പ്ലീനം: ആചാരപരമായ കൊണ്ടാടലുകൾ


ശക്തമായ ഇടതുപക്ഷ സ്വാധീനവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള കുടുംബാന്തരീക്ഷത്തിൽ വളർന്നതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ജീവിതത്തിന്റെ തന്നെ ഭാഗമായ ശൈശവവും കൗമാരവും യൗവ്വനവുമാണ് ഈ ലേഖകന്റേത്. വീടിന്റെ ഇടുങ്ങിയ ഓഫീസ് മുറിയിൽ ചേരുന്ന പാ‍‍ർട്ടിയുടെ ബ്രാഞ്ച് യോഗങ്ങൾ, വല്ലപ്പോഴും ചേരുന്ന ലോക്കൽ കമ്മിറ്റികൾ, അതിൽ പങ്കെടുക്കാനെത്തുന്ന ആരാധനയോടെ കാണുന്ന പാർട്ടി നേതാക്കൾ, എത്രയേറെ സാന്പത്തിക പ്രയാസമുണ്ടെങ്കിലും മുടക്കം കൂടാതെ വാങ്ങുന്ന ദേശാഭിമാനി ദിനപത്രം. വിതരണത്തിനായി എത്തുന്ന പാർട്ടി ലഘുലേഖകൾ. തൊട്ടടുത്ത പാർട്ടി ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കാവുന്ന ചെംപുസ്തകങ്ങൾ, സമരങ്ങളിലും സമ്മേളനങ്ങളിലുമൊക്കെ പങ്കെടുക്കുന്പോഴുള്ള മുദ്രാവാക്യങ്ങളും പടപ്പാട്ടുകളും, പാർട്ടി യോഗങ്ങളിൽ നടക്കുന്ന ശക്തമായ വിമർശനങ്ങളും ചർച്ചകളും, എതിരാളികളോടുള്ള ശക്തമായ രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും കേട്ടുവളർന്ന ശൈശവം. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനാകുന്നു. അതോടെ വിദ്യാർത്ഥി സമരങ്ങളിൽ നേരിട്ടുള്ള പങ്കാളിത്തം, സമരമുഖങ്ങളിലെ ആവേശം, പോലീസിന്റെ ബലപ്രയോഗങ്ങൾ, പോലീസ് േസ്റ്റഷനിലെ കുത്തിയിരിപ്പുകൾ, ആദ്യമായി ഏറ്റുവാങ്ങിയ പോലീസ് മർദ്ദനം, ജയിൽവാസം,  വിദ്യാർത്ഥി സമ്മേളനങ്ങളിലെ പങ്കാളിത്തം, ആവേശം കൊള്ളിക്കുന്ന സമ്മേളന നടപടികൾ, രക്തസാക്ഷി അനുശോചന പ്രമേയങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ഉദ്ഘാടന പ്രഭാഷണങ്ങൾ, ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായത്. ഇന്ത്യയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന പാർട്ടിയെക്കുറിച്ചുള്ള ആവേശം. ബിരുദ പൂർവ്വ വിദ്യാഭ്യാസ കാലമാകുന്പോഴും വിദ്യാർത്ഥി സംഘടനയുടെ ഏരിയാ നേതാവും തുടർന്ന് ജില്ലാ നേതാവും. അപ്പോഴേക്കും വിദ്യാർത്ഥികൾക്കിടയിൽ മാത്രമല്ല പൊതുവേദികളിലുമൊക്കെ ആവേശത്തോടെ പ്രസംഗിക്കാനുള്ള അവസരം, പാഠപുസ്തകങ്ങളെക്കാൾ വായിച്ചു തീർ‍ക്കുന്നത് പാർട്ടി സാഹിത്യം. ലോകമാകെ സോഷ്യലിസത്തിലേക്ക് മുന്നേറുന്നതായുള്ള തോന്നൽ. ഇന്ത്യയിലാകട്ടെ ജനകീയ ജനാധിപത്യ വിപ്ലവം പടിവാതിൽക്കലെത്തിയതിന്റെ ആവേശം. വലതുപക്ഷ രാഷ്ട്രീയ പാ‍‍ർട്ടികളുടെ കേന്ദ്രമായിരുന്ന പ്രദേശത്ത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങൾ ഉണ്ടാക്കിയ ആവേശം. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന്റെ ഉൽസാഹം. ലോകമാകെ വിപ്ലവങ്ങൾ നടന്ന് ചൂഷണ വിമുക്തമായ ഒരു ലോകമുണ്ടാകുന്പോൾ സ്വന്തം തൊഴിലും കുടുംബവുമൊക്കെ നോക്കി അവനവനിസത്തിലേക്ക് ചുരുങ്ങിപ്പോകുന്നവരോട് എന്തോ കടുത്ത വെറുപ്പായിരുന്നു മനസ്സിൽ. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും പാർട്ടിക്ക് നിലപാടുണ്ട്. പാർട്ടി രേഖകളിൽ അവക്കൊക്കെ വിശദീകരണങ്ങളുണ്ട്. പാർട്ടി ക്ലാസിൽ അദ്ധ്യാപകനായെത്തുന്നവരുടെ ആരെന്തു ചോദിച്ചാലും വായടിപ്പിക്കാനുള്ള മറുപടി കൈയിലുണ്ടെന്ന നാട്യം. കൗമാര യൗവ്വനാരംഭത്തോടെ സഹപ്രവർത്തകരായ വനിതാസഖാക്കൾക്ക് എന്തോ വലിയൊരടുപ്പം. തല്ലുകൊണ്ട് ആശുപത്രികളിൽ കിടക്കുന്പോഴും ജയിലിലാകുന്പോഴുമൊക്കെ അവർ കാണിക്കുന്ന സ്നേഹം പറഞ്ഞറിയിക്കാൻ വയ്യ. തൊട്ടുരുമ്മി ഇരിക്കാനും ഒന്നിച്ചു യാത്ര ചെയ്യാനുമൊക്കെ അവസരം വരുന്പോൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ. അവരും നമ്മിൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിക്കുന്ന പോലെ. പക്ഷേ ഒരു കമ്യൂണിസ്റ്റുകാരന്റെ അച്ചടക്കബോധം, വ്യക്തിയുടേതിനാക്കാളുപരി പാർട്ടി താൽപ്പര്യം സംരക്ഷിക്കേണ്ടതിന്റെ, ഉരുക്കു പോലുറച്ച അച്ചടക്കബോധം. പാർട്ടി പണം കൈകാര്യം ചെയ്യേണ്ടി വരുന്പോഴുള്ള ശുഷ്കാന്തി, മനസ്സിൽ വിഗ്രഹങ്ങളായി ചിരപ്രതിഷ്ഠ നേടിയ  നേതൃരൂപങ്ങളോടുള്ള ഭയഭക്തി. ഇവയൊക്കെ ഉരുക്കിയൊഴിച്ച മൂശയിലാണ് ശൈശവ കൗമാര യൗവനാരംഭ ഘട്ടങ്ങളൊക്കെ ജീവിതത്തിൽ പിന്നിട്ടത്.

യൗവ്വനാരംഭത്തോടെ കുറേക്കൂടി പാർട്ടിയുടെ അകത്തളങ്ങളിലേയ്ക്ക് കാഴ്ച ലഭിക്കുന്നു. അരുതാത്തത് പലതും അറിയുകയും ചെയ്യുന്നു. പാർട്ടിവേദികളിൽ അവയൊക്കെ ഉന്നയിക്കുന്പോൾ പലതിനും തൃപ്തികരമായ മറുപടികൾ ലഭിക്കുന്നുണ്ടെങ്കിലും ഉത്തരമില്ലാത്ത പ്രശ്നങ്ങൾ വർദ്ധിക്കുന്നു. എല്ലാം മുതലാളിത്ത വ്യവസ്ഥയുടെ ഉല്പന്നങ്ങളാണെന്നും ഒരു വ്യവസ്ഥാമാറ്റത്തോടെ, വിപ്ലവത്തോടെ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ഉത്തരങ്ങൾ ലഭിക്കുകയും അതൊക്കെ വിശ്വസിക്കുകയും ചെയ്യുന്നു. വായന വിശാലമാകുന്നതോടെ അറിവിന്റെ ചക്രവാളം വികസിക്കുന്നു. അതിലേറെ വേഗത്തിൽ വികസിക്കുന്നത് അറിവില്ലായ്മയുടെ ചക്രവാളമാണ്. എന്തുകൊണ്ട്് മുതലാളിത്തവികസനം വൻതോതിൽ മുന്നേറിയ യൂറോപ്യൻ രാജ്യങ്ങളിൽ വിപ്ലവം നടന്നില്ല? ഒക്ടോബ‍ർ സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ച് ട്രോട്സ്കി മുന്നോട്ടുവെച്ച ‘നിരന്തര വിപ്ലവം’എന്ന കാഴ്ചപ്പാടിന് പ്രസക്തിയില്ലേ? വിപ്ലവം ഇറക്കുമതി ചെയ്യാവുന്ന ഒന്നല്ലെങ്കിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നടന്നത് ഏതുതരം വിപ്ലവമായിരുന്നു? സോവിയേറ്റ് കമ്യൂണിസ്റ്റ് പാർട്ടി (CPSU) ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി എന്നിവയിൽ നടന്ന ആഭ്യന്തര സമരത്തിന്റെ ആഴവും പരപ്പും. ന്യൂനപക്ഷ അഭിപ്രായങ്ങളെ നിഗ്രഹിക്കുന്നത്, ചൈനയിലെ സാംസ്കാരിക വിപ്ലവം, യൂറോ കമ്യൂണിസത്തിന്റെ പ്രസക്തി, ‘കേന്ദ്രീകൃത ജനാധിപത്യ തത്വം’ എല്ലാ കമ്യൂണിസ്റ്റു പാർട്ടികളും എല്ലാ കാലത്തേക്കും അംഗീകരിക്കേണ്ട സനാതനമായ സംഘടനാ തത്ത്വമാണോ? കമ്യൂണിസ്റ്റു രാജ്യങ്ങൾ തമ്മിൽ യുദ്ധ സാഹചര്യങ്ങൾ രൂപപ്പെടുന്നത് എന്തുകൊണ്ട്? കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളും ജനങ്ങളും തമ്മിൽ ശത്രുതാപരമായ വൈരുദ്ധ്യം ഉടലെടുത്തത് എന്തുകൊണ്ട്? സോവിയേറ്റ് യൂണിയനെക്കുറിച്ച് പാർട്ടി വിശദീകരിക്കുന്നതൊക്കെ ശരിതന്നെയാണോ? കുരങ്ങനിൽ നിന്ന് മനുഷ്യനുണ്ടാവുകയല്ലാതെ, മനുഷ്യൻ കുരങ്ങനിലേക്ക് തിരിച്ചു പോകില്ല എന്ന ഇ.എം.എസിന്റെ വിശദീകരണ പ്രകാരം സോഷ്യലിസം തകർന്ന് മുതലാളിത്തം പുനഃസ്ഥാപിക്കപ്പെടുമായിരുന്നോ? എങ്കിൽ പിന്നെ സോവിയേറ്റ് യൂണിയനിൽ സംഭവിച്ചതെന്താണ്? അവിടെ യഥാർത്ഥത്തിൽ സോഷ്യലിസമല്ലേ ഉണ്ടായിരുന്നത്? ചൈന സഞ്ചരിക്കുന്നത് സോഷ്യലിസ്റ്റ് പാതയിലോ അതോ മുതലാളിത്ത പാതയിലോ? കമ്യൂണിസ്റ്റ് പാർട്ടികൾ അവയുടെ വിപ്ലവ ദൗത്യം കയ്യൊഴിഞ്ഞ് മറ്റൊരു സ്വത്തുടമസ്ഥ പാർട്ടിയായി പരിവർത്തിച്ചു കഴിഞ്ഞതാണോ? തുടങ്ങിയ നിരവധി ഉത്തരമാവശ്യമുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാ‍‍ർട്ടിയോളമോ അതിലധികമോ പഴക്കവും അനുഭവവുമുള്ള വ്യവസ്ഥാപിതമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാ‍‍ർട്ടിക്കകത്ത് സംഭവിച്ചതെന്താണ്? സോവിയേറ്റ് യൂണിയനിലെ താഷ്കണ്ടിൽ 1920 ൽ രൂപീകൃതമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അതിശക്തമായ അടിച്ചമർത്തലിനെയാണ് തുടക്കത്തിൽ നേരിട്ടത്. നിരവധി ഗൂഢാലോചനാ കേസുകളിൽ അകപ്പെടുത്തി ഇന്ത്യൻ കമ്യൂണിസ്റ്റ് പാ‍‍ർട്ടിയെ ബ്രിട്ടീഷ് ഭരണകൂടം വേട്ടയാടി. വാസ്തവം തന്നെ. പക്ഷേ അതുകൊണ്ടാണോ ഇന്ത്യൻ കമ്യുണിസ്റ്റ് പാ‍‍ട്ടിയുടെ വളർച്ച മുരടിച്ചത്? അതിശക്തമായ ശാസ്ത്ര പാരന്പര്യവും ദർശന പാരന്പര്യവും ചാതുർവർണ്യവും ജാതിയും ജന്മിനാടുവാഴിത്ത വ്യവസ്ഥയും ബ്രാഹ്മാണിധിപത്യവും ഗോത്ര പാരന്പര്യവും വ്യത്യസ്ത ഭാഷയും സംസ്കാരങ്ങളും ദേശീയ ജനവിഭാഗങ്ങളുമൊക്കെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സങ്കീർണ്ണതയെ പഠിക്കുന്ന കാര്യത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാർ പരാജയപ്പെടുകയാണോ ഉണ്ടായത്? ഇന്ത്യൻ സാഹചര്യങ്ങളെ അറിഞ്ഞുള്ള ശരിയായ വിപ്ലവപാത കണ്ടെത്തി മുന്നേറുന്നതിൽ നാം യഥാർത്ഥത്തിൽ പരാജയപ്പെടുകയല്ലേ ഉണ്ടായത്. ശരിയായ ഒരു വിപ്ലവപാത കണ്ടെത്താൻ സ്റ്റാലിൻ ഉൾപ്പെടെയുള്ള കമ്യുണിസ്റ്റ് നേതാക്കളുടെ സഹായം തേടിയെങ്കിലും അക്കാര്യത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാർ പരാജയപ്പെടുകയായിരുന്നില്ലേ? 1928ൽ രൂപപ്പെടുത്തിയ ‘പ്രവർത്തനത്തിനുള്ള കരടു പരിപാടി,’ (Draft platform of Action) 1951ലെ നയ പ്രഖ്യാപന രേഖ, സി.പി.ഐയുടെ ദേശീയ ജനാധിപത്യ പരിപാടി, സി.പി.ഐ (എം) ന്റെ 1964 ജനകീയ ജനാധിപത്യ വിപ്ലവ പരിപാടി, 1969ൽ നക്സലൈറ്റുകൾ രൂപപ്പെടുത്തിയ പുത്തൻ ജനാധിപത്യ വിപ്ലവ പരിപാടി, ആർ.എസ്.പി എസ്.യു.സി.ഐ തുടങ്ങിയ പാർട്ടികൾ മുന്നോട്ടുവെച്ച സോഷ്യലിസ്റ്റ് വിപ്ലവപരിപാടി തുടങ്ങി ഇന്ത്യൻ കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റേതായി എത്ര അടിസ്ഥാന രേഖകൾ മുന്നോട്ടു വെയ്ക്കപ്പെട്ടു? ഇവയിൽ കാലം ശരിയെന്ന് തെളിയിച്ച എത്ര രേഖകളുണ്ട്? ഇവയുടെയൊക്കെ അനുബന്ധമായി ഈ പാർട്ടികളോരൊന്നും ചമച്ച രേഖാ സമാഹാരങ്ങളൊക്കെ സൂക്ഷിക്കാൻ എത്ര വലിയ കെട്ടിടങ്ങൾ ആവശ്യമായി വരും? ഇത്തരം രേഖകളുടെ അന്തസത്തയോട് കൂറ് പുലർത്താൻ അത്തരം രേഖകൾ തയ്യാറാക്കിയവരെങ്കിലും തയ്യാറായിട്ടുണ്ടോ? ‘തൊഴിലാളി വർഗ്ഗ കാഴ്ചപ്പാട്’ ‘തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം’, ‘കേന്ദ്രീകൃത ജനാധിപത്യം’ ഉൾപാർട്ടി ജനാധിപത്യം, പാർട്ടിക്കകത്തെ അവസരസമത്വം, സ്ത്രീപുരുഷ സമത്വം, തുടങ്ങി നാഴികക്ക് നാൽപത് വട്ടം ഈ പാർട്ടികൾ ഉരുവിടുന്ന കാര്യങ്ങളിൽ ഒരു ചെറിയ ശതമാനെമെങ്കിലും ആത്മാർത്ഥത കാണിക്കാൻ ഈ പാർട്ടികൾക്ക് സാധിച്ചിട്ടുണ്ടോ? മറ്റു സ്വത്തുടമസ്ഥ വർഗ്ഗങ്ങളുടെ പാർട്ടികളുമായി തട്ടിച്ചുനോക്കുന്പോൾ ‘തമ്മിൽ ഭേദം തൊമ്മൻ’ എന്ന നിലയിലുള്ള ഒരംഗീകാരം കമ്യൂണിസ്റ്റു പാർട്ടികൾക്ക് ലഭിച്ചിരുന്നു. അടുത്തകാലത്തായി അതും നഷ്ടപ്പെടുകയല്ലേ? അധികാരത്തിനും പദവികൾക്കും വേണ്ടിയുള്ള വടംവലികൾ സ്വത്തുടമസ്ഥ പാർട്ടികളെ വെല്ലുന്ന നിലയിലല്ലേ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്കകത്ത് നടക്കുന്നത്?

ഇത്തരം ഒരു പശ്ചാത്തലത്തിൽ നിന്നു വേണം സി.പി.ഐ (എം) ന്റെ കൊൽക്കത്ത പ്ലീനത്തേയും അതിന്റെ തീരുമാനങ്ങളായി പുറത്തുവന്ന കാര്യങ്ങളേയും വിലയിരുത്താൻ. യഥാർത്ഥത്തിലിന്ന് കമ്യൂണിസ്റ്റു പാർട്ടികളുടെ, ‘യഥാർത്ഥ തീരുമാനങ്ങൾ’ എടുക്കുന്നത് വ്യവസ്ഥാപിതമായ പാർട്ടി കമ്മിറ്റികൾക്കകത്തല്ല. അതിനു പുറത്തുള്ള ചില കോക്കസ് കേന്ദ്രങ്ങളിലാണ്. പാർട്ടി കമ്മിറ്റികളിലും സമ്മേളനങ്ങളിലും മറ്റും എടുക്കുന്ന തീരുമാനങ്ങൾ കേവലം ആചാരപരമാണ്. പുറംമേനിയിൽ പ്രദർശനത്തിനു വേണ്ടി എടുത്തണിയുന്ന ആഭരണങ്ങൾ മാത്രമായി അവ മാറി തീരുന്നു. അവയൊന്നും പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തിൽ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ല. ഒരു വിപ്ലവ ബഹുജന പാർട്ടിയായി സി.പി.ഐ(എം)നെ പുനരുദ്ധരിക്കാൻ തീരുമാനിച്ചതായി ‘ദേശാഭിമാനി’ ദിനപത്രം ലീഡ് വാർത്ത നൽകിയിട്ടുണ്ട്. അതെങ്ങിനെയാണ് പ്രാവർത്തികമാക്കുക. തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ തൊഴിലാളി കർഷക സമരൈക്യത്തിന്റെ അച്ചുതണ്ടിൽ ജനങ്ങളെയാകെ അണിനിരത്തലാണല്ലോ ജനകീയ ജനാധിപത്യ പരിപാടി. കേരളീയസമൂഹം ഇന്ന് തൊഴിലാളികളുടെയോ കർഷകരുടെയോ ഒരു സമൂഹമാണോ? തൊഴിലുടമകളുടെയോ കർഷകരുടെയോ വർഗ്ഗ സ്വഭാവങ്ങളൊന്നുമില്ലാത്ത വലിയ തോതിൽ ‘ലുംബനൈസ്ഡ്’ ചെയ്യപ്പെട്ട ഒരു സമൂഹം എങ്ങിനെയാണ് തൊഴിലാളി കർഷക അച്ചുതണ്ട് വികസിപ്പിക്കുക? ഏതാണ്ട് രണ്ട് വർഷം മുന്പ് പാലക്കാട്ട് നടന്ന പ്ലീനം കേരളത്തിലെ പാർട്ടി അംഗങ്ങളുടെ നഷ്ടപ്പെട്ട നിലവാരം വീണ്ടെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു. പാർട്ടി അംഗങ്ങൾക്കിടയിൽ മദ്യപാന ശീലം, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഭിരമിക്കൽ, മാർക്സിസത്തിന്റെ ഭൗതികവാദപരമായ പ്രപഞ്ച വീക്ഷണത്തിൽ നിന്നുള്ള വൻതോതിൽ പിന്നോട്ട് പോക്ക്, റിയൽ എേസ്റ്ററ്റ് ബിസിനസ്സുകൾ പോലുള്ളവയിൽ പാർട്ടി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തം, പാർട്ടിയിൽ സ്വതന്ത്രമായ ചർച്ചകൾ അസാധ്യമാകുന്നത്, പാർട്ടി നേതാക്കളുടെയും അംഗങ്ങളുടെയും ഉദ്യോഗസ്ഥപരമായ പെരുമാറ്റം, ജനങ്ങളോട് അഹങ്കാരത്തോടെ ഇടപെടുന്നത്, പണക്കാരോടും മുതലാളിമാരോടുമുള്ള വിധേയത്വം, മാഫിയകളും ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം, അഴിമതി, വരവിൽ കവിഞ്ഞ സ്വത്ത് സന്പാദനം, ആർഭാട പൂർണ്ണമായ ജീവിതം തുടങ്ങി നിരവധിയായ പാർട്ടിസഖാക്കൾക്ക് ഉണ്ടാവാൻ പാടില്ലാത്ത ദോഷങ്ങൾ പാലക്കാട് പ്ലീനം ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് വർഷത്തിനു ശേഷം കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ പ്ലീനത്തിലേക്ക് പ്രവേശിക്കുന്പോൾ പാലക്കാട് പ്ലീനം രേഖാപരമായി അക്കമിട്ട് നിരത്തിയ ദോഷങ്ങൾ പരിഹരിക്കുന്നതിൽ ഉണ്ടായ പുരോഗതി വിലയിരുത്താൻ സി.പി.ഐ(എം)ന് ധാർമ്മികമായ ബാധ്യതയില്ലേ? പാലക്കാട് പ്ലീനം സമാപിക്കുന്പോഴാണ് ചാക്ക് രാധാകൃഷ്ണൻ എന്ന വിവാദ വ്യവസായി പ്ലീനത്തിന് അഭിവാദ്യം നേർന്നു കൊണ്ടുള്ള പരസ്യം ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുന്നയിച്ച ചോദ്യങ്ങളോട് പാർട്ടി നേതാക്കളിൽ ചിലർ അങ്ങേയറ്റം ധിക്കാരത്തോടെ മറുപടി പറഞ്ഞതും ചർച്ചയായിരുന്നു. ഇതേ ചാക്ക് രാധാകൃഷ്ണൻ ദേശാഭിമാനിയുടെ കണ്ണായ ഭൂമി വിലക്കുവാങ്ങിയതുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നത് പ്ലീനത്തിന് ശേഷമാണല്ലോ. പാർട്ടി അംഗങ്ങളുടെ മദ്യപാനം, അഴിമതി, അന്ധവിശ്വാസം, അനാചാരം, ജാതിബോധം, തുടങ്ങി ചൂണ്ടിക്കാണിക്കപ്പെട്ടവയൊക്കെ ഒന്നുകൂടി രൂക്ഷമായതല്ലാതെ ഒരു ശതമാനമെങ്കിലും കുറഞ്ഞു എന്നവകാശപ്പെടാൻ പാർട്ടി നേതൃത്വത്തിന് പോലും കഴിയില്ല. പാർട്ടി അംഗങ്ങൾ ശബരിമല ദർശനത്തിന് പോകുന്നതിനെതിരെ നിരാഹാരം അനുഷ്ഠിക്കും എന്ന് എ.കെ.ജി പണ്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് എത്ര ശതമാനം പാർട്ടി അംഗങ്ങൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്? അത് മാത്രമല്ല പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകൾ അയ്യപ്പ സേവാ സംഘങ്ങൾ രൂപീകരിക്കുന്നതാണ് പുതിയ കാലഘട്ടം. പാർട്ടിക്കെതിരായ വിമർശനങ്ങളെ അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെ നേരിടുന്ന പാർട്ടി രീതിയുടെ ആഴം മനസ്സിലാക്കണമെങ്കിൽ സോഷ്യൽ മീഡിയയിലെ പാർട്ടിയുടെ ഇടപെടൽ മാ്രതം നിരീക്ഷിച്ചാൽ മതിയാകും. അതായത് അന്നത്തേക്കാൾ തെറ്റുകൾ മുന്നേറിയതല്ലാതെ തെറ്റു തിരുത്തൽ രേഖകൾ ഒരു ശതമാനം പോലും മുന്നോട്ടു പോയില്ല എന്ന് ചുരുക്കം. കേരള രാഷ്ട്രീയം അങ്ങേയറ്റം ആപൽക്കരമായ ജാതിമത വർഗ്ഗീയ രാഷ്ട്രീയത്തിന് അതിവേഗത്തിൽ അടിപ്പെട്ടു കൊണ്ടിരിക്കുന്പോഴും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതുവഴിയുള്ള അധികാരം എന്നിവയെക്കുറിച്ചല്ലാതെ ചർച്ചകൾ പാർട്ടിയിൽ സംഭവിക്കുന്നുമില്ല. അതായത് വിപ്ലവവും തൊഴിലാളി വർഗ്ഗസമീപനവുമൊക്കെ കേവലം ആചാരപരമായവയും പൂമുഖത്ത് കാഴ്ചപ്പണ്ടമായി പ്രദർശിപ്പിക്കാനുമുള്ളതുമായി തീരുന്പോൾ അകക്കാന്പിൽ പുളിച്ചു ജീർണ്ണിച്ച അധികാരാസക്തിയുടെ ദുർഗന്ധം മാത്രമായി തീരുന്ന ദുരന്തകാഴ്ചയാണ് നാം കാണേണ്ടിവരുന്നത്. ഈ അവസ്ഥയെ മറികടന്ന് ഒരു യഥാർത്ഥ തൊഴിലാളി വർഗ്ഗ പാർട്ടിയായി സി.പി.ഐ (എം) നെ വീണ്ടെടുക്കാൻ കൊൽക്കത്ത പ്ലീനം കൊണ്ട് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

You might also like

Most Viewed