'മാനം കാക്കുവാ'നായുള്ള കൊലപാതകങ്ങൾ


ഇ.എ സലിം

അനിവാര്യമായ മാറ്റത്തിനായി ലോക ശ്രദ്ധ ആകർഷിക്കേണ്ട മനുഷ്യാവസ്ഥകൾ പ്രമേയങ്ങളാക്കി ഡോക്യുമെന്ററികൾ നിർമ്മിക്കുകയും അവയ്ക്ക് ലോകോത്തര പുരസ്കാരങ്ങൾ നേടി എടുക്കുകയും ചെയ്യുന്ന പ്രതിഭാധനയായ പാകിസ്ഥാനി സിനിമാ സംവിധായികയാണ് ഷർമീൻ ഉബൈദ് ചിനോയ്. യുവതികൾക്ക്‌ നേരെയുള്ള ആസിഡ് ആക്രമണങ്ങൾ പ്രമേയമാക്കി ഷർമീൻ ഉബൈദും ഡാനിയൽ യൂങ്ങും ചേർന്നു സൃഷ്ടിച്ച ‘സേവിംഗ് ഫെയ്സ്’ 2012ൽ ഓസ്കാർ അവാർഡ് നേടിയപ്പോൾ ഷർമീൻ പാകിസ്ഥാനിലെ ആദ്യ ഓസ്കാർ ജേതാവായി. പാകിസ്ഥാനിൽ അസംഖ്യം യുവതികൾ നേരിട്ട ആസിഡ് ആക്രമണവും അവരുടെ മുഖങ്ങളെ തിരിച്ചു പിടിക്കുവാൻ ലണ്ടൻ ആസ്ഥാനമാക്കിയ പാകിസ്ഥാനി പ്ലാസ്റ്റിക് സർജൻ നടത്തുന്ന ശ്രമങ്ങളും കഥയായി പറയുന്ന ചിത്രം പാകിസ്ഥാനിലെ വനിതകൾ പുരുഷന്മാരിൽ നിന്നും അനുഭവിക്കുന്ന ഹീനമായ മർദ്ദനങ്ങളുടെയും അടിച്ചമർത്തലുകളുടെയും പുറംലോകം ഒരിക്കലും അറിയാത്ത നിരവധി സംഭവങ്ങളിൽ ഒന്നിനെ വിളിച്ചു പറയുകയായിരുന്നു. തങ്ങളെ ആക്രമിച്ചവരെ പിന്തുടർന്നു നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്തിട്ട് അവരവരുടെ ജീവിതങ്ങളുമായി മുന്നോട്ടു പോകുവാൻ ആസിഡ് ആക്രമണത്തിനു വിധേയരായവരിൽ രണ്ടു പേർ, സാഖിയയും രുക്സാനയും, നടത്തുന്ന ശ്രമങ്ങളെ ചിത്രം പിൻതുടരുന്നു. ആക്രമണത്തിനെതിരെ സാഖിയയുടെ അഭിഭാഷകനും വനിതാ രാഷ്ട്രീയ നേതാവും സ്വീകരിക്കുന്ന നിലപാടുകൾ പൊതു ബോധത്തിന്റെ ആശാവഹമായ ഇച്ഛയെ പ്രകടിപ്പിക്കുന്നുവെന്ന പ്രത്യാശാഭരിതമായ അവസ്ഥ കൂടി ചിത്രം പറയുന്നുണ്ട്. സമൂഹഘടനയും മതബോധവും ചേർന്നു അമർത്തി വെയ്ക്കുന്നതും കൊല്ലം തോറും സംഭവിക്കുന്നതുമായ നൂറു കണക്കിനു സ്ത്രീ പീഡനങ്ങളിൽ ഒന്നിന്റെ വിളംബരമായ ആ സിനിമ ഗ്രാമി അവാർഡിനും അർഹമായി. സ്ത്രീകൾക്കു നേരെയുള്ള ആസിഡ് ആക്രമണങ്ങളെ നേരിടുവാൻ പാർലിമെന്റിൽ ഒരു ബിൽ അവതരിപ്പിക്കുവാനും ഒരു ആസിഡ് ആക്രമണ കേസിലെ പ്രതികളെ കോടതിയ്ക്ക് ശിക്ഷിക്കുവാനും ആ സിനിമ നിമിത്തമായി. അനീതി നടമാടുന്ന വിഷയങ്ങളിൽ തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ അന്വേഷണാത്മകമായി ഇറങ്ങിച്ചെന്നു കലാപം ചെയ്യുന്നതിനു സമാനമായ വെളിവാക്കൽ കർമ്മത്തിനു ഒരുങ്ങിപ്പുറപ്പെട്ട ഒരു ആക്റ്റിവിസ്റ്റിന്റെ കലാ സപര്യയാണ് ഷർമീൻ ഉബൈദ് ചിനോയ്ക്കു സിനിമ.

ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക എന്ന നിശ്ചയദാർഢ്യത്തോടെ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി സിനിമകൾ നിർമ്മിക്കുന്ന ഷർമീൻ ഉബൈദ് അനവധി അന്താരാഷ്ട്ര അവാർഡുകളും പ്രശംസകളും പിടിച്ചു പറ്റിയ 20ൽ അധികം ഡോക്യുമെന്ററി സിനിമകൾ ചെയ്യുകയും സി.എൻ എന്നും (CNN) എച്ച്.ബി.ഓയും (HBO) ഡിസ്കവറി ചാനലും ഉൾപ്പെടെ ലോകത്തെ വലിയ ചാനൽ ശൃംഖലകളിലൂടെ ഭൂമിയിലെ മനുഷ്യരുടെയെല്ലാം ശ്രദ്ധ താനുയർത്തുന്ന വിഷയങ്ങളിലേയ്ക്ക് ആവാഹിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അമേരിക്കൻ പത്ര പ്രവർത്തകനായ ഡാനിയൽ പേളിന്റെ വധം പാകിസ്ഥാനിൽ നടന്ന പശ്ചാത്തലത്തിൽ ഭയ ചകിതരായ മാതാപിതാക്കളെയും ചാനൽ ഉടമകളെയും മറികടന്നും സുരക്ഷാ കാവൽക്കാരുടെ ഒപ്പം ചലിച്ചും ആയിരുന്നെങ്കിലും 2002ൽ “ടെറെർസ് ചിൽഡ്രൻ” (Terror’s Children) എന്ന അതി ശക്തമായ ആഖ്യാനവുമായി ഷർമീൻ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു തുടങ്ങി. താലിബാൻ ഭീകരതയിലും സംഘട്ടനങ്ങളിലും അനാധരാക്കപ്പെടുകയും കറാച്ചിയിൽ അഭയാർത്ഥികളാവുകയും ചെയ്യുന്ന കുട്ടികൾ ആയിരുന്നു പ്രമേയം. ലിംഗ വിവേചനവും വിവിധ സമൂഹങ്ങളിലെ സ്ത്രീ ജീവിതങ്ങളും ഉള്ളടക്കമായാവയായിരുന്നു തുടർന്നുണ്ടായ ഡോക്യുമെന്ററി ചിത്രങ്ങൾ. ഉൽപ്പതിഷ്ണുക്കളും ഇടത്തരക്കാരുമായ മാതാപിതാക്കൾക്കു കറാച്ചിയിൽ 1978ൽ പിറന്ന ഷർമീന് കറാച്ചിയിലെ ഗ്രാമ്മർ സ്കൂളിലെ ഡിഗ്രിക്കു ശേഷം അമേരിക്കയിൽ മസാച്ച്സ്യുട്ടിലെ സ്മിത്ത് കോളേജിൽ വിദ്യാഭ്യാസം ചെയ്യുവാൻ പിതാവിന്റെ അനുമതിക്കായി വീട്ടിൽ 36 മണിക്കൂർ നിരാഹാര സമരം ചെയ്യേണ്ടി വന്നു. തന്റെ അഞ്ചു പെൺമക്കളും ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം നേടണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു. ആദ്യ ഓസ്‌കാർ പുരസ്കാര വേദിയിൽ ഷർമീൻ ആദ്യമായി നന്ദി പറഞ്ഞത് തന്റെ മാതാപിതാക്കൾക്കായിരുന്നു. “നീ ഒരു പെണ്ണായി പിറന്നത്‌ ഒരു വിഷയമേയല്ല, നിനക്കു ആവശ്യമുള്ള എന്തും ഏതും നിനക്ക് കരസ്ഥമാക്കുവാൻ കഴിയും” എന്നവർ ചൊല്ലിപ്പഠിപ്പിച്ചതിന്. 2012ൽ പാകിസ്ഥാൻ സർക്കാരിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഹിലാൽ−ഇ−ഇംത്യാസ്’ നേടുകയും അതേവർഷം ടൈം മാഗസിൻ തിരഞ്ഞെടുത്ത ‘ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ’ കൂട്ടത്തിൽ ഇടം പിടിക്കുകയും ചെയ്തു കലാ സാംസ്കാരിക രംഗത്തെ പടയാളിയായ ആ പാകിസ്ഥാനി വനിത.  

“എ ഗേൾ ഇൻ ദി റിവേർ-ദി പ്രൈസ് ഓഫ് ഫൊർഗിവ്നസ്” (A Girl in the River-The Price of Forgiveness) ഈ വർഷം (2016) ഷർമീൻ ഉബൈദിനു ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റ് വിഭാഗത്തിൽ വീണ്ടും ഓസ്‌കാർ നേടിക്കൊടുത്തു. രണ്ടു ഓസ്കാർ നേടുന്ന ആദ്യ പാകിസ്ഥാനിയും ഷർമീൻ ആയി. വർഷം തോറും പാകിസ്ഥാനിൽ ‘മാനം കാക്കുവാൻ കൊല’യ്ക്ക് (Honour Killing) വിധേയരാവുന്ന ആയിരത്തോളം യുവതികളുടെ പിതാക്കളും സഹോദരന്മാരും വിശ്വസിക്കുന്നതു അവർ ചെയ്യേണ്ടുന്ന ഒരു ധർമ്മത്തിന്റെ അനുഷ്ഠാനം ആണ് ആ കൊലകൾ എന്നാണ്‌. ആ വ്യവസ്ഥ പ്രാബല്യത്തിലുള്ള കിരാത സമൂഹങ്ങൾക്ക് വെളിയിൽ ഉള്ള മനുഷ്യർക്ക്‌ അത് പ്രാകൃതം എന്ന് തോന്നാം. എന്നാൽ ആ സമൂഹങ്ങളിൽ പിതാക്കളും സഹോദരന്മാരും ഉത്തമ ബോദ്ധ്യത്തോടെയാണ് ‘മാനം കാക്കുവാൻ കൊലകൾ’ അനുഷ്ഠിക്കുന്നത്. “എ ഗേൾ ഇൻ ദി റിവർ-−ദി പ്രൈസ് ഓഫ് ഫൊർഗിവ്നസ്” മാനം കാക്കുവാൻ കൊലയെ അതിജീവിച്ചു ജീവിതത്തിലേയ്ക്കു മടങ്ങി വന്ന ഒരു പാകിസ്ഥാനി യുവതിയുടെ അതിജീവനത്തിന്റെ അതിശയ കഥയാണ്. സമൂഹത്തിൽ നടമാടുന്ന ഒരു കൊടിയ കിരാതത്വം ലോക സമക്ഷം ആഖ്യാനം ചെയ്തു അതിനു അറുതി വരുത്തുമെന്ന് പ്രഖ്യാപിക്കുവാനും നിയമ നടപടികൾ സ്വീകരിക്കുവാനും ഉത്തരവാദിത്തപ്പെട്ടവരെ നിർബന്ധിതരാക്കിക്കൊണ്ടു തന്റെ ചലച്ചിത്ര പ്രവർത്തനം ഒരിക്കൽ കൂടി സാമൂഹ്യ പരിവർത്തനത്തിന്റെ ഉപാധിയാക്കിയിരിക്കുന്നു ആ സംവിധായിക. ചലച്ചിത്ര ലോകവും സാമൂഹ്യ തിൻമകളോടു പൊരുതുന്നവരും ഒന്നു പോലെ ഷർമീൻ ഉബൈദിനെ പ്രശംസിക്കുന്നു. ‘മാനം കാക്കുവാൻ കൊലകൾ’ നടത്തുന്നവർക്ക് ബന്ധുക്കളിൽ നിന്നും മാപ്പ് നേടി ശിക്ഷയിൽ നിന്നും ഒഴിവാകാമെന്ന വ്യവസ്ഥ നിരോധിച്ചു കൊണ്ടു പുതിയ നിയമം കൊണ്ടു വന്നു പാകിസ്ഥാനിൽ നിന്നും ഈ തിന്മയെ ഉച്ചാടനം ചെയ്യുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചത് ചിത്രത്തിനു ഓസ്‌കാർ നോമിനേഷൻ ലഭിച്ചപ്പോഴാണ്. സിനിമയുടെ ആദ്യ പ്രദർശനം തന്റെ ഭവനത്തിൽ നടത്തണമെന്ന നിശ്ചയദാർഢ്യവും ധൈര്യവും നിറഞ്ഞ തീരുമാന പ്രഖ്യാപനത്തിലൂടെ തന്റെ നിലപാടിന്റെ പുരോഗമന സ്വഭാവം പാകിസ്ഥാൻ പ്രധാനമന്ത്രി വെളിപ്പെടുത്തി.

‘മാനം കാക്കുവാൻ കൊല’ ഒരു പ്രമേയമായി നിശ്ചയിച്ച ചലച്ചിത്രകാരി യഥാർത്ഥമായ ഒരു കഥ തേടി നടക്കുകയായിരുന്നു. അത് ദുർലഭമാണ്് കാരണം നേരു പറയുവാൻ ഇര ജീവിച്ചിരിക്കാത്തതിനാൽ കൂടുതൽ സംഭവങ്ങളെയും കുടുംബവും സഹചാരികളും ചേർന്നു ആത്മഹത്യയോ അകാല മരണമോ ആക്കി രൂപം മാറ്റും. കുടുംബം സംഭവത്തെ പൊതിഞ്ഞു വെയ്ക്കും. കുടുംബത്തിനു അത് അപമാനം വരുത്തി െവയ്ക്കും എന്നതിനാൽ കേസ് കൊടുക്കുവാൻ ആരും മുതിരുകയില്ല. പേരും മുഖവും ഇല്ലാതെ ഇര ഓർമ്മയിലേക്ക് മറയും. ഇരയുടെ അനുഭവം നേ രിട്ടു ഉൾക്കൊള്ളാനാവാത്തതിനാൽ കഥ പറച്ചിലിനു ശക്തിയുണ്ടാവില്ല. അതിനാൽ കൊലപാതകത്തെ അതിജീവിച്ച ഒരു ഇരയെ ഷർമീൻ തേടി നടന്നു. അങ്ങിനെയാണ് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള സബാ ഖസീർ എന്ന 19 കാരി അച്ഛന്റെ വെടിയേറ്റിട്ടും മരിക്കാതെ ആശുപത്രിയിൽ ഉണ്ടെന്ന് പത്ര വാർത്തയ്ക്ക് പിന്നാലെ പോയത്. വെടിയേറ്റതിന്റെ രണ്ടാം നാൾ സബാ ഖസീരിനെ ആശുപത്രിയിൽ കണ്ടെത്തി. ഇനിയൊരാളിനും ഇങ്ങിനെ സംഭവിക്കരുതെന്ന് ആഗ്രഹിച്ച സബാ ഖസീർ യാതൊന്നും ഒളിക്കാതെ ഏറെ സംസാരിച്ചു. ചിത്രീകരണത്തിലും വളരെ സ്വാഭാവികമായി തികഞ്ഞ മനക്കരുത്തോടെ അവൾ സഹകരിച്ചു. താൻ പ്രണയിച്ച പുരുഷനെ വിവാഹം കഴിച്ച് അയാളുടെ വീട്ടിലേയ്ക്കു പോയ സബാ ഖസീരിനെ പിതാവും അദ്ദേഹത്തിന്റെ സഹോദരനും ചെന്നു അനുനയത്തിൽ സ്നേഹം ഭാവിച്ചു വീട്ടിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. നിർബന്ധത്തിനു വഴങ്ങി ഒപ്പം പോയ അവളെ അവർ ആദ്യം മർദ്ദിക്കുകയും പിന്നീടു പിതാവ് തോക്കെടുത്തു തലയിലേയ്ക്കു നിറയൊഴിക്കുകയും ചെയ്തു. മരണപ്പെട്ടുവെന്നു കരുതി മകളെ അവർ ഒരു ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു. വെടിെവയ്ക്കുന്പോൾ തല മാറ്റാൻ ശ്രമിച്ചതിനാൽ മുഖത്തേക്കാണ് വെടിയേറ്റത്. ചാക്കിലെ കെട്ടുകൾ അയച്ച് പുറത്ത് കടന്ന സബാ പുഴയിൽ നിന്നും കരകയറി നടന്നു അടുത്തുള്ള ഒരു പെട്രോൾ പന്പിൽ എത്തിപ്പെടുകയും പിന്നീട് രക്ഷാ പ്രവർത്തന കാര്യങ്ങൾ വേഗത്തിൽ ആവുകയും ചെയ്തു.

ചില ഗ്രാമങ്ങൾക്കും  അത്തരം വിശ്വാസങ്ങൾ പുലർത്തുന്ന സമുദായങ്ങളിലെ മുഴുവൻ ജനങ്ങൾക്കും അറിയാം ചില മനുഷ്യർ അവരുടെ മകളെ, സഹോദരിയെ, ഭാര്യയെ കൊല ചെയ്തവർ ആണെന്ന്. പക്ഷെ കൊലപാതകികൾക്ക്  ഒരു പ്രശ്നവും അതുമൂലം വരുന്നില്ല. അവർ ഒരു ശിക്ഷയും അതിനായി അനുഭവിക്കുന്നില്ല. അക്കാരണം കൊണ്ടു  അത്തരം കൊലപാതകങ്ങൾ കുറ്റകൃത്യങ്ങളായി ജനങ്ങൾക്ക് തോന്നുന്നില്ല. കുറ്റകൃത്യമെന്നു സമൂഹത്തിനു അനുഭവപ്പെടാത്തതിനാൽ ‘മാനം കാക്കുവാൻ കൊലകൾ’ ആവർത്തിക്കപ്പെടുന്നു. സബായുടെ പിതാവിന് ആ പ്രവൃത്തിയിലൂടെ താൻ കൂടുതൽ മാന്യത ആർജ്ജിച്ചതായും അയാളുടെ മറ്റു പെണ്മക്കൾക്കു നല്ല പാഠമായതായും ഉത്തമ ബോദ്ധ്യമാണ്. കുടുംബത്തിലെ മറ്റു സ്ത്രീകളും വിശ്വസിക്കുന്നതു സബായുടെ പ്രവൃത്തിയ്ക്ക് ഇതാണ് ശരിയായ ഫലമെന്നാണ്‌. പിതാവും അയാളുടെ സഹോദരനും അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും സമുദായത്തിലെ മുതിർന്ന മനുഷ്യരുടെ സമ്മർദ്ദം സഹിക്കാൻ ആവാതെ കുറ്റവാളികൾക്കു മാപ്പ് കൊടുക്കുന്ന വ്യവസ്ഥയ്ക്ക്, നിയമത്തിലെ പഴുതിനു സബാ വഴങ്ങുകയുണ്ടായി. ഷർമീൻ ഈ ചിത്രം നിർമ്മിച്ചത് നിയമത്തിലെ ആ പഴുത് അടയ്ക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുവാനാണ്. ‘മാനം കാക്കുവാൻ കൊലപാതകങ്ങൾ’ ഒരു മാനവും കാക്കുന്നില്ലെന്നും അവയെല്ലാം തികഞ്ഞതും നിഷ്ഠൂരവുമായ കൊലപാതകങ്ങൾ ആണെന്നും ജീവൻ സംരക്ഷിക്കാൻ ബാദ്ധ്യത ഉള്ളവർ ആണ് അത് ചെയ്യുന്നത് എന്നതിനാൽ ഏറ്റവും നിന്ദ്യമാണെന്നും  പൊതു ബോധം ഉരുവപ്പെടുന്ന വിധത്തിൽ ദേശീയ തലത്തിൽ  സംവാദം ഉയർത്തുകയും അതിനു അർത്ഥ പൂർണ്ണമായ ഫല പ്രാപ്തി ഉണ്ടാവുകയും ചെയ്യുക എന്ന ലക്ഷ്യസാക്ഷാത്കാരം ഇപ്പോൾ ഷർമീൻ ഉബൈദിനു വളരെ അടുത്ത് എത്തിയിരിക്കുന്നു.

You might also like

Most Viewed