ജെ.എൻ.യു രാജ്യദ്രോഹത്തിന്റെ നേർക്കാഴ്ച്ച


എ. ശിവപ്രസാദ്

 

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ സർവ്വകലാശാല അധികൃതരുടെ അനുവാദമില്ലാതെ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയും ഭാരത പാർലമെന്റ് ആക്രമണ കേസ്സിലെ മുഖ്യ സൂത്രധാരനുമായ അഫ്സൽ ഗുരുവിന്റെ അനുസ്മരണ ചടങ്ങായിരുന്നു അത്. മാവോ അനുകൂല സംഘടനയായ ഡൽഹി സ്റ്റുഡൻസ് യൂണിയൻ (DSU)ന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രത്യക്ഷത്തിൽ തന്നെ ദേശവിരുദ്ധ പരിപാടി ആയത് കൊണ്ട് ജെ.എൻ.യുവിലെ ABVP വിദ്യാർത്ഥികൾ പരിപാടിക്കെതിരായി സർവ്വകലാശാല അധികൃതരെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സർവ്വകലാശാല അനുമതി നിഷേധിച്ചത്. 

അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിനു ശേഷം അത് നടത്തിയ വിദ്യാർത്ഥികൾ വിളിച്ച മുദ്രാവാക്യങ്ങൾ ഏതൊരു രാജ്യ സ്നേഹിയേയും ഞെട്ടിക്കുന്നതായിരുന്നു. “അഫ്സൽ ഗുരു സിന്ദാബാദ്, കാശ്മീരിനെ മോചിപ്പിക്കും, കേരളത്തെ മോചിപ്പിക്കും, ഭാരതം തകരുന്നത് വരെ യുദ്ധം ചെയ്യും” തുടങ്ങിയവ ആയിരുന്നു അവ. നിർഭാഗ്യമെന്നു പറയട്ടെ ജെ.എൻ.യുവിലെ പ്രമുഖ വിദ്യാർത്ഥി സംഘടനകളായ SFI, AISF, വിമത SFI സംഘടനയായ DSF, CPIM(ML)പിന്തുണയുള്ള AISA തുടങ്ങിയവയായിരുന്നു അത്. ഈ പ്രകടനത്തിലും അതിനോടനുബന്ധിച്ച് നടന്ന പൊതു യോഗങ്ങളിലും സർവ്വകലാശാല യൂണിയൻ ചെയർമാൻ കനയ്യ കുമാർ അടക്കമുള്ള വിദ്യാർത്ഥി നേതാക്കളുടെ വാക്കുകളിൽ നിന്നും രാജ്യ ദ്രോഹത്തിന്റെ വിഷ വർഷമാണ്‌ പുറത്തു വന്നത്. സ്വാഭാവികമായും ഇതിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

സത്യത്തിൽ ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണ് ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ ചെയ്തത്. ഭാരത പാർലമെന്റ് ആക്രമിക്കാൻ നേതൃത്വം നൽകിയ അഫ്സൽ ഗുരുവിന് വേണ്ടി വാദിക്കുന്നവർ ഭാരതത്തെ സംബന്ധിച്ചിടത്തോളം ആരാണ്? ഭാരതത്തിന്റെ പരമോന്നത നീതി പീഠം വധ ശിക്ഷ വിധിച്ച് അത് നടപ്പിലാക്കിയ വ്യക്തിയെ അനുസ്മരിക്കുന്നവരെ എങ്ങിനെ നോക്കി കാണണം? അവർ എന്തിന് വേണ്ടിയാണു അഫ്സൽ ഗുരു അനുസ്മരണം നടത്തുന്നത്? “ജംഗ് രഹേങ്കി, ജംഗ് രഹേങ്കി, ഭാരത്‌ കീ ബർബാദീ തക് ജഗ് രഹേങ്കീ” (ഭാരതത്തിന്റെ സർവ്വ നാശം കാണാതെ സമരം അവസാനിക്കില്ല) എന്ന് മുദ്രാവാക്യം വിളിക്കുന്നവരെ എന്ത് ചെയ്യണം? “കേരൾ മാംഗേ ആസാദീ”, കാശ്മീർ മാംഗേ ആസാദീ. (കേരളത്തിന് സ്വാതന്ത്രം വേണം, കാശ്മീരിന് സ്വാതന്ത്രം വേണം) എന്ന് വിളിക്കുന്നവരോട് ഒരു ഭരണകൂടം എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത്? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് വേണ്ടി അക്കമിട്ട് വാദമുന്നയിക്കുന്നവർ മറുപടി തരുമോ?

ഇത്തരം മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികൾക്ക് പൂർണ്ണ പിന്തുണയുമായി ഇന്ത്യയിലെ (കേരളത്തിലെ ......?) CPI(M), CPI, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടികൾ എത്തിയിരിക്കുകയാണ്. ജെ.എൻ.യു വിദ്യാർത്ഥികൾ ദേശ വിരുദ്ധ പ്രവർത്തനമാണ് നടത്തിയത് എന്നറിഞ്ഞിട്ടും അവരെ സഹായിക്കാനായി ഈ പാർട്ടികൾ എത്തുന്നതിന്റെ ചേതോ വികാരം എന്തായിരിക്കും? ജെ.എൻ.യു സമരത്തെ ലഷ്കർ ഇ തോയ്ബ നേതാവ് ഹാഫിസ് സെയ്ദിന്റെ പിന്തുണ ഉണ്ടായിരുന്നു എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. ജനക്കൂട്ടത്തെ ഇളക്കി വിടാനോ, ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ, ദേശ വിരുദ്ധങ്ങളോ ആയ മുദ്രാവാക്യങ്ങൾ വിളിക്കുന്നത്‌ ക്രിമിനൽ കുറ്റമാണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഇപ്പോഴും ഈ സർവ്വകലാശാലാ വിദ്യാർത്ഥികൾക്ക് വേണ്ടി വാദിക്കുകയാണ്. 

ഇന്ത്യൻ കമ്യൂണിസ്റ്റുകളുടെ ഇത്തരം ദേശവിരുദ്ധ നിലപാടുകൾ അവരുടെ പ്രസ്ഥാനത്തിന്റെ ജന്മകാലം മുതൽ തന്നെ തുടങ്ങിയതാണ്‌. അത് കൊണ്ട് ജെ.എൻ.യു വിഷയത്തിലെ അവരുടെ നിലപാടിനെ ‘ജനിതക വൈകൃതം’ എന്ന് പറയുന്നതാവും ശരി. 

1920ൽ റഷ്യയിലെ താഷ്കന്റിൽ രൂപം കൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അവരുടെ ആഗോള കമ്യൂണിസ്റ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്നും എന്നും നിലകൊള്ളുന്നത്. ഭാരത സ്വാതന്ത്ര സമരത്തെ ഒറ്റു കൊടുത്തതും ‘ക്വിറ്റ്‌ ഇന്ത്യ’ സമരം തെറ്റാണെന്ന് പറഞ്ഞതടക്കം നിരവധി ഉദാഹരണങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയും. ഭാരതത്തിന്റെ സ്വാതന്ത്ര സമരം നടക്കുന്പോൾ ഭാരതത്തിലെ കമ്യൂണിസ്റ്റ് പാർട്ടി എന്ത് നിലപാടെടുക്കണമെന്ന് തങ്ങളുടെ യജമാനന്മാരായ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയോടാരാഞ്ഞപ്പോൾ ബ്രിട്ടീഷുകാരോടൊപ്പം നിലകൊള്ളാനാണ് അവർ ഉപദേശിച്ചത്, കാരണം ദേശീയത എന്നത് അന്നും ഇന്നും എന്നും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അന്യമായിരുന്നു. അത് കൊണ്ടാണ് ‘ഒരു അഫ്സൽ ഗുരു മരിച്ചാൽ ഓരോ വീടുകളിലും അഫ്സൽ ഗുരുക്കന്മാർ പിറക്കും’ എന്ന് ആർത്ത് വിളിച്ച കനയ്യ കുമാറിനു വേണ്ടി മരിക്കാൻ വരെ ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടികൾ തയാറാവുന്നത്. 

ജെ.എൻ.യുവിലെ ദേശ വിരുദ്ധരായ വിദ്യാർത്ഥികൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ഓടി നടക്കുന്ന പ്രകാശ് കാരാട്ടും, സീതാറാം യെച്ചൂരിയും പിന്നെ കേരളത്തിലെ അഖിലേന്ത്യാ സി.പി.എം. സഖാക്കളും ഭാരതത്തിന്റെ അതിർത്തികളിൽ മഞ്ഞു മലകളിൽ നിന്ന് അതിർത്തി കാക്കുന്നതിനിടയിൽ മഞ്ഞു മലകളിൽ പെട്ട് വീര മൃത്യു വരിച്ച ഹനുമന്തപ്പ എന്ന ഭാരത സൈനീകന് വേണ്ടി ഒരക്ഷരം ഉരിയാടാൻ തയ്യാറായില്ല. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞത് അഫ്സൽ ഗുരു ദേശ സ്നേഹിയാണെന്നും ഇടത് പാർട്ടികൾക്ക് വേണ്ടത് അഫ്സൽ ഗുരുവിന്റെ സ്വാതന്ത്രവുമാണെന്നാണ്. സി.പി.എമ്മിനെ ദേശ കൂറ് ഇവിടെ വ്യക്തമാണല്ലോ! 

അഫ്സൽ ഗുരു ദേശ സ്നേഹിയെങ്കിൽ കാശ്മീരിൽ ഭാരതത്തിന്‌ വേണ്ടി പോരാടുന്ന സൈനികരും ഭാരത സർക്കാരും ഇവർക്ക് ആരാണ്? അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണെന്ന് 2015 ഫെബ്രുവരി 9നു ജെ.എൻ.യുവിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു. അതായത് ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ഇവർക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണ് യെച്ചൂരിയും കൂട്ടരും ഓടി നടക്കുന്നത്. 

രാജ്യദ്രോഹികൾക്ക് വേണ്ടി സി.പി.എം. കണ്ണീരൊഴുക്കുന്നത് ഇതാദ്യമായല്ല. ലഷ്കർ ഇ തോയ്ബയുടെ ചാവേർ ആയിരുന്ന ഇസ്രത്ത് ജഹാൻ പോലീസ് വെടിയേറ്റ് മരിച്ചപ്പോൾ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രത്ത് ജഹാന് വേണ്ടി കരഞ്ഞ് ഒടുവിൽ ഇസ്രത്ത് ജഹാന്റെ പേരുമിട്ട് ആംബുലൻസ് ഇറക്കിക്കൊണ്ടായിരുന്നു സി.പി.എം തങ്ങളുടെ ദേശവിരുദ്ധത തെളിയിച്ചത്. ഇന്ന് കനയ്യ കുമാറിനു വേണ്ടി ഓടി നടക്കുന്ന വൃന്ദ കാരാട്ടായിരുന്നു ‘ഇസ്രത്ത് ജഹാൻ ആംബുലൻസ്’ ഉദ്ഘാടനം ചെയ്തത്. മുംബൈ സ്ഫോടനത്തിലെ കൊടും ഭീകരൻ ഡേവിഡ് കോൾ മാൻ ഹെഡ്ലി ഈയടുത്ത് ഇസ്രത്ത് ജഹാൻ ലഷ്കർ തീവ്രവാദി ആണെന്ന് പറഞ്ഞതോടെ സി.പി.എം വെട്ടിലായി. 

ഇവിടെ യഥാർത്ഥ പ്രശ്നം ജെ.എൻ.യു. അല്ല എന്ന് ജെ.എൻ.യു. വിഷയം ആഴത്തിൽ പഠിക്കുന്ന ആർക്കും മനസിലാകും. രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുക എന്ന നിലപാടാണ് കോൺഗ്രസ് −കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്. ഭാരതത്തിലാകമാനം അവർ ഒന്നാവാൻ പോവുകയാണ്. പശ്ചിമ ബംഗാളിൽ ഏതാണ്ട് തീരുമാനമെടുത്ത് കഴിഞ്ഞു. ഇനി എന്നാണ് കേരളത്തിൽ? എന്ന ചോദ്യം അവശേഷിക്കുന്നു. ഹൈദരാബാദ് സർവ്വകലാശാലയിലെ രോഹിത് വെമൂല എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തപ്പോഴും ഇത് കേന്ദ്ര സർക്കാരിനെതിരെ ഉപയോഗിക്കാൻ ഇവർ മുതിർന്നു.          ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് കാരണം കേന്ദ്രസർക്കാർ ആണെന്നായിരുന്നു ഇവരുടെ വാദം. ഒടുവിൽ രോഹിത് വെമൂല ദളിത് വിഭാഗത്തിൽ പെട്ടവനല്ലെന്നു രോഹിത്തിന്റെ പിതാവ് തന്നെ പറഞ്ഞതോടെ കള്ളി വെളിച്ചത്തായി. മാത്രമല്ല തന്റെ ആത്മഹത്യയിൽ SFI എന്ന പ്രസ്ഥാനത്തിന് പങ്കുണ്ടെന്ന രോഹിത്തിന്റെ ആത്മഹത്യാ കുറിപ്പും CPMനെ വെട്ടിലാക്കി. 

രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ തൊടാൻ പാടില്ലെന്നും അവർ പ്രോത്സാഹനം അർഹിക്കുന്നവരാണെന്നുമുള്ള നിലപാടാണ് ഇടതു പാർട്ടികൾ ഇപ്പോഴും ഉയർത്തിക്കൊണ്ട് വരുന്നത്. ഇതിനിടയിലാണ് ജെ.എൻ.യുവിൽ രാഷ്ട്രവിരുദ്ധ മുദ്രാവാക്യം വിളിച്ചവരിൽ പ്രധാനിയായ ഉമർ ഖാലിദിന്റെ വെളിപ്പെടുത്തൽ. പ്രധാനമായും 3 കാര്യങ്ങളാണ് ഉമർ ഖാലിദ് വെളിപ്പെടുത്തിയത്. 

ഒന്ന്: ജെ.എൻ.യുവിൽ നടന്ന ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് കനയ്യ കുമാർ ആണ്. രണ്ട്−: ജെ.എൻ.യുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുണ്ട്. മൂന്ന്:− വിദേശികൾ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്, അവർ മുഖം മറച്ചു കൊണ്ടായിരുന്നു ജെ.എൻ.യുവിൽ എത്തിയത്. ഉമർ ഖാലിദിന്റെ ഈ വെളിപ്പെടുത്തലോടെ cpm വീണ്ടും വെട്ടിലായി. അവരുടെ ദേശ വിരുദ്ധത വീണ്ടും മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ഇതിൽ നിന്നെല്ലാം ഒളിച്ചോടിക്കൊണ്ട് ഭാരതത്തിൽ അസഹിഷ്ണുത ഉണ്ടെന്നു വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം. (ഗുരു സ്ഥാനീയനായ ടി.പി. ശ്രീനിവാസനെ sfi നേതാവ് ചെകിട്ടത്ത് അടിച്ചു വീഴ്ത്തിയത് ഈ അസഹിഷ്ണുതയിൽ പെടില്ല). ഭാരതം ഇന്ന് സമസ്ത മേഖലകളിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ സ്വീകാര്യത വർദ്ധിക്കുന്നു. നരേന്ദ്ര മോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ലോകം അംഗീകരിക്കുന്നു. ഇന്ത്യ ഒരു വൻ ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നു. രാജ്യം മുന്നേറുന്പോൾ അതിനെതിരെ പുറം തിരിഞ്ഞു നിൽക്കുക എന്ന കമ്യൂണിസ്റ്റുകളുടെ ജന്മ സ്വഭാവമാണിത്. 

ഭാരതത്തെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങി രണ്ട് തവണ ഭാരതത്തെ ആക്രമിച്ച കാർഗിലിൽ ഭാരതത്തിന്റെ ആയിരത്തോളം സൈനികരെ കൊന്നൊടുക്കിയ, ഇന്നും അതിർത്തികളിൽ നിരവധി ഭാരത സൈനികരെ കൊന്നൊടുക്കുന്ന, മുംബൈയിൽ സ്ഫോടനം നടത്തിയ, ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന പാക്കിസ്ഥാൻ ഭാരതത്തിന്റെ ശത്രു രാജ്യമല്ല പോലും. ദേശ സ്നേഹം  തൊട്ട് തീണ്ടിയിട്ടില്ലാത്തവർക്ക് ഇത് തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഉള്ളിലുള്ള കമ്യൂണിസം തികട്ടി പുറത്ത് വന്ന് പാക്കിസ്ഥാന് വേണ്ടി വാദിക്കുന്ന അവസ്ഥയിലേക്ക് ഇക്കൂട്ടർ മാറിക്കഴിഞ്ഞു. 

ഒരു ഭാഗത്ത് നിന്ന് പാക്കിസ്ഥാനും മറുഭാഗത്ത് നിന്ന് ചൈനയും ഇതു നിമിഷവും ഭാരതത്തെ ആക്രമിക്കാൻ തയ്യാറായി നിൽക്കുകയാണ്. ചൈനയും പാക്കിസ്ഥാനും ഭാരതത്തിന്റെ അതിർത്തികൾ കൈയ്യേറുകയും നമ്മുടെ അതിർത്തി കാക്കുന്ന പട്ടാളക്കാരെ കൊല്ലുകയും ചെയ്യുന്പോൾ നമ്മൾ രാജ്യാതിർത്തി മറന്നു കൊണ്ട് ‘വിശ്വ പൗരനായി’ വളരാൻ ശ്രമിച്ചാൽ എന്താകും സ്ഥിതി..? ചവിട്ടി നിൽക്കാൻ മണ്ണും രാജ്യവുമുണ്ടെങ്കിലല്ലെ ‘വിശ്വപൗരനാവാൻ’ കഴിയൂ. ഇവിടെയാണ്‌ പ്രസിദ്ധ സിനിമാ താരം മോഹൻലാൽ പറഞ്ഞ വാക്കുകൾ സാർത്ഥമാകുന്നത്, ‘രാജ്യം നാം ചവിട്ടി നിൽക്കുന്ന മണ്ണാണ്, നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവുമാണ്. രാജ്യം നശിച്ചിട്ട് നാം ജീവിച്ചിട്ടെന്തു കാര്യമാണുള്ളത്?’ ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്ക് അഭിപ്രായ സ്വാതന്ത്രമില്ല എന്ന് കേഴുന്ന കമ്യൂണിസ്റ്റുകാർ ചൈനയിലെ ടിയാൻമെൻ സ്ക്വയറിൽ സ്വാതന്ത്രത്തിനായി തടിച്ചു കൂടിയ പതിനായിരത്തോളം വിദ്യാർത്ഥികളെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാരിന്റെ പോലീസ് വെടിവച്ചു കൊന്നതിനെപ്പറ്റി വാ തുറക്കുന്നില്ല. 

കൊലപാതകങ്ങളും വർഗ്ഗീയ ലഹളകളും മുൻ സർക്കാരുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഒരു കാലഘട്ടമാണ് മോഡി സർക്കാരിന്റെത്. കേന്ദ്ര സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഒരവസരവും കിട്ടാതെ വന്നപ്പോഴാണ് ജെ.എൻ.യു കലാപം തൊടുത്ത് വിട്ടത്. 

ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. എന്ത് കൊണ്ട് രാജ്യ ദ്രോഹിയായ അഫ്സൽ ഗുരു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രിയങ്കരനായത്...? ഭാരതത്തിന്‌ വേണ്ടി വെടി കൊണ്ട് മരിച്ച ധീര സൈനികരെ ആദരിക്കാൻ ആരും നിങ്ങളോട് (CPI, CPM) ആവശ്യപ്പെടുന്നില്ല. എന്നാൽ ഭാരതത്തിലെ ധീര സൈനികരെ വെടിവച്ചു കൊന്നവരെ നിങ്ങൾ ആദരിക്കുന്പോൾ ഏതൊരു ഭാരതീയനും മന:സ്ഥാപമുണ്ടാവുക സ്വാഭാവികമാണ്. സ്വന്തം നാടിനെ ഒറ്റു കൊടുത്തതിന്റെ കളങ്കം മായാതെ കിടക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അഫ്സൽ ഗുരുവിനെ സഹായിക്കുന്ന ഈ നടപടി ആപത്കരവും ആത്മഹത്യാപരവുമാണ്.  

എക്കാലവും രാജ്യ പുരോഗതിക്ക് തടസ്സം നിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും ദേശസ്നേഹത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ അവർ തയ്യാറായില്ലെങ്കിൽ അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലായിരിക്കും.   

You might also like

Most Viewed