വിളക്കുകൾ തല്ലി കെടുത്തുന്നവർ അറിയാതെ പോകുന്നത് പ്രസന്നൻ ബങ്കളം
ഒരിക്കൽ മഹത്തായ നമ്മുടെ ഭാരതം ലോകത്തിനു മുന്നിൽ സന്പന്നമായത് കേവലം ഭൗതികമായ സന്പത്ത് കൊണ്ടായിരുന്നില്ല, മറിച്ച് നമ്മുടെ പൂർവ്വികർ ലോകത്തിനു മുന്നിൽ ഉയർത്തിപിടിച്ച മഹത്തായ ആദർശങ്ങളും അവ അനുസരിച്ചുള്ള ജീവിത രീതികളും ആയിരുന്നു. ഒരു പൂന്തോപ്പിൽ വിരിഞ്ഞ നാനാ വർണ്ണങ്ങൾ ഉള്ള പൂക്കളെ പോലെ ഭാരതമെന്ന മനോഹര ഭൂവിൽ ജനിച്ച നാനാ വർണ്ണ, ജാതി, മതത്തിലുള്ള ഒരുപാട് പാവം മനുഷ്യർ ഇവിടെ ഒരുപാടു നാനാത്വങ്ങൾക്കിടയിലും ഏകത്വത്തോടെ ജീവിച്ചു മരിച്ചു. ആണ്ടുകളോളം നമ്മെ അടിമകളാക്കി പ്രകൃതി നമുക്ക് കനിഞ്ഞനുഗ്രഹിച്ചു തന്ന നമ്മുടെ സന്പത്ത് മുഴുവൻ കൊള്ളയടിച്ച വൈദേശ ശക്തികളുടെ കരാള ഹസ്തങ്ങളിൽ നിന്നും, ജാതീയതയുടെയും, മതത്തിന്റെയും, അജ്ഞതയുടെയും, എണ്ണമറ്റ അനാചാരങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും, അന്ധകാരത്തിൽ നിന്നും നമ്മെ മോചിപ്പിക്കുവാൻ ഒരുപാട് പുണ്യാത്മാക്കൾ സാമ്രാജ്യത്വ ശക്തികളുടെ തോക്കിൻ കുഴലിനു മുന്നിൽ പിടഞ്ഞു വീണു.
സഹന സമരത്തിലൂടെ ഭാരതത്തിന്റെ സ്വാതന്ത്രത്തിനു വഴിതുറന്ന മഹാത്മാഗാന്ധയും, നിങ്ങൾ എനിക്ക് രക്തം നൽകു പകരം നിങ്ങൾക്ക് ഞാൻ സ്വാതനന്ത്ര്യം നൽകാം എന്ന് നമ്മോടു വിളിച്ചു പറഞ്ഞ ദേശ സ്നേഹത്തിന്റെ മഹത്തായ പ്രതീകമായ നേതാജിയും, ബധിരർക്കു ചെവി തുറക്കാൻ വൻ സ്ഫോടനം തന്നെ വേണമെന്ന് പറഞ്ഞ്, ബ്രിട്ടീഷുകാരെന്റെ വെടിയുണ്ടകളെ ചങ്കുറപ്പോടെ നേരിട്ട്, പിറന്ന നാടിന്റെ മോചനത്തിന് വേണ്ടി കഴുമരത്തിൽ ഏറി വിപ്ലവത്തിന്റെ അണയാത്ത ദീപമായ് മാറിയ ഭഗത് സിങ്ങും, രാജ്ഗുരുവും, സുഗ്ദെവ്സിങ്ങും, മത സൗഹാർദ്ദത്തിന്റെ മഹത്തായ പ്രതീകമായി മാറിയ മൗലാന അബ്ദുൽകലാം ആസാദും, ഒരുജാതി, ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് പറഞ്ഞു സവർണ്ണ മേധാവിത്വത്തിനെതിരെ സന്ധിയില്ല സമരം ചെയ്ത് മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിച്ച ശ്രീനാരായണ ഗുരുവും, പാടത്തു പണിയെടുക്കുന്ന പണിയാളർക്ക് നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു പുല്ലിന്റെ വില കൽപ്പിച്ച കാലത്ത് ഹിന്ദു മതത്തിലെ ക്രൂരമായ ജാതിവ്യവസ്തക്കെതിരെ സവർണ്ണ മേധാവിത്വത്തിനെതിരെ സന്ദിയില്ലാ സമരം നടത്തിയ അയ്യങ്കാളിയും, മുലക്കരം ചുമത്തിയതിനു സ്വന്തം മാറ് മുറിച്ചു, സവർണ്ണ മേധാവിത്വത്തിന്റെ മുന്നിലേയ്ക്ക് എറിഞ്ഞു കൊടുത്തു രക്തം വാർന്നു മരിച്ച നങ്ങേലി അമ്മയും, അജ്ഞതയുടെയും, അന്ധ വിശ്വാസത്തിന്റെയും, അനാചാരങ്ങളുടെയും അന്ധകാരത്തിൽ നിന്ന് ഭാരത ജനതയെ അറിവിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്തിയ നവോത്ഥാന നായകൻ രാജ റാം മോഹൻ റോയിയും, മാനവ സ്നേഹമാണ് യഥാർത്ഥ മാധവ സ്നേഹമെന്ന് നമ്മെ പഠിപ്പിച്ചു ഭാരതത്തിന്റെ മഹത്തായ പാരന്പര്യങ്ങളെ ലോകത്തിനു തുറന്നു കാട്ടി കൊടുത്ത വിവേകാനന്ദ സ്വാമികളും, സൂര്യൻ ഇരുട്ടകറ്റുന്നതു പോലെ മനുഷ്യന്റെ ദുരിതങ്ങളകറ്റാൻ കൊട്ടാരത്തിലെ സുഖ ലോലുപതയിൽ നിന്ന് പട്ടിണി പാവങ്ങളുടെ കണ്ണിരൊപ്പാൻ നടന്നു നീങ്ങിയ ശ്രീബുദ്ധൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മഹത് വ്യക്തിത്വങ്ങളുടെ ആത്മാർതവും, ത്യാഗ നിർഭരവുമായ പരിശ്രമങ്ങളിലൂടെ നമ്മുടെ രാജ്യം സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും, അജ്ഞതയുടെയും, അന്തവിശ്വാസങ്ങളുടെയും അന്ധകാരത്തിൽ നിന്നും, വർഗ്ഗിയതയുടെയും, ജാതീയതയുടെയും അഴുക്കു പുരണ്ട ഇരുണ്ട കാലത്തിൽ നിന്നും മോചനം നേടി. നമ്മുടെ മണ്ണും, വിണ്ണും, മഴയും പുഴകളും, പൂക്കളും നമുക്ക് സ്വന്തമായി. അളവറ്റ പ്രകൃതി സന്പത്തും, അതിരറ്റ ഐക്യത്തിലും, വിദ്യ കൊണ്ട് പ്രബുദ്ധരായ ജനത കൊണ്ടും ഭാരതം ലോകത്തിനു മുന്നിൽ തിളങ്ങി നിന്നു. ലോകത്തിന്റെ നെറുകയിൽ കയറി നിന്ന് ഞാനൊരു ഇന്ത്യക്കാരനാണെന്ന് അഭിമാനത്തോടെ പറയാൻ ഓരോ ഭാരതിയനും കൊതിച്ചു.
പക്ഷെ മൺമറഞ്ഞ നമ്മുടെ മഹാരഥന്മാർ നമ്മുക്കിടയിൽ കൊളുത്തിവെച്ച സ്വാതന്ത്രത്തിന്റെയും, സമാധാനത്തിന്റെയും വിളക്ക് സ്വതന്ത്ര ഇന്ത്യയുടെ ഭരണ ചക്രം തിരിച്ച മാറി മാറി വന്ന കപട രാജ്യസ്നേഹികളും, ബുദ്ധിജീവികളും, മതമേധാവികളും തല്ലിക്കെടുത്തി. നമ്മുക്കിടയിലെ ഐക്യത്തിന്റെയും, സമാധാനത്തിന്റെയും, അന്തരീക്ഷത്തിലേക്ക്, വിഭാഗീയതയുടെ കല്ലെറിഞ്ഞു അനൈക്യത്തിന്റെ അലയൊലികൾ തീർക്കാൻ വെന്പൽ കൊണ്ട സാമ്രാജ്യത്വ ശക്തികളുടെ പണിയാളുകളായ് നമ്മുടെ പൂർവികർ ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഉഴുതു മറിച്ച നന്മയുടെ വിള നിലം കുഴിച്ചു മൂടുകയും, അവർ കുഴിച്ചു മൂടിയ തിന്മയുടെ ഭൂത ഗണങ്ങളെ ഉയർത്തെഴുന്നേൽപ്പിച്ച് രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർത്തു നമ്മെ മറ്റൊരു സ്വാതന്ത്ര സമരത്തിലേയ്ക്ക് നയിച്ച് ഇന്ത്യാ മഹാരാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തി കൊണ്ടിരിക്കുകയാണ് ഹിന്ദ്വത്തിന്റെ പേർ പറഞ്ഞു നാട് ഭരിക്കുന്ന മോഡിയും കൂട്ടരും.
ഒരിക്കൽ രാഷ്ട്രീയക്കാരായ ദേശസ്നേഹികളും, ദേശസ്നേഹികളിലെ രാഷ്ട്രിയക്കാരും, ഭരിച്ചത് കൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങൾക്ക് ബോധ്യപ്പെടുന്പോഴേ ഏതൊരു ഗവൺമെന്റും അർത്ഥവത്താവുന്നുള്ളൂ എന്ന് ഉത്ഘോഷിച്ച അനശ്വര സാഹിത്യകാരൻ രവിന്ദ്രനാഥ ടാഗോറും, സാഹിത്യത്തിലൂടെ മത സൗഹാർദ്ദത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട, ഒരേസമയം ഞാൻ അല്ലാഹുവിന്റെയും, രാമന്റെയും പുത്രനാണെന്ന് പ്രഖ്യാപിച്ച സാഹിത്യകാരനായ കബിർദാസിനെ പോലുള്ളവരുടെയും മഹത്തായ കൃതികളും, നാടകങ്ങളും ഭാരതത്തിന്റെ സാമൂഹ്യ പരിഷ്കരണ പ്രക്രിയയിൽ ഒഴിച്ച് കൂടാൻ പറ്റാത്തവ പങ്ക് വഹിച്ചവ ആയിരുന്നു. പക്ഷെ ആധുനിക ഭാരതത്തിലെ കാവി പുതച്ച കപട സന്യാസികളും, കപട ഹിന്ദുത്വ വാദികളും നാട് ഭരിക്കുന്പോൾ, സത്യം വിളിച്ചു പറയുന്ന സാഹിത്യകാരനമാരും, സാമൂഹ്യ പരിഷ്കർത്താക്കളും ഇവിടെ കൊന്നൊടുക്കപ്പെടുകയാണ്.ഭാരതത്തിന്റെ ഐക്യത്തിലും, അഖണ്ടതയിലും ഊന്നിയുള്ള വളർച്ചയിൽ ഭീതി പൂണ്ട സാമ്രാജ്യത്വ ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഡ തന്ത്രത്തിന് ആക്കം കൂട്ടുകയാണ് സംഘികളും കൂട്ടരും.
ഒരു നേരത്തെ വിശപ്പടക്കാൻ മാലിന്യ കൂന്പാരങ്ങളിലേക്ക് കയ്യിടുന്ന കുഞ്ഞുങ്ങൾ ഉള്ള നാട്ടിൽ, ആരോഗ്യമില്ലാത്ത അമ്മമാർ ചാപിള്ളയെ പ്രസവിക്കുന്പോൾ, അവർ തെരഞ്ഞെടുത്ത അവരുടെ പ്രതിനിധികൾ ടിപ്പുവിന്റെ രാജ്യ ദ്രോഹത്തെയും (മറ്റു ചിലർ രാജ്യ സ്നേഹത്തെയും), പശുവിന്റെ മഹത്വത്തെയും പാടി പുകഴ്ത്തിയും ഇകഴ്ത്തിയും, രാജ്യത്തെ ലോകത്തിനു മുന്നിൽ മാനം കെടുത്തി കൊണ്ടിരിക്കുന്പോൾ, കപട സന്യാസിമാരും, മത വിശ്വാസികളും അറിയാതെ പോകുന്നതും, ഓർക്കാതിരിക്കുന്നതും ചിലതുണ്ട്. രാജ്യത്തെ സന്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പലരും ഓർക്കാതെ പോകുന്നു. ഭാരതത്തിലെ പ്രവാസികളിൽ ഭൂരിഭാഗവും വിയർപ്പൊഴുക്കുന്നത്, അറബ് നാടുകളിൽ ആണ്. ഭരണഘടന പ്രകാരം ഇസ്ലാമിക രാഷ്ട്രമാണ് ഓരോ അറബ് രാഷ്ട്രവും, പക്ഷെ ലോകത്തിലെ നൂറു കണക്കിന് രാജ്യങ്ങളിലെ നാനാജാതി മതസ്ഥർ ഇവിടെ ഒരുമിച്ചു തൊഴിലെടുക്കുന്നു, ഒരുമിച്ചുണ്ണുന്നു, ഉറങ്ങുന്നു, ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളുടെയെല്ലാം ആരാധനാലയങ്ങൾ നിർമ്മിക്കുവാനും, അവിടെ സ്വതന്ത്രമായി പ്രാർത്ഥിക്കുവാനും ഇവിടുത്തെ ഭരണാധികാരികൾ നമ്മെ അനുവദിക്കുന്പോൾ ഭരണഘടന പ്രകാരം മതേതര രാജ്യമെന്ന് പേരുകേട്ട നമ്മുടെ ഭാരതത്തെ ഭരണത്തിന്റെ തണലിൽ ഹിന്ദു രാഷ്ട്രമാക്കാൻ സംഘപരിവാറും കൂട്ടരും ന്യുനപക്ഷ മതസ്ഥരെ കൊന്നൊടുക്കുന്പോൾ ഇവിടുത്തെ ഒരു ഹിന്ദുവിനെയോ, ക്രിസ്ത്യനിയെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും മതസ്ഥരെയോ, ഇവിടുത്തെ ഭരണാധികാരികൾ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നുള്ളി നോവിചിട്ടില്ല. ഇവിടെ നമ്മളും നിങ്ങളും ഒന്നിച്ചു കഴിയുന്നു, നിങ്ങളെന്തേ നിങ്ങളുടെ നാട്ടിൽ ഭിന്നിച്ചു കഴിയുന്നു എന്ന് ഏതെങ്കിലും അറബ് സുഹൃത്ത് ചോദിച്ചാൽ സംസ്കാര സന്പന്നർ എന്ന് പേരുകേട്ട ഭാരതത്തിലെ പാവം പ്രവാസികൾക്ക് അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായിരിക്കും. കണ്ണ് പോയാലെ കണ്ണിന്റെ വില അറിയൂ എന്ന ആപ്ത വാക്യത്തെ അനുസ്മരിപ്പിക്കും വിധം.
നമ്മുടെ രാജ്യത്തെ സമാധാനവും സ്വാതന്ത്രവും, സ്വപ്നം കണ്ട മനോഹരമായ കണ്ണുകൾ നഷ്ടപ്പെട്ടതിന്റെയും പകരം പിറന്ന നാടിനെ സ്ഥാപിത താൽപ്പര്യക്കാർക്കും, സാമ്രാജ്യത്വ ശക്തികൾക്കും അടിയറവു വെയ്ക്കുന്ന അധികാര തിമിരം ബാധിച്ച കണ്ണുകൾ ഉദയം ചെയ്തതിന്റെയും വിപത്തുകൾ പാവപ്പെട്ട ഓരോ ഭാരതിയനും അനുഭവിച്ചു കൊണ്ടിരിക്കയാണ്. വർഗ്ഗീയ വാദികളും, നരാധമന്മാരും, ലോകത്തെ എല്ലാ മതങ്ങളിലും ഉണ്ടെന്നിരിക്കെ, അവരുടെ അജണ്ട സ്വന്തം മതത്തോടോ, രാജ്യത്തോടോ, വിശ്വാസികളോടോ ഉള്ള സ്നേഹമല്ലെന്നും, മറിച്ചു രാജ്യത്തിന്റെ ഐക്യവും, സമാധാനവും തകർത്തു അധികാരത്തിന്റെ ഇട നാഴികകളിൽ കയറി സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കലാണെന്നുമിരിക്കെ, അവരെ ഒരുമിച്ചു നിന്ന് തോൽപ്പിക്കുന്നതിനു പകരം ഭിന്നിപ്പിച്ചു ഭരിച്ചു രാജ്യത്തെ സമാധാന അന്തരീക്ഷത്തെ തകർത്തു. രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വെയ്ക്കുന്ന സാമ്രാജ്യത്വ അജണ്ടകൾക്ക് കൂട്ട് നിൽക്കുന്പോൾ, നമ്മുടെ സഹോദരന്മാരും, സഹോദരിമാരും, മകനും, മകളുമൊക്കെ അന്യ രാജ്യത്ത് സമാധാനത്തോടെ കഴിയുകയാണെന്നും അവരുടെ വിയർപ്പാണ് നമ്മളിൽ പലരുടെയും കുടുംബത്തിന്റെയും, രാജ്യത്തിന്റെയും സന്പത്്വ്യവസ്ഥയുടെ കരുത്തെന്നും കരുതാതെ ഓർക്കാപുറത്ത് കിട്ടിയ അധികാരത്തിന്റെ തണലിൽ തങ്ങളെ തെരഞ്ഞെടുത്ത സ്വന്തം ജനതെയെ ഓർക്കാതെ പരാക്രമങ്ങൾ കാട്ടി കൂട്ടുന്നവർ, തിരെഞ്ഞെടുപ്പുകൾ ഇനിയും ബാക്കി ഉണ്ടെന്നു ഓർക്കുന്നത് നന്നായിരിക്കും.
മനുഷ്യന് ജീവിക്കുവാൻ ഒരിക്കലും ആവശ്യമില്ലാത്ത മതത്തിന്റെ പേരിൽ നമ്മൾ തമ്മിൽ തെല്ലി തെരുവീഥികളിൽ ചോരപ്പുഴ ഒഴുക്കുന്പോൾ മുകളിൽ നിന്ന് കണ്ടു രസിച്ചു പൊതു ജനങ്ങളെ പിന്നെയും പിന്നെയും കഴുതകളാക്കുന്ന ഭരണകർത്താക്കൾ മറുഭാഗത്ത് ജീവന്റെ നില നിൽപ്പിന് ആധാരമായ നമ്മുടെ മണ്ണും, മലകളും, മരങ്ങളും, പുഴകളും, സാമ്രാജ്യത്വ ശക്തികളുടെ കുഴലൂത്തുകാർക്ക് വിറ്റു കാശാക്കുന്നത് നമ്മൾ അറിയാതെ പോകുന്പോൾ നാളെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിലേക്കുള്ള പാത നാം സ്വയം വെട്ടി തെളിയിക്കുകായാണെന്ന് മതമേലാളന്മാരുടെയും, സ്ഥാപിത താൽപ്പര്യക്കാരുടെയും വോട്ടു ബാങ്കുകളായ പൊതു ജനം ഇനിയെങ്കിലും അറിയേണ്ടതുണ്ട്.