ചുരുട്ടിന്റെ മണമുള്ള ഓർമ്മകളും ചില ചിന്തകളും
ഇസ്മായിൽ പതിയാരക്കര
മരണം മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു നിത്യ സത്യമാണെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം അതൊരു കള്ളമായിരിക്കട്ടെ എന്നത്രേ നാമേവരും നിനയ്ക്കുന്നത്.
ചുറ്റുപാടുകളിൽ മരണത്തിന്റെ ‘നൊന്പരക്കാറ്റ്’ അടിച്ചു വീശുന്പോഴും ജീവിതത്തിന്റെ പാടശേഖരങ്ങളിൽ താണ്ധവമാടുകയാണ് നാം. സമസ്യാ സമമായ ഈ മഹാപ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താൻ മിനക്കെടാതെ ഒരിക്കൽ ഇവിടെ വിട്ടേച്ചു പോകേണ്ട വിഭവങ്ങൾക്കായി കലഹിക്കുകയും മത്സരിക്കുകയും ചെയ്യുന്നു നാം.
ഭാരതീയ സംസ്കൃതിയിലെ അടിവേരുകളിലേയ്ക്ക് ആഴ്ന്നിറങ്ങിയാലും, സെമിറ്റിക് മതങ്ങളുടെ ഉള്ളറകളിലേയ്ക്ക് ഊളിയിട്ടാലും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ നമുക്ക് കണ്ടെത്താൻ കഴിയും. പ്രത്യക്ഷത്തിൽ തനിക്കറിയാത്തതിനെ അവഗണിക്കാനും അവജ്ഞയോടെ നോക്കാനുമുള്ള നടപ്പു ശീലങ്ങളിൽ നിന്നും വഴുതിമാറി ശാന്തമായ മനസ്സോടെ ചിന്തിച്ചാൽ ഇങ്ങനെയൊരവസ്ഥ ഇല്ലായിരുന്നുവെങ്കിൽ ജീവിതം തന്നെ അപൂർണ്ണമായിപ്പോകും എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. കാരണം ലോകത്തിന് ക്രൂരതയുടെ പുത്തൻ അദ്ധ്യായങ്ങൾ കാണിച്ചു ഞെട്ടിച്ച ഹിറ്റ്ലറെപ്പോലുള്ളവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടാത്തതിനെക്കുറിച്ച്, ഭൂമിയിൽ സുഖമെന്തന്നറിയാതെ മരിച്ചൊടുങ്ങിപ്പോയ പട്ടിണിപ്പാവങ്ങളെക്കുറിച്ച്, അങ്ങനെയങ്ങനെ തുല്യനീതിയെക്കുറിച്ച് ചിന്തിക്കുന്പോൾ മരണത്തിന് ശേഷം മറ്റൊരു ലോകം അനിവാര്യമാണെന്ന് നമുക്ക് ബോധ്യപ്പെടും.
വല്യപ്പയുടെ വിയോഗമാണ് എന്റെ ജീവിതത്തിൽ ആദ്യമായി മരണത്തിന്റെ വേദന അനുഭവിപ്പിച്ചത്. ചിത്രകഥാ പുസ്തകങ്ങൾ വാങ്ങിത്തന്ന് എന്നെ വായനയുടെ മഹാപ്രപഞ്ചത്തിലേയ്ക്ക് തുറന്നുവിടുകയും ഒപ്പം തന്നെ മടിയിലിരുത്തി പൊള്ളുന്ന ജീവിതാനുഭവങ്ങൾ പറഞ്ഞു തരികയും ചെയ്ത പിതാമഹൻ പെട്ടെന്ന് കാലത്തിന്റെ ഇരുളിലേയ്ക്ക് കാലൻ കുടയുമായി നടന്ന് മറഞ്ഞപ്പോൾ അനുഭവപ്പെട്ട ശൂന്യത വളരെ വലുതായിരുന്നു. കൂടെക്കിടത്തിയുറക്കിയ ചുരുട്ടിന്റെ മണമുള്ള ഓർമ്മകൾ വായുവിലലിഞ്ഞ് ഇല്ലാതായപ്പോൾ മരണം മനസുകളിൽ തീർക്കുന്ന ശൂന്യതയിൽ ഞാനെന്ന എട്ടു വയസ്സുകാരൻ ഞെളിപിരി കൊണ്ടു.
പിന്നീട് ബാപ്പയുടെയും ഉമ്മയുടെയും പെട്ടെന്നുള്ള വേർപാടുകളും ഹൃദയത്തിൽ ആസിഡ് കൊണ്ടു പൊള്ളിക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്. ആത്മാവിൽ ഒരു സ്നേഹത്തൂവലിന്റെ തുന്പുകൊണ്ട് അവർ നടത്തിയ തലോടലുകൾ പെട്ടെന്ന് നിലച്ചപ്പോൾ ഉയർന്ന നിശ്ശബ്ദമായ നിലവിളികൾ ഇന്നും എന്റെ സ്വകാര്യ നിമിഷങ്ങളെ വല്ലാതെ പൊള്ളിക്കുന്നു എന്ന് തന്നെയാണ് വാസ്തവം.
വർഗ്ഗീയത, അസൂയ, കുശുന്പ്, കുന്നായ്മ, ചതി തുടങ്ങിയ മനുഷ്യഹൃദയങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കുത്തുകൾ കഴുകിക്കളയാനുള്ള എളുപ്പവഴി എന്തെന്നാൽ ഒരു നാൾ ആരോടും പറയാതെ, മണ്ണിലേയ്ക്ക് മരണത്തിന്റെ തേരിലേറിപ്പോകേണ്ടവനാണെന്ന ഓർമ്മ ഓരോ ഹൃദയങ്ങളിലും രൂഢമൂലമാക്കുക എന്നതാണ്.
പുതിയ വർഷത്തെ വളരെ പ്രതീക്ഷയോടെ വരവേറ്റ നമ്മൾക്ക് മരണത്തിന്റെ ഘോഷയാത്രയാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കാണാനായത്. നാമേറെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ.
കവിതയിലൂടെ, കഥയിലൂടെ, ആലാപനത്തിലൂടെ, അഭിനയത്തിലൂടെ, സംഗീതത്തിലൂടെ നമ്മെ രസിപ്പിച്ചവർ ടെലിവിഷൻ സ്്ക്രീനുകളിൽ അവരുടെ ചേതനയറ്റ മുഖം കാണുന്പോൾ ഐഹികതയുടെ നിരർത്ഥത നമ്മുടെ മുന്പിൽ ഉത്തരം കിട്ടാതെ കിടന്ന് പിടയ്ക്കുന്നു. വിരുതുറ്റ തൂലികയിലൂടെയും, അംഗചലനങ്ങളുടെയും ജനസഞ്ചയത്തെ ഇളക്കി മറിച്ചവർ കലാഭവൻ മണിയെക്കുറിച്ച് സുഹൃത്ത് എഴുതിയ കവിതയിലെ ചില വരികൾ കുറിച്ചു കൊണ്ട് നിർത്തട്ടെ.
എന്തു കളിയെന്ത് ചിരി എന്റെ ഭഗവാനേ...
കണ്ണ് മറയോളമൊരു പാവകളി പോലെ
കളിയെന്ത് ചിരിയെന്ത് പൊന്നെ.....