിത് ‘വിശ്വകുശലന്മാർ‍’ എന്ന പേരിൽ‍ അടുത്തുതന്നെ പ്രസിദ്ധീകരണം നടക്കും. പജ്മയിലെ ജനങ്ങൾ‍ക്ക് പ്രശ്‌നരഹിതമായ ജീവിതം നയിക്കാൻ പറ്റും. അവിടെ വേർ‍തിരിവില്ലാത്ത സമൂഹമാണ്. എല്ലാകാര്യത്തിലും എല്ലാവരും തുല്യരാണ്.

ആണും പെണ്ണും തമ്മിൽ‍ നടക്കുന്ന യഥാർ‍ത്ഥ പ്രേമമോ, കാപട്യപ്രേമമോ അവിടെയില്ല. അതിന്റെ പേരിൽ‍ നടക്കുന്ന കൊലയും, ആത്മഹത്യകളുമില്ല. ഹോ! എത്ര സുന്ദരമായൊരു ലോകം! ലൈംഗിക ചൂഷണമില്ല. സ്വന്തം അച്ഛനും, മാമനും, സഹോദരനും, അധ്യാപകനും, ലൈംഗികചൂഷണം ചെയ്യുമെന്ന ഭയം വേണ്ട. പെൺ‍കുഞ്ഞ് ജനിക്കുന്നത് തന്നെ അപകടവും, പ്രയാസവുമായി കാണേണ്ട ഗതികേടില്ല. റിസർ‍വേഷനും, സ്ഥാനമാനങ്ങളും, ഓഹരിവെക്കപ്പെടേണ്ടതില്ല. ഭർ‍ത്താവെന്ന ഭരണകർ‍ത്താവും ഭാര്യയെന്ന വെപ്പാട്ടിയുമില്ല. കുഞ്ചൻ നന്പ്യാർ‍ പണ്ടേ ചൊന്ന പോലെ

‘കനകം മൂലം കാമിനി മൂലം

കലഹം പലവിധ മുലകിൽ‍ സുലഭം’ ഉണ്ടാവില്ല.

ലിംഗവ്യത്യാസങ്ങളെ നന്പരുകൾ‍ കാണിച്ച് കീഴ്‌മേൽ‍വരുത്തുന്ന രീതി ഉണ്ടാവില്ല. ഒളിച്ചോട്ടവും, സ്ത്രീധന പീഡനവും, പുരുഷാധിപത്യവും എല്ലാം അവസാനിപ്പിക്കാൻ പറ്റും. പജ്മ എന്ന സാങ്കൽ‍പിക ഗ്രഹം യാഥാർ‍ത്ഥ്യമാകാനല്ല. അതൊരിക്കലും ആവില്ല. പക്ഷേ ഭൂമിയിലെ മനുഷ്യരുടെ ചിന്താധാരയിലേക്ക് ആൺ − പെൺ വ്യത്യാസങ്ങൾ‍ ഇത്രയേയുള്ളു എന്ന ആശയം കൊണ്ടുവരാനും, ഒരേ ശരീരത്തിൽ‍ ഇരു ലൈംഗികാവയവങ്ങളും ഉണ്ടായിത്തീർ‍ന്നാൽ‍ വ്യത്യസ്തയും വ്യതിരക്തതയും ഇല്ലാത്ത അവസ്ഥ ഉണ്ടാവില്ലേ എന്ന ധാരണ ഉണ്ടാക്കാനും സാധിക്കില്ലേ?

എനിക്കു മാത്രമെ പ്രസവിക്കാനുള്ള കഴിവുള്ളു എന്ന് സ്ത്രീയും ഞാനില്ലെങ്കിൽ‍ കുഞ്ഞുണ്ടാവില്ലല്ലോ എന്ന് അഹങ്കരിക്കാൻ പുരുഷനും ചിന്തിക്കുന്ന അവസ്ഥ മാറിക്കിട്ടും. ഈ രണ്ട് അവയവങ്ങളും എന്നിലുണ്ടായാൽ‍ പരസ്പരം പ്രശ്‌നങ്ങൾ‍ ഉണ്ടാവില്ലല്ലോ എന്ന ചിന്തയും ഉരുത്തിരിയാൻ ഈ കഥാസമാഹാരത്തിലൂടെ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്.

 

തീർ‍ച്ചയായും നമ്മുടെ ജീവിത കാഴ്ചപ്പാടുകളും ജീവിത രീതികളും അടിമുടി മാറേണ്ടതായിട്ടുണ്ട്. ചൂഷണവും, പീഡനവും, ബലാൽ‍ക്കാരങ്ങളും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. തുല്യനീതിയും, സ്വാതന്ത്ര്യവും ഒരേ പോലെ അനുഭവിക്കാനുള്ള അവസര സാക്ഷാൽ‍ക്കാരവും സ്ത്രീ − പുരുഷ സമത്വവും ഉണ്ടാവട്ടെയെന്ന് സാങ്കൽ‍പ്പികമായിട്ടെങ്കിലും നമുക്ക് ആശിക്കാം...

You might also like

Most Viewed