നിയമസഭാ തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുന്പോൾ
മണിലാൽ
2016 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ വിജയം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി തുടർച്ചയായി പരാജയം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനു വലിയ തോതിൽ മുന്നോട്ടുള്ള കുതിപ്പിന് ഉത്തേജകമായി തീർന്നു ഇത് എന്ന കാര്യത്തിൽ സംശയമില്ല. അരുവിക്കര തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ചില പൊടിക്കൈകളിലൂടെയാണെങ്കിലും യു.ഡി.എഫിനുണ്ടായ വിജയം അവർക്ക് വലിയ ആത്മവിശ്വാസം പകരുന്നതും ഇടതുപക്ഷത്തിന്റെ അണികളിലാകെ വലിയ നിരാശ ഉളവാക്കുന്നതുമായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തെത്തിയില്ലെങ്കിലും വോട്ടിംഗ് ശതമാനത്തിലുണ്ടായ വളർച്ച ബി.ജെ.പി രാഷ്ട്രീയത്തിന് ഒരു പൊതു സ്വീകാര്യതയുണ്ടാക്കി. അതുകഴിഞ്ഞ് ഏതാനും മാസങ്ങൾക്കിപ്പുറം തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇടതുപക്ഷത്തിന് അനുകൂലമായി പ്രകടമായ ഒരുമാറ്റം തന്നെ സംഭവിച്ചു. അതിന്റെ കാരണം ഈ പംക്തിയിൽ ഇതിനു മുന്പ് ചെറുതായി പരിശോധിച്ചതുമാണ്. എന്നാൽ ഇന്നത്തെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ പരിഗണിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ എന്തൊക്കെ മാറ്റങ്ങളും അവസരങ്ങളുമാണ് സംഭാവിക്കാനിടയുള്ളത്, എന്ന പരിശോധന കൗതുകകരമായിരിക്കും. ലോകരാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും അതിവേഗത്തിലുള്ള കുഴമറിച്ചിലുകൾ ഇപ്പോൾ സംഭവിക്കുന്നുണ്ട്. അവയുടെയൊക്കെ ആഘാത പ്രത്യാഘാതങ്ങളും കേരളരാഷ്ട്രീയത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമായേക്കാം. അവയാകട്ടെ പ്രവചനാതീതമാണ് താനും. എന്നിരുന്നാലും നിലവിലുള്ള സാഹചര്യങ്ങൾ ഓരോ മുന്നണികളെയും എങ്ങനെ ബാധിക്കും എന്ന പരിശോധന പ്രസക്തം തന്നെയാണ്.
ഇന്നത്തെ ഭരണകക്ഷി യു.ഡി.എഫ് ആണല്ലോ. അവർക്ക് ഒരു ഭരണ തുടർച്ചക്ക് അവസരമുണ്ടോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. മലയാളത്തിന്റെ അനുഭവം വെച്ച് എല്ലാവർക്കും പറയാവുന്ന ഉത്തരം ‘ഇല്ല’ എന്ന് തന്നെയായിരിക്കുമല്ലോ. എന്നാൽ ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ വിശ്വാസ തകർച്ചയെ നന്നായി ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് സാധിച്ചിരുന്നു. ഇടതുമുന്നണിയോടൊപ്പം ഉണ്ടായിരുന്ന ജനതാദൾ, ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസ്, ആർ.എസ്.പി എന്നീ പാർട്ടികളെ യു.ഡി.എഫിന്റെ ഘടക കക്ഷികളാക്കി മാറ്റാൻ സാധിച്ചത് അവർക്ക് വലിയ തോതിൽ ആത്മവിശ്വാസം ഉണ്ടാക്കി. ഈ പാർട്ടികളുടെ സ്വാധീനത്തെ കേവലം സംഖ്യാശാസ്ത്രപരമായ വോട്ടുകളുടെ എണ്ണവുമായി മാത്രം ബന്ധപ്പെടുത്തി പരിശോധിക്കാവുന്നതല്ല. സോഷ്യലിസ്റ്റുകളായ ജനതാദളിനും മാർകിസ്റ്റുകൾ തന്നെ എന്നവകാശപ്പെടുന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിക്കും അവരുടെ സ്വാഭാവികമായ നാഭീനാള ബന്ധം ഇടതുപക്ഷവുമായി തന്നെയാണ്. ദേശീയ തലത്തിൽ അതിപ്പോഴും അങ്ങനെ തന്നെയാണ് താനും. മാണി കേരളയുടെ അഴിമതി രാഷ്ട്രീയത്തിനെതിരായ ഒരു ചെറുത്ത് നിൽപ്പിന്റെ മുഖമാണ് ജോസഫ് കേരളയ്ക്കുണ്ടായിരുന്നത്. അവർ ഇടതുമുന്നണിയിൽ നിൽക്കുന്പോൾ അത് ഇടതുമുന്നണിക്ക് വോട്ടു സംഖ്യക്കപ്പുറമുള്ള ഒരു ധാർമ്മികബലം പ്രദാനം ചെയ്‌തിരുന്നു. ഇവരുടെ ഒഴിഞ്ഞുപോക്കിന് രാഷ്ട്രീയ കാരണങ്ങൾ പ്രധാനമായി ഉണ്ടായിരുന്നില്ല. സി.പി.ഐ നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ സംഘടനാ മുഷ്കും വലിയേട്ടൻ മനോഭാവവും നിമിത്തം, ഇടതുമുന്നണിയിൽ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതുകൊണ്ട,് ഗത്യന്തരമില്ലാതെ തങ്ങൾക്ക് ഇടതുമുന്നണിയോട് സലാം പറയേണ്ടി വന്നു, എന്ന ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിച്ചെടുക്കാൻ ജനതാദളിനും ആർ.എസ്.പിക്കും കഴിയുകയും ചെയ്തു. ജോസഫ് ഗ്രൂപ്പ് മാത്രമാണ് അത്തരം പ്രശ്നങ്ങളൊന്നും ഉന്നയിക്കാതെ എൽ.ഡി.എഫ് വിട്ടുപോയത്. ജോസഫ് ഗ്രൂപ്പിനെ മാണി കേരളയിൽ ലയിപ്പിച്ച് യു.ഡി.എഫിൽ എടുക്കുന്നതിനു എതിരായ ശക്തമായ നിലപാടാണ് കോൺഗ്രസിൽ നിന്നുണ്ടായത്. എന്നാൽ അവയൊക്കെ പരിഹരിച്ച് പൂർണ്ണ തൃപ്തിയോടെ അല്ലെങ്കിലും, ഒന്നായ കേരളാ കോൺഗ്രസ്സിനെ മുന്നണിയുടെ ഭാഗമാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞത്, മധ്യകേരളത്തിലെങ്കിലും യു.ഡി.എഫിന് ഗുണം ചെയ്തിരുന്നു. ജനതാദളിനെയും ആർ.എസ്.പിയെയും വലിയ പ്രശ്നങ്ങളില്ലാതെ യു.ഡി.എഫിൽ നിർത്താനുമായി. ഉമ്മൻചാണ്ടിയുടെ അസാമാന്യമായ സംഘടാനാ പാടവം ഒരു ഭരണത്തുടർച്ച സ്വപ്നം കാണാനുള്ള സാധ്യത യു.ഡി.എഫിന് നൽകി. ഇന്നിപ്പോൾ പരിഗണിക്കുന്പോൾ ഈ സാഹചര്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചതായി കാണാം. ഇടതുപക്ഷം വിശ്വാസ്യത നേടിയെടുത്തു എന്ന് പറയാവുന്ന രാഷ്ട്രീയ സാഹചര്യമൊന്നും ഉരിത്തിരിഞ്ഞിട്ടില്ലെങ്കിലും പാർട്ടി കോൺഗ്രസ്സിന് ശേഷം വി.എസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾ പാർട്ടി അണികളിൽ വലിയ ആവേശത്തിന് കാരണമായിട്ടുണ്ട്. പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രസ്ഥാവനകളിൽ നിന്ന് അദ്ദേഹം പിന്നോക്കം പോയി എന്ന് മാത്രമല്ല, യോജിപ്പിന് വേണ്ടി പരമാവധി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അരുവിക്കര തിരഞ്ഞെടുപ്പ്, മൂന്നാർ സമരം, തദ്ദേശ തിരഞ്ഞെടുപ്പ്, സോളാർ, ബാർ, വെള്ളാപ്പള്ളി വിവാദങ്ങൾ എന്നിവയിലെല്ലാം മെയ്്വഴക്കം വന്ന ഒരു ചേകവന്റെ റോളിലാണ് അദ്ദേഹം പടവെട്ടിയത്. തൊണ്ണൂറ്റിമൂന്നാം വയസ്സിലും അദ്ദേഹം പ്രകടിപ്പിച്ച ഈ പോർ വീര്യം ഇടതുമുന്നണിയെ പൊതുവായി ആവേശഭരിതമാക്കിയിട്ടുണ്ട്. അതുമാത്രമല്ല സംഘടന കയ്യിലൊതുക്കി വി.എസ്സിനെ മൂലക്കിരുത്തി മുന്നേറാൻ കഴിയും എന്ന നേതൃത്വത്തിന്റെ പ്രതീക്ഷകളെയാകെ അത് അട്ടിമറിക്കുകയും ചെയ്തു. ഒരു ക്യാന്പയിനർ എന്ന നിലയിൽ വി.എസ്സിന്റെ നാലയലത്ത് പോലും എത്താൻ ശേഷിയുള്ള നേതാക്കൾ ആരും സി.പി.ഐ എമ്മിൽ ഇല്ല എന്ന് ഇത് വ്യക്തമാക്കി. ഇപ്പോഴും ഈ പാർട്ടിക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ പഴയ പോലെ കഴിഞ്ഞിട്ടില്ലെങ്കിലും ‘തമ്മിൽ ഭേദം തൊമ്മൻ’ എന്ന നിലയിലുള്ള സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇടതു മുന്നണിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് യു.ഡി.എഫിൽ ചേക്കേറിയവരാരും ഇന്ന് സംതൃപ്തരല്ല. ദേശീയ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുന്പോഴും, കോൺഗ്രസ്സിനോടൊപ്പം നിൽക്കുന്നത് ഗുണകരമല്ലെന്നും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇടതുപക്ഷത്തോടൊപ്പം അണിനിരക്കലാണ് ബുദ്ധി, എന്നൊരു നിലപാട് ജനതാദളിലും ആർ.എസ്.പിയിലും ഇപ്പോൾ ശക്തിപ്പെട്ടിട്ടുണ്ട്. ഓരോ മുന്നണിയേയും ഒന്നിടവിട്ട് അധികാരത്തിലേറ്റുന്നതാണ് കേരളത്തിന്റെ ചരിത്രം എന്നത് കൊണ്ട് മാണിയെ പേറി നടന്നു നാറുന്നതിലും ഭേദം പഴയ ജോസഫ് ഗ്രൂപ്പ് പുനരുദ്ധരിച്ച്, ഏറ്റവും പറ്റിയ അവസരം ഉപയോഗിച്ച് എൽ.ഡി.എഫിൽ ചേക്കേറുന്നതാണ് ബുദ്ധി എന്നൊരു ചിന്ത മാണി കേരളയിലെ ജോസഫ് വിഭാഗത്തിൽ പ്രകടമായി വന്നിട്ടുണ്ട്. ഇതൊരു പറ്റിയ അവസരമായെടുത്ത് അഴിമതിക്കെതിരായ നെടുനീളൻ പ്രസംഗം നടത്തി ജോസഫ് ഗ്രൂപ്പിൽ ചേർന്നാൽ അടുത്ത തവണയും ഭരണത്തിന്റെ തണലിൽ നിൽക്കാം എന്ന് ചിന്തിക്കുന്ന മാണി വിഭാഗം എം.എൽ.എ മാരും ഉണ്ടത്രേ! ‘കറിയിൽ നായ തുള്ളിയത് പോലുള്ള’ പി.സി ജോർജിന്റെ നടപടികളാണ് ഇതിനു തടസ്സമായി നിൽക്കുന്നത് എന്ന് കരുതുന്നവരുണ്ട്. ബാലകൃഷ്ണപിള്ള വിഭാഗം കേരളാ കോൺഗ്രസ് ഇപ്പോൾ തന്നെ എൽ.ഡി.എഫിനോടൊപ്പം ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായിരുന്ന ജെ.എസ്.എസ് പിളർന്നു മാറി, ഒരു ഗ്രൂപ്പ് ഗൗരിയമ്മയോടൊപ്പം ഇടതുപാളയത്തിൽ കാത്തു കെട്ടി കിടക്കുന്നുണ്ട്. എം.വി രാഘവന്റെ അവസാന കാലത്ത് തന്നെ സി.എം.പിയിലൊരു വിഭാഗം സി.പി.ഐ.എമ്മുമായി സഹകരിക്കാൻ തുടങ്ങുകയും ചെയ്തു. മുഖ്യമന്ത്രി പദം മോഹിച്ച് ഇടതുമുന്നണിയിലേക്ക് പോകാൻ കരുക്കൾ നീക്കിയ കെ.എം മാണിയെ ബാർകോഴ പോലുള്ള ശക്തമായ പൂട്ടുപയോഗിച്ച് പൂട്ടിയത് പോലെ ജോസഫ് ഗ്രൂപ്പിനെയും ജനതാദളിനെയും ആർ.എസ്.പിയേയുമൊക്കെ യു.ഡി.എഫിൽ തന്നെ പൂട്ടിയിടാൻ ദുർമന്ത്രവാദിയായ ഉമ്മൻചാണ്ടിക്ക് കഴിയുന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇവരൊക്കെ ഇടതുമുന്നണിയോടൊപ്പം ആയിരിക്കും മത്സരിക്കുക. സാധാരണയായി യു.ഡി.എഫ് സർക്കാരിന്റെ ബാലൻസ് ഷീറ്റിൽ ജനദ്രോഹ നടപടികളായിരിക്കും ഏറ്റവും കൂടുതൽ ഇടം പിടിക്കുക. അതിത്തവണയും വേണ്ടുവോളമുണ്ട്. എല്ലാതരം മാഫിയകൾക്കും വേണ്ടി ഭരണം ഉപയോഗിച്ച് ചെയ്തു കൊടുത്ത കാര്യങ്ങൾ രേഖപ്പെടുത്താൻ ഇവിടെ ഇടം മതിയാവില്ല. പക്ഷെ പതിവിൽ നിന്ന് വ്യത്യസ്തമായി ധാരാളം ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ഈ സർക്കാരിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയും മറക്കാവുന്നതല്ല. പതിവുപോലെ യു.ഡി.എഫ് ഭരണത്തിൽ പള്ളിയും സമുദായ സംഘടനകളും ഒക്കെ അരങ്ങു തകർത്തു. പക്ഷെ യു.ഡി.എഫ് അനുകൂലവോട്ടർമാരിൽ പോലും അത് മടുപ്പുളവാക്കിയിട്ടുണ്ട്. കോൺഗ്രസിലെ ഏതാനും എം.എൽ.എമാർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് സ്വീകരിച്ച നിലപാടുകളും ചലനമുണ്ടാക്കി. അഞ്ചാം മന്ത്രി വിവാദം മുതൽക്കിങ്ങോട്ട് മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിനെതിരായ വികാരം പൊതുവായി സമൂഹം പങ്കുവെച്ചു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടാണ് അത് ഉച്ചസ്ഥായിയിലെത്തിയത.് അത് അവസാനം മുസ്ലീം ലീഗിനെതിരായ വികാരം എന്നതിലുപരിയായി മുസ്ലീം വിരോധം, എല്ലാ പാർട്ടികളിലും പെട്ട ഹിന്ദുക്കളിൽ രൂപപ്പെടുന്ന നിലയിലേക്ക് മാറിയിട്ടില്ലേ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്്. ഇടതുപക്ഷ അണികൾ പോലും ഇതിൽ നിന്ന് മുക്തമല്ല. ഈ അവസരം നന്നായി ഉപയോഗപ്പെടുത്തിയിട്ടാണ് ബി.ജെ.പി വോട്ടു ബാങ്കിൽ വലിയ കുതിച്ചു ചാട്ടമുണ്ടാക്കിയത്. ഇത് ഓരോരോ മണ്ധലത്തിലും ഏത് മുന്നണിയെയാണ് ബാധിക്കുക എന്നതിനെ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് ഫലങ്ങൾ. രാഷ്ട്രീയക്കാർ പൊതുവായി അഴിമതിക്കാരാണ് എന്നൊരു വിശ്വാസം ജനങ്ങളിൽ രൂഢമൂലമാണ്. പക്ഷെ ഉമ്മചാണ്ടിയുടെ നേതൃത്വത്തിൽ എല്ലാ സീമകളും ലംഘിച്ച് വളർന്ന, സരിത മുതൽ ബാർകോഴ വരെയുള്ള വിവാദങ്ങൾ യു.ഡി.എഫിന് വലിയതോതിൽ ബാധ്യതയായി തീരും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പൊതുവായി യോജിപ്പിന്റെ അന്തരീക്ഷമാണ് കോൺഗ്രസ്സിലുണ്ടായിരുന്നതെങ്കിൽ ഇത്തവണ അങ്ങനെയല്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം സുധീരൻ എന്നിവരൊക്കെ വ്യത്യസ്ത ധ്രുവങ്ങളിൽ നിന്നാണ് ഇപ്പോൾ പട നയിക്കന്നത്. ചുരുക്കത്തിൽ വോട്ട് നേടാനുള്ള ഘടകങ്ങൾ വിരളവും നഷ്ടപ്പെടാനുള്ള സാഹചര്യം വിപുലവുമാണ് യു.ഡി.എഫിൽ.
ഇനി ഇടതുപക്ഷത്തിന്റെ നിലയും അത്ര ഭദ്രമൊന്നുമല്ല. അവരെ ബാധിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഇടതുമുന്നണിയെ ആരു നയിക്കും എന്ന പ്രശ്നം തന്നെയാണ്. പിണറായി വിജയനെ മുൻ നിർത്തിയുള്ള ഒരു തിരഞ്ഞെടുപ്പ് യുദ്ധം ജനങ്ങൾ എങ്ങനെയാണ് സ്വീകരിക്കുക എന്ന് വ്യക്തമല്ല. വി.എസ് അതിനോട് എങ്ങനെ പ്രതികരിക്കും എന്നുള്ളത് വളരെ പ്രധാനമാണ്. കേന്ദ്രത്തിൽ സീതാറാം യച്ചൂരിയുടെ വരവ് വി.എസ്സിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. വി.എസ്സിനെതിരായ കുറ്റവിചാരണ ഏറെക്കുറെ നിലച്ച മട്ടാണ്. ഡിസംബറിൽ കൊൽക്കത്തയിൽ നടക്കുന്ന പ്ലീനത്തോടെ വി.എസ്സ് കൂടുതൽ ശക്തനാകും എന്നും പറഞ്ഞു കേൾക്കുന്നു. ഇതൊക്കെ സംഭവിച്ചാലും 93 വയസ്സുള്ള വി.എസ്സിനെ മുൻനിർത്തി ഒരു തിരഞ്ഞെടുപ്പിന് നേതൃത്വം തയ്യാറാകുമോ? സംസ്ഥാനത്തെ സി.പി.ഐ(എം) സംഘടനയിൽ മൃഗീയമായ ആധിപത്യമുള്ള പിണറായിയോടൊപ്പം നിൽക്കുന്ന നേതാക്കൾ അത് അംഗീകരിക്കുമോ എന്നത് പ്രധാനം തന്നെ. ഒരുപക്ഷെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ പിണറായിയെ മുൻനിർത്തി ഒരു മത്സരം നടത്തിയാലും ജയിക്കാൻ കഴിഞ്ഞു എന്ന് വരാം. പക്ഷെ അതിനോട് വി.എസ്സിന്റെ പ്രതികരണം നിർണ്ണായകമായിരിക്കും. ഒന്നോ രണ്ടോ പ്രസ്ഥാവനകൾ കൊണ്ട്, ‘വേതാളത്തെ പഴയ മരത്തിൽ തലകീഴായി തൂക്കാൻ’ വി.എസ്സിന് കഴിയും. അതിനദ്ദേഹത്തെ കുറ്റപ്പെടുത്താനുമാകില്ല. കാരണം അത്രയേറെ ദ്രോഹം ഔദ്ധ്യോഗിക നേതൃത്വം അദ്ദേഹത്തോട് ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗിനെയും കേരളാ കോൺഗ്രസ്സിനെയും ഇടതുമുന്നണിയോടൊപ്പം അണിനിരത്താനുള്ള ശക്തമായ നീക്കങ്ങൾ ഔദ്യോഗിക നേതൃത്വം നടത്തുന്നുണ്ട്. ലീഗിലും സി.പി.എമ്മിലുമുള്ള ‘സമാനമനസ്കർ’ അതിനു വേണ്ടിയുള്ള കൊണ്ടുപിടിച്ച പരിശ്രമത്തിലുമാണ്. ന്യൂനപക്ഷ വർഗ്ഗീയതയോടുള്ള പാർട്ടിയുടെ പ്രഖ്യാപിത നയത്തിനെതിരെയുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കേന്ദ്ര നേതൃത്വത്തിന്റെ കടിഞ്ഞാൺ വീഴാൻ തന്നെയാണ് സാധ്യത. മുസ്ലീം ലീഗിന്റെ സഹായമില്ലെങ്കിലും ജയിച്ചു കയറാനുള്ള എല്ലാ അവസരങ്ങളും എൽ.ഡി.എഫിനുണ്ട്. എന്നാൽ പടിക്കൽ കൊണ്ടുപോയി കലം ഉടക്കുന്നത് പോലെ ഒരു നിലപാട് അവരിൽ നിന്നുണ്ടായാൽ, അത് എൽ.ഡി.എഫിന് കേരളം നൽകുന്ന അവസാനത്തെ അവസരമായി പരിഗണിക്കാനാണ് സാധ്യത.
ബി.ജെ.പി ഓരോ മണ്ധലത്തിലും എത്ര വീതം വോട്ടു നേടും, ആരുടെ കളത്തിൽ നിന്നാണ് ബി.ജെ.പിക്ക് വോട്ടു കിട്ടുക എന്നത് ഇപ്പോൾ പ്രവചനാതീതമാണ്. പൊതുവായി ഇത് ലീഗ് ഉൾപ്പെടുന്ന മുന്നണിക്കെതിരായി തീരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഓരോ മണ്ധലത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് അത് നേർവിപരീത ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യാം. ഏതായാലും ഇന്നുള്ളതിനേക്കാൾ എത്രയോ ഉയർന്ന ഒരു വോട്ടിംഗ് നിലയിലേയ്ക്ക് ബി.ജെ.പി ഉയരും. നാലോ അഞ്ചോ സീറ്റുകളോടെ ബി.ജെ,പി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്നേക്കാം. അപ്പോഴും പ്രധാനപ്പെട്ട ഒരു കാര്യം പശു−അസഹിഷ്ണുത തുടങ്ങിയവയുടെ രാഷ്ട്രീയം കേരളത്തിൽ ബി.ജെ.പിക്ക് ഗുണകരമായി ഭാവിക്കാനിടയില്ല. എന്നാൽ മുസ്ലീം, കൃസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഇടതു മുന്നണിക്ക് നന്നായി വോട്ടു നേടാൻ അവസരമൊരുക്കുകയും ചെയ്യും.