അടുത്തത് ആര്?
വി.ആർ. സത്യദേവ്
1600 Pennsylvania Ave NW, Washington, DC 20500, United States എന്ന വിലാസമുള്ള വീട്ടിൽ പുതിയ താമസക്കാരെത്താൻ കഷ്ടിച്ച് ഒരു വർഷം കൂടി മാത്രം. ഈ വിലാസത്തിനു മുന്നിൽ ഇപ്പോഴുള്ള ബറാക് ഒബാമയുടെ പേരിൻ്റെ സ്ഥാനത്ത് സ്വന്തം പേര് എഴുതിച്ചേർക്കാൻ അര ഡസനിലേറെപ്പേർ അരയും തലയും മുറുക്കിയുള്ള കനത്ത പോരാട്ടത്തിലാണ്. അന്തിമ പോരാട്ടത്തിനും ഫലപ്രഖ്യാപനത്തിനും അധികാര കൈമാറ്റത്തിനും പുതിയ മേൽ വിലാസക്കാരന്റെ കുടിവെപ്പിനുമൊക്കെ വർഷാവസാനം വരെ കാത്തിരിക്കണം. അടുത്ത വർഷം ജനുവരി 20നാണ് ഇപ്പോഴത്തെ പ്രസിഡണ്ട് ബറാക് ഒബാമയുടെ കാലാവധി അവസാനിക്കുന്നത്.
അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ ഏറെ ദൈർഘ്യമേറിയതാണ്. പുതിയ പ്രസിഡണ്ടിൻ്റെ സ്ഥാനമേൽക്കലിനും രണ്ടു വർഷത്തോളം മുന്നേ തുടങ്ങും ഇതിനുള്ള സ്ഥാനാനാർത്ഥികളുടെ രംഗപ്രവേശം. സാമൂഹ്യ രാഷ്ട്രീയ മണ്ധലങ്ങളിൽ പേരെടുത്ത നിരവധിയാൾക്കാർ മൽസര രംഗത്തെത്തുമെങ്കിലും അന്തിമ പോരാട്ടത്തിൽ രണ്ടു പേർമാത്രമുണ്ടാകുന്ന തരത്തിലാണ് അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞെടുപ്പു നടത്തിപ്പ്. നമ്മുടേതിൽ നിന്നും വിഭിന്നമായി രണ്ടു രാഷ്ട്രീയ കക്ഷികൾ മാത്രമാണ് അമേരിക്കൻ രാഷ്ട്രീയ രംഗത്തുള്ളത്. ഡെമോക്രാറ്റിക് കക്ഷിയും റിപ്പബ്ലിക്കൻ കക്ഷിയുമാണ് അവ. നിലവിലുള്ള പ്രസിഡണ്ട് ബറാക് ഒബാമ ഡെമോക്രാറ്റിക് കക്ഷിയുടെ പ്രതിനിധിയാണ്.
ഈ വർഷം നവംബർ എട്ടാണ് അടുത്ത പ്രസിഡണ്ടിനെ കണ്ടെത്താനുള്ള അന്തിമ തിരഞ്ഞെടുപ്പു നടത്തുക. ഈ ദിനത്തിന് അമേരിക്കക്കാർ ഒരു കണക്കു വെച്ചിട്ടുണ്ട്. നവംന്പറിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് എട്ടാം തിയതി. നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ആദ്യ ചൊവ്വാഴ്ചയായിരിക്കണം വോട്ടെടുപ്പ് എന്നാണു വ്യവസ്ഥ. രണ്ടു സ്ഥാനങ്ങളിലേക്കാണ് അന്നു തിരഞ്ഞെടുപ്പു നടക്കുക. പ്രസിഡണ്ടു സ്ഥാനത്തിനൊപ്പം ഗ്ലാമറില്ലങ്കിലും വളരെ പ്രധാനമാണ് അമേരിക്കൻ വൈസ് പ്രസിഡണ്ടു സ്ഥാനവും. പ്രസിഡണ്ടിനു ചുമതലകൾ നിറവേറ്റാനാകാത്ത അവസ്ഥയുണ്ടായാൽ ആ ചുമതലകളും അധികാരങ്ങളുമെല്ലാം വൈസ് പ്രസിഡണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെടും. സാധാരണഗതിയിൽ ഓരോ പ്രസിഡണ്ടു തിരഞ്ഞെടുപ്പിലും നയിച്ച നേതാവിനൊപ്പം അതേ പാർട്ടിയിൽ പ്രസിഡണ്ടു സ്ഥാനാർത്ഥിത്വത്തിനായി മൽസരിച്ച മറ്റാരെങ്കിലുമൊരാളായിരിക്കും വൈസ് പ്രസിഡണ്ടു സ്ഥാനാർത്ഥി.
നാലു വർഷമാണ് ലോകത്തെ ഏറ്റവും അധികാരമുള്ള ഓഫീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡണ്ടു പദവിയുടെ കാലാവധി. രണ്ടു തവണയാണ് പരമാവധി ഒരാൾക്ക് ആ പദവി അലങ്കരിക്കാനാവുക. താൽക്കാലികമായോ മറ്റോ രണ്ടു വർഷക്കാലം ആ പദവി വഹിച്ച വ്യക്തിക്ക് മൂന്നാമതൊരു പൂർണ്ണ കാലാവധി ആ സ്ഥാനത്ത് എത്താനാവില്ല.
അതിവിപുലമാണ് അമേരിക്കൻ പ്രസിഡണ്ടിൻ്റെ അധികാര പരിധി. നിലവിൽ ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് അമേരിക്ക. ഏറ്റവും കൂടിയ പ്രതിവർഷ സൈനിക ചെലവുള്ള രാജ്യത്തിൻ്റെ നായകൻ. അമേരിക്കൻ സൈന്യത്തിൻ്റെ സർവ്വ സൈന്യാധിപ സ്ഥാനവും അമേരിക്കൻ പ്രസിഡണ്ടിൽ നിക്ഷിപ്തമാണ്. ലോകത്ത് ആദ്യമായി അണുബോംബു വികസിപ്പിച്ചെടുത്ത രാഷ്ട്രമാണ് അമേരിക്ക. ഇപ്പോൾ ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്നതും മറ്റാരുമല്ല. ഈ ആയുധോപയോഗത്തിൻ്റെ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരവും അമേരിക്കൻ പ്രസിഡണ്ടിനാണ്. നിശ്ചയ ദാർഢ്യത്തിൻ്റെയും കർമ്മകുശലതയുടെയും ഒപ്പം കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെയും ഒക്കെ ഫലമാണ് ഇന്നത്തെ അമേരിക്കൻ ഐക്യ നാടുകൾ അഥവാ അമേരിക്ക. ആധുനിക ജനാധിപത്യ വ്യവസ്ഥയുടെയും വലിയ സ്വാതന്ത്ര്യങ്ങളുടെയും മണ്ണ്. ഏഴാം കടലിനക്കരെയുള്ള അത്ഭുത ലോകമായിരുന്ന പണ്ട് മലയാളിക്ക് അമേരിക്ക. ആ സ്വാതന്ത്ര്യങ്ങളുടെയും സാധ്യതകളുടെയും മറുപുറങ്ങൾകൂടി ഇന്നു നമുക്കറിയാം. എന്നാലും വർത്തമാനകാലത്തും ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമെന്ന പദവി അവർ നില നിർത്തുന്നു.
എന്തൊക്കെയായാലും അതിജീവനത്തിൻ്റെയും മുന്നേറ്റത്തിൻെറയും വലിയ പ്രതിരൂപമാണ് അമേരിക്ക. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി പലതരത്തിൽ അമേരിക്കൻ ഭൂഖണ്ധത്തിലെത്തിച്ചേർന്നവർ ഒത്തുചേർന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയായിരുന്നു ഇന്നത്തെ അമേരിക്കയുടെ ജനനം. ലോകത്തിൻ്റെ അതിരുകളോളം വ്യാപിച്ച യൂറോപ്യൻ അധിനിവേശ സാമ്രാജ്യത്വത്തിനെതിരായ ഐതിഹാസിക വിജയത്തിൻെറ കഥയാണ് അമേരിക്കക്കു പറയാനുള്ളത്. യൂറോപ്യൻ അധിനിവേശത്തിനെതിരായി നടന്ന ആദ്യ സ്വാതന്ത്ര്യസമര വിജയമായിരുന്നു ആയിരത്തി എഴുനൂറ്റി എഴുപത്തിയാറു മുതൽ പത്തു വർഷത്തിലേറെ നടന്ന അമേരിക്കൻ സ്വാതന്ത്ര്യ സമരം. അതിലൂടെ അധികാരത്തിലെത്തിയ സ്വാതന്ത്ര്യസമര നായകൻ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിംഗ്ടൺ തൊട്ടിങ്ങോട്ട് 44ാമത്തെ പ്രസിഡണ്ടാണ് ബറാക് ഒബാമ. നാലുവർഷ പ്രസിഡണ്ട് കാലങ്ങളുടെ അൻപത്തേഴാമൂഴമാണ് ഇപ്പാഴത്തെ ഒബാമ പ്രസിഡൻസി.
1776 ജൂലൈ നാലിന് ഭൂഖണ്ധത്തിലെ 13 കോളനികൾ ഒത്തുചേർന്നായിരുന്നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. 1787ൽ ബ്രിട്ടൻ അതംഗീകരിച്ച് സ്വാതന്ത്ര്യവുമനുവദിച്ചു. അവിടുന്നിങ്ങോട്ട് 50 സംസ്ഥാനങ്ങളും ഒരു ഫെഡറൽ ഡിസ്ട്രിക്റ്റുമടക്കമുള്ള വന്പൻ രാഷ്ട്രമായി അമേരിക്ക വളർന്നിരിക്കുന്നു. ലോകശക്തിയായിരുന്ന സോവ്യറ്റ് യൂണിയൻ 1991ൽ ചരിത്രമായതു മുതലിങ്ങോട്ട് അമേരിക്ക മാത്രമാണ് ലോകത്തെ ഏക സൂപ്പർ പവർ എന്നാണു വെയ്പ്പ്. സൈനിക, സാന്പത്തിക കണക്കുകൾ ഇതു ശരിവെയ്ക്കുന്നു. സോവ്യറ്റ് യൂണിയൻ്റെ തിരോധാനത്തോടെ അവസാനിച്ച ശീതയുദ്ധം അമേരിക്കൻ അപ്രമാദിത്വത്തിനും ഒട്ടനവധി അധിനിവേശ തെമ്മാടിത്തങ്ങൾക്കും വഴിവച്ചു. എന്നാൽ ഈ സ്ഥിതിക്ക് ചെറുതെങ്കിലും ശക്തമായ ഒരു ഗതിമാറ്റമാണ് അടുത്തിടെ കാണപ്പെടുന്നത്. ശീതയുദ്ധത്തിലെ അമേരിക്കൻ പക്ഷത്തിൻ്റെ എതിർ ചേരിക്കു നെടു നായകത്വം നൽകിയിരുന്ന റഷ്യ ആഗോള രാഷ്ട്രീയത്തിൽ അടുത്തിടെ സ്വന്തം നിലയും നിലപാടുകളും കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ഇറാൻ, തുർക്കി, സിറിയ വിഷയങ്ങളിലൊക്കെ ഇക്കാര്യം പ്രകടമാണ്. സാന്പത്തിക രംഗത്തും പഴയ പ്രതാപം പതിയെ പടിയിറങ്ങുകയാണ്. ഉത്തരകൊറിയ പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങൾക്കു നേരേ ചെറുവിരലനക്കാൻ പോലും വർത്തമാനകാല അമേരിക്കയ്ക്കാകുന്നില്ല. അങ്ങനെ പഴയപ്രതാപങ്ങൾ അതിവേഗം അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു പദവിയിലേക്കാണ് പുതിയൊരാൾ കടന്നെത്തുന്നത്. പതിവിലുമേറെ ദുഷ്കരമായിരിക്കും ഏതൊരാൾക്കും അടുത്ത പ്രസിഡണ്ട് സ്ഥാനം.
നേരിട്ടുള്ള വോട്ടെടുപ്പല്ല അമേരിക്കൻ പ്രസിഡണ്ടു തിരഞ്ഞടുപ്പിലേത്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥിത്വത്തിനായുള്ള പ്രചാരണമാണ് ഫലത്തിൽ ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ 50 സംസ്ഥാനങ്ങളിലുമായി നടക്കുന്ന ഈ പ്രചാരണത്തിലൂടെ മൽസരരംഗത്തുള്ള സ്ഥാനാർത്ഥിത്വ മോഹികൾ സ്വന്തം പാർട്ടിയിൽ നിന്നുള്ള ആവശ്യത്തിനു നാമനിർദ്ദേശ വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ഈ പ്രചാരണത്തിൽ അവസാനം ഇരുപക്ഷങ്ങളിലും ഓരോ മൽസരാർത്ഥികൾ മാത്രം അവശേഷിക്കും, അവരാരാകുമെന്നറിയാൻ ഇനിയും കാത്തിരിക്കണം. എന്നാലും ഇന്നു പുറത്തു വന്ന പ്രൈമറി ഫലങ്ങൾകൂടി കണക്കിലെടുക്കുന്പോൾ ഡെമോക്രാറ്റിക് പക്ഷത്ത് മുൻ പ്രസിഡണ്ട് ബിൽ ക്ലിൻ്റന്റെ പത്നിയും മുൻ േസ്റ്ററ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിൻ്റണും റിപ്പബ്ലിക്കൻ പക്ഷത്ത് വൻ വ്യവസായി ഡൊണാൾഡ് ട്രംപും തന്നെ ആകാനാണ് സാധ്യത. ഇരുപക്ഷത്തുമായി മാർക്കോ റൂബിയോ, ബേണി സാൻഡേഴ്സ്, ടെഡ് ക്രൂസ്, ബെൻ കാഴ്സൺ എന്നിങ്ങനെ നിരവധി സ്ഥാനാർത്ഥിത്വ മോഹികൾ അവശേഷിക്കുന്നു. വലിയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പുകൾ പൂർത്തിയായാലേ ഇക്കാര്യത്തിലുള്ള അന്തിമ ചിത്രം വ്യക്തമാകൂ. അതിന് സമയം ഇനിയുമേറെയുണ്ട്. ഒപ്പം അമേരിക്കയെക്കുറിച്ചും അമേരിക്കൻ പ്രസിഡണ്ടു പദവിയെക്കുറിച്ചും സ്ഥാനാർത്ഥികളെക്കുറിച്ചുമുള്ള ഏറെ വിശേഷങ്ങളും. അതൊക്കെ നമുക്കു പിന്നാലെ ചർച്ച ചെയ്യാം.