ജനാധിപത്യവും മതാധിപത്യവും
മണിലാൽ
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കാണാനിടയായി. പഴയ ഒരു സുഹൃത്ത് ജൈവപച്ചക്കറി തോട്ടത്തിൽ നിൽക്കുന്ന ചിത്രം. ‘മത്തായി ചാക്കോയുടെ നേരവകാശിയായ അനുയായി’ എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. തിരുവന്പാടിയിൽ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ. എന്നാൽ പാർട്ടി റിയൽ എേസ്റ്ററ്റ് ബ്രോക്കർമാരെയും പണക്കാരുടെ മൂട് താങ്ങികളെയും അന്വേഷിക്കുന്നു. ഇങ്ങനെ പോയാൽ പാർട്ടി പാഠം പഠിക്കും എന്നൊക്കെ എഴുതിയിട്ടുണ്ട്. സി.പി.ഐ(എം)ൽ ഇപ്പോൾ റേറ്റിംഗ് വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളിലൊന്ന് ജൈവകൃഷിയിലെ ഇടപെടലാണ്. തോമസ് ഐസക് ആണ് ഇതിന്റെ ഉത്തമമാതൃക. തിരഞ്ഞെടുപ്പാകുന്പോൾ സീറ്റിനു വേണ്ടിയുള്ള നെട്ടോട്ടവും ലോബിയിങ്ങുമൊക്കെ എല്ലാ പാർട്ടികളിലും പതിവുള്ളതാണ്. ഇവയൊക്കെ പാർട്ടികളിൽ വിശേഷിച്ച് സി.പി.ഐ(എം)ൽ ഭീകരമായി നടന്നുകൊണ്ടിരിക്കുന്നതാണെങ്കിലും പരസ്യപ്പെടാറില്ല. ഇപ്പോൾ അതിലൊക്കെ മാറ്റം വരികയാണെന്ന് തോന്നുന്നു. സ്ഥാനാർത്ഥി മോഹികൾ പലവിധ തന്ത്രങ്ങളുമായി രംഗത്തുണ്ട്. മാധ്യമരംഗത്തെ സ്വാധീനമുപയോഗിച്ച് ഈ സീറ്റിൽ ഇന്നയാൾ മത്സരിച്ചേക്കും എന്ന നിലയിൽ വാർത്ത വരുത്തലാണ് ആദ്യപടി. ചില വിരുതന്മാർ തുടർച്ചയായി പല പത്രങ്ങളിൽ ഇങ്ങനെ വാർത്ത വരുത്തും. ഇപ്പോഴാണെങ്കിൽ അനുയായികളെ കൊണ്ട് സോഷ്യൽ മീഡിയയിൽ തുടർച്ചയായി പോസ്റ്റുകൾ നിറക്കും. പാർട്ടി യഥാർത്ഥത്തിൽ ആലോചിക്കുന്നവർക്കെതിരെ നാട്ടുകാരെ ഇളക്കി വിട്ട് അപവാദ പ്രചരണം നടത്തും. പ്രദേശത്തെ തന്റെ സ്വാധീനം വെളിപ്പെടുത്തുന്നതിന് അനുയായികളുെട യോഗങ്ങളും മറ്റും നടത്തും. നേതാക്കളെ ചെന്നു പോയി കാണും. സ്വന്തം ജാതിക്കാർക്കിടയിലുള്ള സ്വാധീനം ഉറപ്പു വരുത്തും. കല്യാണപുരകളിലും മരണവീടുകളിലുമൊക്കെ നിരന്തരമായി കയറി ഇറങ്ങാറുണ്ടെന്നും അതുവഴി വലിയ ജനകീയ ബന്ധമുണ്ടെന്നുമൊക്കെ വരുത്തി തീർക്കും. പക്ഷെ ഇടതു പാർട്ടികളിൽ ഇതിലൊക്കെ പ്രധാനം തന്നെ സ്പോൺസർ ചെയ്യാൻ പിടിപാടുള്ള ഒരു നേതാവ് ഉന്നതങ്ങളിലുണ്ടാവുക എന്നത് തന്നെയാണ്. എങ്കിലെ കാര്യങ്ങൾ നടക്കൂ. കഴിഞ്ഞ ദിവസം ഇടതു സഹയാ്രതികനായ സബാസ്റ്റ്യൻ പോളിന്റെ ചില പ്രസ്താവനകൾ പത്രത്തിൽ കണ്ടു. അദ്ദേഹം പാർട്ടിക്ക് വേണ്ടി സഹിച്ച ‘ത്യാഗങ്ങൾ;’ ആയി അക്കമിട്ടു നിരത്തിയിരുന്നു. കഴിഞ്ഞ തവണ തോൽക്കാൻ കാരണം പാർട്ടിക്കാരുടെ നിസ്സംഗത കൊണ്ടാണെന്നും ഇത്തവണ ജയ സാധ്യതയുള്ള സീറ്റ് നിർബന്ധമാണെന്നും ഇല്ലെങ്കിൽ മത്സരത്തിനില്ലെന്നുമൊക്കെ അദ്ദേഹം തുറന്നങ്ങ് പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞപ്പോഴാണ് ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റ് കണ്ടത്. ‘സി.പി.ഐ (എം)ന് വേണ്ടി ഇനി ചാവേറാകാനില്ല’ എന്ന് പച്ചക്ക് പറഞ്ഞിട്ടുണ്ട് ചെറിയാൻ. പാർട്ടിക്ക് വേണ്ടി ചെയ്ത സേവനങ്ങൾ കണക്കിലെടുക്കുന്പോൾ ഉറച്ച സീറ്റു തന്നെ തരും എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഇനി ഇതൊന്നും നടന്നില്ലെങ്കിൽ അപ്പുറത്തോട്ടു മാറി മത്സരിക്കാനുള്ള സാദ്ധ്യതയും ആൻ്റണിയുടെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം തള്ളുന്നില്ല എന്ന മട്ടുണ്ട് ആ പോസ്റ്റ് ആകെ നോക്കിയാൽ. കോൺഗ്രസിലാണെങ്കിൽ യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസുമൊക്കെ അവരവരുടെ അവകാശവാദങ്ങൾ നിരത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മത്സരിക്കാൻ സീറ്റനുവദിക്കേണ്ടവരുടെ നീണ്ട പട്ടിക തന്നെ കെ.പി.സി.സി പ്രസിഡണ്ടിന് നൽകി പരസ്യപ്പെടുത്തുകയും ചെയ്തു. ഇത്തവണയെങ്കിലും തനിക്ക് മത്സരിക്കാനായി ജ്യേഷ്ഠൻ സീറ്റൊഴിഞ്ഞു തരും എന്ന് ്രപതീക്ഷയോടെ കാത്തിരിക്കുന്ന അനിയന്മാർ മാധ്യമങ്ങളുെട മുന്പിൽ കണ്ണു നിറച്ച് വിലപിക്കുന്നുണ്ട്. തങ്ങളുടെ അർഹത വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്താനുള്ള നെട്ടോട്ടത്തിൽ സ്വസ്ഥമായി ‘ഒന്നുറങ്ങിയ യാമങ്ങൾ എന്നന്നേക്കുമായി അസ്തമിച്ചു പോയ’വരാണ് കോൺഗ്രസിലും ലീഗിലും കേരള കോൺഗ്രസിലുമൊക്കെയുള്ളത്. ചെറു പാർട്ടികളുടെ നിലയാണ് അതിദയനീയം. ജേക്കബ് കേരള കോൺഗ്രസ് നേതാവായ ജോണി നെല്ലൂർ തന്റെ അവകാശവാദങ്ങളും തനിക്ക് യു.ഡി.എഫിലുള്ള മഹത്വവും ഒക്കെ പരസ്യമായിത്തന്നെ എണ്ണുന്നത് ടി.വിയിൽ കാണാനിടയായി. എം.വി രാഘവന്റെ സി.എം.പിയിൽ അവശേഷിക്കുന്ന നേതാവായ സി.പി ജോൺ തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സംഭവിക്കാവുന്ന അപകടങ്ങളൊക്കെ പറയാതെ പറയുന്നുണ്ട്. ഏതായാലും നമ്മുെട ജനാധിപത്യത്തിന് 140 പേരുടെ അത്യാഗ്രഹങ്ങളെങ്കിലും നിറവേറ്റാൻ കഴിയുന്നുണ്ടല്ലോ എന്നത് മഹാഭാഗ്യമായി കണക്കാക്കണം.
ഇതിനിടയിൽ കോഴിക്കോട് ജില്ലയിലെ തിരുവന്പാടി മണ്ധലത്തിൽ കാര്യങ്ങളൊക്കെ കുഴഞ്ഞു മറഞ്ഞിട്ടുണ്ട്. അത് യു.ഡി.എഫിന്റെ സിറ്റിംഗ്സീറ്റായാണ് പരിഗണിക്കപ്പെടുന്നത്. 1977മുതൽ 87 വരെ സിറിയക് ജോണും പി.പി ജോർജും കോൺഗ്രസിനു േവണ്ടി മണ്ധലം കൈവശപ്പെടുത്തി. 91ൽ സീറ്റ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് നൽകി. എ.വി അബ്ദുറഹിമാൻ ഹാജി 91ലും 96ലും ഈ മണ്ധലത്തിൽ നിന്ന് വിജയിച്ചു. 2001ൽ ഊഴം സി. മോയിൻകുട്ടിക്കായിരുന്നു. 2006ൽ ഇടതുപക്ഷം മത്തായി ചാക്കോയിലൂടെ മണ്ധലത്തിൽ അട്ടിമറി വിജയം നേടി. ആരും ്രപതീക്ഷിച്ചതായിരുന്നില്ല ഈ വിജയം. 2001ൽ എ. കണാരനെ മാറ്റി മേപ്പയ്യൂർ മണ്ധലത്തിൽ യുവജന നേതാവായ മത്തായി ചാക്കോയെ മത്സരിക്കാൻ അവസരം നൽകുകയായിരുന്നു സി.പി.ഐ (എം). എ. കണാരൻ അല്ല ചില്ലറ അസ്വസ്ഥതകളൊക്കെ സൃഷ്ടിച്ചെങ്കിലും നല്ല ഭൂരിപക്ഷത്തിനാണ് ചാക്കോ ജയിച്ചത്. തുടർന്ന് കേരള നിയമസഭയിലെ ഒന്നാംകിട നിയമസഭാ സാമാജികരിൽ ഒരാളായി അദ്ദേഹം ഉയർന്നു. പക്ഷേ വി.എസ് അച്ചുതാനന്ദന്റെ വലം കൈയായ അദ്ദേഹത്തോട് ഔദ്യോഗിക നേതൃത്വത്തിന് തീർത്താൽ തീരാത്ത പകയായിരുന്നു. അതവർ പ്രകടിപ്പിച്ചത് 2006ൽ ഉറച്ച സീറ്റായ മേപ്പയ്യൂർ ചാക്കോക്ക് നിഷേധിച്ചുകൊണ്ടായിരുന്നു. പകരം ഒരിക്കലും ജയിക്കാത്ത ഇടതുപക്ഷത്തിന്റെ ബാലികേറാമലയായ തിരുവന്പാടിയിൽ മത്സരിപ്പിച്ച് തോൽപ്പിച്ച് ഒഴിവാക്കാം എന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നേതാക്കൾ അന്ന് കരുതിയത്. വിദ്യാർത്ഥി നേതാവായ കാലത്ത് ഈ മണ്ധലത്തിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട മുന്നനുഭവവും ചാക്കോക്ക് ഉണ്ടായിരുന്നു. പക്ഷേ അത്തവണ തിരുവന്പാടിയിൽ നടന്നത് ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നു നാലായിരത്തളം വോട്ടിന് ആ സീറ്റ് മത്തായി ചാക്കോ യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തു. വി.എസ് അച്ചുതാനന്ദനെ ഒതുക്കുന്നതിന് വേണ്ടി ആദ്യം അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും ജനകീയ സമ്മർദ്ദത്തെ തുടർന്ന് മത്സരിപ്പിക്കുകയുമൊക്കെ ചെയ്ത ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സംസ്ഥാനത്ത് ലഭിച്ച ഏറ്റവും തിളക്കമുള്ള വിജയമായിരുന്നു, മത്തായി ചാക്കോയുടേത്. ശക്തമായ ഇടതുപക്ഷ നിലപാടിലൂന്നി, ചാക്കോയുടെ വ്യക്തിത്വത്തെ ഉയർത്തിപ്പിടിച്ച് ജനങ്ങളുടെയാകെ വിശ്വാസം ആർജിക്കുന്ന സംഘടിതമായ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു അവിടെ നടന്നത്. ക്രിസ്ത്യൻ മുസ്ലീം വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള ഈ മണ്ധലത്തിൽ ഇടതുപക്ഷ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ന്യൂനപക്ഷ നേതാക്കളെയും പള്ളിയേയുമൊക്കെ പ്രീണിപ്പിച്ച് വോട്ടു വാങ്ങുന്നതിന് പകരം ഇടതുപക്ഷ നിലപാടുകളിൽ അടിയുറച്ച് നിന്ന് വിട്ടുവീഴ്ചയില്ലാതെ പോരാടിയാൽ വിജയിക്കാൻ കഴിയും എന്ന പാഠവും അത് നൽകി. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ രോഗഗ്രസ്ഥനായ ചാക്കോക്ക് സത്യപ്രതിജ്ഞക്ക് പോലും നിയമസഭയിലെത്താൻ കഴിഞ്ഞില്ല. രക്താർബുദ ബാധിതനായ അദ്ദേഹം ആശുപത്രിയിലായി. അന്നത്തെ സ്പീക്കർ രാധാകൃഷ്ണൻ ആശുപത്രിയിലെത്തിയാണ് ചാക്കോവിനെ സത്യപ്രതിജ്ഞ ചെയ്യിച്ചത്. ആശുപത്രി കിടക്കയിൽ മരണവുമായി മല്ലിടുന്പോഴും അച്ചുതാനന്ദന്റെ അനുയായിയായ ചാക്കോവിനെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങി ദേശാഭിമാനിയിൽ ലേഖനം പ്രസിദ്ധീകരിച്ചത് അന്നത്തെ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. തുടർന്ന് ചാക്കോ മരണപ്പെടുകയും തിരുവന്പാടിയിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വരികയും ചെയ്തു. സംസ്ഥാനത്ത് നിന്നുള്ള പ്രധാന നേതാക്കളെയാകെ മണ്ധലത്തിൽ കേന്ദ്രീകരിപ്പിച്ച് സംഘടനാ മികവിൽ മണ്ധലം നിലനിർത്താനുള്ള നീക്കത്തിന് അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തന്നെ നേതൃത്വം കൊടുത്തു. ചുരുങ്ങിയ വോട്ടുകൾക്കാണെങ്കിലും ജോർജ് എം. തോമസ് മണ്ധലം നിലനിർത്തി.
തികഞ്ഞ ഭൗതികവാദിയായിരുന്നു ചാക്കോ. പള്ളിയുമായി അദ്ദേഹത്തിന് ബന്ധമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത് പോലും തിരുവന്പാടി പാർട്ടി ഓഫീസ് പരിസരത്തായിരുന്നു. ഇത്തരം ഒരാൾ തിരുവന്പാടി മണ്ധലത്തിൽ മത്സരിച്ച് ജയിച്ചത് ക്രിസ്ത്യൻ മുസ്ലിം രാഷ്ട്രീയക്കാർക്കിടയിൽ ഞെട്ടലുളവാക്കുന്നതായിരുന്നു. ചാക്കോ പള്ളിയിൽ മതാചാര ചടങ്ങുകളിൽ പങ്കെടുത്തു എന്ന് തെളിയിക്കുന്നതിന് അദ്ദേഹത്തിന്റെ വ്യാജ ഒപ്പുപയോഗിച്ചുള്ള പ്രചാരണം പിതാക്കന്മാരുടെട നേതൃത്വത്തിൽ നടത്തി. ഇതിനെ പ്രതിരോധിക്കുന്നതിനിടയിലാണ് പിണറായി വിജയന്റെ ‘നികൃഷ്ട ജീവികൾ’ എന്ന പ്രയോഗം ഉണ്ടായതും അത് ഇടതുവിരുദ്ധ പ്രചരണത്തിന് ക്രിസ്ത്യൻ പാതിരിമാരും ഭരണകക്ഷികളും മാധ്യമങ്ങളുമൊക്കെ യഥേഷ്ടം ഉപയോഗിച്ചതും. തുടർന്ന് ഇടതുപക്ഷ നിലപാടുകളിൽ അടിയുറച്ചു നിന്ന് വർഗ്ഗ സമരം വളർത്തുന്നതിന് പകരം തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി അരമനകളുടെ തിണ്ണ നിരങ്ങുന്ന രാഷ്ട്രീയത്തിലേക്ക് സി.പി.ഐ (എം) കൂടുതൽ അടുക്കുകയായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും തിരുവന്പാടി സീറ്റ് നിലനിർത്താൻ എൽ.ഡിഎഫിനായില്ല. 2011ൽ മുസ്ലീംലീഗിലെ മോയിൻകുട്ടി വീണ്ടും ഈ സീറ്റ് പിടിച്ചെടുത്തു.
തുടർന്നായിരുന്നല്ലോ പള്ളിയും അരമനയും പിതാക്കന്മാരുമൊക്കെ രാഷ്ട്രീയക്കാരെ വെല്ലുന്ന രാഷ്ട്രീയക്കാരായത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ എല്ലാ രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും ഒരുമിച്ച് മലയോര കർഷകരെന്ന പേരിൽ രംഗത്തിറങ്ങി കലാപം നടത്തി. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഒരാവർത്തിയെങ്കിലും വായിച്ചവർക്കറിയാം അത് മലയോര കർഷകർക്ക് ഒരു ദോഷവും ചെയ്യുന്നില്ല; ഗുണം മാത്രമേ ചെയ്യുന്നുള്ളൂ എന്ന്. അത് ആർക്കെങ്കിലും ദോഷം ചെയ്യുന്നുണ്ടെങ്കിൽ അത് പാറമട മാഫിയകൾക്ക് മാത്രമാണ്. അവരായിരുന്നു ഗാഡ്ഗിൽ വിരുദ്ധ സമരത്തിന്റെ സാന്പത്തിക സ്രോതസ്സും. എന്നാൽ ചുളുവിൽ വോട്ടു തട്ടാനുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ മലയോരകർഷരുടെ പേരിൽ നടക്കുന്ന സമരാഭാസത്തെ പിന്തുണക്കുകയാണ് ഇടതുപക്ഷം പോലും ചെയ്യുന്നത്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതിപോരാട്ടങ്ങളെ വർഗ്ഗസമരത്തിന്റെ ഭാഗമാക്കുക എന്ന അല്പം ശ്രമകരമായ രാഷ്ട്രീയം ഏറ്റെടുക്കാൻ പോലും ഇടതുപക്ഷം സന്നദ്ധമായില്ല. അന്നാണ് താമരശ്ശേരി രൂപതക്ക് വേണ്ടി ഫാദർ ഇഞ്ചിനാനിയേൽ, ജാലിയൻ വാലാബാഗ് ആവർത്തിക്കുമെന്ന് പ്രസംഗിച്ചു കളഞ്ഞത്. യേശുവിന്റെ കുഞ്ഞാടായ ഒരു പിതാവ് ചോരപ്പുഴ ഒഴുക്കുമെന്നും ജാലിയൻ വാലാബാഗ് ആവർത്തിക്കുമെന്നും പ്രസംഗിച്ചപ്പോൾ ഉണ്ടായ കരഘോഷം രാഷ്ട്രീയത്തെ രണ്ടാം തരമാക്കാനും മതാധിപത്യത്തെ അധികാരത്തിന്റെ നെറുകയിൽ സ്ഥാപിക്കാനുമുള്ള കരഘോഷമാണ് എന്ന് ഇടതുപക്ഷം പോലും തിരിച്ചറിഞ്ഞില്ല. തുടർന്നാണ് വനം കൈയേറ്റത്തിന്റെ കോടതിരേഖകൾ സൂക്ഷിച്ചിരുന്ന താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് പാതിരിമാരുടെ നേതൃത്വത്തിൽ കത്തിക്കുന്നതും പിതാക്കന്മാർ കേസിൽ പ്രതികളാകുന്നതും. യേശുവിന്റെ കുഞ്ഞാടുകളായ പിതാക്കന്മാർ ക്വാറി നടത്തിപ്പുകാരാണെന്ന വിവരം പുറംലോകം അറിയുന്നത് പിന്നീട്. ഇടുക്കി ഹൈറേഞ്ച് ഭാഗത്ത് രാഷ്ട്രീയത്തിലെ സജീവ ഇടപെടലുകാരായിരുന്നു പിതാക്കൾ എങ്കിലും മലബാറിൽ അത് പതിവുണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ തിരുവന്പാടി മണ്ധലത്തിലെ സ്ഥാനാർത്ഥിയെ തങ്ങൾ നിശ്ചയിക്കുമെന്ന് പരസ്യമായി പറയാൻ ഇവർക്ക് നാവുണ്ടായിരിക്കുന്നു. ലീഗ് ഇവിടെ മത്സരിക്കാൻ പാടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തണം. അതാരാവണമെന്ന് തങ്ങൾ പറയും എന്നാണിപ്പോൾ താമരശ്ശേരി രൂപതാ പറയുന്നത്. ലീഗിൽ നിന്ന് സീറ്റ് വാങ്ങാൻ കഴിയില്ലെങ്കിൽ തങ്ങൾ സി.പിഐ(എം) സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്നും രൂപത പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ (എം) സ്ഥാനാർത്ഥി ജോർജ് എം. തോമസ് ആയാൽ പറ്റില്ല. തങ്ങൾക്കു കൂടി സ്വീകാര്യനായ ഗിരീഷ് ജോൺ ആയിരിക്കണം എന്നും പിതാക്കന്മാർ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനോട് പ്രതികരിച്ചു കൊണ്ട് മുസ്ലീം ലീഗ് ഉയർത്തുന്ന ചോദ്യം; കേരള ജനസംഖ്യയിൽ 26.56 ശതമാനമായ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് ‘ഞങ്ങൾ’, 18.28 ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന ‘നിങ്ങൾ’ ഞങ്ങളുടെ സീറ്റ് പിടിച്ചെടുക്കാൻ നോക്കുന്നത് എവിടത്തെ ന്യായമാണ് എന്നാണ്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പരിണിത പ്രജ്ഞനായ വേണുഗോപാലിനെ ഏറണാകുളത്ത്, മേയർ സ്ഥാനാർത്ഥിയാക്കാൻ അനുവദിക്കാതെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനല്ലാത്ത ടോണി ചമ്മണിയെ മേയർ സ്ഥാനാർത്ഥിയാക്കേണ്ട ഗതികേട് കോൺഗ്രസിനുണ്ടായത്, പള്ളിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ഇപ്പോൾ ടോണിയെ എം.എൽ.എയാക്കണമെന്ന് പള്ളി ആവശ്യപ്പെട്ടു കഴിഞ്ഞു.
കേരളം നടന്നടുക്കുന്നത് ജനാധിപത്യത്തിലേക്കാണോ അതോ മതാധിപത്യത്തിലേക്കാണോ എന്ന ചോദ്യം ഉന്നയിക്കേണ്ട സമയമാണിത്. ഈ ചോദ്യം ഉന്നയിക്കാനുള്ള ശേഷി കോൺഗ്രസ് എന്നോ കളഞ്ഞു കുളിച്ചതാണ്. ഇപ്പോൾ ഇടതുപക്ഷവും ഇതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ കേരളത്തിന്റെ ഭാവി ഭയാനകമായ ഇരുട്ടിലായിരിക്കും.