പോയവർഷം കേരളം


ധനേഷ് പത്മ

നൂറ്റാണ്ടുകൾ പിന്നിട്ട കേരളചരിത്രം വ്യക്തമായി അറിയാത്ത മലയാളികൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. സ്നേഹത്തിന്റേയും സഹനത്തിന്റേയും നാളുകളിൽ നിന്ന് കാലം പഴകുംതോറും രാഷ്ട്രീയ കേരളം കൊള്ളയുടേയും കൊള്ളിവെപ്പിന്റേയും കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. പിന്നിട്ട കലണ്ടർ താളുകൾ മറിക്കുന്പോൾ അക്രമരാഷ്ട്രീയവും ചതിയും കൊലപാതങ്ങളും ആത്മഹത്യകളും ഹർത്താലുകളും കൊണ്ട് നിറഞ്ഞു കവിഞ്ഞു 2015ഉം. ഒരു വർഷം പിന്നിടുന്പോൾ പിന്നിട്ട വഴികളിലേക്ക് നമുക്കൊന്ന് എത്തിനോക്കാം.

ആദ്യം കാണുന്നത് കേരളാ കോൺഗ്രസ് നേതാവും രാഷ്ട്രീയാചാര്യന്മാരിൽ പ്രധാനിയുമായ കെ.എം മാണി  ധനമന്ത്രി സ്ഥാനം രാജിവെച്ച് പാലായിലേക്ക് പോയതാണ്. മാണിയുടെ വീഴ്ച അത്ര ഞെട്ടലോടെയല്ല കേരളം നോക്കികണ്ടെതെങ്കിലും വീഴ്ചയുടെ വ്യാപ്തി അളന്നാൽ അത്ര ചെറുതാവില്ല. മാറിയും തിരിഞ്ഞും രാഷ്ട്രീയം കളിച്ച് ഒടുവിൽ ബാർകോഴ വിവാദത്തിൽ പെട്ട് മാണി രാജിവെച്ചു. പാലക്കാർക്ക് മാണി മാണിക്യമാണെങ്കിലും മലയാളക്കരയിൽ ആ തിളക്കം ചെറുതായൊന്ന് മങ്ങി. ഫണം വിടർത്തി ആഞ്ഞടിച്ചത് തദ്ദേശ തിരഞ്‍ഞെടുപ്പിലെ കോൺഗ്രസ്സിന്റെ പരാജയമായിരുന്നു. കസേരയിൽ അള്ളിപ്പിടിച്ചിരുന്ന മാണിയെ തദ്ദേശതിരഞ്‍ഞെടുപ്പ് തള്ളിതാഴെയിട്ടു. കോൺഗ്രസ് അറിഞ്ഞു കളിച്ചതായിരിക്കാം. ഇല്ലെങ്കിൽ ഒരു പക്ഷെ മാണിയേയും ചുമന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനിറങ്ങിയാൽ വട്ടം ചാടി കുതിര രാജാവിന്റെ മുന്പിൽ നിൽക്കും. ‘ഇടത്തോട്ട്’ ചിലപ്പോ നീങ്ങാൻ സാധ്യതയുണ്ടെങ്കിലും ‘വലതുവശം’ തളരും. ഈ അവസരം കാത്ത് മൊട്ടിട്ടിരിക്കുകയാണ് കേരളത്തിൽ താമര.

2015ൽ തദ്ദേശതിരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിൽ ഉണ്ടാക്കിയ അലയൊലി ചെറുതൊന്നുമല്ല. കോൺഗ്രസ്സിന്റെ കൊള്ളരുതായ്മത്തരം കൊണ്ട് തിരഞ്ഞെടുപ്പ് ഫലം ഇടത് ഭാഗത്തേക്ക് ചാഞ്ഞതായി കേരളം കണ്ടു. ബി.ജെ.പിയുണ്ടാക്കിയ മുന്നേറ്റം കൗതുകം ജനിപ്പിക്കുന്നതാണ്. എസ്.എൻ.ഡി.പിയുമായി  കൂട്ടുകൂടിയായിരുന്നു ബി.ജെ.പി തദ്ദേശതിരഞ്‍ഞെടുപ്പിനിറങ്ങിയത്.

തൊഴിലാളിയോട് അവഗണന കാണിക്കുന്ന മുതലാളിത്വത്തിനെതിരെ മൂന്നാർ പെൺകരുത്ത് സംഘടിപ്പിച്ച സമരമാണ് 2015ലെ മറ്റൊരു പ്രധാന സംഭവം. പെന്പിളൈ ഒരുമൈ തങ്ങളുടെ കൂലിവർദ്ധനവ് ആവശ്യപ്പെട്ട് നടത്തിയ സമരം ദിവസങ്ങൾ പിന്നിട്ടപ്പോൾ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ് അച്യുതാന്ദൻ അടക്കമുള്ള പ്രമുഖർ സമരത്തെ പിന്തുണച്ച് സമരക്കാർക്കൊപ്പം മുൻനിരയിൽ അണിനിരന്നു. സമരം വിജയമായിരുന്നു. പക്ഷെ പുതുക്കിയ കൂലിവർദ്ധനവിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഓപ്പറേഷൻ വിജയിച്ചു, പക്ഷെ രോഗി മരിച്ചു എന്ന് പറയുന്നത് പോലെയായി ഈ സമരം. 

35ാമത് ദേശീയ ഗെയിംസിന് കേരളം വേദിയായതും അതിനോടനുബന്ധിച്ച് കായിക മന്ത്രി തുരുവഞ്ചൂർ രാധാകൃഷ്ണനും ചലചിത്രതാരം മോഹൻലാലും ലാലിസത്തിന്റെ പേരിലും വിവാദത്തിൽ പെട്ടത് മറ്റൊരു പ്രധാന സംഭവമായിരുന്നു.

സി.പി.ഐ, സി.പി.എം സംസ്ഥാനതല അദ്ധ്യക്ഷന്മാരുടെ മാറ്റവും 2015ൽ കേരളം കണ്ടു. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ ചുമതലയേറ്റപ്പോൾ സി.പി.എം പിണറായിയെ മാറ്റി കൊടിയേരി ബാലകൃഷ്ണനെ തൽസ്ഥാനത്ത് അവരോധിച്ചു.

2015ൽ രാഷ്ട്രീയ കേരളം വേദനയോടെ നോക്കികണ്ട സംഭവമായിരുന്നു സ്പീക്കർ ജി. കാർത്തികേയന്റെ വിയോഗം. അർബുദ രോഗബാധയെ തുടർന്ന് മാർച്ച് ഏഴിന് ബാംഗ്ലൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാർത്തികേയൻ ഒഴിച്ചിട്ട സ്പീക്കർ സ്ഥനത്തേയ്ക്ക് എൻ. ശക്തൻ നിയമിതനായി.

മാണിയുടെ കോഴ വിവാദവുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ അരങ്ങേറിയ സംഭവം ലോക മാധ്യമങ്ങൾ വരെ ചർച്ചയാക്കിയ വിഷയമായിരുന്നു. ബജറ്റ് അവതരണത്തിന് മാണിക്ക് വിലങ്ങായി നിന്ന പ്രതിപക്ഷം നിയമസഭയിൽ അക്രമത്തിന് അരങ്ങൊരുക്കി. അക്രമത്തെ തുടർന്ന് അഞ്ച് പ്രതിപക്ഷ എം.എൽ.എമാർക്ക് സസ്പെൻഷനും വിധിച്ചു. സ്പീക്കറുടെ ഡയസിൽ കയറി അദ്ദേഹത്തിന്റെ ചെയർ തള്ളിത്താഴെയിട്ടതും ശിവൻ കുട്ടി എം.എൽ.എയുടെ ‘താണ്ധവ’വും ഇ.എസ് ബി‍‍‍‍‍‍‍‍ജിമോൾക്ക് നേരെയുണ്ടായ ഷിബി ബേബി ജോണിന്റെ ‘ഇക്കിളി’ സംഭവവും ജമീല പ്രകാശത്തിന് നേരെ ശിവദാസൻ നായരുടെ കടി വിവാദവും കേരള ജനത ടെലിവിഷനിലൂടെ ആസ്വദിച്ച് ചിരിച്ചു. ആസ്വാദനത്തിന് രസം പകരാൻ നിയമസഭാ വിഷയം മലയാളിക്ക് ഒരു ഹർത്താലും സമ്മാനിച്ചു. ആഘോഷങ്ങൾ ഗംഭീരമായി!

എത്രയൊക്കെ കോളിളക്കം സൃഷ്ടിച്ചിട്ടും മാണിയെന്ന ശക്തനായ മന്ത്രി പെട്ടിയുംകൊണ്ട് നിയമസഭയിലെത്തുകയും ബജറ്റ് അവതരിപ്പിക്കുകയും ചെയ്തത് കൗതുകകരമായിരുന്നു. 

2015 ബജറ്റിലേക്ക്... കൊച്ചി മെ‍‍‍‍‍‍‍‍ട്രോയ്ക്ക് 940 കോടി അനുവദിച്ചെന്നറിയിച്ചാണ് മാണി ബജറ്റ് ആരംഭിച്ചത്. വരാനിരിക്കുന്ന പുതുവർഷത്തിൽ മലയാളി ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കാണുന്നതും കൊച്ചിയിലെ മെട്രോയുടെ കുതിപ്പ് തന്നെയാകും. പരീക്ഷണ ഓട്ടത്തിന് തയ്യാറെയുക്കുന്ന മെട്രോ 2016 ജൂൺമാസത്തോടെ ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിക്കു കൂടി തിരി തെളിഞ്ഞ വർഷം കൂടിയാണ് 2015. വിഴിഞ്ഞം പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. ക്ഷേമപെൻഷനുകൾക്ക് 2710 കോടി അനുവദിച്ചും കെ.എസ്.ആർ.ടി.സിക്ക് 210 കോടി അനുവദിച്ചും നെല്ല് സംഭരണത്തിന് 300 കോടി അനുവദിച്ചും മാണി 13ാമത്തെ ബജറ്റ് ഗംഭീരമായി അവതരിപ്പിച്ചു.

2015 രാഷ്ട്രീയ കേരളത്തിൽ മുഴച്ചു നിന്ന കൊലപാതകങ്ങളിൽ പ്രധാനമായിരുന്നു ചന്ദ്രബോസ് വധം. നിഷാം എന്ന വ്യവസായി ദാരുണമായി ഒരു സെക്യൂരി ജീവനക്കാരനെ കൊന്നു തള്ളുകയായിരുന്നു. ലഹരിയിലായിരുന്ന നിഷാം ഗേറ്റ് തുറക്കാൻ താമസിച്ച സെക്യൂറ്റി ഓഫീസർ ചന്ദ്രബോസിനെ കാർ കയറ്റിയും ഇരുന്പുവടിക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെ കേസിൽ സാക്ഷി കൂറുമാറുകയും പിന്നീട് മാറ്റിപറയുകയും ചെയ്തിരുന്നു. ചന്ദ്രബോസിനെ കൊല്ലുന്നത് കണ്ടെന്ന് പറഞ്ഞ സാക്ഷി നിഷാമിന്റെ സഹോദരന്റെ ഭീഷണിയെ തുടർന്ന് കണ്ടില്ലെന്ന് പറയുക
യും പിന്നീട് സത്യം വെളിപ്പെടുത്തുകയും ചെയ്തു. ആരൊക്കെയോ അക്രമികളെ സംരക്ഷിക്കുന്നുണ്ടെന്ന് ചിലരൊക്കെ ഇതു കാരണം പറയാതെ പറയുന്നു.

രാഷ്ട്രീയ കൊലപാതകങ്ങൾ വളരെ കുറഞ്ഞ വർഷമായിരുന്നു 2015 എന്ന് പറയാം. എന്നാൽ ദുരന്തങ്ങൾ ഏറെയുണ്ട് താനും. കോതമംഗലത്ത് സ്കൂൾ വാനിന് മുകളിൽ മരം വീണ് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചതു മുതൽ മലയാളിക്ക് മനുഷ്യത്വം മനസ്സിലാക്കികൊടുത്ത് മരണമടഞ്ഞ നൗഷാദും, ആദിവാസി യുവാവായ ബാബുവും വരെ നീളുന്നു ആ പട്ടിക. മലപ്പുറത്ത് ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം, എടപ്പാളിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് കായിക താരങ്ങൾ മരിച്ചത്, എറണാകുളത്ത് കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മുഴുവൻ പേരും മരിച്ചത് അങ്ങനെ നിരവധി ദുരന്തങ്ങൾക്ക് കേരളം 2015ൽ സാക്ഷ്യം വഹിച്ചു. അഞ്ച് കുരുന്നു ജീവനുകൾ സ്കൂൾബസ്സിന് മുകളിൽ വീണ് പൊലിഞ്ഞപ്പോൽ കേരളം ഒന്നടങ്കം തേങ്ങി. 

വെള്ളാപ്പള്ളി നടേശൻ എന്ന എസ്.എൻ.ഡി.പി യോഗം സെക്രട്ടറി രാഷ്ട്രീയ നേതാവായ വർഷം കൂടിയാണ് 2015. സ്വന്തമായി ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്) എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അദ്ദേഹം രൂപം നൽകി. ഇതേ തുടർന്ന് വെറുതെ ഇരിക്കുന്ന വി.എസ്സിനെ ചൊറിഞ്ഞ് വെള്ളാപ്പള്ളി പിടിച്ചത് പുലിവാലായിരുന്നു. മൈക്രോഫിനാൻസ് കേസും, ശാശ്വതീകാനന്ദ കൊലപാതകക്കേസും അദ്ദേഹത്തിന് തലവേദനയായി. വെള്ളാപ്പള്ളി സംഘടിപ്പിച്ച സമത്വമുന്നേറ്റ യാത്രയിൽ അന്തരിച്ച മനുഷ്യ സ്നേഹി നൗഷാദിനെ മതപരമായി വിമർശിച്ചതോടെ രാഷ്ട്രീയ കേരളം വെള്ളാപ്പള്ളിയെ മതനേതാവായി മുദ്രകുത്തി. സംഭവം കേസായെങ്കിലും വെള്ളപ്പള്ളി തലയൂരിപ്പോന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് അഴിച്ചുപണിയുണ്ടായതും കുമ്മനം രാജശേഖരൻ പുതിയ പ്രസിഡണ്ടായതും ഈ വർഷത്തെ മാറ്റങ്ങളിൽ ചിലതാണ്.

തെരുവുനായ ശല്യം കോടതികയറി ഇറങ്ങിയ വർഷമായിരുന്നു 2015. നായ്ക്കൾ സമൂഹത്തിന് ദോഷമാണെങ്കിൽ കൊന്നു തള്ളണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ രഞ്ജിനി ഹരിദാസിനെപ്പോലുള്ള മൃഗ സ്നേഹികൾ അതിനെതിരെ രംഗത്തെത്തി.

വർഷാവസാനത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജ്യത്തിന്റെ പ്രാധാനമന്ത്രി നരേന്ദ്ര മോഡി കേരളം സന്ദർശിക്കാനെത്തിയത്. എസ്.എൻ.ഡി.പി ഒരുക്കിയ പരിപാടിയിൽ ആദ്യം മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് അദ്ദേഹത്തോട് വിട്ട് നിൽക്കാൻ പറഞ്ഞതും വിവാദങ്ങളിലേക്ക് നയിച്ചു. ആർ ശങ്കർ പ്രതിമ അനാച്ഛാദനത്തിനെത്തിയ പ്രധാനമന്ത്രി റബ്ബർ കർഷകരെ  ആശ്വസിപ്പിച്ച് തിരിച്ച് പോയി. ഹിന്ദിയറിയാതെ കെ. സുരേന്ദ്രൻ തർജ്ജമയ്ക്കൊരുങ്ങി നാണംകെട്ടതിനും ആ അരങ്ങ് സാക്ഷിയായി.

സരിതയും സോളാറും സംസ്ഥാനത്തിനുണ്ടാക്കിയ ചീത്തപ്പേര് 2015ലും അവസാനിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സരിതയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നെന്നും തെളിവായി സി.ഡി തന്റെ കയ്യിലുണ്ടെന്നും ബിജു രാധാകൃഷ്ണൻ ആരോപിച്ചു. ഇത് കേട്ട് തെളിവ് തേടി ബിജുവിനൊപ്പം പോലീസ് പട പുറപ്പെട്ടത് വാർത്തകളിൽ ചിരി പടർത്തി. സരിതയോട് തന്റെ കുഞ്ഞിന്റെ അച്ഛനാരാണെന്ന് വെളിപ്പെടുത്താൻ സോളാർ കമ്മീഷൻ പറഞ്ഞതും വിവാദമായി.  സംഗതി വ്യക്തിപരമായ കാര്യമാണെങ്കിലും വിവാദങ്ങൾ മന്ത്രിമാരോട് ചേർന്നാകുന്പോൾ കമ്മീഷനെ കുറ്റം പറയാൻ പറ്റില്ല. 

അതുപോലെ തന്നെ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് കത്തയച്ചെന്ന ആരോപണവും വാർത്തകളിൽ നിറഞ്ഞു. പക്ഷെ കത്ത് ഊമക്കത്താണെന്നാണ് ചെന്നിത്തല പറയുന്നത്. ആരേലും അയക്കാതെ കത്തെങ്ങനെ വന്നു എന്ന് കേരളം ഇപ്പോഴും അങ്കലാപ്പോടെ ആലോചിച്ചിരിക്കുന്നു.

ഇങ്ങിനെ പരസ്പരം കുറ്റം പറഞ്ഞും, പഴിചാരിയും രാഷ്ട്രീയ കേരളത്തിന്റെ 2015 എന്ന താൾ മറിയുകയാണ്. കലണ്ടറിൽ രേഖപ്പെടുത്തിയ അക്കങ്ങളിൽ വിവാദങ്ങളുടെ പാടുകൾ ചിലപ്പോൾ കോറിയിട്ടെന്ന് വരില്ല, എന്നാൽ നേട്ടങ്ങളും നഷ്ടങ്ങളും വരച്ചിടും. സംഗീത ലോകത്ത് നിന്ന് വിടപറഞ്ഞ യൂസഫലി കേച്ചേരിയും രാധികാ തിലകും ആ നഷ്ടങ്ങളുടെഓർമ്മ പുസ്തകത്തിൽ 2015ന്റെ തീരാ നഷ്ടമായിരിക്കും. കെ.ആർ മീരയെ തേടി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എത്തിയതും സുഭാഷ് ചന്ദ്രന് വയലാർ അവാർഡ് ലഭിച്ചതും കേരളത്തിന് 2015 സമ്മാനിച്ച നേട്ടങ്ങളിൽ‍ പ്രധാനപ്പെട്ടവയായി. ഹൃദയമാറ്റ ശാസ്ത്രക്രിയയ്ക്ക് വേണ്ടി കേരളമാകെ പ്രാർത്ഥിക്കുന്നതും 2015ന്റെ നന്മ നിറഞ്ഞ കാഴ്ചയായി മാറി. 

മദ്യനയത്തിന് തീരുമാനമയതോടെ നിലവാരമില്ലാത്ത ബാറുകൾക്ക് പൂട്ടുവീണുകഴിഞ്ഞു. പുതുവർഷ ആഘോഷങ്ങളെ ഇത് എത്രമാത്രം നിറം കെടുത്തും എന്ന് വിലയിരുത്താനാവില്ല. മദ്യം മലയാളിയുടെ ആഘോഷങ്ങൾക്ക് ലഹരി പടർത്തുന്നതാണെന്ന് ബിവറേജസ് ഒൗട്ടലറ്റുകൾക്ക് മുന്നിലെ ക്യൂ നമുക്ക് മനസ്സിലാക്കി തരുന്നു. ആ മദ്യാസക്തി വർദ്ധിക്കാതിരിക്കാൻ സർക്കാർ കൈക്കൊണ്ട മദ്യനയത്തിലെ വിജയത്തോടെ കേരളം 2015 അവസാനിപ്പിക്കുന്നു.

മണിക്കൂറുകൾക്ക് ശേഷം കലണ്ടർ മാറ്റി 2016ലെ അക്കങ്ങളിലേക്ക് കേരളം കണ്ണോടിച്ച് തുടങ്ങും. 2016 കേരളത്തെ ഉറ്റുനോക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പാണ്. ഭരണം പിടിച്ചെടുക്കാൻ ഇടതുപക്ഷവും നഷ്ടപ്പെടാതിരിക്കാൻ വലതു പക്ഷവും വടംവലി തുടങ്ങിക്കഴിഞ്ഞു. പുതുവർഷം സമ്മാനിക്കുന്നത് പ്രതീക്ഷകളാണെന്നാണ് പറയപ്പെടുന്നത്... അത്തരത്തിൽ ശുഭ പ്രതീക്ഷകളുമായി കേരളം 2016ലേക്ക്...

You might also like

Most Viewed