സ്നേഹക്കടലായി റബ്ബിയുള്ള
ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനായ കെ.ടി. റബ്ബിയുള്ളയെ ആദ്യം കാണുന്നത് 2007ലാണ്. ആദ്യസമാഗമത്തിൽ തന്നെ പത്രപ്രവർത്തനരംഗത്ത് തുടക്കക്കാരൻ എന്ന നിലയി
ൽ അന്ന് നൽകിയ ചില വാർത്താ ഉദ്യമങ്ങളെ പറ്റി എന്നോട് അദ്ദേഹം വിശദമായി ചോദിച്ചുമനസ്സിലാക്കുന്നത് കണ്ടപ്പോൾ മുതൽ ഈ മനുഷ്യന്റെ ആരാധകനായി ഞാൻ മാറിയിരുന്നു. പിന്നീട് ഓരോ തവണയും അദ്ദേഹത്തെ കാണുന്പോഴൊക്കെ പത്രപ്രവർത്തകൻ എന്നതിനോടൊപ്പം നല്ലൊരു മനുഷ്യസ്നേഹിയാകാൻ വേണ്ട മാർഗനിർദ്ദേശങ്ങളും അദ്ദേഹം എന്നും നൽകി വരുന്നു. ഓരോ വാർത്തകൾ നൽകുന്പോഴും അത് കൂടുതൽ മനുഷ്യരെ സഹായിക്കാനുള്ളതായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആ ആശയം മനസ്സിൽ വെച്ചു കൊണ്ട് തന്നെയാണ് ഇന്ന് എന്റെ മാധ്യമപ്രവർത്തനവും മുന്പോട്ട് പോകുന്നത്.
ഗൾഫിലെ ആരോഗ്യരംഗത്തെ ചൂഷണങ്ങളെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ റബ്ബിയുള്ളയ്ക്കും ഷിഫ അൽ ജസീറ ഗ്രൂപ്പിനും കഴിഞ്ഞു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. മലപ്പുറം ജില്ലയിലെ ഈസ്റ്റ് കോടൂർ സ്വദേശിയായ ഡോ.റബ്ബിയുള്ള സൗദി അറേബ്യയിലെ ഡോ.ബദറുദ്ദീൻ എന്ന വ്യക്തിയുടെ പോളിക്ലിനിക്കിൽ വളരെ ചെറിയൊരു ജീവനക്കാരനായിട്ടാണ് തന്റെ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത്. വിദേശീയരായ ഡോക്ടർമാരോട് തങ്ങളുടെ രോഗവിവരങ്ങൾ വിശദീകരിക്കാൻ ബുദ്ധമുട്ടുന്ന ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ വിഷമം മനസ്സിലാക്കി കൊണ്ടാണ് ആശുപത്രികൾ തുടങ്ങുക എന്നാശയത്തിലേയ്ക്ക് റബ്ബിയുള്ള എത്തി ചേർന്നത്. ആ കാലത്ത് ആതുര ശ്രുശൂഷയ്ക്ക് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത തരത്തിലുള്ള ഫീസും നില നിന്നിരുന്നു. ഇതിനെ ചെറുക്കാനായിട്ടാണ് മിതമായ ചെലവിൽ ആരോഗ്യപരിപാലനം നടത്തണമെന്ന ആഗ്രഹത്തോടെ റബ്ബിയുള്ള പോളിക്ലിനിക്ക് ശൃംഖലയ്ക്ക് തുടക്കമിട്ടത്. ഇന്ന് അദ്ദേഹത്തിന്റെ കീഴിൽ വലിയ ആശുപത്രി സമുച്ചയങ്ങൾ മുതൽ, പോളിക്ലിനിക്കുകൾ, ഡെന്റൽ കെയർ സെന്ററുകൾ എന്നിങ്ങനെയായി സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, യു.എ.ഇ, ബഹ്റിൻ എന്നിവിടങ്ങളിലൊക്കെ സ്ഥാപനങ്ങൾ ഉണ്ട്. നിലവിൽ 13 ശാഖകൾ ഉള്ള ഒമാനിൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി കോംപ്ലക്സ് പടുത്തയർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അദ്ദേഹം. അതു പോലെ തന്നെ ഖത്തറിലെ ദോഹയിലും, കുവൈത്തിലെ അബ്ബാസിയയിലും പുതിയ ആശുപത്രികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. തന്റെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഏറ്റവും മികച്ച ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചിട്ടുള്ള റബ്ബിയുള്ള ഇവിടെയൊക്കെ അത്യാധുനിക ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ ആസ്ഥാനമാക്കി മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഷിഫാ അൽ ജസീറ മെഡിക്കൽ എക്വിപ്മെന്റ്സ് ട്രേഡ് എൽ.എൽ.സിയും ഗ്രൂപ്പിന്റെ കീഴിൽ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
ഒരു ബിസിനസ്സുകാരൻ എന്നതിലുപരിയായി മനുഷ്യസ്നേഹിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന റബ്ബിയുള്ള സമൂഹത്തിനായി ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾക്ക് കണക്കില്ല. തന്റെ നാടായ ഈസ്റ്റ് കോഡൂരിനെ തന്നെ ദത്തെടുത്ത് ഇവിടെയുള്ള നിർദ്ധനരായ നിരവധി പേർക്ക് അദ്ദേഹം മാസം പെൻഷനായി 1000 രൂപ നൽകി വരുന്നു. ഇതുകൂടാതെ മുഹമ്മദ് ഫസലുള്ളയുടെ പേരിൽ ഇവിടെ ഒരു േസ്റ്റഡിയവും ഇദ്ദേഹം നിർമ്മിച്ച് നൽകിയിട്ടുണ്ട്. നിരവധി പേർക്ക് ഓട്ടോറിക്ഷകൾ വാങ്ങി നൽകിയും, കോഡൂർ എൽ.പി സ്കൂളിന് തന്നെ കെട്ടിട നിർമ്മാണത്തിനായി നാൽപ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചും, നിരവധി കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുത്തും മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയും, തന്റെ നാടിനോടുള്ള അഗാധമായ സ്നേഹം ഓരോ ദിവസവും റബ്ബിയുള്ള തെളിയിക്കുന്നുണ്ട്. അറബ് ന്യൂസ് എന്ന പത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്വപ്നങ്ങൾ നിരന്തരമായി കാണുന്നവൻ എന്നാണ്. സ്വപ്നം കാണുന്നതൊടൊപ്പം തന്നെ അത് നടപ്പിലാക്കി വിജയം കൈവരിക്കുന്നതിലും, വീണ്ടും വീണ്ടും മുന്പോട്ട് കുതിച്ചു പായുവാനും റബ്ബിയുള്ളയ്ക്ക് സാധിക്കുന്നു എന്നത് തന്നെ അദ്ദേഹത്തെ വേറിട്ട് നിർത്തുന്നു.
തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട സേവനവഴികളിൽ അദ്ദേഹത്തെ തേടി നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ എത്തിയിട്ടുണ്ട്. അതിൽ തന്നെ ഒരു പ്രവാസിയെന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച ഭാരതസർക്കാറിന്റെ പ്രവാസി ഭാരതീയ പുരസ്കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒരു കാര്യം ആരംഭിച്ച് കഴിഞ്ഞാൽ അത് തീരുന്നത് വരേയ്ക്കും അതിനായി നടത്തുന്ന പരിശ്രമങ്ങൾ ആരും തന്നെ കണ്ടു പഠിക്കേണ്ടതാണ്. ബിസിനസ്സിൽ എപ്പോഴൊക്കെ തിരിച്ചടി നേരിട്ടോ അപ്പൊഴൊക്കെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് അദ്ദേഹം വിജയശ്രീലാളിതനായി. പ്രായം കൊണ്ട് ഞങ്ങൾ തമ്മിലേറെ വ്യത്യാസമുണ്ടെങ്കിലും, ഡോ. റബ്ബിയുള്ള ഇന്ന് എനിക്ക് സ്വന്തം സഹോദരനെ പോലെയാണ്. ഓരോ തവണയും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്പോൾ അദ്ദേഹം സ്വപ്നം കാണുന്ന നന്മ നിറഞ്ഞ ലോകമുണ്ടാക്കാൻ അതിലൊരു പങ്കാളിയാകാൻ നമുക്കും സ്വയം തോന്നുമെന്നുറപ്പാണ്. ഈ രീതിയിൽ സ്വന്തം ജീവിതം തന്നെ ഒരു സന്ദേശമാക്കി, ചുറ്റുമുള്ളവർക്ക് പ്രചോദനം നൽകി കൊണ്ട് അദ്ദേഹം നടത്തി വരുന്ന ഓരോ പ്രവർത്തനങ്ങളും ശുഭകരമാകട്ടെ എന്ന പ്രാർത്ഥനയോടെ...
അൻവർ മൊയ്ദീൻ