സമുദായ നേതാവ് രാഷ്ട്രീയ പ്രവേശം നടത്തുന്പോൾ


ഇ.എ സലിം

ആലുവായിലെ അദ്വൈതാശ്രമത്തിനു മുന്നിലെ കൽ പടവുകളിറങ്ങി പെരിയാറിൽ പതിയിരിക്കുകയായിരുന്ന മരണത്തിലേയ്ക്കു ശാശ്വതികാനന്ദ സ്വാമി നടന്നു നീങ്ങിയതു 2002 ജൂലൈ ഒന്നിന് രാവിലെയാണ്. നീണ്ടകാലം ശിവഗിരി സന്യാസ സമൂഹത്തിന്റെയും മഠത്തിന്റെയും മേധാവി ആയിരുന്നയാളായിരുന്നു സ്വാമി. ആത്മീയ സപര്യകളിൽ മുഴുകുകയാണ് സന്യാസിയുടെ ധർമ്മം എന്നു വിശ്വസിച്ചുകൊണ്ടു തനിക്കു ചുറ്റുമുള്ള ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നും അകലം പാലിച്ചു കൊണ്ടുള്ള ദന്ത ഗോപുരവാസമായിരുന്നില്ല അദ്ദേഹത്തിനു ജീവിതം. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന വിഷയങ്ങളിലും രാഷ്ട്രീയത്തിലും ഇടപെടേണ്ടതുണ്ടെന്നു വിശ്വസിക്കുകയും അതിനനുസരിച്ചു നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും ചെയ്തിരുന്ന സന്യാസിയായിരുന്നു അദ്ദേഹം. ആ നിലപാടുകളിലെ ശരിയും തെറ്റുമല്ല ഇവിടെ പരാമർശിക്കുന്നത്.  അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിൽ വ്യക്തി പ്രഭാവം ചെലുത്തുവാൻ കഴിവ് അദ്ദേഹത്തിനുണ്ടെന്നു പൊതു സമൂഹത്തിനു തോന്നിയിരുന്നു. അങ്ങിനെയൊരു പ്രബല വ്യക്തിത്വത്തിന്റെ അകാലത്തിലേതും അസാധാരണവുമായ അന്ത്യം സംഭവിച്ചതു ജല സമാധിയാണ് എന്നു പറഞ്ഞു കേട്ടപ്പോൾ ഇതെന്തു തരം ജലസമാധിയെന്നു പലരും സ്വരം ഉയർത്താതെ പരസ്പരം ചോദിച്ചിട്ടുണ്ടാകാം, പക്ഷെ ആരും അത് ഉറക്കെ ചോദിച്ചില്ല.

ശ്രീനാരായണ ദർശനങ്ങളിലെ  മതാതീത ആത്മീയതയുടെ ബീജങ്ങൾക്ക് വ്യാഖ്യാനം നൽകി മത പുനരുത്ഥാന കാലത്തിന്റെ നേർക്ക്‌ പിടിച്ചു കൊണ്ടു സന്യാസി ധർമ്മത്തിൽ സാമൂഹ്യ പ്രവർത്തനത്തിനു ഊന്നൽ നൽകുന്ന  പരസ്യജീവിതം നയിച്ചയാളായിരുന്നു സ്വാമി ശാശ്വതികാനന്ദ. ശിവഗിരി മഠത്തിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പങ്കെടുക്കുവാൻ രാവിലെ  ആലുവാ ആശ്രമത്തിലെത്തി പലരെയും കാണാനും പലതും ചെയ്യുവാനും പരിപാടികൾ നിശ്ചയിച്ചിരുന്നതിനിടയിൽ ഓടിപ്പോയി ആലുവാപ്പുഴയിലിറങ്ങി ഒരു ജല സമാധി നടത്തി എന്നു പറയുന്നതിലെ കാർട്ടൂൺ‍ സ്വഭാവം അന്നു പ്രബുദ്ധ കേരളത്തിനു മനസ്സിലായില്ല എന്നു കരുതാനാവില്ല. കൈലാസ പർവ്വത ശൃംഖങ്ങളിലെ, മാനസ സരോവരത്തിൽ ഏറെക്കാലം ജലത്തിൽ തപസ്സിരുന്ന സന്യാസി ജലസമാധിയായ കഥ ലഭ്യമാണ്. എന്നാൽ ആലുവാപ്പുഴയിലെ തരത്തിലെ ജലസമാധിക്കു വേറെ അധികം ഉദാഹരണങ്ങളുമില്ല. വിവിധ ഘട്ടങ്ങളിൽ ശാശ്വതികാനന്ദ സ്വാമിയുമായി ഐക്യപ്പെട്ടിട്ടുള്ള ഭരണ പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പക്ഷങ്ങൾ നിശ്ചയമായും കൂടുതൽ അണിയറ വാർത്തകൾ അന്നു അറിഞ്ഞിട്ടുമുണ്ടാകും. അന്നു സത്യ സ്ഥിതി അറിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഉണ്ടായതു തീരെ ഒറ്റപ്പെട്ടതും ദുർബ്ബലവുമായ ശബ്ദങ്ങൾ മാത്രമായിരുന്നു.

അന്നു വളരെ ദുർബ്ബലമായ എതിർ ശബ്ദങ്ങൾ പുറപ്പെടുവിച്ചവർ പതിമൂന്നു വർഷങ്ങൾക്കു ശേഷം ഇപ്പോൾ ശക്തിയുള്ള ചോദ്യങ്ങളും വെളിപ്പെടുത്തലുകളും ആയി മുന്നോട്ടു വന്നിരിക്കുന്നു. മുന്നൊരുക്കങ്ങളോടെ നിശ്ചയിച്ചുറപ്പിച്ച കൊലപാതകമായിരുന്നു എന്നു വ്യക്തമാക്കുന്ന ധാരാളം മൊഴികൾ ഇതിനോടകം പൊതുജനങ്ങളോടു വെളിപ്പെടുത്തിയിരിക്കുന്നു. അതി ശക്തമായ ആ വെളിപ്പെടുത്തലുകൾ ജലസമാധിയെന്ന പടുന്യായത്തെ ചോദ്യം ചെയ്യുകയും  ഗൗരവമുള്ള കോടതി വ്യവഹാരങ്ങളിലൂടെ കാര്യങ്ങൾ കടന്നു പോവുകയും ചെയ്യുന്നു.  പതിമൂന്നു വർഷങ്ങൾക്ക് മുൻപ് സംഭവം നടന്നപ്പോൾ ശാശ്വതികാനന്ദയുടെ കുടുംബാംഗങ്ങൾ മാത്രമാണ് നിജ സ്ഥിതി അറിയണമെന്ന് ആവശ്യപ്പെട്ടത്. നീന്തൽ അറിയാവുന്ന സ്വാമി പരിചയമുള്ള കടവിൽ എങ്ങിനെ അപായപ്പെട്ടുവെന്ന് ഇന്നു കോടതി ചോദിച്ച ചോദ്യമാണ് അന്ന് അവർ ചോദിച്ചത്. അവർക്ക് മുന്നോട്ടു പോകുവാൻ ധൈര്യം നൽകുന്ന തരത്തിലെ പിന്തുണ ഒരിടത്തു നിന്നും ലഭിക്കാതിരിക്കുകയും ആ ചോദ്യങ്ങൾ നേർത്തു ഇല്ലാതാവുകയും ചെയ്യുകയാണുണ്ടായത്.

കേരളമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന എസ്.എൻ.ഡി.പി യോഗം അവരുടെ ശാഖകളിലൂടെ അംഗങ്ങൾക്ക് വേണ്ടി വളരെ വർഷങ്ങളായി തികച്ചും സുസംഘടിതമായും ഫലപ്രദമായും പണമിടപാടു നടത്തി വരുന്നു.  മൈക്രോ ഫിനാൻസ് ധന വിതരണ പദ്ധതിയിൽ ആരോപിക്കപ്പെട്ട ക്രമക്കേടുമായി ബന്ധപ്പെട്ടതും ഇപ്പോൾ വിജിലൻസ് കോടതി അന്വേഷിക്കുന്നതുമായ വിഷയവും പൊടുന്നനെ ഉണ്ടായതല്ല. വർഷങ്ങൾ പഴക്കമുള്ള സംഭവങ്ങളും ആരോപണങ്ങൾക്ക് നിദാനമാണ്‌. രണ്ടു മുന്നണികൾ ഇടവിട്ടുള്ള ഊഴങ്ങളിൽ ഭരണം നടത്തുന്ന രീതി നാട്ടുനടപ്പായതിനു ശേഷം കേരളത്തിലെ രണ്ടു പ്രബല മുന്നണികൾക്കും പോലീസ്, രഹസ്യാന്വേഷണ വകുപ്പിന്റെ ചുമതലകൾ ലഭിക്കുന്നതിനാൽ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും വിവരങ്ങളുടെ ലഭ്യത ഏറെക്കുറെ തുല്യവുമാണ്. മൈക്രോ ഫിനാൻസിംഗ് പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ചു യാതൊരു ആരോപണവും മുൻ ഭരണ −പ്രതിപക്ഷങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നില്ല. ചെറിയ പലവ്യഞ്ജന വ്യാപാരി വില കൂട്ടി വാങ്ങിയാൽ ഒളിക്യാമറയിൽ അയാളെ കുടുക്കുന്നതിൽ മത്സരിക്കുന്ന ചാനൽ സംഘങ്ങളും ഇതൊന്നും പുറത്തു കൊണ്ടു വന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ തന്റെ നിലപാടിനോട് പക വീട്ടുവാനായി ഇടതു വലതു മുന്നണികൾ തന്നെ ആക്രമിക്കുന്നുവെന്നാണ് കാര്യങ്ങൾ ഒന്നൊന്നായി ഉയർന്നു വരുന്ന പുതിയ അവസ്ഥയെ കുറിച്ചു എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായ ശ്രീ വെള്ളാപ്പള്ളി നടേശൻ പ്രസ്ഥാവിച്ചത്. പതിമൂന്നു വർഷങ്ങൾ പഴക്കമുള്ള കൊലപാതകത്തെ സംബന്ധിച്ച മൊഴികൾ ഇപ്പോൾ വെളിച്ചത്തു വരികയും ഏറെക്കാലമായി പ്രവർത്തിച്ചു വരുന്ന പണമിടപാടു പദ്ധതിയെക്കുറിച്ച് ആരോപണങ്ങൾ ഇപ്പോൾ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനയിൽ കഴന്പുണ്ടെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ യാഥാർത്ഥ്യം അതല്ല. ഇത്രകാലവും വെള്ളാപ്പള്ളി നടേശൻ സമുദായ നേതാവായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ മാത്രമാണ് അദ്ദേഹം രാഷ്ട്രീയ നേതാവായത്. ഒരു സമുദായ നേതാവിനും അപ്രിയം ഉണ്ടാകുന്ന ഒരു കാര്യവും കേരളത്തിലെ ഒരു രാഷ്ട്രീയ പക്ഷവും ചെയ്യുകയില്ല. അത്തരം ഒരു ചലനത്തേയും പിന്തുണയ്ക്കുകയില്ല. ഇപ്പോൾ മൊഴികളുമായി വരുന്ന വ്യക്തികൾ അന്നും അത് നിർവ്വഹിക്കുവാൻ തയ്യാറായി പ്രബല പക്ഷങ്ങളെ സമീപിച്ചിരുന്നെങ്കിൽ അവർക്കു യാതൊരു സംരക്ഷണവും ലഭിക്കുകയില്ലായിരുന്നു എന്നത് ഉറപ്പാണ്. അതിനാൽ തന്നെ അത്തരം സാഹസങ്ങൾക്ക്‌ മുതിരുന്നവരുടെ എണ്ണം വളരെ കുറയും. അഥവാ ആരെങ്കിലും അതിനു തുനിഞ്ഞാൽ അയാൾ നിശ്ശേഷം ഇല്ലാതാക്കപ്പെടും. അതാണ് പ്രബുദ്ധ കേരളത്തിലെ സമുദായ നേതാക്കളുടെ സ്ഥാനം. എന്നാൽ  രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും സ്വന്തം പാർട്ടിയിൽ നിന്നും മറുപക്ഷത്ത് നിന്നും അതി നിശിതമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അറുത്തു മുറിച്ചു പരിശോധിക്കുകയും തൊലിയുരിച്ചു പരസ്യപ്പെടുത്തുകയും ചെയ്യും. അതിനെയെല്ലാം അതി ജീവിക്കുവാൻ രാഷ്ട്രീയ നേതാവ് പഠിക്കുന്നതു കാലം എടുത്താണ്.  സമുദായ നേതാവിന്റെ വെൺ‍കൊറ്റക്കുട ചൂടി നടന്ന വെള്ളാപ്പിള്ളിയ്ക്ക് ഇത് പീഡനകാലമായി തോന്നുന്നത് അക്കാരണത്താലാണ്. സമുദായ നേതൃത്വം വിട്ടു രാഷ്ട്രീയ നേതൃത്വത്തിലേയ്ക്കു പോകുന്നവരുടെ എണ്ണം വളരെക്കുറവായതും ഇതുകൊണ്ടെല്ലാമാകും. 

രാഷ്ട്രീയ നേതൃത്വങ്ങൾ സമുദായ നേതാക്കൾക്ക് കൽപ്പിച്ചു കൊടുത്തിട്ടുള്ള സ്ഥാനവും അതുപയോഗിച്ചു അവർ ആർജ്ജിക്കുന്ന പൊതു സമൂഹത്തിലെ പദവിയും അവരെ കൂടുതൽ കൂടുതൽ പ്രബലരാക്കുകയും അവർ ചോദ്യം ചെയ്യപ്പെടാനാകാത്തവരായി തീരുകയും ചെയ്യുന്നു. ഓരോ സമുദായ നേതാവും ആ സമുദായത്തിലെ മുഴുവൻ വോട്ടുകളും കയ്യിൽ പിടിച്ചിരുന്നിട്ട് തിരഞ്ഞെടുപ്പു ദിവസം കൊണ്ടു പോയി നിക്ഷേപിക്കും എന്നതു പോലെയാണ് രാഷ്ട്രീയ കക്ഷികൾ അവരെ പ്രീണിപ്പിക്കുവാൻ മുതിരുന്നത്. ഒരു നൂറ്റാണ്ടിൽ അധികം കാലമായി നമ്മുടെ നാട്ടിൽ പുരോഗമനോന്മുഖമായ ഏറെ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പാർട്ടിയും അവർ നയിച്ച ഐക്യ മുന്നണികളും നടപ്പിലാക്കിയ ഭരണ നടപടികളിലൂടെ ഉണ്ടായതാണ്. ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുമുണ്ട്. സ്വന്തം സമുദായത്തിന്റെ, പലപ്പോഴും അതിലെ അഭിജാതരുടെ മാത്രം  ക്ഷേമത്തിന്റെ ഇത്തിരി വട്ടങ്ങളിൽ കണ്ണും നട്ടു കഴിയുന്ന ഈ സമുദായ നേതാക്കൾ മുഴുവൻ മനുഷ്യരെയും അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളവർ അല്ല. പുറമേയ്ക്ക് ബഹുസ്വരതയെ മാനിക്കുന്നുവെന്ന നാട്യവുമണിഞ്ഞ് തങ്ങളുടെ മാത്രം സമുദായത്തിന്റെ കണക്കുകൾ പറഞ്ഞു ഭാഗം വാങ്ങാൻ പുറപ്പെട്ടവരാണവർ. 

നുറിലേറെ വർഷങ്ങളായി ജനങ്ങളുടെ നന്മയ്ക്കായി അവർക്കിടയിൽ പ്രവർത്തിക്കുകയും മുഴുവൻ മനുഷ്യരുടെയും ഉത്കർഷം ലക്ഷ്യമാക്കുന്ന തത്വശാസ്ത്രങ്ങൾ പിന്തുടരുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും തങ്ങളുടെ ജീവിതങ്ങൾ ജനകീയ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച നേതാക്കൾക്കും സ്വന്തം മികവുകളിലും നിലപാടിലും ആത്മ വിശ്വാസമില്ലാത്ത ഈ അവസ്ഥ പേടിപ്പെടുത്തുന്നതാണ്. തങ്ങൾ പറയുന്നതിനേക്കാൾ ജനങ്ങൾക്കിടയിൽ സ്വീകാര്യത സമുദായ നേതാവിനാണ് എന്ന് രാഷ്ട്രീയ നേതൃത്വം തിരഞ്ഞെടുപ്പുകാലത്ത്‌ സങ്കൽപ്പിക്കുന്നത് നമ്മുടെ ജനാധിപത്യ സംസ്കാരം വളരെയൊന്നും വളർന്നതല്ലെന്നതിന്റെ തെളിവാണ്. സമുദായ നേതാക്കളെ പ്രീണിപ്പിക്കുന്ന ശൈലിയെ വ്യക്തിപരമായി എതിർക്കുന്ന നേതാക്കൾ എല്ലാ പാർട്ടികളിലും ഉണ്ടായിരിക്കെ തന്നെ പാർട്ടികളുടെ നയം അത്തരം പ്രീണനങ്ങളിലധിഷ്ഠിതമാണെന്നതാണ് ദുരന്തം. ഒരു തർക്കമുണ്ടാകും വരെ കിട്ടിയ ആനുകൂല്യങ്ങൾ അനുഭവിച്ചും ചുമ്മാ പുഞ്ചിരിച്ചുമിരിക്കുന്ന സമുദായ നേതാവ് എത്ര മാത്രം ക്ഷുദ്രമായ വിഭാഗീയതയുടെ വക്താവാകും എന്നത് രാഷ്ട്രീയത്തിൽ പ്രവേശിച്ച വെള്ളാപ്പള്ളി നടേശന്റെ ദർശനങ്ങളും തത്വ ശാസ്ത്രവും ശ്രദ്ധിച്ചാൽ മനസ്സിലാകും. ഈ പാഠം നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങൾ പഠിക്കേണ്ടതാണ്. സമുദായ നേതാക്കളെ അവരുടെ സ്ഥാനങ്ങളിൽ വിടുന്നതിനു പകരം പ്രീണിപ്പിച്ചു പിന്തുണ നേടാനുള്ള മത്സരങ്ങൾ അനാശാസ്യമായ ഫലങ്ങളാവും നാടിനു കൊണ്ടുത്തരിക.

You might also like

Most Viewed