പോരാട്ടം മുറുകുന്നു


വി.ആർ.സത്യദേവ് 

 

അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ ക്ലിന്റൺ− ട്രംപ് പോരാട്ടത്തിനു സാദ്ധ്യത നിലനിർത്തി സ്ഥാനാർത്ഥിത്വ വോട്ടെടുപ്പു പുരോഗമിക്കുന്നു

ലോക രാഷ്ട്രീയത്തിൽ വാർത്തകൾക്കൊരിക്കലും പഞ്ഞമില്ല. വന്പന്മാരെയെല്ലാം ആശങ്കപ്പെടുത്തുന്ന ഒരു ആഗോള സാന്പത്തികമാന്ദ്യം അടുത്തെത്തി നിൽക്കുന്നു. ആഭ്യന്തര സംഘർഷം ആഗോള ഭീഷണിയായ സിറിയയിൽ സമാധാന പദ്ധതി നടപ്പാക്കിത്തുടങ്ങിയതോടെ ഉയർന്ന പ്രതീക്ഷയുടെ കിരണങ്ങൾ തുടക്കത്തിൽ തന്നെ ഒടുങ്ങിയിരിക്കുന്നു. പദ്ധതി പ്രാവർത്തികമാക്കിയശേഷവും അവിടെ തുടരുന്ന പോരാട്ടങ്ങളിൽ ഇതുവരെ നൂറ്റി ഇരുപതിലേറെപ്പേർ കൊല്ലപ്പെട്ടിരിക്കുന്നു. അതിൽ ഏറിയ പങ്കും നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. അന്താരാഷ്ട്ര ഉടന്പടികളുടെ ആത്യന്തികമായ നിരർത്ഥകതയാണ് ഇവിടെ വ്യക്തമാകുന്നത്. കൊല്ലപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നത് ആർ എന്നതിനെ അധികരിച്ചു മാത്രമാണ് ലോക പോലീസടക്കം നീതി നടപ്പാക്കാൻ മുതിരുന്നത്. ആർക്കും വേണ്ടാത്ത സിറിയൻ ജീവനുകൾ കൂട്ടത്തോടെ ഇല്ലാതാവുന്നതിൽ ഒബാമയുടെ അമേരിക്കയ്ക്ക് ആധി ഏറെയില്ല.

ഇതേ അമേരിക്കയാണ് പണ്ടൊരിക്കൽ തീവ്ര നാശശേഷിയുള്ള ആയുധങ്ങളുടെപേരിൽ സദ്ദാം ഹുസൈൻ തിക്രിതിയെന്ന ഇറാഖി നായകനെ വേട്ടയാടിക്കൊന്ന് ഇല്ലായ്മ ചെയ്തത്. സദ്ദാം രഹിത ഇറാഖിൽ ജനാധിപത്യം പൂത്തുലയുമെന്നും ഇനങ്ങൾ ഐശ്വര്യത്തിൽ മുങ്ങിക്കുളിക്കുമെന്നുമൊക്കെ ഉദ്ഘോഷിച്ച അമേരിക്കൻ സൈനിക ശക്തിക്ക് സദ്ദാമിനെതിരെയുള്ള യുദ്ധം കൗശലത്തിന്റെയും കൈക്കരുത്തിന്റെയും ബലത്തിൽ വിജയിക്കാനായി. പക്ഷേ സദ്ദാമിനെ വേട്ടയാടാൻ കാട്ടിയ കാരണമായി അവരവതരിപ്പിച്ച രാസായുധങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. അതൊരു വലിയ നുണയായിരുന്നു. ചരിത്രത്തിലെ വലിയ നുണകളിലൊന്ന്.

നുണയെക്കാൾ ശക്തി സത്യത്തിനാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വേട്ടയാടപ്പെട്ട് നിത്യതയിലേയ്ക്കു സധൈര്യം നടന്നു മറഞ്ഞ സദ്ദാമിന്റെ അവസാന ശാപ വചനങ്ങൾ ഇന്നും പ്രസക്തമാകുന്നു.അമേരിക്കയും ചാരന്മാരും വഞ്ചകരും തുലയട്ടയെന്നായിരുന്നു അമേരിക്കൻ കരുത്തിലൊരുക്കിയ കൊലമരത്തിലേയ്ക്കു നടന്നടുക്കുന്നതിനു തൊട്ടു മുന്പ്, ഒരു പതിറ്റാണ്ടു മുന്പ് സദ്ദാം പറഞ്ഞു െവച്ചത്. അമേരിക്കയുടെ സർവ്വാധിപത്യത്തിനും ഏകധ്രുവ ലോക സങ്കൽപ്പത്തിനും മേൽ നിഴൽ വിരിച്ചു നിൽക്കുകയാണ് ഇന്നും ആ വാക്കുകൾ.

 2006 ലായിരുന്നു അത്. അമേരിക്കയായിരുന്നു അന്നുലോക കാര്യങ്ങളിലെ അവസാനവാക്ക്. ഒരു കാലത്ത് അമേരിക്കൻ കോളനികളെയും അടക്കി വാണ ബ്രിട്ടീഷ് രാജസ്ഥാനവും ഓസ്ട്രേലിയയുമൊക്കെ അവരുടെ സാമന്തന്മാരും. അവരൊന്നിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങളും ലോകത്തിനു മേൽ അടിച്ചേൽപ്പിക്കാനും അന്ന് ആ സഖ്യത്തിനായിരുന്നു. അതിന്റെ ഉത്തമോദാഹരണങ്ങളാണ് രാസായുധനുണയുടെ പേരിൽ ഇറാഖിൽ നടത്തിയ തേർവാഴ്ചയും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശവുമൊക്കെ. റഷ്യയ്ക്ക് പലകാരണങ്ങൾ കൊണ്ടും ദുർബ്ബലനായ കാഴ്ചക്കാരന്റെ റോൾ മാത്രമാണ് അന്നുണ്ടായിരുന്നത്. എതിർപ്പിന്റെ ശബ്ദമുയർത്താൻ ത്രാണിയില്ലാത്ത ഒരു പഴയ പ്രതാപി. 

ദശാബ്ദമൊന്നു പിന്നിടുന്പോൾ കാര്യങ്ങളുടെ കിടപ്പുവശം ഏറെ മാറിയിരിക്കുന്നു. സ്വന്തമിഷ്ടങ്ങളുടെ സാദ്ധ്യത്തിനു ന്യായീകരണവും ഒത്താശയും നൽകി അമേരിക്ക ചൊല്ലും ചെലവും നൽകി പോറ്റിയിരുന്ന  ലോക സംഘടനകൾ ചിലതിന്റെ പ്രസക്തിതന്നെ ചോദ്യപ്പെട്ടിരിക്കുന്നു. ആഗോള വിഷയങ്ങളിൽ അമേരിക്കയുടെ അപ്രമാദിത്വം ഒരു പരിധി വരെ അപ്രത്യക്ഷമായിരിക്കുന്നു. ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയെന്ന അവരുടെ സ്ഥാനം ഇന്ന് ഭുതകാലമായിരിക്കുന്നു. അമേരിക്കയുടെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കിയ എഡ്്വേർഡ് സ്നോഡൻ റഷ്യയിൽ അഭയം തേടിയിട്ടും അതിനെതിരേ അവർക്കു ഫലപ്രദമായൊന്നും ചെയ്യാനായില്ല. സിറിയക്കെതിരേ ഏകപക്ഷീയമായി സൈനിക നീക്കത്തിനു ശ്രമിച്ചിട്ടും അതും നടപ്പാക്കാനായില്ല. അസദിനെ പുറത്താക്കുകയെന്ന അമേരിക്കൻ സ്വപ്നം റഷ്യൻ പ്രതിരോധത്തിൽ തട്ടി തുടക്കത്തിലേ മുനയൊടിഞ്ഞു. കാര്യങ്ങൾ അവിടംകൊണ്ടുമവസാനിക്കുന്നില്ല. സിറിയയിലെ അസദ് വിരുദ്ധർക്കെതിരെ റഷ്യ തികച്ചും ഏകപക്ഷീയമായി നടത്തിയ വ്യോമാക്രമണങ്ങൾ കണ്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ മാത്രമാണ് അമേരിക്കക്കായത്. പതിവു ശൈലിയിൽ മറ്റുള്ളവരെ കൊണ്ട് റഷ്യയെ നിലക്കു നിർത്താനുള്ള തന്ത്രവും തുടക്കത്തിലേ പാളി. ഒടുക്കം സമാധാന ഉടന്പടിയുടെ രൂപത്തിൽ റഷ്യയെ മയപ്പെടുത്തിയെടുക്കാനായി ശ്രമം. റഷ്യ ഇതിനു വഴങ്ങി ഉടന്പടിയിൽ പങ്കാളികളാവുകയും ചെയ്തു. എന്നാൽ ഉടന്പടിയും ഒപ്പുമൊക്കെ നിലനിൽക്കെത്തന്നെ റഷ്യ ആക്രമണം അനസ്യൂതം തുടരുകയാണ്.

അത് ഒരു വശത്തു തുടരുന്പേൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലും സമാനമായ സംഭവങ്ങളും സാഹചര്യങ്ങളും നമുക്കു കാണാം. വടക്കൻ കൊറിയയാണ് ഇത്തരത്തിൽ ആശങ്കയുടെ ഇടങ്ങളിലൊന്ന്. അടുത്തിടെ ആണവ വിസ്ഫോടനം നടത്തിയെന്ന അവകാശവാദമുന്നയിച്ച ഉത്തരകൊറിയൻ നായകൻ കിംജോംഗ് ഉൻ സ്വന്തം സൈനികരോട് ആണവ യുദ്ധത്തിനു സജ്ജരാകാൻ ആഹ്വാനം ചെയ്തതും കഴിഞ്ഞ വാരമായിരുന്നു. ഇങ്ങനെയൊരു സംഭവത്തോടും കാര്യമായി പ്രതികരിക്കാൻ ഇന്നലെകളിലെ കരുത്തിന്റെ പ്രതീകമായ അമേരിക്കക്കായിട്ടില്ല. 

ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് പ്രസിഡണ്ടു തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന സ്ഥാനാർത്ഥി എന്ന വിശേഷണത്തിനർഹയായ ഹില്ലരി ക്ലിന്റന്റെ വാഗ്ദാനം പ്രസക്തമാകുന്നത്.

അമേരിക്കയെ വീണ്ടും പൂർണ്ണമാക്കും എന്നാണ് പതിനൊന്നു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സൂപ്പർ ട്യൂസ്ഡേ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിനു ശേഷം ഹിലാരി പറഞ്ഞത്. അത് ഏതർത്ഥത്തിലാണ് എന്നാണ് ഇനിയുമറിയാനുള്ളത്. സ്വന്തം പക്ഷക്കാരനായ പ്രസിഡണ്ട് ഒബാമയ്ക്ക് നിലവിലുള്ള സാഹചര്യങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനു കരുത്തു കൂട്ടാനായിട്ടില്ലെന്ന് ഹില്ലരിയും സമ്മതിക്കുകയാണോ എന്നു സംശയമുണ്ട്. 

ഹില്ലരിയുടെ എതിർപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിത്വത്തിനായുള്ള വോട്ടടുപ്പിൽ ഇപ്പോൾ മുന്പിലുള്ളത് അതി തീവ്ര നിലപാടുകൾ കൊണ്ട് പ്രസിദ്ധനും കുപ്രസിദ്ധനുമൊക്കെയായ ഡൊണാൾഡ് ട്രംപാണ്. കു ക്ലുക്സ് ക്ലാൻ അടക്കമുള്ള അതിതീവ്ര സംഘടനകളെപ്പോലും തള്ളിപ്പറയാത്ത വ്യക്തിയാണ് ട്രംപ്. സൂപ്പർ ട്യൂസ്ഡേ തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പക്ഷത്ത് ട്രംപിനായിരുന്നു മേൽക്കൈ. ആകെയുള്ള 11 ഇടങ്ങളിൽ ഏഴിലും അദ്ദേഹത്തിനായിരുന്നു വിജയം. തൊട്ടടുത്ത റിപ്പബ്ലിക്കൻ എതിരാളി ടെഡ് ക്രൂസിന് മൂന്നിടങ്ങളിൽ മാത്രമാണ് അന്നു വിജയിക്കാനായത്. കടുത്ത നിലപാടുകളെടുത്തിട്ടും, മാർപ്പാപ്പയടക്കമുള്ളവരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടും ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി ഉയരുകയാണ്. അതു തിരിച്ചറിഞ്ഞാണോ അമേരിക്കയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന പുത്തൻ പ്രഖ്യാപനത്തിലേക്ക് ഹില്ലരി ചുവടു മാറ്റിയതെന്ന് സംശയമുണ്ട്. ഏതായാലും തൊട്ടടുത്ത എതിരാളി ബേണി സാൻഡേഴ്സിനെക്കാൾ സൂപ്പർ ട്യൂസ്ഡേ വോട്ടെടുപ്പുകളിൽ ഹില്ലരി ഏറെ മുന്നിലായിരുന്നു. ഇന്നു ഫലമറിഞ്ഞ സൂപ്പർ സാറ്റർഡേ വോട്ടെടുപ്പുകളോടെ അവർ നില വീണ്ടും മെച്ചപ്പെടുത്തിയിരിക്കുന്നു. ഇതോടെ ഡൊമോക്രാറ്റിക് പക്ഷത്ത് മുൻ അമേരി പ്രഥമ വനിതയായ ഹില്ലരി തന്നെയാവും സ്ഥാനാർത്ഥിയെന്ന കാര്യവും ഏകദേശം ഉറപ്പായിരിക്കുന്നു. അക്കാര്യത്തിൽ ഒരു മാറ്റത്തിനുള്ള സാദ്ധ്യത പ്രായേണ അസാദ്ധ്യം തന്നെയാണ്.

എന്നാൽ റിപ്പബ്ലിക്കൻ പക്ഷത്തെ സ്ഥിതി അങ്ങനെയല്ലെന്ന് സൂപ്പർ സാറ്റർഡേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഫലങ്ങൾ പുറത്തു വരുന്പോഴും ഒന്നാം സ്ഥാനത്ത് ഡൊണാൾഡ് ട്രംപ് തന്നെയാണ്. എന്നാൽ സൂപ്പർ ട്യൂസ്ഡേയിൽ കൈവരിച്ച നേട്ടം നിലനിർത്താൻ ഇന്ന് അദ്ദേഹത്തിനായിട്ടില്ല. സൂപ്പർ ട്യൂസ്ഡേ ഫലങ്ങൾ പുറത്തു വന്നതോടെ മറ്റു സ്ഥാനാർത്ഥികൾ പിന്മാറണമെന്നും ട്രംപിനെതിരേ തനിക്കൊപ്പം അണിചേരണമെന്നും തൊട്ടടുത്ത എതിരാളിയായ ടെഡ് ക്രൂസ് ആഹ്വാനം ചെയ്തിരുന്നു. സ്ഥാനാർത്ഥികളാരും പിൻമാറിയില്ലെങ്കിലും ട്രംപിനെയെതിർക്കാൻ ഇനി ക്രൂസ് മാത്രമാണ് എന്ന ധാരണ വോട്ടർമാരിൽ ശക്തമായി എന്നതിന്റെ സൂചനയാണ് സൂപ്പർ സാറ്റർഡേ ഫലങ്ങൾ. കൻസസിലും മെയ്നിലും ക്രൂസ് നേടിയ വിജയങ്ങൾ തികച്ചും ആധികാരികമാണ്. കെൻ്റക്കിയിൽ ട്രംപ് നേടിയത് നേരിയ വിജയവും.

അതുകൊണ്ടൊക്കെത്തന്നെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വകാര്യത്തിൽ അന്തിമ തീരുമാനത്തിലേയ്ക്ക് എത്താൻ ഇനിയും സമയമെടുക്കുമെന്നുറപ്പ്. പക്ഷേ ഇപ്പോഴും മുന്നിലുള്ളത് ആഗോള ഭീഷണിയെന്ന് ഒരു വിഭാഗം ആരോപിക്കുകയും പ്രചരിപ്പിക്കുകയും ഒക്കെച്ചെയ്യുന്ന ശതകോടീശ്വരനായ ഡൊണാൾഡ് ട്രംപ് തന്നെയാണ്. മറുപക്ഷത്ത് ഹില്ലരിയും നിലപാട് കടുപ്പിക്കുമെന്ന സൂചന നൽകുന്നതോടേ ഒബാമയിലൂടെ അമേരിക്കൻ പ്രസിഡണ്ടു പദവിക്കു കൈവന്ന സൗമ്യ ഭാവം വീണ്ടും ഓർമ്മയാകാനാണ് സാദ്ധ്യത.

 

You might also like

Most Viewed