പ്ലാസ്റ്റിക് മനസ്സും മാലിന്യവും
മണിലാൽ
കേരളത്തിലിപ്പോൾ യാത്രകളുടെ കാലമാണ്. ചക്രവാളത്തിൽ തിരഞ്ഞെടുപ്പിന്റെ കൊറ്റിയുദിച്ചു കഴിഞ്ഞു. ഇനി പ്രകൃതിയിൽ വലിയ മാറ്റങ്ങളുണ്ടാവും. തിരഞ്ഞെടുപ്പ് അടുക്കുന്പോഴാണ് ഈ യാത്രകൾ പെതുവെ പുറപ്പെടുക. ഇത്തവണ വെള്ളാപ്പള്ളി നടേശനാണ് ആദ്യയാത്ര പുറപ്പെട്ടത്. സമത്വമുന്നേറ്റയാത്ര എന്നായിരുന്നു പേര്. ആരുടെ സമത്വം എന്ന ചോദ്യമൊക്കെ അവിടെ ഇരിക്കട്ടെ. കോടികൾ വിലയുള്ള ഒരു കാരവിനിലായിരുന്നു ഈ യാത്ര. ഓരോ ദിവസവും യാത്രയെ മാധ്യമശ്രദ്ധയിൽ കൊണ്ടുവരാനുള്ള പൊടികൈകൾ വെള്ളാപ്പള്ളി നടേശൻ മുതലാളിയുടെ കൈവശമുണ്ടായിരുന്നു. അത്തരത്തിലൊന്നായിരുന്നു കോഴിക്കോട് ഓടയിൽ വീണ് ശ്വാസം മുട്ടി മരിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ച് രക്തസാക്ഷിയായ നൗഷാദിന്റെ മതം പറഞ്ഞ് നടേശൻ പൊട്ടിച്ച വെടി. യാത്രയിൽ നന്പൂതിരി മുതൽ നായാടി വരെയുള്ള ‘ഹിന്ദുക്കൾ’ സമത്വത്തിന് വേണ്ടി അണിനിരന്നു എന്നാണ് എസ്.എൻ.ഡി.പി അവകാശപ്പെട്ടത്. യാത്രയുടെ അവസാനത്തിൽ ഒരു പുതിയ പാർട്ടി പിറന്നു ‘ഭാരതീയ ധർമ്മ ജനസഭ’ അതോടെ ഹിന്ദുക്കൾക്ക് ഒരു ‘മതനിരപേക്ഷ’ പാർട്ടിയെ കൂടി കിട്ടി. അങ്ങിനെയുണ്ട്, മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടികളും മതനിരപേക്ഷ പാർട്ടികളുമുണ്ട്, ഉദാഹരണത്തിന് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ്, പേരിൽ മതമുണ്ട്, പക്ഷെ തങ്ങളൊരു മതനിരപേക്ഷ ജനാധിപത്യപാർട്ടിയാണ് എന്നാണ് മുസ്ലിംലീഗ് അവകാശപ്പെടുന്നത്. അത് ശരിയാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസ് നൽകിയ സാക്ഷ്യപത്രവും നെഞ്ചിൽ കുത്തിയാണ് മുസ്ലിംലീഗിന്റെ ഉടുപ്പും നടപ്പുമൊക്കെ. മതനിരപേക്ഷത ഉറപ്പിക്കാൻ ചില ഹിന്ദുനാമധാരികളെ കൂടെക്കൊണ്ട് നടക്കുകയും ചെയ്യും.
അത്തരത്തിലൊരാളായിരുന്നു കുന്ദമംഗലത്ത് സംവരണ സീറ്റിൽ സ്ഥിരമായി മത്സരിച്ചിരുന്ന രാമൻ. പണ്ടേ തങ്ങളുടെ സഖ്യകക്ഷിയായതു കൊണ്ട് മുസ്ലീംലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്നും മതേതരപാർട്ടിയാണെന്നും കോൺഗ്രസിന് സംശയമൊന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. എന്നാൽ സി.പി. ഐ (എം) ന് അങ്ങിനെയായിരുന്നില്ല. തനി വർഗ്ഗീയ പാർട്ടിയായാണ് മുസ്ലിംലീഗിനെ അവർ കണ്ടിരുന്നത്. അതിന് ഉദാഹരണങ്ങൾ സഹിതമുള്ള ധാരാളം തെളിവുകൾ സി.പി.ഐ (എം) നിരത്തുകയും ചെയ്യുമായിരുന്നു. മതനിരപേക്ഷതയുടെ അടിസ്ഥാന തത്വം തന്നെ ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും’ എന്നതാണല്ലോ. സീസർ രാജാവാണ് രാജ്യം ഭരിക്കും. അവിടത്തേക്ക് ദൈവം എത്തി നോക്കുക പോലും ചെയ്യരുത്. ദൈവത്തിന്റെ കാര്യത്തിൽ സീസർ തലയിടില്ല. ഒറ്റ നിർബന്ധം മാത്രം. സീസറിന്റെ കാര്യത്തിൽ ദൈവം തലയിടാൻ പാടില്ല. ഇതിനെയാണ് മതം വേറെ, രാഷ്ട്രീയം വേറെ എന്നൊക്കെ മതനിരപേക്ഷകർ വിശദീകരിച്ചത്. പക്ഷേ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പേരിൽ തന്നെ മതമുണ്ട്. അത് മാത്രംപോരാ, ആത്മീയനേതാക്കന്മാർ അഥവാ മതനേതാക്കന്മാരായ പാണക്കാട്ടെ കുടപ്പനക്കുന്ന് തറവാട്ടുകാരായ വലുതും ചെറുതുമായ തങ്ങന്മാരാണ് മുസ്ലിലീഗിന്റെ ബാലസംഘം മുതൽ വൃദ്ധസംഘം വരെ നയിക്കുന്നത്. ആത്മീയം വേറെ, രാഷ്ട്രീയം വേറെ എന്ന വേർതിരിവൊന്നും ഇവർക്ക് ബാധകമല്ല. അങ്ങിനെയൊക്കെയാണെങ്കിലും ഇവരുടെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ കോൺഗ്രസുകാർ ഇപ്പോൾ ആരെയും അനുവദിക്കാറില്ല. പണ്ട് നെഹ്റു ലീഗ് ചത്തകുതിരയാണെന്ന് പറഞ്ഞതും സി.കെ ഗോവിന്ദൻ നായർ എന്ന കെ.പി.സി.സി പ്രസിഡണ്ട് പടിക്ക് പുറത്ത് നിർത്തിയതുമൊക്കെ വെറേ കാര്യം. അന്ന് കോൺഗ്രസിന് ഒറ്റക്ക് തന്നെ ഒരു നിലയിലും വിലയുമൊക്കെ ഉണ്ടായിരുന്നു. എന്നാലിന്ന് വി.എം സുധീരൻ എന്ന ആദർശധീരനോ, എ.കെ ആന്റണി എന്ന ആദർശത്തിന്റെ മൊത്ത വ്യാപാരിയോ പോലും ലീഗീനെ വർഗ്ഗീയമായി കാണാറില്ല.
അടുത്ത കാലത്തായി മാർക്സിസ്റ്റുകാർക്കിടയിലും ഇക്കാര്യത്തിൽ ചില ഇണ്ടലുകൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. പിണറായി വിജയൻ ലെൻസ് വെച്ച് നോക്കിയിട്ടു പോലും വർഗ്ഗീയതയുടെ പുള്ളികൾ മുസ്ലിംലീഗ് എന്ന പുലിയുടെ തൊലിപ്പുറത്തൊന്നും കാണുന്നില്ല. പിന്നെ ഡി.എൻ.എ ടെസ്റ്റിനൊന്നും മാർക്സിസ്റ്റുകാരാരും ഇതുവരെ പുറപ്പെട്ടിട്ടുമില്ല. ഇക്കാര്യത്തിൽ ചാടിപ്പിടിച്ച് അഭിപ്രായം പറയേണ്ട വി.എസ് അച്യുതാനന്ദൻ ഇപ്പോൾ അച്ചടക്കത്തിന്റെ മൗനം പുതച്ച് ഉറക്കത്തിലുമാണ്. എന്നാൽ മുസ്ലിം വർഗ്ഗീയ പാർട്ടികളുടെ പട്ടിക മുഖ്യരാഷ്ട്രീയ പാർട്ടികളൊക്കെ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മദനിയുടെ പാർട്ടി വർഗ്ഗീയമാണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. അക്കാര്യത്തിൽ പിണറായി പണ്ട് നൽകിയ മതനിരപേക്ഷ സർട്ടിഫിക്കറ്റ് അവരുടെ കേന്ദ്ര കമ്മിറ്റി പോലും അംഗീകരിച്ചിരുന്നില്ല.
ലിസ്റ്റിൽ ഇനിയുമുണ്ട് പാർട്ടികൾ. ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടിയായ വെൽഫെയർ പാർട്ടി ഇതിലൊന്നാണ്. പഴയ എൻ.ഡി.എഫ് രൂപം മാറിയുണ്ടായ എസ്.ഡി.പി.ഐ (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) വേറെയുണ്ട്. ഇവയൊക്കെ വർഗ്ഗീയ പാർട്ടികളാണെന്നാണ് പൊതുവായ കാഴ്ചപ്പാട്. എന്നാൽ അത് നിഷേധിക്കാൻ അവർ ചില രാഷ്ട്രീയമൊക്കെ മുന്നോട്ടുവെക്കും. കെ.ഇ.എൻ കുഞ്ഞമ്മദാണ് അതിന്റെ താത്വികാചാര്യൻ. അതിന് വേണ്ടി അദ്ദേഹം ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ‘ഇരകളുടെ മാനിഫെസ്റ്റോ’. ഹിന്ദു ബ്രാഹ്മണിക്ക് മേധാവിത്വം നിലനിൽക്കുന്ന ഇന്ത്യയിൽ മുസ്ലീം പിന്നോക്ക സമുദായ സ്വത്വം, ഒരു വിമോചന ഉപാധിയാണ് എന്നാണദ്ദേഹത്തിന്റെ മതം. അതുകൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെ നഖശിഖാന്തം എതിർക്കുന്പോഴും ന്യൂനപക്ഷ വർഗ്ഗീയതയേയും കീഴാള ജാതിയേയും കണ്ടതായി നടക്കുക പോലും വേണ്ട എന്നാണദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് ഇത്തരം പാർട്ടികളുടെയൊക്കെ തലപ്പത്ത് ചില പിന്നോക്ക ഹിന്ദു നാമധാരികളുടെ പേരുകൾ ലോഭമില്ലാതെ ചേർക്കുന്നത്.
എന്നാൽ ഇതൊക്കെ ഇതുവരെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ നാട്ടുനടപ്പായി മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. ഭൂരിപക്ഷം സാക്ഷാൽ സംഘപരിവാരം, ആക്രാമക ഹിന്ദുത്വം, സവർണ്ണ ഫാസിസം എന്നൊക്കെ പേരു കൊണ്ട് വിളിക്കുന്ന അങ്ങേയറ്റം അപകടകാരിയായ വർഗ്ഗീയതയായിരുന്നു. അതുകൊണ്ട് അതുമായി കൂട്ടിത്തൊടാൻ പലർക്കും അറപ്പും വെറുപ്പുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ കേരളത്തിലെങ്കിലും പരിഹരിക്കാനായി എന്നതിൽ നമുക്ക് അഭിമാനിക്കാം. ഇപ്പോഴിതാ നടേശൻ മുതലാളിയുടെ മകൻ സാക്ഷാൽ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ഭൂരിപക്ഷത്തിന്റെ ‘മതേതര’ പാർട്ടി പിറവികൊണ്ടിരിക്കുന്നു. വെള്ളാപ്പള്ളിയുടെ പെന്പിറന്നോത്തിയുടെ നേതൃത്വത്തിൽ വനിതാ സംഘവും റെഡി. ഇനി ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കാം. അത് വർഗ്ഗീയതയല്ല സമത്വത്തിന് വേണ്ടിയുള്ള യഥാർത്ഥ പോരാട്ടം മാത്രം. പിന്നെ പാർട്ടിയുടെ വാതിലുകൾ ആർക്കു മുന്പിലും കൊട്ടിയടക്കില്ല. വല്ലപ്പോഴും വന്ന് ഒന്ന് സുഖിച്ചു പോകണമെങ്കിൽ എല്ലാ പാർട്ടിക്കാർക്കും വരാം. ആരും തടയില്ല. കാരണം മതനിരപേക്ഷ പാർട്ടി കൂടിയാണല്ലോ, കളിയും ചിരിയുമൊക്കെ എല്ലാവരോടൊപ്പമുണ്ടെങ്കിലും കിടപ്പ് ബി.ജെ.പിയോടൊപ്പം തന്നെയായിരിക്കും എന്നാണ് പ്രശ്നവശാൽ കാണുന്നത്. ബി.ജെ.പിയാണെങ്കിൽ സ്വന്തം ‘ചിന്നവീട്’ പോലെയാണ് ഇക്കാര്യത്തിൽ പെരുമാറുന്നതും.
അതിരിക്കട്ടെ, നാം തുടങ്ങിയത് യാത്രയിലാണ്. വെള്ളാപ്പള്ളിയുടെ കാരവൻ യാത്രയിൽ. മനുഷ്യന്റെ മനസ്സ് മലീമസമാക്കാൻ ആവശ്യത്തിലധികം ആ യാത്ര കൊണ്ട് മലയാളിക്ക് കിട്ടി. അതിന്റെ പ്രചാരണത്തിന് വേണ്ടി തയ്യാറാക്കിയ ഫ്ളക്സ് ബോർഡുകൾ, മഞ്ഞ പ്ലാസ്റ്റിക് തോരണങ്ങൾ തുടങ്ങി മണ്ണിനെ മലീമസമാക്കിയതൊക്കെ അതേപടി തെരുവോരങ്ങളിൽ കിടപ്പുണ്ട്. അപ്പോഴേക്കും വിപ്ലവയുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ നവോത്ഥാന ജാഥയുമായി രംഗത്തെത്തി. അവരും കാസർഗോഡ് നിന്നാണ് പുറപ്പെട്ടത്. കേരളത്തെ ഭ്രാന്താലയമാക്കാതിരിക്കാനുള്ള പരിശ്രമത്തിലായിരുന്നു അവർ. ബുദ്ധനും വിവേകാനന്ദനും ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും മുതൽ നമ്മുടെ പൈതൃകത്തെ ഒന്നടങ്കം അവർ ജാഥയിൽ കൂടെ കൂട്ടിയിരുന്നു. എല്ലാവരും ഒന്നാം തരം ഫ്ളക്സ് ചിത്രങ്ങളുമായാണ് ഡി.വൈ.എഫ്.ഐയുടെ കൊടി പിടിച്ചത്. ചിദാനന്ദപുരി സ്വാമികളെപ്പോലും അത് പ്രകോപിപ്പിച്ചു കളഞ്ഞു. തങ്ങൾ ആരും ചോദ്യം ചെയ്യാതെ അട്ടിപ്പേറവകാശമായി കൊണ്ടു നടന്നിരുന്ന പലരുമാണ് ഒറ്റയടിക്ക് ഡി.വൈ.എഫ്.ഐ ആയത്.
ആ ജാഥ കഴിഞ്ഞതോടെ കേരളം ഭ്രാന്താലയമല്ലാതായോ എന്നറിയില്ല. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കൊന്നും എന്റെ കൈവശമില്ല. പക്ഷേ ഒന്നറിയാം. സ്വാമി വിവേകാനന്ദനേയും ശ്രീനാരായണഗുരുവിനെയുമൊക്കെ ഇപ്പോൾ തെരുവിൽ ചവിട്ടി കൂട്ടുന്നുണ്ട്. ഫ്ളക്സ് ബോർഡുകളും ബാനറുകളുമൊക്കെ കുമിഞ്ഞ് കൂടി തെരുവിൽ കാലുകുത്താനിടമില്ലാതായിരിക്കുന്നു.
ഇതാ ഇന്നലെ ആദർശ ധീരൻ വി.എം സുധീരന്റെ നേതൃത്വത്തിലുള്ള ‘ജനരക്ഷാ യാത്ര’ കടന്നുപോയതേയുള്ളൂ. പുട്ടിന് തേങ്ങയിടുന്നതുപോലെ അദ്ദേഹം ആദർശം വിളന്പുകയും ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതിവാദികളിൽ പ്രമുഖനാണല്ലോ അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി കോൺഗ്രസ് നേതൃത്വത്തേയും ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയേയും വെല്ലുവിളിച്ച് അദ്ദേഹം എന്തൊക്കെ ചെയ്തിരിക്കുന്നു! പക്ഷേ അദ്ദേഹം കടന്നുപോയപ്പോഴേക്കും തെരുവിൽ കാലുകുത്താനിടമില്ലാതായിട്ടുണ്ട്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയഗാന്ധി, രാഹുൽഗാന്ധി എന്നീ ഗാന്ധിമാരെ ചവുട്ടി കുഴക്കാതെ നടക്കാൻ സ്ഥലമില്ല. അത്രക്ക് ഫ്ളക്സ് ബോർഡുകളാണ് തെരുവിൽ നിറഞ്ഞു കിടക്കുന്നത്.
ഇനി പിണറായി വിജയന്റെ ‘നവകേരള യാത്ര’ എത്താറായി. പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി എടുത്ത പാർട്ടിയാണ് സി.പി.ഐ(എം). എത്ര പ്രമേയങ്ങളും രേഖകളും ഇക്കാര്യത്തിൽ പാർട്ടിയുടേതായിട്ടുണ്ട്. പക്ഷേ തെരുവിൽ കാലുകുത്താനിടമില്ലാത്ത വിധത്തിൽ ഫ്ളക്സ് ബോർഡുകളും പ്ലാസ്റ്റിക് തോരണങ്ങളും നിറഞ്ഞു കഴിഞ്ഞു. ഇനിയും യാത്രകൾ ധാരാളം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ നയിക്കുന്ന ജാഥ വരാനുണ്ട്. അദ്ദേഹവും വലിയ പരിസ്ഥിതി വാദിയാണ്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരം ഓർമ്മയില്ലേ? അവരുടെ ഫ്ളക്സ് ബോർഡുകളും തോരണങ്ങളും ഒരുങ്ങി വരുന്നതേയുള്ളൂ. ഇതുകൊണ്ടൊന്നും അവസാനിക്കും എന്ന് കരുതരുത്. ഇരു മുന്നണികളിലുമുള്ള ഈർക്കിൽ പാർട്ടികളുണ്ട്. അവരും ആഘോഷപൂർവ്വം ജാഥ നടത്തും. ഇക്കണ്ട പ്ലാസ്റ്റിക്കൊക്കെ എന്തു ചെയ്യും എന്നു മാത്രം ആരും ചോദിക്കരുത്.
അതിനിടയിലാണ് വലിയ ഫ്ളക്സ് ബോർഡുകളും ഗേറ്റുകളും ശ്രദ്ധയിൽ പെട്ടത്. ‘അമ്മ കോഴിക്കോട്ട്’ എന്നാണ് എല്ലാത്തിലേയും സന്ദേശം. ഒരു വർഷം മുന്പ് മരിച്ചുപോയ സ്വന്തം അമ്മയെയാണ് ഞാനോർത്തത്. അവരെങ്ങിനെ കോഴിക്കോട്ടെത്തും? അമൃതാനന്ദമയീ എന്ന ആത്മീയവേഷധാരി എങ്ങിനെ എന്റെ അമ്മയാകും? ആയിക്കോട്ടെ അവരും വലിയ ദീനദയാനുകന്പയുള്ളവരാണ് എന്നല്ലേ അമൃതാനന്ദമയീ മഠം കൊട്ടിഘോഷിക്കുന്നത്. എങ്കിൽ നിങ്ങൾക്കെങ്കിലും ഈ മണ്ണിനെ പ്ലാസ്റ്റിക് കൊണ്ട് മൂടി കൊല്ലാതിരുന്നുകൂടെ. അഴുകിയ മണ്ണിൽ ചേരുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രചാരണം നടത്താൻ സാന്പത്തിക ശേഷിയില്ലായ്മയൊന്നും ഇന്ന് മഠത്തിനില്ലല്ലോ.
ഇതിലൊക്കെ വിചിത്രമായ മറ്റൊരു കാര്യമുണ്ട്. പണ്ടൊക്കെ രാഷ്ട്രീയ പാർട്ടികളുടെയും ആത്മീയ സംഘങ്ങളുടെയുമൊക്കെ പ്രചാരണ പരിപാടികൾ നടത്തിയത് അവരുടെ തന്നെ അനുയായികൾ സന്നദ്ധ പ്രവർത്തനമായിട്ടായിരുന്നു. ചാക്കു ബോർഡുകൾ അടിച്ചുണ്ടാക്കിയും പെയിന്റ് ചാലിച്ചുമൊക്കെ കൈ തകർന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എന്നാലിന്നോ? വെള്ളാപ്പള്ളിയുടെയും ഡി.വൈ.എഫ്.ഐയുടെയും വി.എം സുധീരന്റെയും പിണറായി വിജയന്റെയും കുമ്മനം രാജശേഖരന്റെയുമൊക്കെ ജാഥകളുടെ പ്രചാരണം സംഘടിപ്പിക്കുന്നത് ഒരേ സംഘങ്ങളാണ്. ക്വട്ടേഷനെടുത്താണ് ഫ്ളക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളുമൊക്കെ പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നത്. ഒരേ ആർച്ചു ഗേറ്റുകളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ഫ്ളക്സും ചിത്രങ്ങളും മാറി മാറി വരുന്നതോടെ രാഷ്ട്രീയം മാറുന്നു! ശരിക്കും അങ്ങിനെ മാറുന്നുണ്ടോ? ഏതായാലും ഫ്ളക്സ് ബോർഡുകളും മറ്റ് പ്രചാരണ ഉപാധികളും തയ്യാറാക്കുന്ന കന്പനികൾക്ക് കൊയ്ത്തു കാലമാണ്. അവർക്കാണ് സോഷ്യലിസം. നമ്മുടെ മണ്ണും മനസ്സും കൂടുതൽ കൂടുതൽ മലിനമാകുകയും ചെയ്യുന്നു.