മുല്ലപ്പെരിയാർ-രാഷ്ട്രീയവും മാനുഷികവുമായ മാനങ്ങൾ


ഇ.എ സലിം

മുല്ലപ്പെരിയാർ നിറയുന്നതിന്റെ സംഭ്രമ കലാപരിപാടിയുടെ ഈ വർഷത്തെ ദൃശ്യാവിഷ്കാരങ്ങൾ ഷട്ടറുകൾ അടച്ചും തുറന്നും  ഒരു തണുത്ത ക്ലൈമാക്സിലൂടെയാണ് കടന്നു പോകുന്നത്. 2011 നവംബറിൽ അത് ആരവങ്ങൾ നിറഞ്ഞ ഉജ്ജ്വല വിസ്ഫോടനങ്ങളോടെയായിരുന്നു. അണക്കെട്ടിലേക്കു പതിച്ചു വച്ചിട്ടുള്ള ജലവിതാന മാപിനിയിൽ ചുവപ്പിലും കറുപ്പിലും എഴുതിയിട്ടുള്ള അടി ആഴത്തിന്റെ അക്കങ്ങളിൽ 136 നെ ഇടക്കിടെ വലുതായി കാണിച്ചും അതിനു തൊട്ടു താഴെ വരെ ചെന്നു തൊടുന്ന റി സെർവോയർ ജലോപരിതലം സമീപക്കാഴ്ചയിലേക്കു സൂം ചെയ്തും ചാനലുകൾ ദൃശ്യ വിരുന്നിനു ചമയമൊരുക്കി. കേരളത്തിലെ മിക്കവാറും എല്ലാ പാർട്ടികളിലെയും നേതാക്കളുടെ ശൗര്യം മുറ്റിയ പ്രസ്ഥാവനകളും ജനങ്ങൾക്ക്‌ വേണ്ടിയുള്ള സമര പ്രഖ്യാപനങ്ങളും തമിഴ് നാട് മുഖ്യമന്ത്രിയുടെ കത്തുന്ന കോലവും ചാനൽ ദൃശ്യങ്ങൾക്ക് ഹരം കൂട്ടി. കാഴ്ചയിലേക്ക്‌ വാർത്താവാഹകർ ഇടക്കിടെ ചേർത്ത് വെയ്ക്കുന്ന അപാരമായ ജല സമൃദ്ധിയുടെ സ്നാപ്പുകൾ  അണകെട്ടി തടഞ്ഞു നിറുത്തിയിട്ടുള്ള നദിയുടെ വന്യമായ രോഷം പോലെ ആഴത്തിന്റെ ഗാംഭീര്യം ധ്വനിപ്പിച്ചു. നെറുകയിൽ ഒരു ജലബോംബ് കരുതി വെച്ചിട്ടുണ്ടു എന്ന് വിശ്വസിച്ചു കൊണ്ട് താഴ്്വാരത്തിലും സമതലങ്ങളിലുമായി ജീവിക്കുന്ന 35 ദശലക്ഷം മനുഷ്യരിലും ലോകത്തെല്ലായിടത്തുമുള്ള മലയാളി മനസ്സുകളിലും ആ കാഴ്ചകൾ  ഭീതി പടർത്തുകയും ചെയ്തു. കേരളത്തിലെ ചില ജില്ലകൾ ലക്ഷക്കണക്കിനു മനുഷ്യരും പശു പക്ഷികളും സകലതും ചേർന്നു ഒരു മഹാപ്രളയത്തിൽ കടലിലേക്ക് ചെന്ന് ചേരുന്ന ദൃശ്യ വാങ്ങ്മയങ്ങൾ അന്തരീക്ഷത്തിൽ അന്നു നിറഞ്ഞു നിന്നു. 

അണക്കെട്ടിലെ ജലവിതാനം 136 അടിയിലേക്കെത്തുന്പോൾ മുല്ലപ്പെരിയാർ ഡാം തകർന്നു വള്ളക്കടവിലും ഉപ്പുതറയിലും കുമളിയിലും  എല്ലാമായി പെരിയാറിന്റെ കരകളിൽ താമസിക്കുന്ന നിരാലംബരായ മനുഷ്യരെ വിഴുങ്ങിക്കൊണ്ടു ഏറെക്കാലം കൂട്ടിലടക്കപ്പെട്ട മൃഗത്തിന്റെ ഭ്രാന്തു പിടിച്ച ക്രോധത്തോടെ ആ  മഹാജല  വാഹിനി ഇടുക്കി അണക്കെട്ട് വഴി കൊച്ചിയിൽ ചെന്നു അറബിക്കടലിൽ വിലയം പ്രാപിക്കുന്ന മഹായാനത്തിന്റെ അനൗദ്യോഗിക റൂട്ട് മാപ്പും വെളിവാക്കപ്പെട്ടിരുന്നു. 136 അടി എന്ന അളവിലേക്കു ജലവിതാനം എത്തിയോ എന്നും എത്തിയിട്ടില്ല ഇതാ എത്തുന്നുണ്ട് എന്നതുമായിരുന്നു ഒരോ ബുള്ളറ്റിനിലെയും ആദ്യവാർത്ത. ജലനിരപ്പ്‌ 120 അടിയിലേക്കു കൊണ്ടുവരണമെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ സത്യാഗ്രഹം കിടന്നു കൊണ്ടു ആവശ്യപ്പെട്ടു. ഹർത്താലുകൾ അരങ്ങേറി. ജലനിരപ്പ്‌ 136 അടിയോടടുക്കുന്നു എന്നതോർക്കുന്പോൾ ഉറങ്ങാൻ കഴിയുന്നില്ല എന്ന രഹസ്യം കേരളത്തിലെ ജല വിഭവവകുപ്പ് മന്ത്രി പരസ്യമാക്കി. അനവധി ശാസ്ത്ര സാങ്കേതിക ശാഖകളിലെ നൈപുണ്യവും സമയമെടുത്തുള്ള നിരീക്ഷണ പരീക്ഷണങ്ങളും അവയുടെ അടിസ്ഥാനത്തിലെ വിലയിരുത്തലും വിധിയെഴുത്തും ആണ് ഡാമിന്റെ ഭാവി പ്രവചിക്കുവാൻ ആവശ്യമായ പ്രക്രിയ. ഉയർന്ന നിലയിലെ സാങ്കേതിക വൈദഗ്ധ്യവും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുവാൻ അനുയോജ്യമായ സജ്ജീകരണങ്ങളും അതിനാവശ്യമാണ്. എന്നാൽ മൺ‍സൂൺ കാലമെത്തി വൃഷ്ടി പ്രദേശത്തു നിന്നും നീരൊഴുക്കു അളവിൽ കവിയുകയും തമിഴ് നാടിനു ജല സേചന ആവശ്യങ്ങൾക്കു വലിയ അളവിൽ വെള്ളം ആവശ്യമില്ലാത്തതിനാൽ റിസർവോയറിൽ നിന്നും വെള്ളം കൊണ്ടുപോകുന്നതിന്റെ അളവു കുറയുകയും ചെയ്യുന്പോൾ വർദ്ധിക്കുന്ന ജലനിരപ്പിനെ നോക്കി അപ്പോൾ തോന്നിയ പ്രവചനം നടത്തുന്നതു കേരളത്തിൽ രണ്ടായിരത്തിനു ശേഷം പതിവായി. പക്ഷി ശാസ്ത്രക്കാരൻ തന്റെ കിളി കൊത്തിയ ചീട്ടിൽ നോക്കി രാമനും സീതയുമാണ് എത്ര ചേർന്നു നടന്നാലും നിങ്ങൾ വേർപിരിയും എന്നു പറയുന്ന ശൈലിയിൽ പ്രവചനങ്ങൾക്ക് നിറം പിടിച്ചു. മുല്ലപ്പെരിയാർ കാര്യത്തിൽ പക്ഷി ശാസ്ത്രക്കാരന്റെ കൃത്യത പോലുമില്ലാതെ കേട്ടു കേൾവിയുടെയും അപ്പോൾ തോന്നുന്നതിന്റെയും അടിസ്ഥാനത്തിൽ വിധിയെഴുത്തുകൾ നടത്തുന്പോൾ ഒരു ജനതയുടെ മനസ്സിലേക്കു പ്രതിവിധി ഒന്നും ലഭ്യമല്ലാത്തതും രക്ഷപ്പെടുവാൻ പ്രത്യേകിച്ചു മാർഗ്ഗമൊന്നുമില്ലാത്തതുമായ ഒരു സമസ്യയുടെ മറവിൽ ഭീതിയുടെ വിത്ത് വിതയ്ക്കുകയാണെന്ന്  ആരുമോർത്തില്ല. അല്ലെങ്കിൽ ബോധപൂർവം അങ്ങിനെ ചെയ്യുന്നു. ഏതു പക്ഷി ശാസ്ത്രക്കാരനും മുല്ലപ്പെരിയാറിന്റെ ഭാവി പ്രവചിക്കാം ഡൽഹിയെന്നൊ റൂർക്കിയെന്നോ മദ്രാസ് എന്നോ ഒരു ഐ.ഐ.ടി ചേർത്തു പറയണമെന്ന് മാത്രം. ജനങ്ങൾ ഏതൊരു നിഗമനത്തിനും ചെവി കൊടുക്കും എന്ന അവസ്ഥയിലേക്ക് പൊതു സമൂഹ മനസ് എല്ലാവരും ചേർന്നു ഉഴുതു മറിച്ചു പാകപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

2011ൽ സർവ്വ സംഹാരത്തിന്റെ പരകോടിയിലേക്കെന്നു പ്രചരിപ്പിക്കപ്പെട്ട 136 അടിയിലേക്കു ജലനിരപ്പ്‌ എത്തുന്പോൾ കേരളം ഉറക്കെ പറഞ്ഞതും ചർച്ച ചെയ്തതും പുതിയൊരു ഡാം നിർമ്മിച്ച്‌ നിലവിലേതിന്റെ ദൗത്യമുക്തി വരുത്തുവാൻ വേണ്ടിയുള്ള 600 കോടിയോളം രൂപ ചിലവിടേണ്ടുന്ന പദ്ധതിയെക്കുറിച്ചായിരുന്നു. സംസ്ഥാനങ്ങൾക്കിടയിലെ തർക്കം മൂർഛിച്ചു തുടങ്ങിയ 1979 ൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ദീർഘകാലാടിസ്ഥാനത്തിലെ പരിഹാര നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു അത്. മുല്ലപ്പെരിയാർ ഡാമിന്റെ ബലപ്പെടുത്തൽ നിർദ്ദേശങ്ങളായ 1986 ലെ സെൻട്രൽ വാട്ടർ കമ്മീഷൻ റിപ്പോർട്ട്് ഈ പദ്ധതി പരിഗണിച്ചിട്ടില്ലായിരുന്നു. 2001ലെ വിദഗ്ദ്ധ സമിതി സുപ്രീം കോടതിയ്ക്കു സമർപ്പിച്ച ശുപാർശകളിൽ പുതിയൊരു ഡാം പണിയുവാനുള്ള നിർദ്ദേശത്തെ പരിശോധിച്ചിട്ടു അപ്രായോഗികതയുടെ പേരിൽ തള്ളിക്കളഞ്ഞിരുന്നു. സർവ്വ വിനാശത്തിലേക്കും മഹാ പ്രളയത്തിലേക്കും ഇതാ ജലം ഉയർന്നു കൊണ്ടിരിക്കുന്നു എന്ന് പൊതു ബോധം സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിലും പ്രബുദ്ധ കേരളം പരിഹാര നടപടിയായി ചെയ്തു തുടങ്ങിയതു ഡാം നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളായിരുന്നു. കൺമുന്നിൽ മൂർച്ഛിച്ചു വരുന്ന ഒരു വലിയ അപകടസാദ്ധ്യതയ്ക്കു പരിഹാരമായി ഏറെക്കുറെ അപ്രായോഗികവും വിപരീത ഫലങ്ങൾ ഏറെയുള്ളതും ദീർഘകാലം കൊണ്ടു മാത്രം സാധിക്കാവുന്നതുമായ ഒരു വൻകിട നിർമ്മാണത്തെ മുന്നോട്ടു വെയ്ക്കുന്ന മാർഗ്ഗത്തിൽ കേരളം നീങ്ങിയിട്ടും അതിനെതിരെ ഗൗരവമുള്ള ചോദ്യങ്ങൾ ഉയരാത്ത തരത്തിൽ പരിഭ്രാന്തി വളരുകയും യാഥാർത്ഥ്യ ബോധം പൊയ്പ്പോവുകയും ചെയ്തിരുന്നു. 

എല്ലാ അയൽ സംസ്ഥാനങ്ങളുമായും നദീജല തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ആവശ്യമെങ്കിൽ അതിനെ ബലപ്രയോഗമടക്കമുള്ള പ്രക്ഷോഭമായി വളർത്തുകയും അവയിലെ നേട്ടങ്ങളുടെ പേരിലെ വോട്ടു രാഷ്ട്രീയത്തിന്റെ ചതുരംഗ കളിയിൽ ഭരണം നേടുന്ന പ്രാദേശിക കക്ഷികൾ പ്രബലരായിരിക്കുകയും ചെയ്യുന്ന ദ്രാവിഡപ്പെരുമയുടെ തറവാടാണ് തമിഴ്നാട്‌. ജീവ ജലത്തിനായുള്ള യുദ്ധങ്ങൾ എന്നേ തുടങ്ങിക്കഴിഞ്ഞ ഒരു ദേശം. നിലനിൽപ്പിന്റെ ആധാരമായ വെള്ളത്തിനു വേണ്ടിയുള്ളതാണ് അവരുടെ സമരങ്ങൾ എന്ന ന്യായോക്തിയെ അവിടെയും പ്രാദേശിക കക്ഷികളുടെ നേതാക്കൾ ദുഷ്ടലാക്കോടെ ദുർവിനിയോഗം ചെയ്യുന്നു.  പശ്ചിമ ഘട്ടത്തിന്റെ മഴ നിഴൽ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗൽ, ശിവ ഗംഗ, രാമനാഥപുരം ജില്ലകളിലെ തമിഴ് ജനതയും അവരുടെ വളർത്തു മൃഗങ്ങളും  കുടിക്കുവാനും കൃഷി ചെയ്യുവാനും മറ്റെല്ലാ ജീവ സന്ധാരണ കാര്യങ്ങൾക്കും ഉപയോഗിക്കുന്നതു മുല്ലപ്പെരിയാർ റിസർവോയറിൽ നിന്നും തുരങ്കം വഴി പശ്ചിമ ഘട്ടം കടത്തി കൊണ്ടുപോകുന്ന ജലമാണ്. കടൽ നിരപ്പിൽ നിന്നും 2869 അടി ഉയരത്തിലുള്ള ഇടത്തിൽ സ്ഥിതി ചെയ്യുന്ന നിലവിലെ ഡാം 2629 അടി ഉയരത്തിൽ ഉള്ള പുതിയ സ്ഥലത്തു നിർമ്മിക്കുന്പോൾ സംഭവിക്കുന്ന 240 അടി ഉയരക്കുറവിൽ ഉണ്ടാകുന്ന സംഭരണ ശേഷിയിലെ വ്യത്യാസം മൂലം ജല ലഭ്യത കുറയും എന്ന കാരണം ഉയർത്തിയാണ് പുതിയ ഡാം എന്ന നിർദ്ദേശത്തെ അവർ എതിർത്തത്. ഡാമിലെ ജലനിരപ്പ് എത്ര കണ്ടു ഉയർന്നിരിക്കുന്നുവോ അത്ര മാത്രം വെള്ളം തമിഴ്നാടിനു കൊണ്ടു പോകുവാൻ ആകും. ഡാമിന്റെ ബലക്ഷയത്തെപ്പറ്റി കേരളം ഉയർത്തുന്ന പേടിപ്പിക്കൽ വാദങ്ങൾ കണക്കിലെടുത്തു ഭയക്കാതിരിക്കുവാൻ കേരള ജനതയോട് തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിത അഭ്യർത്ഥിക്കുന്ന മുഴുവൻ പേജ് പരസ്യം 2011 ൽ കേരളത്തിലെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഡാം എങ്ങിനെയെല്ലാം ബലപ്പെടുത്തിയിട്ടുണ്ടെന്നു വിശദമാക്കുന്ന ആ വലിയ പരസ്യത്തിൽ ഒളിച്ചു വെച്ചിരുന്ന അടവിനും ഉപായത്തിനും കേരളത്തിലെ അധികാരികൾ ഇനിയും മറുപടി പറയേണ്ടതായിരിക്കുകയാണ്.

യാതൊരു ഹുങ്കാരവുമില്ലാതെ, ജനകീയ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളേക്കാൾ  സജീവമായി ഇടപെടുന്ന മാധ്യമങ്ങളുടെ തള്ളിക്കയറ്റങ്ങളോ റിപ്പോർട്ടിംഗ് ബഹളങ്ങളോ ഒന്നുമില്ലാതെ 2015 നവംബർ കഴിയുന്പോൾ മുല്ലപ്പെരിയാർ റിസർവോയറിലെ ജല വിതാന മാപിനിയിലെ 142 അടി അടയാളപ്പെടുത്തിയിടത്തേക്ക് ജലപ്പരപ്പിലെ ഓളങ്ങൾ തട്ടിച്ചിതറു ന്നത് ലോകം കണ്ടു. തമിഴ്നാടിന്റെ വാദമുഖങ്ങളായിരുന്നു  ശരിയെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ. ഈ തർക്കത്തിൽ അവർ നേടുകയും തങ്ങളുടെ നിലപാടു സ്ഥാപിക്കുകയും ചെയ്തു. ഷട്ടറുകൾ ഉയർത്തുന്നതും താഴ്ത്തുന്നതും മാത്രമാണിപ്പോൾ വാർത്താ വസ്തുക്കൾ. ഷട്ടറുകൾ പിടിപ്പിച്ചിട്ടുള്ളതു അങ്ങിനെ ഉയർത്താനും താഴ്ത്താനുമാണെന്നതിനാൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല. എന്നാൽ ഈ തർക്കങ്ങളുടെ മൂന്നു ദശകങ്ങളിൽ ചിലതെല്ലാം സംഭവിച്ചിട്ടുണ്ട്. അതിനു അടിയന്തിര പരിഹാരങ്ങൾ കാണേണ്ടതുണ്ട്. ആദ്യത്തേത് ഡാമിന്റെ യഥാർത്ഥ അവസ്ഥ ഇന്നു ആർക്കും അറിയില്ല എന്നതാണ്. പൊട്ടുമെന്നും പൊട്ടുകയില്ലെന്നും അല്ലെങ്കിൽ പൊട്ടേണ്ടതുണ്ടെന്നും ഇല്ലെന്നും രണ്ടു ഭാഗത്ത് നിന്നും രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ വാശി പിടിക്കുന്നതിനിടയിൽ പതിവായി നടത്തേണ്ടുന്ന ബലശേഷി, ആയുസ്സ്, ജലഭാരത്തിന്റെ സമ്മർദ്ദം താങ്ങാനുള്ള കെൽപ്പ് തുടങ്ങിയവയിന്മേലുള്ള പരിശോധനകൾ അപ്രസക്തമായിരിക്കുന്നു. പരിശോധനകളായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് സ്വന്തം വാദ മുഖങ്ങൾക്കുള്ള തെളിവുകൾ ശേഖരിക്കൽ മാത്രമാണ്. 1895ൽ പണികഴിപ്പിച്ച ആ കൽക്കെട്ടു അണയുടെ  ഇന്നത്തെ ബലശേഷിയെന്തെന്നു കൃത്യമായി കണക്കാക്കപ്പെടേണ്ടിയിരിക്കുന്നു. അത് തർക്കങ്ങളുടെ ഭാഗമായിട്ടാവരുത്. പക്ഷ  പാത നിലപാടുകൾ ഉണ്ടാകുവാനുള്ള സാദ്ധ്യതകളെ കണ്ടറിഞ്ഞു ഒഴിവാക്കുകയും ആവശ്യമെങ്കിൽ വിദേശ സ്ഥാപനത്തെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും വേണം. തികച്ചും രാഷ്ട്രീയമുക്തമായ സാങ്കേതിക പരിശോധനകളാവണം നടക്കേണ്ടത്‌.

തർക്ക പരിഹാരത്തിനായി രൂപം നൽകിയ എം പവേഡ് കമ്മിറ്റി 2012 ൽ ഡാം അപകടത്തിൽ അല്ല എന്നു സുപ്രീം കോടതിയ്ക്കു റിപ്പോർട്ട് നൽകിയപ്പോൾ കമ്മിറ്റിയിൽ  മലയാളി അംഗം ആയിരുന്ന ജസ്റ്റിസ് കെ.ടി തോമസ് ‘കേരള മൗലിക വാദി’കളുടെ കടുത്ത ആക്ഷേപങ്ങൾക്കാണ് ശരവ്യനായത്. പരിണിത പ്രജ്ഞനും ഉയർന്ന നീതി ബോധം പുലർത്തുന്ന വ്യക്തിത്വവുമായ ജസ്റ്റിസ് തോമസിന് ഡാമിന്റെ ഭദ്ര സ്ഥിതി ബോദ്ധ്യപ്പെട്ടു എന്നത് ശരിതന്നെ. എന്നാൽ ഡാം സുഭദ്രമാണെങ്കിൽ അപകടം ഒഴിഞ്ഞു എന്നു ജസ്റ്റിസ് തോമസും ആ കമ്മിറ്റിയും കരുതിയതിലാണ് പിശക്. ഗഹനമായ സാങ്കേതികതകൾ മനസ്സിലാകാത്ത മനുഷ്യരുടെ മനസ്സിൽ ഉണ്ടാക്കിയെടുത്ത അപകട ഭീതിയാണ് യഥാർഥ വിഷയം. അതിനെ എം പവേഡ് കമ്മിറ്റിയോ ജസ്റ്റിസ് തോമസോ അഭിസംബോധന ചെയ്യാതെ പോയതാണ് തെറ്റിദ്ധാരണകൾക്കു ഇടം നൽകിയത്. പശ്ചിമഘട്ടത്തിന്റെ ഇങ്ങേ ചെരുവിൽ കോടിക്കണക്കിനു മനുഷ്യരുൾപ്പെട്ട കേരള ജനത തലയണക്കടിയിൽ ഒരു ബോംബു സ്ഥാപിച്ചിട്ടുള്ളതു പോലെയാണ് കഴിഞ്ഞ മൂന്നു ദശകങ്ങളായി ഉറങ്ങുന്നത്. ഡാം തകരുന്പോൾ ഉണ്ടാകുന്ന സർവ്വ നാശം മാത്രമല്ല അപകടം. ഹൈറേഞ്ചിലെ മനുഷ്യരുടെയും അവിടുത്തെ കുഞ്ഞുങ്ങളുടെയും ജീവിതങ്ങളെ ആകെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തെയും ഒരു തലമുറയുടെ മനോ നിലയെ ആകെ ബാധിച്ചിരിക്കുന്ന അതി ഭീതിയെയും അപകടമായിക്കാണണം.അതിനു നിവൃത്തി ഉണ്ടാകണം. ഒപ്പം തങ്ങളുടെ ജീവിതത്തെ നില നിർത്തുന്ന തണ്ണീർ വഴികൾ കേരളത്തിലെ അധികാരികൾ എന്നു വേണമെങ്കിലും അടച്ചു കളയുമെന്നും അതിനാൽ അതിനോടു പൊരുതുവാനും മലയാളിയുടെ അടുക്കളയിലേക്കു യാത്രയ്ക്കൊരുങ്ങുന്ന ഭക്ഷണ സാമഗ്രികളെ വഴിയിൽ തടയാനുമായി തങ്ങളുടെ ജീവിതങ്ങളെ ആയുധമണിയിക്കണമെന്നും  തേനി മുതൽ രാമനാഥപുരം വരെയുള്ള വലിയ ഭൂവിഭാഗത്തിലെ തമിഴ് ജനത ആശങ്ക പുലർത്തി ജീവിക്കുന്ന സാഹചര്യവും ഇല്ലാതാകണം. 

ഇവിടെയാണ് ഇന്ത്യയിലെ ദേശീയ ഗവൺമെന്റിന്റെ പ്രസക്തി. കേരളം, തമിഴ്നാട് എന്നിങ്ങനെ തർക്കത്തിലെ രണ്ടു കക്ഷികളുടെ വിഷയം എന്ന പരിപ്രേക്ഷ്യം തന്നെ മാറണം. മുല്ലപ്പെരിയാർ ഇന്ത്യയുടെ വിഷയം ആകണം. രാജ്യത്തെ ഒരു വലിയ വിഭാഗം ജനതയുടെ ജീവ സന്ധാരണത്തിനു വേണ്ടി 120 കൊല്ലം മുന്പ് നിർമ്മിച്ച ഒരു അണയുടെ കൽക്കെട്ടിന്റെ ഭദ്രതയെ രാജ്യത്തെ മറ്റൊരു വലിയ വിഭാഗം ജനങ്ങൾ വല്ലാതെ ഭയക്കുന്ന ഒരു ‘സൈകോസിസ്’ തന്നെ ഉണ്ടായിരിക്കുന്നു. രണ്ടു കക്ഷികളെയും ബന്ധപ്പെടുത്താതെ തന്നെ ഇന്ത്യയുടെ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ദേശത്തു നിന്നോ വിദേശത്തു നിന്നോ യോഗ്യരായ ഒരു എജൻസി അണക്കെട്ടിന്റെ ശരിയായ അവസ്ഥ സമഗ്രമായും ശാസ്ത്രീയമായും പഠിക്കണം. ജലവിതാനം എത്രയാകാമെന്ന് ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുകയും അത് കേന്ദ്ര ഗവൺമെന്റിന്റെ  നിയന്ത്രണത്തിൽ നടപ്പിലാവുകയും വേണം. അണക്കെട്ടിന്റെയും അതിന്റെ നിർമ്മാണ സാമഗ്രികളുടെയും പഴക്കം മൂലം ഇനി അധികം ആയുസ് കൽപ്പിക്കുവാൻ ആവില്ലായെന്നാണ് വിദഗ്ദ്ധരുടെ അനുമാനമെങ്കിൽ അടുത്ത നിശ്ചിത വർഷങ്ങൾക്കുള്ളിൽ അപകട രഹിതമായി അണക്കെട്ടിനെ ദൗത്യ മുക്തമാക്കാനുള്ള ഘട്ടങ്ങൾ വിദഗ്ദ്ധർ ആസൂത്രണം ചെയ്യണം. ജലവിതാനം കുറച്ചു കൊണ്ടു വരുന്പോൾ മധുരയിലെ ജനങ്ങൾക്ക്‌ ലഭിക്കേണ്ടുന്ന  വെള്ളത്തിന്റെ അളവിൽ ഉണ്ടായേക്കാവുന്ന  കുറവിനെ പരിഹരിക്കുവാൻ പശ്ചിമഘട്ടത്തിൽ തന്നെ പെരിയാറിൽ നിന്നോ മറ്റു നദികളിൽ നിന്നോ ജലം കൊണ്ടുപോകാൻ കഴിയുന്ന ചെറിയ അണക്കെട്ടുകൾ നിർമ്മിക്കുവാൻ പദ്ധതി തയ്യാറാക്കപ്പെടണം. വലിയ മറ്റൊരു ഡാം നിർമ്മിക്കുന്പോൾ പുതിയ റിസർവോയർ മേഖലയിൽ വലിയ അളവിലെ ജൈവ വൈവിദ്ധ്യം ജലത്തിൽ മുങ്ങിപ്പോകുക തുടങ്ങിയ പാരിസ്ഥിതിക ആഘാതങ്ങൾ സംഭവിക്കുമെന്നതിനാൽ ഒരു വലിയ അണക്കെട്ട് എന്ന സങ്കൽപ്പത്തെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.  1956ലെ റിവർ ബോഡ് ആക്ടിൽ പ്രതിപാദിക്കുന്ന ചട്ടങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടു തന്നെ ഈ നടപടി ക്രമങ്ങളിൽ ഏർപ്പെടുവാൻ കേന്ദ്ര ഗവൺമെന്റിനു കഴിയും. അഥവാ പരിമിതികൾ ഉണ്ടെങ്കിൽ ജന സുരക്ഷയുടെ പരിപാലനത്തിനു ആവശ്യമായ ചട്ടങ്ങൾ പ്രസക്തമാകും. ഇപ്പോൾ കേസിലെ കക്ഷികളായി നടക്കുന്നവർ കക്ഷികൾ അല്ലാതാവുന്പോൾ തന്നെ പരാതികളിലെ  ദുർമ്മേദസ്സ് ഒഴിയുകയും വിഷയം വസ്തു നിഷ്ടമാവു കയും ചെയ്യും.

ദേശീയതയും ഭാരതീയതയും കുറെ ഭക്തി ഗാനങ്ങൾ മാത്രം അല്ല. ദേശീയതയെക്കുറിച്ചുള്ള വലിയ അവകാശ വാദങ്ങളുടെ മാറ്റുരച്ചു നോക്കേണ്ടത് ദേശത്തിലെ ജനങ്ങളുടേതായ ഇത്തരം സമസ്യകളിൽ ആണ്. ഇച്ഛാ ശക്തിയും നിശ്ചയ ദാർഡ്യവും നിർവ്വഹണ ശേഷിയും  തെളിയിക്കുവാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് മുല്ലപ്പെരിയാർ നല്ല ഒരു പ്രമേയം ആയിരിക്കും.  രാജ്യാന്തരീക്ഷത്ത

You might also like

Most Viewed