മരണപ്പെട്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു


ഇ.എ സലിം

 

ഞ്ചു വർഷങ്ങൾക്കു മുന്പ് റ്റുണീഷ്യയിൽ രണ്ടു മനുഷ്യർ സ്വയം തീ കൊളുത്തിയതാണു ‘അറബ് വസന്തത്തിന്റെ ആരംഭ’ത്തിനു നിദാനമായത്. അവരിലൊരാൾ, ഹോസ്നി കലിയ, തന്റെ ആത്മ ബലിയെ അതിജീവിച്ചു. അന്നങ്ങിനെ ചെയ്യാതിരുന്നെങ്കിലെന്നു അയാൾ ഇപ്പോൾ ആഗ്രഹിക്കുന്നു. ടുണീഷ്യയിലെ കാസെറിൻ പ്രവിശ്യയിലെ ഭവനത്തിൽ വെച്ച്  ഹോസ്നി കലിയയുമായി ക്ലെമെൻസ് ഹോഗ്സ് നടത്തിയ സംഭാഷണം സ്പിഗൽ ഓൺലൈൻ ഇന്റർനാഷണൽ പ്രസിദ്ധീകരിച്ചു. റ്റുണീഷ്യൻ യുവത അവരുടെ പ്രതിഷേധ സമരം വീണ്ടും ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ആ അനുഭവ കഥയ്ക്ക് പ്രസക്തിയേറുന്നു. അതിൽ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയിരിക്കുന്നു.

കലിയായ്ക്കു ഉറങ്ങണമെങ്കിൽ മരുന്ന് കഴിക്കണം. എന്തായാലും അയാൾ മരുന്നു കഴിക്കുന്നുണ്ട്. സ്വയം ആയിത്തീർന്ന രൂപത്തെ നശിപ്പിക്കാൻ എന്നതു പോലെ. കുട്ടികളിൽ ഭയം അങ്കുരിപ്പിക്കുന്ന ഈ രൂപം അയാളെ സ്വന്തം ശരീരത്തിന്റെ തടവുകാരൻ ആക്കിയിരിക്കുന്നു. “മരണപ്പെട്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു” കലിയ പറയുന്നു.

അകത്തും പുറത്തും സകലതും വേവുന്നു.മനസ്സും ശരീരവും നുറുങ്ങുന്നു. കുടുംബത്തിന്റെ നാശത്തിനും സഹോദരന്റെയും ചങ്ങാതിമാരുടെയും മരണത്തിനും അയാൾ സ്വയം പഴിക്കുന്നു. അതെ, അയാൾ സ്വയം പഴിക്കുന്ന കാര്യമാണ് അറബ് വസന്തം, അഞ്ചു വർഷങ്ങൾക്ക് മുന്പ് ടുണീഷ്യയിൽ ആരംഭിക്കുകയും പിന്നീടു ഒരു വലിയ ദുരന്തമായി പരിണമിക്കുകയും ചെയ്ത ജനകീയ മുന്നേറ്റങ്ങൾ. രണ്ടുപേരാണ് അറബ് വസന്തത്തിനു പ്രേരക ശക്തിയായത്. അവരിലൊരാളെ ലോകം ഒർമ്മിക്കുന്നു, പഴക്കച്ചവടക്കാരൻ മുഹമ്മദ്‌ ബുഅസീസിയെ. മറ്റെയാൾ ഹോസ്നി കലിയ ആയിരുന്നു.

തീവ്ര നൈരാശ്യത്തിൽ നിന്നുണ്ടായ ചില പ്രതികരണങ്ങൾ അതിവേഗത്തിൽ ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറി. ആഫ്രിക്കയുടെ മദ്ധ്യ ധരണ്യാഴി തീരങ്ങളിലൂടെ അത് തുർക്കിയുടെ അതിരുകളോളം ആഞ്ഞു വീശി. ഏകാധിപതികൾ തൂത്തെറിയപ്പെട്ടു. പുതിയ ഭരണാധികാരികൾ അധികാരത്തിലെത്തി. ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും ആ ഭൂവിഭാഗത്തിൽ എന്പാടും വ്യാപിച്ചു. രാജ്യങ്ങൾ തകരുകയും ആയിരക്കണക്കിന് മനുഷ്യർ മരണപ്പെടുകയും ചെയ്തു. സിറിയയിലും ലിബിയയിലും യെമനിലും ഇപ്പോഴും മരണപ്പെടുന്നു. പാരീസിലെയും ഇസ്താംബൂളിലെയും ഭീകരാക്രമണങളുടെയും അഭയാർഥി പ്രവാഹത്തിന്റെയും രൂപത്തിൽ അതിന്റെ കൈവഴികൾ യൂറോപ്പിലും എത്തിയിരിക്കുന്നു.

“എന്തിനായിരുന്നു? അതെല്ലാം തെറ്റായിരുന്നു.” കലിയ പറയുന്നു. “എന്തു സംഭവിക്കുമെന്നു എനിക്കറിയില്ലായിരുന്നു. ഇനി മേൽ വിപ്ലവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.”

രണ്ടായിരത്തി പത്തിലെ അവസാന ദിവസങ്ങളിൽ കലിയയുടെ സ്വദേശമായ റ്റുണീഷ്യയിലെ കാസെറിനിലും ചുറ്റുപാടും അശാന്തി നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. സമീപ പ്രദേശമായ സീദി ബുസൈദിൽ അധികാരികൾ പീഡിപ്പിച്ചതിന്റെ പേരിൽ പഴക്കച്ചവടക്കാരൻ മുഹമ്മദ്‌ ബുഅസീസി ഡിസംബർ 17 ന് സ്വയം തീ കൊളുത്തുകയുണ്ടായി. അതേ തുടർന്ന് സ്വാതന്ത്ര്യവും സ്വാഭിമാനവും ആവശ്യപ്പെട്ടുകൊണ്ടു ജനങ്ങൾ സർക്കാരിന്റെ നിഷ്ഠൂര വാഴ്ചയ്ക്കെതിരെ തെരുവിൽ ഇറങ്ങി.

അന്യനഗരത്തിലെ ബീച്ച് റിസോർട്ടിൽ പണിയെടുത്തിരുന്ന കലിയ വീട്ടിൽ അവധിക്കെത്തിയ സമയമായിരുന്നു. ഗവൺമെന്റിനെ വെറുത്തിരുന്നെങ്കിലും വിപ്ലവത്തിലും മറ്റും ഏർപ്പെട്ടിരുന്നില്ല. ജനുവരി 3 നു വഴിയിൽ വെച്ചു രേഖകൾ പരിശോധിക്കുകയായിരുന്ന പോലീസ് സംഘം അകാരണമായി കലിയയെ അതി ക്രൂരമായി മർദ്ദിച്ചു വലിച്ചെറിഞ്ഞു. 

ഏകാധിപത്യത്തിലെ ഒരു വലിയ തെറ്റു കലിയ ചെയ്തു. പോലീസ് അക്രമത്തിനെതിരെ പരാതി ബോധിപ്പിച്ചു. മൂന്നാം നാളിൽ ബസ് സ്റ്റാന്റ് പരിസരത്ത് കൂടി നടക്കുകയായിരുന്ന കലിയയെ തിരിച്ചറിഞ്ഞ പോലീസ് സംഘം കൂടുതൽ മർദ്ദനം കൊണ്ടു പക വീട്ടുവാനാരംഭിച്ചു. തിരിച്ചടിക്കുവാൻ ശ്രമിച്ച കലിയയെ മേലുദ്യോഗസ്ഥരും ചേർന്നു നിലം പരിശാക്കി. കണ്ണീർ വാതകത്തിന്റെ ഒരു സിലിണ്ടർ മുഴുവനും അയാളിൽ അടിച്ചു. 

“അവർ എന്നെ അവിടെയിട്ടിട്ടു പൊയ്ക്കഴിഞ്ഞപ്പോൾ ഒരു പ്രാണിയെ അവർ ചവിട്ടിയരച്ചതായാണ് എനിക്ക് തോന്നിയത്”

ഒരു കുപ്പി മണ്ണെണ്ണ സംഘടിപ്പിച്ച കലിയ അവിടേക്കു മടങ്ങിച്ചെന്നു. “എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഞാനെന്താണു ചെയ്യുന്നതെന്ന് എനിക്ക് ബോധമുണ്ടായിരുന്നില്ല” അയാൾക്ക്‌ ഒരു വീരൻ ആകണം എന്നോ ഒരു രാഷ്ട്രീയ സന്ദേശം മറ്റുള്ളവർക്കായി നൽകണമെന്നോ ഒന്നും തന്നെ ഇല്ലായിരുന്നു. സഹിക്കാവുന്നതിന്റെ അപ്പുറം അയാൾ അപമാനിതനായിരുന്നു.

പോലീസിനെ മണ്ണെണ്ണ എറിയണം എന്നായിരുന്നു. പക്ഷെ വലിയ സേന അയാളെ തോൽപ്പിക്കും. അതിനാൽ കുപ്പി തുറന്നു മണ്ണെണ്ണ സ്വന്തം തലയിൽ ഒഴിക്കുകയും ലൈറ്റർ എടുത്തു തീ കൊളുത്തുകയും ചെയ്തു.

കലിയയുടെ പ്രവൃത്തിയുടെ വാർത്ത  കാസറീ നിലാകെ പെട്ടെന്നു പരന്നു.

“ഹോസ്നി കലിയ മരണപ്പെട്ടുവെന്നു ഞങ്ങളെല്ലാം കരുതി” കാസേറിനിലെ യുവബുദ്ധി ജീവികളിൽ ഒരാളായ അലി റെബ പറയുന്നു. അയാൾ കലിയ ഭവനത്തിൽ എത്തിയപ്പോൾ അവിടെ മറ്റെല്ലാവരും ഒത്തു ചേർന്നിട്ടുണ്ടായിരുന്നു. ആ രാത്രിയിൽ അവർ കാസെ
റീനിലെ തെരുവുകളിൽ കാർ ടയറുകൾ കത്തിച്ചു.

അടുത്ത മൂന്നു ദിവസങ്ങളിൽ അക്രമം കത്തിക്കയറി. പ്രതിഷേധക്കാർ കൈബോംബും കല്ലുകളും എറിഞ്ഞു. 20ലധികം പേർ പ്രത്യേക സേനയാൽ കൊല്ലപ്പെടുകയും അസംഖ്യം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. അറബ് വസന്തത്തിന്റെ ആദ്യ കൂട്ടക്കുരുതി ആയിരുന്നു അത്. എന്താണു സംഭവിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കുന്നുണ്ട് എന്നത് ഉറപ്പു വരുത്തിയവരിൽ ഒരാളായിരുന്നു അലി റെബ.

ടൂണിസ് ആശുപത്രിയിലെ തീപൊള്ളൽ വിഭാഗത്തിൽ കോമയിൽ ആയിരുന്ന കലിയ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കലിയയുടെ ആത്മ ബലിയ്ക്ക് മൂന്നു ദിവസം മുന്നേ അതേ ആശുപത്രിയിലാണു പഴക്കച്ചവടക്കാരൻ മുഹമ്മദ്‌ ബുഅസീസി മരണപ്പെട്ടത്.

മറ്റു രാജ്യങ്ങളിലേക്കു വിപ്ലവത്തിന്റെ തീപ്പൊരി പടർന്നത് അതി വേഗത്തിലാണ്. ജനുവരി 25 നു ഈജിപ്തിൽ ഹോസ്നി മുബാറക്കിനെതിരെ ജനരോഷമുയർന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രസിഡണ്ടു അലി അബ്ദുള്ള സാലെയെ നിഷേധിച്ച് യെമനിലും ഫെബ്രുവരി മദ്ധ്യത്തിൽ ലിബിയയിൽ ഗദ്ദാഫിക്കെതിരെയും പ്രക്ഷോഭം ആരംഭിച്ചു. മാർച്ചിൽ സിറിയയിലെ പ്രസിഡണ്ട് ബഷാർ അൽ അസദിനെതിരെ വിപ്ലവം തുടങ്ങി.

ഇക്കാലയളവിൽ നിരവധി തവണ കലിയയ്ക്കു ഓപ്പറേഷൻ വേണ്ടി വന്നു. ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്നും മറ്റൊരിടത്തേക്കു എന്ന രീതിയിൽ ചർമ്മം മാറ്റി വെയ്ക്കൽ ഏറെ നടന്നു. അയാളുടെ കണ്ഠം തന്നെ മാറ്റിപ്പണിതു. ചിലപ്പോഴൊക്കെ ഡോക്ടർമാർക്ക് അയാളെ ബോധാവസ്ഥയിലേക്ക് പുനരാനയിക്കേണ്ടിയും വന്നു. എട്ടു മാസങ്ങൾക്കു ശേഷമാണു അയാൾ സ്വബോധത്തിലേയ്ക്കു മടങ്ങി വന്നത്. ഒരു മമ്മി പോലെ ദേഹമാസകലം ബാന്റേജ് ഇട്ടിരിക്കുക ആയിരുന്നതിനാൽ ആദ്യമാദ്യം അയാളുടെ ശബ്ദങ്ങൾ  അടക്കിപ്പിടിച്ചതു പോലെ ആയിരുന്നു.

കലിയായ്ക്ക് ഈ സംഭവ വികാസങ്ങൾ എല്ലാം അകലങ്ങളിലാണ്. അണുബാധ ഉണ്ടാകാതിരിക്കുവാൻ വേണ്ടി അമ്മയെപ്പോലും ജാലക വാതിലിലൂടെ കാണുവാനെ മാസങ്ങളോളം അനുവദിച്ചിരുന്നുള്ളു. ലോകത്ത് നടക്കുന്ന കാര്യങ്ങൾ എല്ലാം അമ്മ മകനോട് പറഞ്ഞുകൊണ്ടിരുന്നു. അവർ അവന്റെ പേരു പറഞ്ഞു കൊടുത്തു. കാസറീനെക്കുറിച്ചും പോലീസുകാരെ കുറിച്ചും മണ്ണെണ്ണയെക്കുറിച്ചും എല്ലാം പറഞ്ഞു.

കലിയ പതുക്കെ ബോധം തിരിച്ചു പിടിക്കെ താനും ആ പഴക്കച്ചവടക്കാരനും അഴിച്ചു വിട്ട കൊടുങ്കാറ്റിന്റെ ഭീമാകാരം മനസ്സിലാക്കുവാൻ തുടങ്ങി.

“ഞങ്ങൾ പ്രത്യാശാ ഭരിതരായിരുന്നു. പഷേ ഞങ്ങൾ ടുണീഷ്യാക്കാർ സ്വാതന്ത്ര്യം ശീലിച്ചിട്ടുള്ളവർ അല്ല” കലിയ പറയുന്നു.വിപ്ലവത്തിന്റെ അനന്തരാവകാശികളെ വിമർശിക്കുന്പോൾ അതിജീവിക്കുവാൻ കഴിഞ്ഞ വീരന്മാർ പോലും ഭാരമായി തീർന്നേക്കാം.

“ഒരു അറബ് വസന്തവും ഉണ്ടായിരുന്നില്ല” കലിയ പറയുന്നു. ലിബിയയിൽ വിവിധ വിഭാഗങ്ങൾ പരസ്പരം പോരാടുന്നു. അതേസമയം ഇസ്ലാമിക് േസ്റ്ററ്റ് ഒന്നൊന്നായി നഗരങ്ങളെ ആക്രമിക്കുന്നു. ഈജിപ്തിൽ മുബാറക്ക്‌ ഭരിച്ചിരുന്നതിനു ഏറെക്കുറെ തുല്യമായി മുൻ ജനറൽ സിസി ഭരിക്കുന്നു. യെമനിൽ ഷിയകളും സുന്നികളും പരസ്പരം യുദ്ധം ചെയ്യുന്നു. സിറിയയിലെ മരണം രണ്ടരലക്ഷം കവിയുന്നു. പഴി ഏറ്റു പറഞ്ഞു സമ്മതിക്കുന്നത് ഔദ്ധത്യമാണൊ?

പക്ഷെ എല്ലാവർക്കും ആ ക്ഷമാ ശീലമില്ല. കലിയയുടെ 35 കാരനായ ഇളയ സഹോദരനാണ് സാബെർ. അയാൾ തൊഴിലെടുത്ത് അമ്മയെക്കൂടി സഹായിച്ചിരുന്നു. കഴിഞ്ഞ വേനലിനു അയാൾക്ക്‌ ജോലി നഷ്ടപ്പെട്ടു. കസെറീനിൽ അനവധി പേർക്ക് ജോലി പോകുന്നുണ്ട്. നിരവധി കാരണങ്ങളാൽ. കലിയ കൂടി നിമിത്തമായ വിപ്ലവം ജനാധിപത്യം കൊണ്ടു വന്നു പക്ഷെ ജനാധിപത്യം ജോലികൾ കൊണ്ടു വന്നില്ല.

ഒരു ദിവസം അലമുറകൾ കേട്ടു വീട്ടിനു വെളിയിലേയ്ക്കു ഓടിച്ചെന്ന അമ്മ കണ്ടതു  മണ്ണിൽ കിടക്കുന്ന സാബെറിനെയാണ്. തീനാളങ്ങൾ അയാളെ പൊതിഞ്ഞിരുന്നു. ഒക്ടോബർ 14 നു അയാൾ മരണപ്പെട്ടു.

“ഞാൻ ഈ വിപ്ലവത്തെ ശപിക്കുന്നു. എനിക്ക് എന്റെ പുത്രന്മാരെ തിരികെ വേണം” അവരുടെ കണ്ണു നീരിൽ നനഞ്ഞു കറുത്ത ഒരു ശീലയിലേക്കു ഏങ്ങലടിച്ചു കൊണ്ടു ആ അമ്മ പറയുന്നു.  “കൂടുതൽ പേർ മരിക്കും. കൂടുതൽ പേർ പോരാടുകയും സ്വയം തീ കൊളുത്തുകയും ചെയ്യും. അവർക്ക് ഒരു ഭാവിയുമില്ല.”

ഹോസ്നി കലിയ നിശബ്ദനായി അമ്മയുടെ അരികത്തിരിക്കുന്നു. സഹോദരന്റെ മരണ ശുശ്രൂഷയ്ക്കു അയാൾക്ക് നന്നായി നിലവിളിക്കാൻ കൂടി കഴിഞ്ഞില്ല, കാരണം തീ നാളങ്ങൾ അയാളുടെ വലത്തേ കണ്ണു നീർ ഗ്രന്ഥിയെ തകർത്തു കളഞ്ഞിരുന്നു...

You might also like

Most Viewed