തത്ത്വമസി


പ്രസാദ്‌ പ്രഭാവതി 
 
അമ്പും വില്ലും എടുത്തു കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഇത്രയും കാലം സ്വന്തമെന്നു   കരുതിയിരുന്നവര്‍ മുഴുവന്‍ ഒരു നിമിഷം കൊണ്ട്  അന്യരായത് പോലെ, അല്ല സ്വയം ആത്മാവ് നഷ്ടപ്പെട്ടത് പോലെ. അമ്മ മഹാറാണിയുടെ അപൂര്‍വരോഗവും, അന്തപ്പുരത്തിലെ കാറ്റില്‍ പാറി നടന്ന പിറുപിറുപ്പുകളും, വൈദ്യരുടെ ചികിത്സാ നാട്യങ്ങളും എല്ലാം കണ്ടപ്പോള്‍ തന്നെ എന്തൊക്കെയോ ഉള്ളുകളികള്‍ മണത്തിരുന്നു. അവസാനം മരുന്നായി പുലിപ്പാല്‍ തന്നെ വേണം എന്നറിഞ്ഞപ്പോള്‍ കാര്യം വ്യക്തവുമായി. തന്നെ ഒഴിവാക്കാനൊരു മാര്‍ഗം, അത് മാത്രമായിരുന്നു രോഗവും ചികിത്സയും എല്ലാം. ദത്തെടുക്കപ്പെട്ട വനവാസി  ബാലന്‍ തങ്ങളുടെ അനന്തരാവകാശി ആകരുതെന്ന ആഗ്രഹം ഇത്രയും കാലം അമ്മയെന്ന് വിളിച്ച രാജ്ഞിക്ക് തന്നെയോ, അതോ കാതില്‍ കഥകള്‍ പാടുന്ന മറ്റാര്‍ക്കെങ്കിലുമായിരുന്നോ ?? 
 
കാട് ലക്ഷ്യമാക്കി നടക്കുമ്പോള്‍ കണ്ണുകളില്‍ ഇരുട്ടായിരുന്നു. മനസ്സിലെ മുറിവുകള്‍ കിനിഞ്ഞു ചാടിയ രക്തം കണ്ണുകളെ മറച്ചിരുന്നു. കാട്ടിലൂടെ ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍ ആണ്, അപ്രതീക്ഷിതമായി അവളുടെ ആക്രമണം ഉണ്ടായത്. ഒരു കഥയില്ലാത്ത പെണ്ണ്.  രക്ഷിതാവെന്നു പറയാനോ, നേര്‍വഴി കാണിക്കാനോ ആരുമില്ലാതെ കാട്ടില്‍ അലഞ്ഞു നടന്നവള്‍. കാടിന്‍റെ ഇരുളില്‍ വളര്‍ന്നവളുടെ കാടന്‍ സ്വഭാവം കൊണ്ടാകാം, സഞ്ചാരികള്‍ അവളെ മഹിഷി എന്ന് വിളിച്ചതും. ആദ്യം ആയുധം കൊണ്ട് ജയിച്ചു, പിന്നെ ആശയം കൊണ്ട് വെളിച്ചമേകി. ഗുരു കാരണവന്മാര്‍ അറിവ് നല്‍കിയത്, പകര്‍ന്നു നല്‍കാന്‍ വേണ്ടി തന്നെയാണല്ലോ. തെറ്റുകള്‍ ചെയ്യുന്നതിനേക്കാള്‍, അവയെ തിരിച്ചറിയാനുള്ള മനസ്സ്; അതായിരുന്നു അവളില്‍ കണ്ട നന്മയും. അവളുടെ ചോദ്യം തന്നെ കുറിച്ചായി. എങ്ങിനെ എന്തിന് ഈ കാട്ടില്‍ അലയുന്നു ? കാര്യം പറഞ്ഞപ്പോള്‍, അവള്‍ അടുത്ത പ്രദേശത്ത് വസിക്കുന്ന മുനിമാരെ പറ്റിയും പറഞ്ഞു തന്നു. അവരുടെ ആശ്രമങ്ങളില്‍ പുലികളെയും വളര്‍ത്തിയിരുന്നു. ആവശ്യം പറഞ്ഞപ്പോള്‍ അവരും കനിവ് കാണിച്ചു . അവരുടെ സഹായത്താല്‍ പുലികളെ കൊട്ടാരത്തിലും എത്തിച്ചു. 
 
മരുന്നെന്ന കടമ്പ കഴിഞ്ഞെങ്കിലും അവിടെ നില്‍ക്കാന്‍ പിന്നെ മനസ്സ് വന്നില്ല. ബന്ധങ്ങളിലും, രാജ്യസുഖങ്ങളിലും ഉള്ള മമത എപ്പോഴേ അവസാനിച്ചിരുന്നു.  നാളെയവര്‍ ആട്ടിയിറക്കും മുന്‍പേ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്ന് മനസ്സും പറഞ്ഞു. ഇത്രയും കാലം ജീവിച്ച കൊട്ടാരം, ബന്ധങ്ങള്‍, തന്‍റെ എന്ന് കരുതിയ ജനങ്ങള്‍ എല്ലാവരെയും വിട്ടകലാന്‍ വെമ്പുകയായിരുന്നു മനസ്സ്. പിന്‍വിളികള്‍ പലതും വന്നെങ്കിലും, കേള്‍ക്കാന്‍ കാതുകള്‍ക്ക് ശേഷി ഇല്ലാതായിരുന്നു, മനസ്സിനും. എല്ലാം ഉപേക്ഷിച്ചു പോകുന്നവന് അകമ്പടിയായി ഒരാള്‍ കൂടി വന്നു, പ്രിയതോഴന്‍ വാവര്‍. എല്ലാ ബന്ധനങ്ങളും വിട്ടൊഴിഞ്ഞാലും, സൗഹൃദം എന്ന ചങ്ങല പൊട്ടില്ലെന്നു പറയുന്നതെത്ര സത്യം!! തിരികെ കാട് കയറുമ്പോള്‍, തന്നെ പ്രതീക്ഷിച്ചെന്ന പോലെ അവള്‍, മഹിഷി വഴിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെ , തന്നെ സ്വീകരിക്കാനവള്‍ പറയുമ്പോഴും; മനസ്സ് മറ്റെവിടെയോ അലയുകയായിരുന്നു. കയ്യിലൊരു ശരമെടുത്ത് മണ്ണില്‍ തറച്ചു കൊണ്ട് ചോദിച്ചു , എന്നെങ്കിലും ഒരു മടങ്ങിവരവ് വേണം എന്ന് തോന്നിയാല്‍, കുടുംബം എന്ന ചിന്ത വന്നാല്‍ ; ഞാന്‍ ഇവിടെ വരും. അതുവരെ കാത്തിരിക്കാമോ ? . മറുപടിയായി നല്‍കിയ മന്ദഹാസത്തില്‍ പ്രതീക്ഷകള്‍ പൂത്തുലഞ്ഞിരുന്നു. യാത്ര പിന്നെയും നീണ്ടു. കുറച്ചു കാലം ഏകനായി, തപസ്സു ചെയ്യണം എന്ന തോന്നല്‍ മൂലം  വാവരോടും യാത്ര പറഞ്ഞു. ഞാനീ പ്രദേശങ്ങളില്‍ തന്നെ കഴിയും എന്നും; നിന്‍റെ മടങ്ങി വരവ് പ്രതീക്ഷിച്ചു കൊണ്ട് എന്ന് വാവരും ഓര്‍മപ്പെടുത്തി. ജീവിതം അങ്ങിനെയാണ്, നമ്മള്‍ കരുതുന്നവരില്‍ നിന്നും കിട്ടാത്ത പലതും കിട്ടുന്നത് അന്യരില്‍ നിന്നുമായിരിക്കും.  
 
ഏകാന്തത തേടി വന്നവനെ മയക്കുന്നതായിരുന്നു ശബരിമലയിലെ പ്രകൃതി. അമൃതായി ഒഴുകുന്ന തെളിഞ്ഞ പമ്പ, സര്‍വസ്വതന്ത്രരായി  സന്തുഷ്ടരായി ജീവിക്കുന്ന അജ,ഗജ,തുരഗ,വ്യാഖ്രാദികള്‍. ഈ പ്രകൃതിയുടെ മായയില്‍ തപസ്സ് ചെയ്തു കാലം കഴിക്കവേ , താഴെ കാത്തിരിക്കുന്ന പാവം ഒരു പെണ്ണിനെ മറന്നു പോയിരുന്നു. മനസ്സ് തേടിയിരുന്നത് ഏവരും സ്തുതിക്കുന്ന ഈശ്വരനെയോ, അതോ തന്നെ തന്നെയോ എന്നതായിരുന്നു സമസ്യ. കാലം പഠിപ്പിച്ചു; നീ തന്നെയാണ് നീ അന്വേഷിക്കുന്ന സത്യവും എന്ന്. സര്‍വപ്രപഞ്ചവും നിറഞ്ഞു നില്‍ക്കുന്ന ഈശ്വരന്‍ തന്നെ, തന്നിലും ഉള്ളതെന്ന തിരിച്ചറിവിനെ ഋഷിമാര്‍ മോക്ഷം എന്ന് വാഴ്ത്തി. വനവാസിക്ക് തുണയായി നിന്ന്, എന്നും കാടിന്‍റെ മക്കള്‍. അവര്‍ തരുന്ന അന്നത്തിനു പകരമെന്ന വണ്ണം  അറിയുന്ന വിദ്യകള്‍, അവരുടെ മക്കള്‍ക്ക്‌  പകര്‍ന്നു നല്‍കി. അസ്ത്ര-ശസ്ത്ര ശാസ്ത്രാദികളില്‍ നേടിയ അറിവിനെ മാനിച്ചു ഋഷിമാരില്‍ ആരോ ഒരിക്കല്‍ വിളിച്ചു ശാസ്താവെന്നു. ചെറുപ്പത്തില്‍ ആരോ പറഞ്ഞു കേട്ടിരുന്നു, തന്നെ അച്ഛന് കിട്ടുമ്പോള്‍ കഴുത്തില്‍ ഒരു മണി ഉണ്ടായിരുന്നു. അങ്ങിനെയാണ് മണികണ്ഠന്‍ ആയതെന്നു. കൊട്ടാരത്തില്‍ വന്നപ്പോള്‍ പേര് അയ്യപ്പന്‍ എന്നായി. പിന്നെയിതാ   പന്തളഭൂപന്‍റെ അയ്യപ്പന്‍ ശാസ്താവുമായി.  ഒരിക്കല്‍ മല കയറി വന്നവരില്‍ ആരോ പറഞ്ഞു മഹിഷി ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു എന്ന്. മരണം വരെയും തന്നെ മാത്രം പ്രതീക്ഷിച്ചു ജീവിച്ചൊരു പാവം പെണ്ണ്. അവളുടെ ആത്മാവിനു ശാന്തി ലഭിക്കാന്‍ പ്രാര്‍ഥിക്കവേ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നുവോ ? മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പിന്നെയും ശബരിമലയുടെ മടിത്തട്ടില്‍ മനസ്സിനെ ഉറക്കിക്കിടത്തി കൊണ്ട് ജീവിച്ചു. ചേതന ദേഹത്തെ ഉപേക്ഷിച്ചു പോകുമ്പോഴും, ദേഹി ഈ സുന്ദരഭൂമിയെ വിട്ടു പോകാന്‍ തയ്യാറായിരുന്നില്ല. അത്രയധികം പ്രണയിച്ചിരുന്നു ആത്മാവീ പ്രകൃതിയെ. 
 അതിവിടുത്തെ പൂംകാറ്റില്‍ ഒഴുകി, പമ്പയുടെ പനിനീരില്‍ കുളിച്ചു, കുയിലുകളുടെ പാട്ടില്‍ നടനമാടി ആനന്ദത്തെ നേടി. ഇതുപോലോരിടം ഉപേക്ഷിച്ചു എന്ത് സ്വര്‍ഗം  നേടാന്‍ ?? 
 
അവസാനകാലത്ത് കൂടെ നിന്നവരോട് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഈശ്വരനെ അറിയുക, അതിനായി സ്വയം അറിയുക. കാടിന്‍റെ മക്കളോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കനാകുന്നതായിരുന്നില്ല. അല്പ്പായുസ്സായ മകനു അവസാനമായി ഒന്ന്  കാണാന്‍ ജരാനരകള്‍ ബാധിച്ച പിതാവും വിളിക്കാതെ തന്നെയെത്തി. സംസ്കാരങ്ങള്‍ക്ക്‌ ശേഷം, തന്‍റെ ഓര്‍മയ്ക്കായി അദ്ദേഹം ഒരു ക്ഷേത്രവും നിര്‍മ്മിച്ചു.   പിന്നീടിവിടെ വരാന്‍, മല കയറുന്നവര്‍ക്ക് മുന്‍കരുതല്‍ എന്നത് പോലെയാണ് ഗുരുക്കന്മാര്‍ വ്രതം നോല്‍ക്കാന്‍ പറഞ്ഞത്. കാടിന്‍റെ ഇരുളിലേയ്ക്ക് സ്ത്രീകള്‍ വരുന്നത് അവരുടെ സുരക്ഷയ്ക്ക് അപകടം എന്ന് കണ്ടവര്‍ ആരോ, സ്ത്രീകളുടെ വരവിനും നിബന്ധന വെച്ചു. സാത്വികമായ ശീലങ്ങള്‍, സാത്വികമായ മനസ്സിനെ നല്‍കും. സത്തയുള്ള മനസ്സിലെ ഈശ്വരന്‍ പിറക്കൂ. പക്ഷെ എന്തിനീ വ്രതം എന്ന് പോലും അറിയാതെ പലരും, വ്രതവും ഒരു പ്രഹസനമാക്കി. മഹിഷിയുടെ ചരിതം കേട്ടവരോ, തന്നെയൊരു സ്ത്രീ വിരോധിയുമാക്കി. സ്ത്രീ സാമിപ്യം ബ്രഹ്മചര്യത്തിനു വിഘാതം എന്ന ഭോഷ്കും വിഡ്ഢികള്‍ പ്രചരിപ്പിച്ചു. 
 
കാലം പോകെ, കാടേറി വന്നവര്‍ തന്‍റെ പമ്പയില്‍ വിഷം കലക്കി, പൂങ്കാവനത്തെ മലീനസമാക്കി, അരുമ മൃഗങ്ങളുടെ സ്വസ്ഥത താറുമാറാക്കി, പ്രകൃതിയെ തച്ചുടച്ചു. ശബരിമലയുടെ പ്രകൃതിയെ ധ്യാനിച്ച്‌ ജീവിച്ച തന്‍റെ അന്തസത്തയെ തന്നെ ഇല്ലാതാക്കി. ഇവയൊന്നും ഇല്ലാതെയീ ആത്മാവ് എന്തിനിവിടെ വസിക്കണം. ഇവയൊന്നും കാണാതെ വരുന്നവന്‍ എങ്ങിനെ അറിയും, 
താന്‍ അറിഞ്ഞ ഈശ്വരന്‍ ഈ പ്രകൃതി തന്നെ ആയിരുന്നു എന്ന്; ഇവയില്‍ എല്ലാം ഉള്ള ഈശ്വരനെയാണ്  അവര്‍ അറിയേണ്ടതെന്നും. മനുഷ്യന്‍ പുരോമനം എന്ന പേരില്‍ നശിപ്പിക്കുകയായിരുന്നു തന്‍റെ പ്രകൃതിയെ, തന്‍റെ ആത്മാവിനെ. പക്ഷി മൃഗാദികള്‍ അസ്വസ്ഥമായി അലയുന്ന കാഴ്ച ദാരുണമായിരുന്നു. അതെ തന്‍റെ ശബരിമല ഇല്ലാതായികൊണ്ടിരിക്കുകയാണ്. ഇനിയിവിടെ കാത്തിരിക്കാം, ഈ പ്രകൃതിയോടൊപ്പം വനവാസിയായൊരു ആത്മാവിന്‍റെ ദുര്‍മരണത്തിനായി.

You might also like

Most Viewed