പ്രതികാര വഴിയിൽ പുടിൻ‍


റഷ്യൻ‍ പോർ വിമാനം വെടിവച്ചിട്ട തുർ‍ക്കിയുടെ നടപടി ഐ.എസിനെതിരായ പോരാട്ടത്തിന്‍റെ ഗതി മാറ്റാൻ‍ സാദ്ധ്യത. സംഭവത്തിൽ ആരു ക്ഷമായാചനം നടത്തണമെന്ന തർ‍ക്കം മേഖലയിലെ അസ്വസ്ഥത കൂടുതൽ വഷളാക്കിയിരിക്കുന്നു. 

യന്ത്രത്തകരാറുമൂലവും അല്ലാതെയുമുള്ള വിമാനങ്ങളുടെ തകർ‍ച്ച വാർ‍ത്തയല്ലാതായിരിക്കുന്നു. എന്നാൽ‍ കഴിഞ്ഞ ചൊവ്വാഴ്ച തുർ‍ക്കിയുടെ അതിർ‍ത്തിയിൽ‍ തകർ‍ന്നു വീണ എസ്.യു 24 ബോംബർ‍ വിമാനത്തിന്‍റെ തകർ‍ച്ച അങ്ങനെ നിസാരമായി തങ്ങിക്കളയാനാവില്ല. ഒരുപക്ഷേ ഇത് മറ്റൊരു ലോകയുദ്ധത്തിനു തന്നെ വഴിവച്ചേക്കുമോയെന്ന് ആശങ്കപ്പെടുന്നവരുണ്ട്. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങൾക്കെതിരെയുള്ള റഷ്യൻ‍ സൈനിക നടപടിയിൽ‍ പങ്കെടുത്തുകൊണ്ടിരുന്ന പോർ‍വിമാനമാണ് തുർ‍ക്മെൻ‍ മലനിരകളിൽ‍ തകർ‍ന്നു വീണത്. തുർ‍ക്കി സൈന്യത്തിന്‍റെ മിസൈലേറ്റായിരുന്നു വിമാനം വീണത്. വിമാനത്തിന്‍റെ ഒരു പൈലറ്റ് അപകടത്തിൽ‍ കൊല്ലപ്പെട്ടു. രണ്ടാമൻ‍ പാരച്യൂട്ടിൽ‍ രക്ഷപെട്ടു. ലെഫ്റ്റനന്‍റ് കേണൽ‍ ഒലെഗ് പെഷ്കോവാണ് മരിച്ചത്. കോൺസ്റ്റാന്‍റിന്‍ മുറാഖ്റ്റിനാണ് രക്ഷപെട്ട വൈമാനികൻ‍. 

കഴിഞ്ഞ മാസത്തിന്‍റെ അവസാന ദിവസം ഈജിപ്തിലെ ഷാം അൽ‍ ഷെയ്ഖിനടുത്തുണ്ടായ വിമാനാപകടത്തിന്‍റെ വേദനയൊടുങ്ങും മുന്പാണ് റഷ്യയുടെ ഒരു വിമാനം കൂടി അപകടത്തിൽ‍പ്പെടുന്നത്. റഷ്യൻ‍ വിനോദ സഞ്ചാരികളുമായി മടങ്ങുകയായിരുന്ന ചാർ‍ട്ടർ‍ വിമാനം തകർ‍ന്ന് അന്ന് 224 പേർ‍ കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങൾക്കു നേരെ റഷ്യ ഏകപക്ഷീയമായി ആരംഭിച്ച സൈനിക നടപടിക്കുള്ള മറുപടിയായി ഐഎസ്സായിരുന്നു അന്ന് ആക്രമണം നടത്തിയത്. അന്നത്തെ ആക്രമണത്തോടേ തീവ്രവാദ വിരുദ്ധ നടപടികൾ കടുപ്പിച്ച റഷ്യക്ക് ഇപ്പോഴേറ്റ ആഘാതം പക്ഷേ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഈജിപ്തിലുണ്ടായത് എതിർ‍ പക്ഷത്തുള്ള ശത്രുവിൽ‍ നിന്നുള്ള ആക്രമണമായിരുന്നു. ഏതു യുദ്ധങ്ങളിലും ഇതു പ്രതീക്ഷിതമാണ്. എന്നാൽ‍ തുർ‍ക്കിയിൽ‍ നിന്നുണ്ടായത് തികച്ചും അപ്രതീക്ഷിതവും. അതുകൊണ്ടാണ് അതിനെ പിന്നിൽ‍ നിന്നുള്ള കുത്ത് എന്ന് റഷ്യൻ‍ പ്രസിഡണ്ട് വ്ളഡീമിർ‍ പുടിൻ‍ വിശേഷിപ്പിച്ചത്. സിറിയൻ‍ കാര്യത്തിൽ‍ അഭിപ്രായ വ്യത്യാസമുണ്ടങ്കിലും പല കാര്യത്തിലും റഷ്യയുടെ പങ്കാളിയാണ് തുർ‍ക്കി. പ്രത്യേകിച്ച് നാറ്റോയിലെ സഹ അംഗരാജ്യവും. വടക്കൻ‍ അറ്റ്ലാന്‍റിക്കൻ‍, യൂറോപ്പ് മേഖലയിലെ 28 രാജ്യങ്ങളുടെ കൂട്ടായ്മയാണ് നോർ‍ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർ‍ഗനൈസേഷൻ‍ അഥവാ നാറ്റോ. അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും ബാഹ്യ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിനുമൊക്കയുള്ള വ്യവസ്ഥകളാണ് ഈ കൂട്ടായ്മയുടെ കരുത്ത്. പൊതുശത്രുക്കൾക്കെതിരേ കൂട്ടായുള്ള പ്രതിരോധത്തിനും നാറ്റോ വ്യവസ്ഥചെയ്യുന്നു. അങ്ങനെയുള്ളൊരു അംഗരാജ്യത്തിന്‍റെ പക്കൽ‍ നിന്നുള്ള ഇത്തരമൊരു ആക്രമണം റഷ്യയെ ചൊടിപ്പിച്ചതിൽ‍ തെറ്റു പറയാനാവില്ല.  

തീവ്രവാദത്തിന്‍റെ ആഗോള പട്ടികയിൽ‍ ഇന്ന് ഒന്നാം നന്പറുകാരായി പരിഗണിക്കപ്പെടുന്ന ഐ.എസിനെതിരായ നടപടികളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതു കൂടിയാണ് തുർ‍ക്കിയുടെ നടപടി. അമേരിക്കയടക്കമുള്ള യൂറോപ്യൻ‍ ശക്തികൾ ഐ.എസ് വിഷയത്തിൽ‍ ഇരട്ടത്താപ്പാണ് പുലർ‍ത്തുന്നതെന്ന ആരോപണവും ഇതു ശക്തിപ്പെടുത്തുന്നു. വിമാനം വെടിവെച്ചിട്ട സംഭവത്തിൽ‍ തുർ‍ക്കി മാപ്പു പറയണമെന്നാണ് റഷ്യൻ‍ പ്രസി‍‍ഡണ്ട് പുടിന്‍റെ നിലപാട്. എന്നാൽ‍ തങ്ങളുടെ വ്യോമാതിർ‍ത്തി ലംഘിച്ച വിമാനമാണ് വെടിവച്ചിട്ടതെന്നും അതൊരു സ്വാഭാവിക നടപടി മാത്രമാണ് എന്നുമാണ് തുർ‍ക്കി പ്രസിഡണ്ട് തയ്യിപ് എർ‍ദോഗൻ‍ പറയുന്നത്. അമേരിക്ക ഈ നിലപാടിനൊപ്പമാണ്. പ്രസിഡണ്ട് ബറാക് ഒബാമ തന്നെ ഇക്കാര്യത്തിൽ‍ എർ‍ദോഗനു പരസ്യ പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. മുൻ‍ പ്രസിഡണ്ട് ജോർ‍ജ് ബുഷ് അടക്കമുള്ള നേതാക്കളും ഒബാമയുടെ നിലപാടിനെ ശരിവെയ്ക്കുന്നു.

ഇതാണ് അമേരിക്കൻ പക്ഷത്തിന്‍റെ യഥാർ‍ത്ഥ താൽ‍പ്പര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാക്കുന്നത്. നാറ്റോയിലെ അംഗരാജ്യവും വലിയതോതിലുള്ള വ്യാപാര പങ്കാളിയും ഒക്കെയാണെങ്കിലും സിറിയൻ‍ പ്രശ്നത്തിൽ‍ റഷ്യയുടേതിന് കടക വിരുദ്ധമായ നിലപാടാണ് തുർ‍ക്കിയുടേത്. ഐ.എസിനെതിരായ റഷ്യയുടെ കടുത്ത നിലപാടിനും ഇപ്പോഴത്തെ സൈനിക നടപടിക്കുമൊക്കെ പിന്നിലുള്ള പ്രധാന ഉദ്ദേശം തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക എന്നതിനുമപ്പുറം സിറിയൻ നായകനായ ബാഷർ‍ അൽ‍ അസദിനെ സംരക്ഷിക്കുക എന്നത് തന്നെയാണ്. മനുഷ്യാവകാശ ലംഘനം, വംശഹത്യ എന്നീ ആരോപണങ്ങളുന്നയിച്ച അമേരിക്കയുടെ നേതൃത്വത്തിൽ‍ നേരത്തേ സിറിയക്കെതിരായി സഖ്യശക്തികൾ സൈനിക നടപടിക്ക് നീക്കം നടത്തിയപ്പോൾ അതിനെ വീറ്റോ ചെയ്തത് റഷ്യയായിരുന്നു. പതിറ്റാണ്ടുകൾ നീളുന്നതാണ് അസദ് കുടുംബവും റഷ്യയുമായുള്ള ബന്ധം. മേഖലയിലെ റഷ്യൻ താൽ‍പ്പര്യങ്ങളുടെ സംരക്ഷണത്തിന് സിറിയക്കുമേലുള്ള സ്വാധിനവും അപ്രമാദിത്വവും നിലനിർ‍ത്തേണ്ടത് റഷ്യക്ക് അത്യാവശ്യമാണ്. മറിച്ച് അസദ് ഭരണകൂടത്തെ നിഷ്കാസിതരാക്കാൻ‍ എന്തും ചെയ്യുമെന്നതാണ് തുർ‍ക്കിയുടെ പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ട്‍ തന്നെ തങ്ങളുടെ അതിർ‍ത്തിക്കുള്ളിലുള്ള ഐ.എസ് തീവ്രവാദികളോട് തുർ‍ക്കി മൃദു സമീപനം പുലർ‍ത്തുന്നതായുള്ള ആരോപണം പണ്ടേയുണ്ട്. അതെന്തായാലും റഷ്യൻ പോർ‍ വിമാനത്തിന് നേർ‍ക്ക് ഇപ്പോഴുണ്ടായ ആക്രമണം ഐ.എസ്സ് വിരുദ്ധ പോരാട്ടത്തെ ദുർ‍ബലപ്പെടുത്തും എന്ന കാര്യത്തിൽ‍ തർ‍ക്കമില്ല. 

പ്രശ്നത്തെച്ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിൽ‍ സംജാതമായിരിക്കുന്ന സംഘർ‍ഷം സൈനിക നടപടികളെ കൂടുതൽ‍ സങ്കീർ‍ണ്ണമാക്കാൻ തന്നെയാണ് സാദ്ധ്യത. അത് ഇരു രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ഉറപ്പാണ്. ക്ഷമായാചനം നടത്താൻ വിമുഖത കാട്ടുന്ന തുർ‍ക്കിക്കെതിരായ നടപടികൾക്ക് പ്രസിഡണ്ട് പുടിൻ‍ തുടക്കം കുറിച്ചു കഴിഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ‍ സജീവമായിരുന്ന വിനോദ സഞ്ചാര പദ്ധതികൾ ഇതോടെ മുടങ്ങിയിട്ടുണ്ട്. തുർ‍ക്കി പൗരന്മാർ‍ക്ക് ഒരു വർഷത്തേയ്ക്ക് രാജ്യത്തേയ്ക്ക് വിനോദയാത്രാനുമതി നൽ‍കേണ്ടതില്ല എന്നുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പുടിൻ ഒപ്പുവച്ചത്. ഇതൊരു സൂചനയാണ്.  കൂടുതൽ‍ കടുത്ത നടപടികൾ ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

ശത്രുതയിലാവുന്ന രാജ്യങ്ങളെ സാന്പത്തിക നടപടികളിലൂടെ സമ്മർ‍ദ്ദത്തിലാക്കുന്നതാണ് റഷ്യയുടെ ശൈലി. റഷ്യയോട്  ഉടക്കിയ ക്രൊയേഷ്യയും ജോർ‍ജിയയുമൊക്കെ ഇതിന്‍റെ തിക്ത ഫലം അനുഭവിച്ചവരാണ്. ഇതേ ശൈലി തുർ‍ക്കിക്കെതിരായും ഉണ്ടാകാൻ തന്നെയാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ‍ അവരെ ആ പ്രതിസന്ധിയിൽ‍ നിന്നും കരകയറ്റാൻ ഇതര യൂറോപ്യൻ രാജ്യങ്ങൾ ഏറെ ബുദ്ധിമുട്ടേണ്ടി വരും. വലിയ തോതിൽ‍ ഭക്ഷ്യ വസ്തുക്കൾ റഷ്യയിലേയ്ക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് തുർ‍ക്കി. റഷ്യ വാതിലുകൾ കൊട്ടിയടച്ചാൽ‍ ഈ ഉൽ‍പ്പന്നങ്ങളുടെ വിപണി നഷ്ടമാകും. രാജ്യത്ത് ഇന്ധന പ്രതിസന്ധിക്കും പ്രശ്നം വഴിവെച്ചേക്കാം. തുർ‍ക്കി ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ പാതിയും എത്തുന്നത് റഷ്യയിൽ‍ നിന്നാണ്. എന്നാൽ‍ ഈ സപ്ലൈ നിർ‍ത്താൻ റഷ്യ തയ്യാറായേക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ‍. ഇതിൽ‍ നിന്നുള്ള വരുമാനമുപേക്ഷിക്കാൻ റഷ്യക്കാവില്ല എന്നതാണ് അതിനവർ‍ നിരത്തുന്ന കാരണം. അതേ സമയം ക്ഷമപറയില്ലെന്ന നിലപാടിൽ‍ തുർ‍ക്കി ഉറച്ചു നിന്നാൽ‍ റഷ്യ ഇത്തരം കടുത്ത നിലപാടുകളിലേയ്ക്ക് ചുവടു മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 

പ്രശ്നത്തിൽ‍ പ്രസിഡണ്ട് പുട്ടിനുമായി ചർ‍ച്ചയ്ക്ക് തയ്യാറാണെന്ന കാര്യം തുർ‍ക്കി പ്രസിഡണ്ട് എർ‍ദോഗൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ‍ റഷ്യക്ക് ഇത് സ്വീകാര്യമാകാനിടയില്ല. അങ്ങനെയെങ്കിൽ‍ ഐ.എസ് വിരുദ്ധ പോരാട്ടത്തെ അതു ദുർ‍ബലപ്പെടുത്തുമെന്നുറപ്പാണ്. മാത്രമല്ല വീണ്ടുമൊരു ലോകയുദ്ധമെന്ന ഭീഷണി കൂടുതൽ‍ ശക്തമാവുകയും ചെയ്യും.

You might also like

Most Viewed