അധികാരത്തിന്റെ പ്രയോഗങ്ങൾ

ഇ.എ സലിം
കാന്പസുകൾ യുവജനങ്ങൾ നിറഞ്ഞതായതു കൊണ്ടു അവിടെ തീപ്പൊരി പാറുന്ന ആശയ സംവാദങ്ങൾ ഉടലെടുക്കുക സ്വാഭാവികമാണ്. ചിലപ്പോൾ അവ ശാരീരിക സംഘട്ടനമായി പരിണമിക്കാറുമുണ്ട്. അവയ്ക്കു പരിഹാരം കാണുവാൻ യൂണിവേഴ്സിറ്റികൾക്കു ആഭ്യന്തരമായ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളും കീഴ്്വഴക്കങ്ങളും ഉണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽക്കേ ഇന്ത്യയിലെ കാന്പസുകൾ ജനകീയ മുന്നേറ്റങ്ങളുടെ ചാലക ശക്തിയായി സമൂഹത്തെ നയിച്ചിരുന്നു. എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും അസാധാരണവും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുമായ ഒരു പുതിയ പ്രവണത ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ ഇടയിൽ ഏതെങ്കിലും തരം രാഷ്ട്രീയ സംഘർഷം ഉടലെടുത്താൽ വഴക്കിൽ ഒരു പക്ഷത്തു എ.ബി.വി.പി എന്ന വിദ്യാർത്ഥി സംഘടന ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തുന്നതു പതിവ് നടപടിക്രമങ്ങൾ പ്രകാരം സ്ഥാപനത്തിന്റെ പ്രിൻസിപ്പലിന്റെയോ യൂണിവേഴ്സിറ്റി വൈസ്ചാൻസലറുടെയോ നേതൃത്വത്തിൽ അല്ല. സ്ഥലത്തെ ബി.ജെ.പി എം.പിയോ എം.എൽ.എയോ ആയ നേതാവ് വിഷയത്തിൽ നേരിട്ടു ഇടപെടുകയും പോലീസ് തുടങ്ങിയ ഭരണകൂട അധികാര കേന്ദ്രങ്ങളെ ഇടപെടുത്തുകയും കേന്ദ്രമന്ത്രി സഭയിലെ അംഗങ്ങൾ തന്നെ നേരിട്ടു പങ്കെടുക്കുകയും ഉത്തരവുകൾ നൽകുകയും ചെയ്യുവാൻ ആരംഭിച്ചിരിക്കുന്നു.
മതപക്ഷ രാഷ്ട്രീയ സിദ്ധാന്ത ശാഠ്യങ്ങൾക്കു മനസ്സാക്ഷി പണയപ്പെടുത്താത്ത മുഴുവൻ മനുഷ്യരെയും അഗാധമായി വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹൃദയ സ്പർശിയായ ഒരു കുറിപ്പ് നമുക്കായി നൽകിയിട്ടാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല മരണം വരിച്ചത്. ആ കുറിപ്പിൽ ഒരാളെ മാത്രമേ പേരെടുത്തു വിളിച്ചിട്ടുള്ളു. “ഉമ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിനു ക്ഷമിക്കണം”. ജീവനൊടുക്കാൻ ഇടമില്ലാതെ ആ യുവാവ് ഉമ അണ്ണന്റെ മുറി അക്കാര്യത്തിനു ഉപയോഗിക്കേണ്ടി വന്നതിനാണ് ആ ക്ഷമാപണം. പഠിച്ചും ഗവേഷണങ്ങൾ ചെയ്തും തങ്ങളുടെ കഴിവിന്റെയും അദ്ധ്വാനത്തിന്റെയും മാത്രം ബലത്തിൽ നൂറ്റാണ്ടുകളായി പിതൃക്കൾ നയിച്ച അടിമ ജീവിതത്തിൽ നിന്ന് മോചനം നേടാമെന്നും സർഗാത്മകവും അർത്ഥ പൂർണ്ണവുമായ ഒരു ഭാവി പടുത്തുയർത്താമെന്നും സ്വപ്നം പേറി നടന്ന ആ യുവാവിനു ജീവൻ ഉപേക്ഷിക്കുവാൻ ഇത്തിരി സ്ഥലത്തിനായി അനുവാദമില്ലാതെ കടക്കേണ്ടി വന്നു എന്നത് ഒരു വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യമാണ്. ഹോസ്റ്റലിൽ നിന്നു പുറത്താക്കപ്പെട്ട രോഹിത്തിനും കൂട്ടുകാർക്കും കിടക്കാൻ ഇടമില്ലാതെ വരികയും സ്കോളർഷിപ് നൽകാഞ്ഞതിനാൽ ഭക്ഷണം കഴിക്കാൻ വഴിയില്ലാതാവുകയും ഉണ്ടായി. ഇന്ത്യ എന്ന ലോക മഹാശക്തിയുടെ ഭരണ സാരഥ്യം വഹിക്കുന്ന മന്ത്രി സഭയിലെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളുമായുള്ള പോരാട്ടത്തിലേക്കാണ് സമൂഹത്തിന്റെ താഴെതട്ടിൽ നിന്നു വരുന്ന ദരിദ്രരായ ആ വിദ്യാർത്ഥികൾ ചെന്നു പെട്ടത്. പോലീസിന്റെയും അന്വേഷണ ഏജൻസികളുടെയും നടപടികൾക്കു അവർ വിധേയരാകുന്നു. വ്യാജവും കെട്ടിച്ചമച്ചതുമായ പരാതികളുടെ പുകമറയാണ് കുട്ടികൾക്കെതിരെ ഉപയോഗിച്ചത്. ജീവിത ദർശങ്ങളുടെ ഉൾക്കാന്പും നെഞ്ചിലെ തീയും മാത്രമാണവരുടെ കൈമുതൽ എന്നതിനാൽ രോഹിത് വെമുല തിരഞ്ഞെടുത്ത വഴി ഒരു സ്വാഭാവിക പരിണിതിയാണ്. സർവ്വകലാശാലയിൽ രോഹിതും സംഘവും പ്രവർത്തിക്കുന്ന സംഘടന എ.ബി.വി.പിയുമായി സംഘർഷത്തിൽ ആയി എന്നത് സത്യമാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്പോൾ അത് സ്വാഭാവികവുമാണ്. എന്നാൽ ഇക്കാര്യത്തിൽ നടപടി എടുക്കുവാൻ ആവശ്യപ്പെട്ടു കൊണ്ടു നിരവധി തീട്ടൂരങ്ങൾ സർവ്വകലാശാലയിലേയ്ക്ക് അയയ്ക്കുന്ന കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഉണ്ടാവുക എന്നത് അസാധാരണമാണ്.
ആ അസാധാരണത്വം യാദൃഛികമല്ല ബോധപൂർവ്വമാണെന്നാണ് ഇന്ത്യയിലെ പേരുകേട്ട സർവ്വകലാശാലയായ ജെ.എൻ.യുവിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. ഉയർന്ന ജനാധിപത്യ മൂല്യങ്ങൾ ചർച്ച ചെയ്യുകയും രാഷ്ട്രീയത്തിൽ ഏറ്റവും ആഴത്തിലുള്ള ചലനങ്ങളെ സംവാദങ്ങളാക്കുകയും ചെയ്യുന്ന ബൗദ്ധിക നിലവാരം ജെ.എൻ.യുവിൽ നിന്നു ഉയരുന്ന രാഷ്ട്ര മീമംസ ചിന്തകൾക്ക് എപ്പോഴും ഉണ്ടായിരുന്നു. സമീപകാല ഇന്ത്യാ ചരിത്രത്തിലെ നാഴികക്കല്ലുകളായ രാഷ്ട്രീയ സംഭവങ്ങളിൽ ജെ.എൻ.യു വിദ്യാർത്ഥികൾ സാർഥകമായ നിലപാടുകളിലൂടെ ഇന്ത്യയുടെ പുരോഗമന പാതയിൽ വെളിച്ചം വീശിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പി നേതാവു സുബ്രമഹ്ണ്യം സ്വാമി ആ സ്ഥാപനത്തെ നോട്ടമിട്ടതായി വ്യക്തമാവുന്ന ചെറു ചലനങ്ങൾ നേരത്തെ തന്നെ പ്രത്യക്ഷമായി തുടങ്ങിയിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു ശേഷം വരുതിയിലാക്കുവാൻ അടുത്തതായി ലക്ഷ്യം വെച്ചിരിക്കുന്നത് ജെ.എൻ.യു ആണെന്ന നിഗമനങ്ങൾ ശരിയാകും വിധമാണ് കാര്യങ്ങൾ സംഭവിച്ചത്. ഫെബ്രുവരി ഒന്പത് മുതൽ അവിടെ അരങ്ങേറുന്ന സംഭവ ഗതികൾ കൃത്യമായ ഒരു പദ്ധതി പ്രകാരമെന്ന പോലെ ചുരുൾ നിവരുകയാണ്. പുരോഗമന പക്ഷത്തെ വിദ്യാർത്ഥികളും എ.ബി.വി.പിയും സംഘർഷത്തിൽ ആകുന്നു. കീഴ്്വഴക്കങ്ങളെ മുഴുവൻ മാറ്റി നിറുത്തി പോലീസ് കാന്പസിൽ കടന്നു കയറുന്നു. മറ്റു അന്വേഷണ ഏജൻസികളുടെ ആവശ്യകതയെക്കുറിച്ചു പറഞ്ഞും ചിത്രത്തിന്റെ ഗൗരവം വീശദമാക്കിയും ഇന്ത്യയുടെ ആഭ്യന്തരമന്ത്രി തന്നെ സംഭവത്തിൽ നിലപാട് സ്വീകരിച്ചു കൊണ്ടു പ്രസ്ഥാവനകൾ ചെയ്യുന്നു. വ്യാജമെന്നു കരുതപ്പെടുന്ന ട്വീറ്റ് സന്ദേശം പോലും ആഭ്യന്തരമന്ത്രിയുടെ പരാമർശത്തിൽ ഉൾപ്പെടുന്നു. എ.ഐ.എസ്.എഫ് കാരനായ യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവർ സൗകര്യപൂർവ്വം രക്ഷപ്പെടുന്നു.
എ.ബി.വി.പി എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് അഹിതമായ ഇതര സംഘടനാ പ്രവർത്തിനങ്ങൾ ഏതു യൂണിവേഴ്സിറ്റിയിൽ സംഭവിച്ചാലും എത്ര വലിയ ഭൂരിപക്ഷം ആയാലും ജെ.എൻ.യുവിലെപ്പോലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ മുഴുവൻ യൂണിവേഴ്സിറ്റിയും ഒറ്റക്കെട്ടായി നിലകൊണ്ടാലും പോലീസിനെയും അന്വേഷണ ഏജൻസികളെയും മുഴുവൻ ഭരണകൂട സ്ഥാപനങ്ങളെയും നിയോഗിച്ചു അവയുടെ ശക്തി കേന്ദ്രീകരിച്ചു കൊണ്ടു ഗവൺമെന്റ്് നേരിട്ടു ഇടപെടുകയാണ്. ഈ പ്രതിഭാസം അമിതാധികാര പ്രയോഗത്തിനും അപ്പുറമാണ്. കനയ്യാ കുമാർ ഒരു അംഗനവാടി ടീച്ചറുടെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന കുടുംബത്തിലേതാണ്. രോഹിത് വെമുല ഉൾപ്പെടെ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഉണരുന്ന പുതിയ യുവതയെപ്പോലെ ബുദ്ധിശക്തിയും ചിന്താശേഷിയും മാത്രമാണ് ആ വിദ്യാർത്ഥി നേതാവിന്റെ കൈമുതൽ. അയാളെ നേരിടുന്നതിനു രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങൾ ഇത്രയധികം മുൻഗണന നൽകുന്നത് ഒരു നീതി ബോധത്തിനും ചേർന്നതല്ല. യൂണിവേഴ്സിറ്റിയുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ അവിടെ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. അത് അവർക്കു തന്നെ വിട്ടു കൊടുക്കുകയാണ് വേണ്ടത്. ജെ.എൻ.യുവിന്റെ ആവിർഭാവം മുതൽക്കേ നില നിൽക്കുന്ന ആവിഷ്കാരങ്ങൾക്കും അഭിപ്രായ പ്രകടനത്തിനും ഉള്ള സ്വാതന്ത്ര്യം ഉപയോഗിച്ചു തന്നെയാണ് നവംബറിൽ അവിടെ ഗാന്ധി ഘാതകനായ ഗോഡ്സെയെ അനുസ്മരിക്കുന്ന ചടങ്ങ് നടന്നത്. അമിതാധികാരം നടപ്പാക്കുന്ന പോലീസ് അല്ല ആ യൂണിവേഴ്സിറ്റിയുടെയും ഇന്ത്യൻ ജനതയുടെയും തിരിച്ചറിവാണ് ഗോട്സേയെ പുച്ഛിച്ചു തള്ളിയത്. ഏതു ദേശ ദ്രോഹിയുടെ സ്മരണ ആര് നടത്തിയാലും അത് തന്നെയാവും ഫലം.
ഈ സംഭവ പരന്പരകളിൽ എടുത്തു പറയേണ്ട ഒരു കാര്യം പോലീസിന്റെ പ്രവർത്തന ശൈലിയാണ്. കനയ്യ കുമാറിൽ രാജ്യ ദ്രോഹം കണ്ടെടുത്ത് അയാളെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ചെന്നു അറസ്റ്റ് ചെയ്യുന്നതിൽ ഇപ്പോൾ പറയപ്പെടുന്പോലെ അമിതാവേശം കാട്ടിയ അതേ പോലീസ് തന്നെ പാട്യാല ഹൗസ് കോടതിയിൽ കനയ്യാ കുമാറിനെ ഹാജരാക്കുന്ന ദിവസം കോടതി വളപ്പിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെയും അദ്ധ്യാപകരേയും മറ്റു സന്ദർശകരെയും ബി.ജെ.പി വക്കീലന്മാർ തികച്ചും മൃഗീയമായി തല്ലിയോടിക്കുന്പോൾ, ഒരു ബി.ജെ.പി എം.എൽ.എ കൈ മെയ് മറന്നു ഒരു നിരായുധനെ നിലത്തിട്ടു ചവിട്ടുന്പോൾ, മിണ്ടാതെ നിൽക്കലാണ് തങ്ങളുടെ ഡ്യൂട്ടി എന്നത് പോലെ നിർഗുണ പ്രതിമകളായി നിലകൊള്ളുന്നതു ലോകം കണ്ടു. ആക്രമത്തിൽ നിന്നും ഓടി രക്ഷയ്ക്കു വേണ്ടി പോലീസിനെ സമീപിച്ച ഒരു മനുഷ്യനോടു അന്ധരെപ്പോലെ പെരുമാറുന്ന പോലീസിന്റെ ചിത്രങ്ങൾ ലഭ്യമാണ്. ആക്രമണം ഭയന്നോടി വരുന്ന മനുഷ്യനോടു ക്രമ സമാധാന പാലന ചുമതലയൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ പ്രകടിപ്പിക്കുന്ന അനുതാപം പോലും ആ പോലീസ് മുഖങ്ങളിൽ ഇല്ല. അടുത്ത ദിവസം കനയ്യ കുമാറിനെ കോടതിയിലേക്കു കൊണ്ടു വരുന്പോൾ നിയമം പഠിച്ച അക്രമികൾ നിലത്തിട്ടു മർദ്ദിക്കുന്നതിനെ ഒഴിവാക്കുവാൻ പോലീസിനു കഴിവുണ്ടായില്ല. രണ്ടാം ദിവസത്തേതു വികാര വിക്ഷോഭമായിരുന്നില്ല മറിച്ച് തങ്ങളെ ആരും നിയന്ത്രിക്കുകയില്ലെന്ന ബോദ്ധ്യത്തിൽ നിന്നുണ്ടായ കയ്യൂക്കിന്റെ പ്രകടനമായിരുന്നു. അല്ലെങ്കിലും വികാര വിക്ഷോഭം വന്നു ആക്രമിക്കാൻ ഇറങ്ങുന്നവർ ഇടയ്ക്കു വച്ചു പോയി കുറെ ദേശീയ പതാകകളും വാങ്ങി വരുന്നതല്ലല്ലോ വിക്ഷോഭത്തിന്റെ രീതി.
പോലീസിനെ പ്രതീക്ഷിക്കാത്ത യൂണിവേഴ്സിറ്റിയിൽ കർമ്മ നിരതരാകുന്നവർ ക്രമ സമാധാനം പാലിക്കാൻ ബാദ്ധ്യസ്ഥതയുള്ള കോടതി വളപ്പിൽ നിഷ്കൃയരാകുന്ന രീതിയ്ക്കു പിന്നിലെ ഭരണ ശൈലിയും ഭരണ തന്ത്രവും ക്രമ സമാധാന പാലന ശേഷിയും നിശ്ചയമായും രാജ്യത്തിന്റെ വളർച്ചയ്ക്കും അഭ്യുന്നതിക്കും ഉതകുകയില്ല.