മലയാലപ്പുഴയമ്മ...


ഇതു മണ്ധലകാലം. അയപ്പന്മാർ പന്പയിൽ കുളിച്ചു തോർത്തി അന്നദാന പ്രഭുവിനെ കാണാൻ ചെല്ലുന്ന ശരണമന്ത്ര ധ്വനികൾ മുഴങ്ങുന്ന കാലം. മാസപൂജകൾക്കും മറ്റ് സന്ദർഭങ്ങളിലും അയ്യപ്പൻമാർ മല ചവിട്ടുമെങ്കിലും നാൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത് കർപ്പൂരാഭിഷേക പ്രിയനെ കണ്ട് കീർത്തനങ്ങൾ പാടി ഭജന ചൊല്ലി വരദായകനായ അയ്യനെ കാണാൻ നീക്കിവെച്ച കാലമാണിത്. ശരണാഗതനായ അയ്യപ്പനെ കാണാൻ പോകുന്ന വഴിയെ പത്തനംതിട്ടയിൽക്കൂടി പോകുന്ന ഭക്തർ ദർശനം നടത്താറുള്ള ക്ഷേത്രമാണ് മലയാലപ്പുഴ ക്ഷേത്രം. മലയാലപ്പുഴയമ്മയുടെ മാഹാത്മ്യത്തെ വർണ്ണിക്കുകയാണ് ഈ ആഴ്ച പ്രയാണം.

പത്തനംതിട്ട നഗരത്തിൽ നിന്നും ഏഴ് കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് യാത്ര തിരിച്ചാൽ “ആയിരം മലനാട്” എന്നറിയപ്പെട്ടിരുന്ന മലയാലപ്പുഴയിൽ എത്താം. സഹ്യ പർവ്വതനിരയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിനു പൊതുവിൽ മല (അഗസ്ത്യ കൂടം) എന്ന് പേരുണ്ട്.

ആയിരം മലനാട്ടിൽ കൊല്ലവർഷം 500നടുത്ത് പാണ്ടി മറവരുടെ ഉപദ്രവം ഉണ്ടായിരുന്നു. ഉപദ്രവം വർദ്ധിച്ചപ്പോൾ മലയിലുണ്ടായിരുന്ന താമസക്കാർ കുടി ഒഴിഞ്ഞ് നാട്ടിൻ പുറങ്ങളിലേക്ക് താമസിക്കാൻ നിർബ്ബന്ധിതരായി. ആയിരം മലനാട്ടിൽ നിന്ന് കുടിയിറങ്ങിയവർ കുന്പഴയിലും മലയാലപ്പുഴ ഗ്രാമങ്ങളിലും കുടിയേറി താമസമായി. ‘മലയാചലഭൂമി’ ആണത്രെ പിന്നീട് മലയാലപ്പുഴയായത്. കാലാന്തരത്തിൽ ലളിതാ സഹസ്രനാമത്തിൽ മലയാചല വാസിനി എന്ന ദേവിയുടെ പര്യായ മന്ത്രം മലയാലപ്പുഴ ഭഗവതിയുടെതാണ് എന്ന് ചരിത്രം. മൂകാംബിക അമ്മ രുദ്രരൂപത്തിൽ തന്നെയെങ്കിലും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് ലളിതാംബികയായും സരസ്വതി ദേവിയായും മലയാലപ്പുഴയിൽ വാഴുന്നു.

മലയാലപ്പുഴയിൽ ക്ഷേത്രമുണ്ടായതിനു ചരിത്ര രേഖകളിൽ ഒരു ഐതീഹ്യം പറഞ്ഞു കേൾക്കുന്നു. നൂറ്റാണ്ടുകൾക്ക് മുന്പ് മലയാലപ്പുഴയിൽ നിന്നും ഒരു ബ്രാഹ്മണൻ മൂകാബികാ ദേവിയെ ദർശിക്കുവാൻ യാത്ര തിരിച്ചു. ഒരു മണ്ധലകാലം മുഴുവൻ ഭജനയുമായി കഴിയാൻ ആയിരുന്നു ആഗ്രഹം. അതുപ്രകാരം മൂകാംബികയിൽ എത്തി. ഇന്നത്തെ സൗകര്യങ്ങൾ ഒന്നും സ്വപ്നത്തിൽ പോലും കാണാൻ കഴിയാതിരുന്ന കാലം. ഒരു ദിവസം ഉറക്കത്തിൽ ഒരു ദിവ്യ തേജസ്സ് അദ്ദേഹത്തിനു കാണാനിട കിട്ടിയത്രെ. ഭയഭക്തി ബഹുമാനത്തോടെ അദ്ദേഹം ദിവ്യ ജ്യോതിസ്സിനെ വണങ്ങി. ജ്യോതിസ്സിനു മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു. സുസ്മേര വദനയായി ശംഖ് ചക്ര ഗദാധാരിയായ ആ ജ്യോതിസ് ഭഗവതി ബ്രാഹ്മണനോട് അങ്ങ് ഇനി ഇവിടെ താമസിക്കണമെന്നില്ല. എന്നെ ഭജിച്ച് സ്വന്തം നാട്ടിൽ താമസിച്ചാൽ മതിയെന്നും അങ്ങയുടെ പക്കലുള്ള തേവാര വിഗ്രഹത്തിൽ എന്റെ സാന്നിദ്ധ്യം ഇന്ന് മുതൽ ഉണ്ടായിരിക്കും എന്ന് അരുൾ ചെയ്തു. ദേവിയുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞ ബ്രാഹ്മണൻ ഉണർന്നെഴുന്നേറ്റപ്പോൾ ആരെയും കണ്ടില്ല. എങ്കിലും ലക്ഷ്യം സാക്ഷാൽക്കരിച്ച മനസ്സും ശരീരവുമായി അദ്ദേഹം മൂകാംബികാ ദേവിയുടെ മാഹാത്മ്യം ഉറക്കെ പറയാൻ തുടങ്ങി.

ചുറ്റും ഉറങ്ങി കിടന്ന ഭക്തർ ബ്രാഹ്മണന്റെ ഉച്ചത്തിലുള്ള ഉദ്ഘോഷം കേട്ട് ഉണർന്നു. സംതൃപ്തനായി ബ്രാഹ്മണൻ മലയിലപ്പുഴക്കു സമീപമുള്ള കൊടുമണ്ണിനരികെയുള്ള തന്റെ ഗ്രാമമായ ഇടത്തിട്ടയിലേക്ക് യാത്രയായി. മലയാലപ്പുഴയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്‌ പടിഞ്ഞാറെ അറ്റത്തുള്ള കൊടുമൺ‍ പഞ്ചായത്തിലെ ഇടത്തിട്ട.

ചെന്നീർക്കര സ്വരൂപത്തിലെ അവസാനത്തെ നാടുവാഴിയായ സംസ്‌കൃത കവി കൂടിയായിരുന്ന ശക്തി ഭദ്രൻ ചെന്നീർക്കരയും ഇടത്തിട്ടയും വിട്ടു പോയതോടെ നിരവധി ബ്രാഹ്മണ കുടുംബങ്ങൾ നാടുവിട്ടിരുന്നു. ഇവരിൽ ഭൂരിപക്ഷവും പിന്നീട് മലയിലപ്പുഴയിലെത്തി. ആ കൂട്ടത്തിൽ മൂകാംബികാ ഭക്തനും അനുഗ്രഹം ലഭിച്ചതുമായ ബ്രാഹ്മണനും ഉണ്ടായിരുന്നു. മലയിലപ്പുഴയിലെത്തിയ ബ്രാഹ്മണനു താമസ സൗകര്യവും ഭക്ഷണവും നൽകിയത് അന്നത്തെ പ്രബലമായ തറവാടായ തോന്പിൽ കുടുംബമാണത്രെ. ബ്രാഹ്മണൻ അവിടെ താമസം തുടങ്ങി. കുറെ മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മരുത്വാമലയിലേക്ക് യാത്ര തിരിക്കുവാൻ തീരുമാനിച്ചു. യാത്ര ചോദിക്കും വേളയിൽ ബ്രാഹ്മണന്റെ പക്കലുണ്ടായിരുന്ന തേവാര വിഗ്രഹം ഇളക്കാൻ കഴിയാത്ത അവസ്ഥ വന്നു ചേർന്നു. കൂട്ടത്തിൽ ഒരശരീരിയും. “എനിക്ക് ഈ സ്ഥലം നന്നേ ഇഷ്ടപ്പെട്ടു. ഞാൻ ഇവിടെ ഇരിക്കുകയാണ്. അങ്ങ് ഇനി മരുത്വാമലയിലേക്ക് പോകേണ്ട എന്നിലേക്ക് ലയിക്കുക” ഇതാണത്രെ അശരീരി ഉണ്ടായത്. ദേവിയുടെ അരുളപ്പാട് ബ്രാഹ്മണൻ ഉൾക്കൊണ്ടു. അദ്ദേഹം യാത്ര ഒഴിവാക്കി. തന്റെ തേവാര ബിംബത്തിൽ കുടികൊള്ളുന്ന മൂകാംബികാ ദേവിയെ പൂജിച്ച് ബ്രാഹ്മണൻ തോന്പിൽ കൊട്ടാരത്തിൽ തന്നെ തുടർന്നു. മാസങ്ങൾ കടന്നു പോയി, അദ്ദേഹം അവിടെ തന്നെ അന്ത്യശ്വാസവും വലിച്ചു. ബ്രാഹ്മണന്റെ മരണത്തോടെ ദേവിക്കുള്ള പൂജകൾ മുടങ്ങി. അത് ഭഗവതിയുടെ കോപത്തിനിടയാക്കി. ജനം പരിഹാര നിർദ്ദേശത്തിനു വേണ്ടി തോന്പിൽ കാരണവരോട് ആവലാതിപ്പെട്ടു. പ്രശ്ന പരിഹാരത്തിനു ജ്യോത്സ്യനെ വരുത്തി. മൂകാംബികാ ദേവിയെ യഥായോഗ്യം കുടിയിരുത്തുവാൻ ദേവപ്രശ്ന വിധിയുണ്ടായി.

വിധി നടപ്പിലാക്കുവാൻ തോന്പിൽ കുടുംബം തീരുമാനിച്ചു. അവർ ഇഷ്ട ദേവതക്ക് ഒരു പീഠം ഉണ്ടാക്കി, പീഠത്തെ ആരാധിക്കുവാൻ തുടങ്ങി. കാട്ടിൻ നടുവിൽ കരിങ്കല്ലിൽ കെട്ടിയ തറയിലായിരുന്നു പൂജ. ഭക്തജനങ്ങൾ വർദ്ധിച്ചു. തറയിലെ പീഠം മാറി ഒരു ക്ഷേത്രം ഉണ്ടായി. കുലശേഖര രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിയ നടപടികളിലൂടെ മലയാലപ്പുഴയിൽ ദേവീക്ഷേത്രം ഉണ്ടായി. വേതാളകണ്ഠസ്ഥിതയായ ദേവിയുടെ വിഗ്രഹം പ്രതിഷ്ടിച്ചു.

തമിഴ്നാട്ടിലെ ശിൽപ്പികളാണ് വിഗ്രഹം നിർമ്മിച്ചത് എന്ന് വിശ്വസിക്കുന്നു. ദുഷ്ടന്മാർക്ക് ഭയം ജനിപ്പിക്കുന്ന എട്ട് കൈകളിലും ദിവ്യായുധങ്ങളോട് കൂടിയ ഭഗവതി വേതാളത്തിന്റെ പുറത്തിരിക്കുന്ന വിഗ്രഹം. അസുര രാജാവ് ദാരികനെ നിഗ്രഹിച്ച് ഭദ്രകാളിയുടെ രൗദ്രഭാവത്തിൽ ഉള്ള വിഗ്രഹം ഉദ്ദേശം ആറര അടി ഉയരം വരും. പൂജാ സമയങ്ങളിൽ അലങ്കരിച്ച വിഗ്രഹം ദർശിച്ചാൽ ഈശ്വര വിശ്വാസി അല്ലാത്തവർക്ക് പോലും ഭയമുണ്ടാക്കുന്ന തരത്തിലുള്ള അത്യപൂർവ്വ വിഗ്രഹം.

മലയാലപ്പുഴ ക്ഷേത്രത്തിന്റെ ശ്രീ കോവിലിന്റെ ഭിത്തിയിൽ തെക്കൻ മലയാളത്തിലുള്ള അവ്യക്തമായ ലിപികൾ ദേവീസ്ഥാനത്തിന്റെ പ്രാചീനത വിളിച്ചറിയിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന ഗോപുരത്തിൽ രുദ്രഭാവത്തിലുള്ള ഭദ്രകാളി വിഗ്രഹവും കാണാം.

നാലന്പലം, ധ്വജം, ചതുഃശ്രീ കോവിൽ, മണ്ധപം, കരിങ്കൽ പാകിയ തറ, തെക്കുഭാഗത്ത്‌ മഹാഗണപതി, ശിവാൻ, ശാസ്താവ്, നാലന്പലത്തിനു പുറത്ത് രക്ഷസ്സ്, നാഗരാജാവ്, മലദേവതമാർ, യക്ഷി, മാടസ്വാമി എന്നീ പ്രതിഷ്ഠകളും. കാലത്തിനു നിർദ്ദേശത്തിനുമനുസരിച്ച് ഉണ്ടാക്കുന്നു. കിഴക്കേ നടയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആൽത്തറ. മാടസ്വാമിയുടെ സങ്കൽപ സ്ഥാനം ഇവിയാണ്. കർപ്പൂര ദീപമാണ് ഇവിടെ പ്രധാനം. പ്രസാധമാകട്ടെ ഭസ്മവും.

കാലത്ത് 4 മണിക്ക് പള്ളി ഉണർത്തൽ, 5ന് നിർമ്മാല്യ ദർശനം, അഭിഷേകം മലർ നിവേദ്യം, 6.45ന് ഉഷ:പൂജ, എതൃപൂജ, 11ന് നവകം, 12ന് ഉഷഃപൂജ, ശ്രീവേലി, 12.30ന് നട അടക്കും. വൈകീട്ട് 5ന് നട തുറക്കും. 6.30ന് ദീപാരാധന, 7.30ന് അത്താഴ പൂജ, 7.45ന് ശ്രീവേലി, 8ന് നട അടക്കും.

മഹാക്ഷേത്രമായ മലയാലപ്പുഴ അമ്മയുടെ മഹിമ വർണ്ണനകൾക്ക് അനീതമാണ്. വാചാലതക്കുമപ്പുറമാണ്. സർവ്വ മംഗളകാരിയായ അമ്മക്ക് മുന്പിൽ പ്രണാമം. പ്രയാണം അടുത്ത ആഴ്ച തുടരും.

You might also like

Most Viewed