പരീക്ഷ വന്നു തലയിൽ കയറി, പഠിച്ചതെല്ലാം മറന്നു പോയി

ഡോ. ജോൺ പനയ്ക്കൽ
വിദ്യാർത്ഥികളൊക്കെ വാർഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന സമയമാണിത്. പരീക്ഷാ തീയതി അടുക്കും തോറും ഒരു ഭയപ്പാട് ഉണ്ടാവുക സാധാരണമാണ്. ഈ ഭയത്തിൽ നിന്നും ഉടലെടുക്കുന്ന ഒരു ജൽപനമാണ്, ‘പരീക്ഷ വന്നു തലയിൽ കയറി, പഠിച്ചതെല്ലാം മറന്നു പോയി’ എന്നത്.
ഈ കഴിഞ്ഞ ദിവസം പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്റെ അടുത്തെത്തി. 12−ലെ റിസൾട്ട് വളരെ പ്രധാനപ്പെട്ടതാണല്ലോ. അയാൾക്ക് വെപ്രാളം, ഉദ്ദേശിക്കുന്നത്ര മാർക്ക് ലഭിക്കുമോ? വിശപ്പില്ല, പുസ്തകം കൈയ്യിലെടുക്കുന്പോൾ വിറയ്ക്കുകയാണ് ശരീരം മുഴുവൻ. അയാളുടെ അവസ്ഥയുടെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു.
‘സാർ, കൊമേഴ്സ് എടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ എന്റെ അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു ഞാൻ ഒരു ഡോക്ടർ ആകണമെന്ന്. ചെറുപ്പം മുതൽ എന്റെ അഭിലാഷം ഒരു വിമാനത്തിന്റെ പൈലറ്റ് ആകണമെന്നായിരുന്നു. പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ എനിക്ക് 11ലും 12 −ലും നല്ല മാർക്ക് ലഭിക്കുന്നില്ല.
മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം ഞാൻ സയൻസ് ഗ്രൂപ്പാണ് എടുത്തത്. എനിക്ക് പഠിക്കുവാനുള്ള ഉത്തേജനം പരീക്ഷ അടുക്കും തോറും നഷ്ടപ്പെടുകയാണ്. അതിന്റെ കാരണം എനിക്കറിഞ്ഞുകൂടാ. ദുഃശ്ശീലങ്ങൾ ഒന്നും എനിക്കില്ല. ക്ലാസ്സിൽ ശ്രദ്ധിക്കുന്പോൾ എല്ലാം എനിക്ക് മനസ്സിലാകും. ട്യൂഷനിലും വീട്ടിൽ വെച്ചും പഠിക്കുന്പോഴൊക്കെ എല്ലാം മനസ്സിലാകുന്നുണ്ട്. പക്ഷെ പരീക്ഷ അടുക്കും തോറും ഞാൻ ബ്ലാങ്ക് ആവുകയാണ്. എല്ലാം മറക്കുകയാണ്. മോശം മാർക്കുകളാണ് കഴിഞ്ഞ ക്ലാസ്സ് പരീക്ഷയ്ക്ക് എനിക്ക് കിട്ടിയത്. എന്ത് കൊണ്ട് ഇങ്ങനെ ഒരു ദുരവസ്ഥ എനിക്കുണ്ടായിരിക്കുന്നു എന്ന് ആലോചിക്കും തോറും ഒരു തരം ഭ്രാന്തു പിടിക്കുന്നത് പോലെയുള്ള തോന്നൽ. അച്ഛനമ്മമാരും അദ്ധ്യാപകരും എന്നെ കഴിവതും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്റെ അദ്ധ്യാപകർക്ക് എന്നോട് വലിയ താത്പര്യമാണ്. പക്ഷെ മാർക്ക് വാങ്ങാതെയിരിക്കുന്പോൾ അവർക്ക് അതിശയമാണ്.
ഡൊണേഷൻ കൊടുത്ത് മെഡിസിന് പോകുന്നതിനോട് എനിക്ക് താൽപര്യമില്ല. എനിക്ക് എല്ലാം പഠിച്ചു കൂട്ടണമെന്ന ആഗ്രഹമുണ്ട്. പക്ഷെ ഏതോ ഒരു ശക്തി എന്നെ പുറകോട്ട് പിടിച്ചു വലിക്കുന്നത് പോലെയുള്ള തോന്നൽ. ഈ തണുപ്പ് കാലത്തും ഞാൻ കൂടെക്കൂടെ വിയർക്കുന്നു. വയറു വേദനയും തലവേദനയും മുറയ്ക്കുണ്ട്. ഈ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. ഇതിൽ നിന്നും രക്ഷപെടണമെന്ന ആഗ്രഹം എനിക്കുണ്ട്.
ഈ അവസ്ഥാ വിശേഷം നിർണായകമായ പരീക്ഷ എഴുതുന്ന ഏത് അവസരത്തിലും ചില വിദ്യാർത്ഥികൾക്ക് ഉണ്ടാകാം. ഇതിനെ ഒരു വൈകല്യമായി ആരും കാണരുത്. ആശങ്കയിൽ നിന്ന് ഉളവാകുന്ന നെഗറ്റീവ് എനർജിയുടെ പ്രവർത്തനം മൂലമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. പഠിക്കുന്നതൊന്നും തലയിൽ കയറുന്നില്ല എന്ന് പരിതപിച്ച് മനസമാധാനം നഷ്ടപ്പെടുത്തരുത്. തലച്ചോറിന്റെ പ്ലഷർ സെന്ററിൽ വിഷാദ സന്ദേശ വാഹകരായ തരംഗളെക്കൊണ്ട് നിറച്ചാൽ നാം വിഷാദ രോഗത്തിലേക്ക് വഴുതി വീഴും.
മനസ്സിൽ കുറെ ആവലാതികളും ആശങ്കകളും വിദ്യാർത്ഥികൾക്ക് ഉണ്ടാവുക സർവ്വസാധാരണമാണ്, അതിനെ ഓർത്ത് ഹാലിളകേണ്ട കാര്യമില്ല. പരീക്ഷയെ അഭിമുഖീകരിക്കുവാനുള്ള ധൈര്യക്കുറവാണ് ഇവിടെ വിഷയം. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷമുള്ള ഉറക്കം, ഫാസ്റ്റ് ഫുഡിനോടുള്ള പ്രതിപ്ത്തി, പച്ചക്കറിയോടുള്ള വിരക്തി. കൊഴുപ്പ് അടങ്ങിയ പദാർത്ഥങ്ങളോടുള്ള ആർത്തി ഇവയുള്ള കുട്ടികൾക്ക് മനോവീര്യം താരതമ്യേന കുറവായിരിക്കും. പഠനക്കളരിയിൽ പാടവം തെളിയിക്കാൻ ഞാൻ പല പ്രാവശ്യം ആവർത്തിച്ച് ഈ പത്രത്താളുകളിലൂടെയും റേഡിയോ വോയ്സിൽ കൂടിയും മനസ്സ് എന്ന കാസറ്റിലൂടെയും പ്രസ്താവിച്ചിട്ടുള്ള ചില ജീവിത ക്രമങ്ങളെക്കുറിച്ച് വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.
ഏതു ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളായാലും താഴെപ്പറയുന്ന പഠിച്ച് മുന്നേറുവാനുള്ള പന്ത്രണ്ടു പടികൾ ചവിട്ടിക്കയറുക.
1) പഠന സമയം ക്രമീകരിക്കുക: ശാരീരിക പുഷ്ടിക്ക് സമീകൃതാഹാരം അനിവാര്യമാണ് എന്നത് പോലെ പഠിക്കുന്നതൊക്കെ ഹൃദിസ്ഥമാക്കാൻ പഠന സമയ ക്രമീകരണം അത്യാവശ്യമാണ്. ഒരു മൂഡ് വരുന്പോൾ മാത്രം പഠിക്കുന്നത് നന്നല്ല. പഠിത്തവും മൂടും കൂട്ടിക്കുഴച്ചാൽ ആ കുട്ടി ജീവിതത്തിൽ തന്നെ ‘മൂഡി’ ആയിരിക്കും. വെളുപ്പിന് 4 മണിക്ക് എഴുന്നേറ്റ് 2 മണിക്കൂർ പഠിക്കുന്നതും രാത്രി 11 മണിക്ക് ഉറങ്ങുന്നതും നന്നായിരിക്കും. ഒരു വിദ്യാർത്ഥിയുടെ പ്രത്യേകിച്ച് കുമാരി കുമാരന്മാരുടെ Strong Hours ആണ് രാവിലെ 4 മുതൽ 6 വരെയും വൈകിട്ട് 6 മുതൽ 8 വരെയും. ഈ നാല് മണിക്കൂർ ഫലപ്രദമായി ഉപയോഗിച്ച് ഒരു ശീലമാക്കുക. വിശ്രമത്തിനായി പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന രാത്രിയുടെ അതിയാമങ്ങളിൽ മസ്തിഷ്കമിളക്കി പഠിച്ചു കൂട്ടുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല. കഠിനാദ്ധ്വാനം ചെയ്യുന്ന കുട്ടി എന്ന കമന്റ് മാത്രമേ കിട്ടുകയുള്ളൂ അത്തരക്കാർക്ക്.
2) ശരീരത്തിലെ ജലാംശം ബുദ്ധിയുടെ മാറ്റ് കൂട്ടുന്നു. ഭൂമിയിൽ 30 ശതമാനം കരയും 70 ശതമാനം കടലുമാണ് എന്ന സിദ്ധാന്തം തന്നെയാണ് മനുഷ്യ ശരീരത്തിനുമുള്ളത്. ഭൂമിയിൽ നിന്നും എടുക്കപ്പെടുകയും ഭൂമിയിലേക്ക് തിരികെ ചേർക്കപ്പെടുകയും ചെയ്യേണ്ടവനാണല്ലോ മനുഷ്യൻ. ശരീരത്തിലെ ജലാംശം കുറഞ്ഞ് ഡീ ഹൈഡ്രേറ്റഡ് ആകുന്പോൾ മനസ്സും വരണ്ടിരിക്കും. മനഃസാന്നിദ്ധ്യമില്ലായ്മ അങ്ങനെയാണ് അനുഭവപ്പെടുന്നത്. മനഃസാന്നിദ്ധ്യത്തിന്റെ അഭാവം ഓർമ്മശക്തി കുറയ്ക്കും. ശരീരത്തിന്റെ ഊഷ്മാവ് സന്തുലിതമാക്കുവാനും മനോശക്തി ഉത്തേജിപ്പിക്കുവാനും ഉതകുമാറ് ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കേണ്ടതാണ്. പ്രഭാതത്തിൽ എഴുന്നേൽക്കുന്പോൾ തന്നെ രണ്ട് ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ഒരു പ്രത്യേക ഉണർവ്വ് പ്രദാനം ചെയ്യുമെന്നതിന് തർക്കമില്ല.
3) ശരീര ശുദ്ധി ഓർമ്മശക്തിയെ കൂട്ടുന്നു. അശുദ്ധമായ ശരീരം ബുദ്ധിശക്തിയെ ഉദ്ദീപിപ്പിക്കുന്നില്ല. ദിവസവും രണ്ടു പ്രാവശ്യം പല്ല് തേക്കുകയും രണ്ട് പ്രാവശ്യം കുളിക്കുകയും, കൂടെക്കൂടെ കൈകാലുകളും മുഖവും കഴുകുകയും ചെയ്യുന്നത് ശരീര ശുദ്ധി ഉറപ്പ് വരുത്തും. തോന്നുന്പോൾ കുളിക്കുകയും തോന്നുന്പോൾ പല്ല് തേക്കുകയും ചെയ്‌താൽ പോരാ. പ്രഭാതത്തിലും പ്രദോഷത്തിലും കൃത്യമായ ഒരു സമയത്ത് കുളിക്കുക. പ്രഭാതത്തിൽ ഉണരുന്പോഴും രാത്രി ഭക്ഷണം കഴിഞ്ഞാലുടനെയും പല്ല് തേക്കുക. ദന്ത ശുദ്ധി തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തും. കൈകളും കാലുകളും കഴുകി വായിൽ വെള്ളമൊഴിച്ച് കുലുക്കി ഉഴിഞ്ഞ ശേഷം പഠിത്തമാരംഭിക്കുന്നത് നല്ലതാണ്. അഴുക്ക് വസ്ത്രങ്ങൾ ധരിക്കുന്ന സ്വഭാവം ഒഴിവാക്കുക. ദിവസങ്ങളായി കഴുകാത്ത ജീൻസും ടീ ഷർട്ടും തുടരെ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
4) പരീക്ഷ അടുക്കുന്പോഴെങ്കിലും സസ്യാഹാരം ഒരു ശീലമാക്കുക. കൊഴുപ്പും മേദസ്സും കലർന്ന ഭക്ഷണം ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുണ്ട്. പ്രത്യേക ഭക്ഷണ പാദാർത്ഥങ്ങളിലുള്ള അമിതാശ്രയത്വം (ഉദാ: ഫാസ്റ്റ് ഫുഡ്) ഒഴിവാക്കുക. അമിത ഭക്ഷണം ആപത്താണ്. പ്രാതലായിരിക്കട്ടെ നിങ്ങളുടെ നല്ല ഭക്ഷണം. ഒരു നിശ്ചിത സമയത്ത് ആഹാരം കഴിക്കുന്ന ശീലമുണ്ടാകുന്നതും നല്ലത് തന്നെ. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന രീതി വിദ്യാർത്ഥികൾക്ക് നന്നല്ല. സന്ധ്യക്ക് തന്നെ ഭക്ഷണം കഴിക്കുന്ന ശീലമുള്ള ഭവനങ്ങളിലെ കുട്ടികൾ സ്വഭാവ രൂപ വൽക്കരണത്തിൽ ആഗ്രഗണ്യരായിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
5) തുടർച്ചയായി വിശ്രമമില്ലാതെ മണിക്കൂറുകളോളം ഇരുന്നു പഠിക്കുന്ന രീതി ഒഴിവാക്കുക. കലാലയങ്ങളിൽ പോലും 55 മിനിറ്റ് കഴിയുന്പോൾ 5 മിനിറ്റ് വിശ്രമമുണ്ട്. ഒരേ വിഷയമാണെങ്കിൽ പോലും ഒരു മണിക്കൂർ പഠിച്ച് കഴിഞ്ഞ് 10 മിനിറ്റ് വിശ്രമിക്കുക. ഇത്തരം വിശ്രമ വേളകളുടെ ദൈർഘ്യം കൂടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മാത്രം.
6) ഓരോ ദിവസവും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് ആ ദിവസം പഠിച്ച മുഴുവൻ പാഠങ്ങളും ഓർത്തു നോക്കുക. രാവിലെ മുതൽ രാത്രി ആ നിമിഷം വരെ പഠിച്ച കാര്യങ്ങൾ ഒരു കാസെറ്റ് റീവൈൻ്റ് ചെയ്യുന്നത് പോലെ ഓർത്ത് കൂട്ടുക. ചിലതൊക്കെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാകുമായിരിക്കാം. ഓർമ്മിക്കാൻ സാധിക്കുന്നതൊക്കെ മനസിൽ കൊണ്ട് വരിക. മനസിന്റെ ഏകാഗ്രതയുടെ ആക്കം കൂട്ടുവാൻ ഈ ക്രിയ സഹായിക്കും. പഠിച്ചതൊക്കെ മറന്നു പോയി എന്ന പരാതി നമ്മുടെ മനസ്സിനെക്കൊണ്ട് എഴുതി തള്ളിക്കാൻ ഈ കർമ്മം സഹായിക്കും, തീർച്ച.
7) ഓരോ ദിവസവും കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും ശ്വാസോച്ഛാസ പ്രക്രിയ നടത്തുന്നത് നന്നായിരിക്കും. മനസ്സുകൊണ്ട് 4 വരെ എണ്ണുന്ന സമയം കൊണ്ട് ഒരു ശ്വാസം അകത്തേക്ക് എടുക്കുകയും അത്രയും സമയം അത് ഉള്ളിൽ പിടിച്ച് നിർത്തുകയും ചെയ്ത ശേഷം ഇരട്ടി സമയമെടുത്ത് ആ ശ്വാസം പുറത്തേക്ക് വിടുക. തുടർച്ചയായി അഞ്ച് പ്രാവശ്യം ഇത് ചെയ്യുക. ദിവസവും 3 നേരം, പ്രാതലിനും, ഉച്ച ഭക്ഷണത്തിനും രാത്രി അത്താഴത്തിനും മുന്പ്. ഇത് രക്ത പ്രവാഹത്തെ ഊരജിതപ്പെടുത്തുകയും നെഗറ്റീവ് എനർജിയെ നിർവീര്യമാക്കുകയും ചെയ്യും. ശരിയായ രക്ത ചംക്രമണം തലച്ചോറിന്റെ സ്വസ്ഥത പരിപാലിക്കും.
8) ഉറക്കെ വായിച്ച് പഠിക്കണമോ മനസ്സിൽ വായിച്ച് പഠിക്കണമോ എന്നത് സാധാരണ ഉയർന്നു വരാറുള്ള ഒരു ചോദ്യമാണ്. രണ്ടും നല്ലത് തന്നെ. എപ്പോഴും ഉറക്കെ വായിക്കുകയോ മനസ്സിൽ വായിക്കുകയോ ചെയ്യുന്നതിനേക്കാൾ നല്ലത് രണ്ടും കലർത്തിയ രീതിയാണ്. പഠിക്കുന്ന കാര്യങ്ങൾ മനസ്സിന്റെ അകത്തളങ്ങളിൽ വർഷങ്ങളോളം കാത്ത് സൂക്ഷിക്കാൻ ഈ കലർത്തിയ പഠന രീതി സഹായിക്കും.
9) സ്വപ്നം കാണുക. പരീക്ഷ കഴിഞ്ഞു. ഫല പ്രഖ്യാപനവും കഴിഞ്ഞു. എനിക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കിട്ടി. എന്നെ ചുറ്റുമുള്ളവർ അനുമോദിക്കുന്നു. ഇത് അതിരാവിലെ എഴുന്നേറ്റ് കിടക്കയിലിരുന്നുകൊണ്ട് ദിവാസ്വപ്നം കാണുക. തീർച്ചയായും പ്രഭാതത്തിലെ ഈ മനോവികാരം സത്യമായി തീരുമെന്ന് മനശാസ്ത്രജ്ഞർ അനുഭവ സാക്ഷ്യം നൽകിയിട്ടുണ്ട്. അഭിലാഷങ്ങൾ ആത്മാർത്ഥമെങ്കിൽ പൂർത്തിയാവാൻ പ്രതിബന്ധമുണ്ടാവുകയില്ല എന്ന പ്രകൃതി നിയമത്തിനനുസൃതമാണീ വിശ്വാസം.
10) വീട്ടിൽ ഒരു നിശ്ചിത സ്ഥലത്തിരുന്ന് പഠിക്കുക. ഇതിനെ എനർജി കോർണ്ണർ എന്ന് പറയും. പ്രാർത്ഥിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രത്യേക സ്ഥലം വീട്ടിൽ വേർ തിരിച്ചിരിക്കുന്നത് പോലെ വീട്ടിൽ ഒരു പ്രത്യേക സ്ഥലമുണ്ടാകട്ടെ പഠിക്കുവാൻ! ആ സ്ഥലത്ത് സ്ഥിരമിരുന്നു പഠിക്കുന്പോൾ ഒരു തരം പ്രേരകോർജ്ജം പഠിതാവിൽ വ്യാപരിക്കും.
11) അടച്ചിട്ട മുറിയിലിരുന്നു പഠിക്കാതിരിക്കുക. അടഞ്ഞ മുറി അടഞ്ഞ മനസ്സിന്റെ പ്രതിരൂപമാണ്. തുറന്ന മുറിയിൽ വായൂ സഞ്ചാരമുണ്ടാകും. ശീതീകരിക്കപ്പെട്ട മുറികളാണെങ്കിൽ കൂടിയും വാതിൽ പാളികൾ അൽപ്പം തുറന്ന് തന്നെ കിടക്കട്ടെ.
12) അലസമായി കിടന്നോ ഇരുന്നോ പഠിക്കരുത്. ചില കുട്ടികൾ കട്ടിലിൽ കിടന്നും സോഫയിൽ ചുരുണ്ട് കൂടി ഇരുന്നും പഠിക്കാറുണ്ട്. നട്ടെല്ല് നേരെ നിവർത്തി പ്രകാശം നേരെ കണ്ണിൽ അടിക്കാതെ പഠന മേശ ഒരുക്കി നിവർന്നിരുന്ന് തല വണക്കി പഠിക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. ശ്രമിച്ചു നോക്കൂ, വിജയം സുനിശ്ചിതം.
പ്രകൃതിയിൽ നിന്ന് പഠിക്കുവാൻ ധാരാളമുണ്ട്. ചുറ്റുപാടുമുള്ള ജീവിതങ്ങളിൽ നിന്ന് ഒപ്പിയെടുക്കുവാനും ഒരുപാടുണ്ട്. മനസ് ഒരിടത്തും കൊണ്ട് കെട്ടിയിടരുത്. മനസ് സ്വതന്ത്രമാക്കി പഠനം ഒരു പ്രാർത്ഥനയാക്കി മാറ്റുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കും എന്റെയും 4PM− ന്റെയും ആശംസകൾ.