യുദ്ധ ഭീതിയിൽ യൂറോപ്പ്


പാരീസ് ആക്രമണം യൂറോപ്പിന്‍റെ സ്വസ്ഥത കെടുത്തിയിരിക്കുന്നു. സമാധാനത്തിന്‍റെയും പരിഷ്കാരത്തിന്‍റെയും സന്പന്നതയുടെയും ഭൂമികയിൽ അതിർ‍ത്തികളില്ലാത്ത ഒരു യുദ്ധം അസ്വസ്ഥത പടർ‍ത്തുന്നു

ഭീകരതക്കെതിരായ അമേരിക്ക‍യുടെ വിശ്രുതമായ ലോകയുദ്ധത്തിനു തുടക്കമായത് 2001 സെപ്റ്റംബർ‍ 11ന് അമേരിക്കയിലെ ന്യൂയോർ‍ക്ക്, വാഷിംഗ്ടൺ, പെനിസിൽ‍വാനിയ എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണത്തോടെയായിരുന്നു. ലോകവ്യാപാരകേന്ദ്രത്തിന്‍റെ ഇരട്ടക്കെട്ടിടങ്ങളിലടക്കം അൽ‍ഖ്വയിദ അഴിച്ചുവിട്ട ആക്രമണ പരന്പരയിൽ‍ അന്നില്ലാതായത് 3000ത്തിലേറെ ജീവനുകളായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അതിന്‍റെ തുടർ‍ച്ചയായി അധിനിവേശങ്ങളുടെയും അക്രമങ്ങളുടെയും പരന്പരകൾ തന്നെയുണ്ടായി. നെയ്തു കൂട്ടിയ നുണക്കഥകളുടെ കൂടി പിൻ‍ബലത്തിലായിരുന്നു അന്നത്തെ ബുഷ് ഭരണകൂടം ഈ അധിനിവേശങ്ങളൊക്കെ നടത്തിയതെന്ന് പിന്നീടു വെളിവായി. ലോകമൊട്ടാകെയുള്ള മുസ്ലീം സമൂഹം അതിന്‍റെ പേരിൽ‍ ക്രൂശിക്കപ്പെട്ടു. പലപ്പോഴും പ്രമുഖർ‍ പോലും മുസ്ലീം നാമങ്ങളുടെ പേരിൽ‍ അപമാനിക്കപ്പെട്ടു. എന്നാൽ‍ ആക്രമണങ്ങളുടെ നായകസ്ഥാനത്തുണ്ടായിരുന്ന പ്രസിഡണ്ട് ബുഷ് അമേരിക്കയിലെ ഇസ്ലാം ലോകത്തിന് അനുകൂലമായി അന്നു നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. “ The face of terror is not the face of Islam. Islam is peace. These terrorists does not respect peace. They respect evil and war. (“തീവ്രവാദത്തിന്‍റേത് ഇസ്ലാമിന്‍റെ മുഖമല്ല. ഇസ്ലാം സമാധാനമാണ്. തീവ്രവാദികൾ സമാധാനത്തെ ബഹുമാനിക്കുന്നില്ല. തിന്മയുടെയും യുദ്ധത്തിന്‍റെയും ഉപാസകരാണവർ‍”) എന്നതായിരുന്ന ബുഷ് അന്നു നടത്തിയ പ്രസംഗത്തിന്‍റെ രത്നച്ചുരുക്കം. ട്വിൻ‍ ടവർ‍ ആക്രമണത്തിന് ആറു ദിവസങ്ങൾക്ക് ശേഷം വാഷിംഗ്ടണിലെ ഇസ്ലാമിക് സെന്‍ററിൽ‍ നടന്ന ചടങ്ങിലായിരുന്ന ബുഷ് ഇങ്ങനെ പറഞ്ഞത്. പക്ഷേ ഭീകരതക്കെതിരായ ആഗോള പോരാട്ടം നീണ്ട പതിനാലു വർ‍ഷങ്ങൾ പൂർ‍ത്തിയാക്കുന്ന വർ‍ത്തമാനകാലത്ത് പാരീസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ‍ ബുഷ് അങ്ങനെ പറഞ്ഞാൽ‍ ഒരുപക്ഷേ സ്വന്തം പാർ‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാർ‍ പോലും അദ്ദേഹത്തെ പിന്തുണക്കാനുണ്ടാവില്ലെന്നാണ് അമേരിക്കയിൽ‍ നിന്നുള്ള റിപ്പോർ‍ട്ടുകൾ നൽ‍കുന്ന സൂചന.

രാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ പ്രത്യേക രജിസ്ട്രേഷൻ‍ ആരംഭിക്കണമെന്നും കുറച്ചു മോസ്കുകളെങ്കിലും അടച്ചുപൂട്ടണമെന്നുമൊക്കെയുള്ള കടുത്ത നിലപാട് ആവശ്യമാണ് എന്നാണ് അമേരിക്കൻ‍ പ്രസി‍‍ഡണ്ടു തെരഞ്ഞെടുപ്പിലെ മുൻ‍നിരക്കാരിലൊരാളും പ്രമുഖ ബിസിനസ്സുകാരനുമായ ഡൊണാൾഡ് ട്രംപ് പറയുന്നത്. റിപ്പബ്ലിക്കൻ‍ പക്ഷക്കാരൻ‍ തന്നെയായ ബെൻ‍ കാഴ്സണാവട്ടെ ഇതിനും ഒരു പടികൂടി അപ്പുറത്തേക്കും പോയി. സിറിയൻ‍ അഭയാർ‍ത്ഥികളിൽ‍ പലരും പേവിഷബാധയുള്ള നായക്കളെപ്പോലെയാണെന്ന് ട്രംപിനൊപ്പം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർ‍ത്ഥിത്വത്തുനായി മത്സര രംഗത്തുള്ള കാഴ്സൺ‍ന്‍റെ പക്ഷം.  

ഫ്രാൻസിലെ തീവ്രവാദിയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ‍ സിറിയയടക്കമുള്ളിടങ്ങളിൽ‍ നിന്നുള്ള അഭയാർ‍ത്ഥികളുടെ കൂട്ട അറസ്റ്റാണ് ഇപ്പോളാവശ്യം എന്നാണ് വിർ‍ജീനിയയിലെ റോണോക് മേയറായ ഡേവിഡ് ബോവേഴ്സ് പറയുന്നു. പണ്ട് രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കയിലേക്കെത്തിയ ജപ്പാൻ‍കാരെ സുരക്ഷാകാരണങ്ങളാൽ‍ ഇങ്ങനെ കൂട്ടത്തടങ്കലിലാക്കിയിരുന്നു. ഇതിനു സമാമമാണ് നിലവിലെ സാഹചര്യങ്ങളെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എല്ലാവിഭാഗക്കാരുടെയും സംരക്ഷണം ഉറപ്പാക്കാൻ‍ പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കന്മാർ‍ തന്നെ ഇങ്ങനെ പരസ്യമായി കൂട്ടത്തോടേ അഭിപ്രായ പ്രകടനം നടത്തുന്നത് അടുത്ത കാലത്തായി അമേരിക്കയുടെ സാമൂഹ്യ മനഃസാക്ഷിയിലുണ്ടായിരിക്കുന്ന ശക്തമായ വ്യതിചലനമാണ് സൂചിപ്പിക്കുന്നത്. അമേരിക്കൻ‍ ഭൂഘണ്ധത്തിലുണ്ടായിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മുസ്ലീം വിരോധ സാഹചര്യമാണ്. സ്വന്തം മണ്ണിൽ‍ മൂവായിരത്തിലേറെപ്പേർ‍ കൊല്ലപ്പെട്ടപ്പോൾ ഉണ്ടായതിനെക്കാൾ അതിശക്തമായ ഇസ്ലാം വിരുദ്ധ വികാരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് അമേരിക്കയിലെ ഇസ്ലാം സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. 

അറബികൾക്കും മുസ്ലീങ്ങൾക്കും മാത്രമല്ല എല്ലാ കുടിയേറ്റക്കാർ‍ക്കും പ്രത്യേകിച്ചു തവിട്ടു നിറക്കാർ‍ക്ക് നിലവിലെ സംഭവവികാസങ്ങൾ ഗുണകരമല്ല എന്ന് അമേരിക്കൻ‍ അറബ് വിവേചനവിരുദ്ധ സമിതി ‍ഡയറക്ടറായ അബേദ് അയൂബ് വിലയിരുത്തുന്നു. അമേരിക്കൻ‍ സമൂഹം അതി വൈകാരികതയുടെയും ഭീതിയുടെയും നിഴലിലാണെന്ന് അമേരിക്കൻ‍ ഇസ്ലാമിക് റിലേഷൻ‍സ് കൗൺസിൽ‍ ഡയറക്ടർ‍ ഇബ്രാഹിം ഹൂപ്പർ‍ അഭിപ്രായപ്പെട്ടു.  ഇസ്ലാം വിരുദ്ധത അതിന്‍റെ പരകോടിയിലാണ്. ഇതുമൂലം ഒരു സമൂഹത്തിനുണ്ടാകുന്ന അരക്ഷിതാവസ്ഥയാകട്ടെ വലിയ അപകടങ്ങൾക്കു വഴിെവയ്ക്കുകയും ചെയ്യും.

പലകാര്യങ്ങളിലും അമേരിക്കയുടേതിനു സമാനമായ നിലപാടുകളുള്ള യൂറോപ്യൻ‍ രാജ്യങ്ങളുടെ സ്ഥിതിയും സമാനമാണ്. ഒരൽ‍പ്പം കൂടി കടന്ന വിസ്ഫോടനാത്മകമായ അവസ്ഥയിലാണ് അവിടം. പാരീസ് ആക്രമണം യൂറോപ്പിന്‍റെ മുഖമുദ്രയായ സമാധാനാന്തരീക്ഷം ഇല്ലാതാക്കിയിരിക്കുന്നു. ഫ്രാൻ‍സടക്കമുള്ള രാജ്യങ്ങളിൽ‍ യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളത്. ആഘോഷങ്ങളുടെയും ആസ്വാദനത്തിന്‍റെയും ഇടങ്ങളായിരുന്ന പാരീസിലെ തെരുവുകളിൽ‍ പൂർ‍ണ്ണമായും ആളൊഴിഞ്ഞിട്ടില്ല എന്നത് ആശ്വാസകരം. പക്ഷേ അവിടെ ഇപ്പോഴുള്ളത് എന്തും എവിടെയും ഏതു നിമിഷവും സംഭവിക്കാമെന്ന ആശങ്കയാണ്. ഒരിക്കലുമുണ്ടായിട്ടില്ലാത്തത്ര ഭീതിയാണ് പാരീസിനെ ചൂഴ്ന്നു നിൽ‍ക്കുന്നത്. രാജ്യത്ത് മൂന്നു മാസത്തേയ്ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ‍ അനസ്യൂതം തുടരുന്നു. 

അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും നാടായ ഫ്രാൻ‍സിൽ‍ കഴിഞ്ഞ ജനുവരിയിൽ‍ ഷാർ‍ലി എബ്ദോ വാരികക്കു നേരെയുണ്ടായ ആക്രമണത്തെ തുടർ‍ന്ന് അവർ‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പതിനായിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. എന്നാൽ‍ കഴിഞ്ഞ ദിവസത്തെ തീവ്രവാദിയാക്രമണ പരന്പരയെത്തുടർ‍ന്ന് രാജ്യത്തെ സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമാണ്. ജനം ആഘോഷങ്ങളിൽ‍ നിന്നും അകന്നു നിൽ‍ക്കാനാണ് ഇപ്പോൾ താൽ‍പ്പര്യപ്പെടുന്നത്. ആക്രമണം ഒരു ഷാർ‍ലി എബ്ദോക്കെതിരെ മാത്രമല്ല ആർ‍ക്കു നേരെയും ഉണ്ടാകാമെന്ന വസ്തുത അവർ‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അന്തരീക്ഷത്തിൽ‍ അപായത്തിന്‍റെ മണിമുഴക്കം പതിവായിരിക്കുന്നു. അടിയന്തിരാവസ്ഥ നിലവിലുള്ളതിനാൽ‍ ആൾക്കാർ‍ കൂട്ടം കൂടുന്നതിനു നിരോധനമുണ്ട്. സംശയകരമായ സാഹചര്യങ്ങളുണ്ടായാലോ സംശയം തോന്നുന്ന വസ്തുക്കൾ കണ്ടാലോ അപ്പപ്പോൾ അധികൃതരെ വിവരമറിയിക്കാൻ നിർ‍ദ്ദേശമുണ്ട്. അങ്ങനെ സംശയകരമായി കണ്ടെത്തുന്ന വസ്തുക്കൾ നിർ‍വ്വീര്യമാക്കുന്നതുമായി ബന്ധപ്പെട്ട സ്ഫോടന ശബ്ദങ്ങൾ ഇടക്കിടെ പതിവായിരിക്കുന്നു. സംശയ ദൃഷ്ടിയോടെ നിങ്ങളെ നോക്കുന്നവർ‍ എല്ലാം സുരക്ഷാ ഉദ്യോഗസ്ഥരായിക്കൊള്ളണമെന്നില്ല. സാധാരണ പൗരന്മാർ‍ തന്നെ പരസ്പരം അങ്ങനെ നോക്കുന്ന സാഹചര്യം അസ്വസ്ഥതയുണർ‍ത്തുന്നു. സ്ഫോടനങ്ങളിലെ മരിക്കാത്ത ആക്രമികൾക്കും തീവ്രവാദ ബന്ധമുള്ള മറ്റാൾക്കാർ‍ക്കുമായി തെരച്ചിൽ‍ തുടരുകയാണ്. അതിനുള്ള സൈനികർ‍ക്ക് തങ്ങൾ യുദ്ധത്തിൽ‍ തന്നെയാണ് എന്ന നിർ‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇത് യുദ്ധം തന്നെയാണ്. രാജ്യത്തിനു കനത്ത നാശമുണ്ടാക്കിയ ശത്രുവിനോട് രാജ്യത്തിനകത്തും അതിർ‍ത്തികൾക്കപ്പുറത്തുമായി നടത്തുന്ന അതി ഘോരമായ യുദ്ധം. അത് എങ്ങനെയായകുമെന്ന് ഇപ്പോൾ പറയാനാവില്ല. കാരണം അതിർ‍ത്തികളില്ലാത്ത പോർ‍മുഖങ്ങൾ തുറന്ന ഐ.എസ്സാണ് എതിരാളി എന്നതു തന്നെ. ഏതായാലും സിറിയയിലെ ഫ്രഞ്ചു സൈനിക നടപടിക്കെതിരെ ഐ.എസ് നടത്തിയ പാരീസ് ആക്രമണത്തോടെ അവർ‍ക്കെതിരായുള്ള ആക്രമണങ്ങൾ ഫ്രാൻ‍സ് കടുപ്പിച്ചിരിക്കുകയാണ്. പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്നാണ് ഫ്രഞ്ചു പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹൊളാന്ദേ പ്രതിജ്ഞയെടുത്തിരിക്കുന്നത്. രാജ്യത്തിനെതിരെ രാസ ജൈവായുദ്ധങ്ങളുമായി തീവ്രവാദികൾ ആക്രമണം നടത്തിയേക്കുമെന്ന ഭീഷണി നിലനിൽ‍ക്കുന്നെന്നാണ് പ്രധാനമന്ത്രി മാന്വൽ‍ വാൾസ് പറയുന്നത്. ആക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ‍ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനായി വലിയ പദ്ധതികളാണ് ഫ്രാൻസ് തിരക്കിട്ടു നടപ്പാക്കുന്നത്. എന്നാൽ‍ ഇവയുടെയൊക്കെ ഗുണഫലമുണ്ടാകാൻ കാലം ഏറെയെടുക്കും. ഇപ്പോഴുള്ള ഭീഷണികൾ ഫലപ്രദമായി ചെറുക്കാൻ അവർ‍ക്ക് പുതിയ വഴികൾ കണ്ടത്തേണ്ടി വരും.

പരിശോധനയില്ലാതെ അതിർ‍ത്തികൾ താണ്ടാൻ‍ ലഭിച്ച സുവർ‍ണ്ണാവസരം തീവ്രവാദികൾ മുതലെടുത്തതാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ സാദ്ധ്യമാക്കിയതെന്നാണ് വാൾസ് പറയുന്നത്. ഇത് വാസ്തവവുമാണ്. മനുഷ്യത്തത്തിന്‍റെ പേരിൽ‍ സ്വന്തമതിർ‍ത്തികൾ തുറന്നിട്ട യൂറോപ്യൻ രാജ്യങ്ങൾ അതിന് ഇത്രവേഗമൊരു വിപരീതഫലമുണ്ടാകുമെന്നു കരുതിയില്ല. അഭയാർ‍ത്ഥി പ്രശ്നത്തിൽ‍ തുടക്കം മുതലേ എതിർ‍പ്പു പ്രകടിപ്പിച്ചവർ‍ മാത്രമല്ല അഭയാർ‍ത്ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിച്ചവർ‍ പോലും പുനരാലോചനയുടെ വഴിയിലാണ്. 

ടെണാൾഡ് ട്രംപിന്‍റെയും ബെൻ കാഴ്സൺന്‍റെയുമൊക്കെ അഭിപ്രായ പ്രകടനങ്ങൾക്കെതിരേ അമേരിക്കൻ‍ പ്രസി‍‍ഡണ്ടു തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രതീക്ഷയായ ഹിലരി ക്ലിന്‍റണും ജോർ‍ജ് ബുഷിന്‍റെ സഹോദരൻ ജെബ് ബുഷുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷ നൽ‍കുന്നതാണ്. പശ്ചിമേഷ്യയിലെയും ഉത്തര ആഫ്രിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളിൽ‍ പെട്ടുഴലുന്ന ഒരുപാടു പാവങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ് യൂറോപ്യൻ രാജ്യങ്ങളിലെ അഭയവും സമാധാന ജീവിതവും. അവരുടെ  പ്രത്യാശക്കു മേൽ‍ നിഴൽ‍ പരത്തുന്നതാണ് യൂറോപ്പിലും അമേരിക്കയിലും പാരീസ് തീവ്രവാദിയാക്രമണങ്ങളെ തുടർന്ന് സംജാതമായിരിക്കുന്ന പുതിയ സാഹചര്യം.

You might also like

Most Viewed