സ്ത്രീ ജനങ്ങളെക്കൊണ്ടുള്ള മല ചവിട്ടിക്കൽ‍ പിടിവാശി


എടത്തോടി ഭാസ്കരൻ

പുരാതന ആചാരങ്ങളും അനുഷ്ടാനങ്ങളും മനുഷ്യന് (ഭക്തന്) വേണ്ടിയുള്ളതാണ്; ഭക്തജനങ്ങൾ‍ അവ അതേപോലെ പരിപാലിച്ചേ പറ്റൂ. ശബരിമല സന്ദർ‍ശനം പത്തു മുതൽ‍ അന്‍പത്തഞ്ചു വയസ്സിനിടയിലുള്ള സ്ത്രീകൾ‍ക്ക് നിഷിദ്ധമാവാൻ‍ കാരണം പ്രധാനമായും അശുദ്ധിയുടെ കാര്യത്തിലാണ്. സ്ത്രീകൾ‍ക്ക് കാടുകയറി യാത്ര ചെയ്യുന്പോൾ‍ അവരുടെ നിത്യകർ‍മ്മങ്ങൾ‍ ചെയ്യുവാൻ‍ അസൗകര്യങ്ങൾ‍ ഉണ്ടാകും. പിന്നെ, പ്രാചീനകാലം മുതൽ‍ക്കെ ആണുങ്ങൾ‍ മണ്ടലകാലത്തുള്ള നാൽ‍പ്പത്തൊന്നു ദിനരാത്രങ്ങൾ‍ വളരെ കൃത്യമായും വ്രതം അനുഷ്ടിച്ചുമാണ് മലയ്ക്ക് പോയിരുന്നത്. ആ ദിവസങ്ങളിൽ‍ അവർ‍ അവരുടെ ഭാര്യമാരോടൊത്തു കൂടെ ശയിക്കുകയോ മറ്റു ശാരീരികബന്ധങ്ങളിൽ‍ ഇടപെടുകയോ ചെയ്തിരുന്നില്ല. ഭാര്യമാരും ഇങ്ങോട്ടും വലിയ ഭയഭക്തി ബഹുമാനത്തോടെയേ പെരുമാറിയിരുന്നുള്ളൂ. ഭർ‍ത്താവിൽ‍ അവർ‍ സ്വാമിയെയാണ് ദർ‍ശിച്ചിരുന്നത്.

അതിരാവിലെ (അഞ്ചു മണി) എഴുന്നേറ്റു സ്വാമിമാർ‍ കൂട്ടം കൂട്ടമായി പൊതുവായ അന്പലക്കുളങ്ങളിലും, ഭാരതപ്പുഴയിലുമൊക്കെ പോയി ശരണം വിളികളോടെ പ്രാർ‍ത്തിച്ചും ഏതെങ്കിലും ഒരു അന്പലത്തിൽ‍ ഓരോ ദിവസവും കൂട്ടത്തോടെ ചെന്നു പ്രാർ‍ത്ഥിച്ചും, കറുത്ത വസ്ത്രം, രുദ്രാക്ഷമാല എന്നിവ ധരിച്ചും, വൈകീട്ടും ഇതേപോലെ കൂട്ടത്തോടെ ശരണം വിളിച്ചും പോയി കുളിച്ചു വന്നും, ഇടക്കെല്ലാം ഏതെങ്കിലും ഒരു സ്വാമിയുടെ വീട്ടിൽ‍ കൂടി ഭജനകൾ‍ ചൊല്ലിയും ഭക്തിനിർ‍ഭരമായി കഴിഞ്ഞിരുന്ന കാലം.  അതൊക്കെ ഇപ്പോഴും മാറ്റമില്ലാതെ കൊണ്ടുനടക്കുന്നുണ്ടാവും എന്നതാണ് സങ്കൽ‍പ്പിക്കുന്നത്.

ഇങ്ങിനെ നാൽ‍പ്പത്തൊന്നു ദിവസങ്ങൾ‍ കഴിച്ചുകൂട്ടി, ഇരുമുടികെട്ടുകളുമായി നീലിമല, കരിമല, ഒടുവിൽ‍ വളരെ കുത്തനെയുള്ള ശബരിമല എന്നീ മൂന്നു അതികഠിനമായ മലകളുടെ കയറ്റം ഈ പ്രായത്തിലുള്ള സ്ത്രീകൾ‍ക്ക് വിഷമകരമായിരുന്നു താനും. അന്നൊക്കെ ശബരിമലയ്ക്ക് പോയ സ്വാമിമാർ‍ “തിരിച്ചെത്തിയാൽ‍ തിരിച്ചെത്തി” എന്നുപോലും കണക്കാക്കിയിരുന്ന കാലഘട്ടവുമായിരുന്നു അത്‌. അതിനാലാണ് ഇരുമുടി കെട്ടു തലയിൽ‍ ഏറ്റിക്കഴിഞ്ഞാൽ‍ പിന്നീട് പുറകോട്ടു ഒരു കാരണവശാലും തിരിഞ്ഞു നോക്കരുതെന്ന് ഗുരുസ്വാമി നിഷ്ക്കർ‍ഷിക്കുന്നതും. പിന്നീടു അതിഘോര വനങ്ങളിലൂടെ ആയിരുന്നല്ലോ യാത്ര. കട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ഇടയിൽ‍ നിന്നു രക്ഷപ്പെട്ടും കാണുന്ന അരുവികളിൽ‍ കുളിച്ചും തീ കൂട്ടി ലഘുഭക്ഷണം പാകം ചെയ്തു ഭക്ഷിച്ചും പരിപൂർ‍ണ്ണ പ്രാർ‍ത്ഥനാനിരതരായിട്ടായിരുന്നു ശബരിമല യാത്രകൾ‍.  ഇന്നിപ്പോൾ‍ ശബരിമലക്കു തൊട്ടു താഴെ വരെ വാഹനങ്ങളിൽ‍ പോയി (കരിമല, നീലിമല എന്നിവ താണ്ടാതെ) കുത്തനെയുള്ള ഏതാണ്ട് അഞ്ചു കിലോമീറ്ററോളം നേർ‍ ഉയരത്തിലുള്ള ശബരിമല കയറിചെന്നാൽ‍ സാക്ഷാൽ‍ ശ്രീ. അയ്യപ്പൻ‍ കുടികൊള്ളുന്ന  സന്നിധാനത്തിലെത്താം. അവിടെ ശ്രീ അയ്യപ്പനെ സ്വീകരിക്കാനും വിവാഹം കഴിക്കാനും തയ്യാറായി നിൽ‍ക്കുന്ന മാളികപ്പുറം അമ്മയും കുടികൊള്ളുന്നുണ്ട്. പക്ഷെ ശ്രീ. അയ്യപ്പന്റെ വ്രതതീരുമാനമനുസരിച്ച് “എന്ന് കന്നി അയ്യപ്പന്മാരുടെ (പുതിയതായി മലയ്ക്ക് വരുന്നവരുടെ) വരവ് നിൽ‍ക്കുന്നുവോ, അന്ന് മാത്രമേ വിവാഹത്തെകുറിച്ചു ചിന്തിക്കുകയുള്ളൂ” എന്നതാണ് അയ്തിഹ്യം.

ശബരിമലയും കയറാൻ‍ വയ്യാത്തവർ‍ക്ക് അവിടെ മനുഷ്യർ‍ ഏറ്റിക്കൊണ്ടുപോവുന്ന മഞ്ചലുകൾ‍ ഉണ്ട്; 2010−ൽ‍ 2,500 രൂപയായിരുന്നു അങ്ങിനെ ചാരുകസേരയിൽ‍ ചുമന്നുകൊണ്ടു പോകുന്നതിനു അവർ‍ വസൂലാക്കിയിരുന്നത്. ഇത് വളരെ പ്രായമേറിയ അയ്യപ്പ ഭക്തർ‍ക്ക്‌ വേണ്ടിയുള്ളതാണ്.

ഇങ്ങനെയുള്ള ഒരു ചുറ്റുപാടിൽ‍ ഏത് നീതിന്യായ കോടതി ചോദ്യം ചെയ്താലും അതിനെ അയ്യപ്പ ഭക്തനായ എനിക്കും, എന്നെപ്പോലുള്ള അനേകായിരം അല്ലെങ്കിൽ‍ ലക്ഷോപലക്ഷം അയ്യപ്പന്മാർ‍ക്കും സ്വീകരിക്കാൻ‍ സാധിക്കയില്ല.

ദേവസ്വം തന്നെയാണ് ക്ഷേത്രഭരണ കാര്യങ്ങളിൽ‍ ശ്രദ്ധിക്കേണ്ടവർ‍. പ്രാചീന കാലം മുതൽ‍ അനുഷ്ടിച്ചുവരുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിൽ‍ക്കുന്നുണ്ടോ എന്ന് നോക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും ക്ഷേത്രഭരണ കാര്യാലയമാണ്‌. 

പിന്നെ, പരിഷ്കാരങ്ങൾ‍ കർ‍ശ്ശനമായും നടപ്പാക്കിയെ തീരൂ എന്ന് പുരോഗമന വീണ്ടുവിചാരങ്ങൾ‍ക്ക്‌ അടിമപ്പെട്ട്, നീതിന്യായ കോടതികൾ‍ക്ക് നിർ‍ബ്ബന്ധമാണെങ്കിൽ‍, എല്ലാ മതങ്ങളിലും അത്തരം പരിഷ്ക്കാരങ്ങൾ‍ ഒരുമിച്ചു, ഒരേസമയം നടപ്പാക്കണം. പുരുഷന്മാർ‍ ചെയ്യുന്ന എല്ലാ കർ‍മ്മങ്ങളും സ്ത്രീകൾ‍ക്കും (അവരുടെ പ്രായവ്യത്യാസമെന്നേ) തുല്യമായി ചെയ്യാൻ‍ ഇന്ത്യയിലെ എല്ലാ മതങ്ങൾ‍ക്കും നിർ‍ബന്ധമാക്കണം; അല്ലാതെ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ മാത്രം വികാരങ്ങളെ ഇത്തരുണത്തിൽ‍  വൃണപ്പെടുത്തിക്കൂടാ.

You might also like

Most Viewed