പതറരുത്, പാരീസ്...
കൊലവെറിയുടെ രാഷ്ട്രീയം പാരീസിന്‍റെ ഹൃദയത്തെ വീണ്ടും മുറിപ്പെടുത്തിയിരിക്കുന്നു. ചോരപ്പുഴകളേറെ നീന്തിക്കയറിയ ചരിത്രത്തിന്‍റെ പിൻബലത്തിൽ പക്ഷെ പാരീസ് ഈ ആഘാതത്തെയും അതിജീവിക്കുമെന്നുറപ്പ്, പ്രത്യേകിച്ച് അതിനു ലോക നസാക്ഷിയുടെ കൈത്താങ്ങുള്ളപ്പോൾ
അക്രമങ്ങൾ, അത് എന്തിനു വേണ്ടിയാണെങ്കിലും നടത്തുന്നത് ആരായാലും, ആശാസ്യമല്ല. പോരാട്ടങ്ങൾ ആശയപരമായിരിക്കണം. വാക്കുകളെ തോക്കുകൾ കൊണ്ടു നേരിടുന്നത് ആശയ പാപ്പരത്തം ഉണ്ടാവുന്പോഴാണ്. സ്വാതന്ത്ര്യത്തിന്‍റെ ശത്രുവാണ് അത്തരത്തിലുള്ള അക്രമങ്ങൾ. ഇത്തരമൊരു ശത്രുവിനെയാണ് ഫ്രാൻസിൽ കഴിഞ്ഞ ദിവസം നിരപരാധികളായ സാധാരണക്കാർക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. എങ്ങുനിന്നെന്നറിയാത്ത അക്രമികളുടെ നിറതോക്കുകൾക്കു മുന്നിൽ അകാലത്തിൽ ജീവിതയാത്രയവസാനിപ്പിച്ചു പെട്ടെന്നില്ലാതായത് ഇതുവരെ അറിവായതനുസരിച്ച് 129 നിരപരാധികളാണ്. എന്തിനെന്നറിയാതെ ശിക്ഷിക്കപ്പെട്ടവർ. തങ്ങൾക്കു നേരേ വെടിയുതിർത്തവരോട് അവരിലാരും തന്നെ ഒരുകാലത്തും ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല. ആ നിരപരാധികളുടെ രക്തം ചിന്തിയതുകൊണ്ട് അവർക്കെതിരേ ഫ്രാൻസ് നടത്തുന്ന നടപടികളുടെ ഊക്കു കുറയണമെന്നുമില്ല. വെറുപ്പിന്‍റെ രാഷ്ട്രീയത്തിൽ ഇതെല്ലാം സഹജമാകുന്നു. അനാവശ്യമെങ്കിലും അനിവാര്യത.
ചത്തത് കീചകനെങ്കിൽ കൊന്നതു ഭീമനെന്ന പഴമൊഴിക്ക് കൊല്ലപ്പെട്ടതാരായാലും കൂട്ടക്കൊല നടത്തിയത് ലോകത്തിന്‍റെ തീവ്രവാദ നായകസ്ഥാനത്തുള്ള ഐ.എസ് തന്നെ എന്നതാണ് പുതുമൊഴി. ഇതു ശരിവെച്ചുകൊണ്ട് ഐ.എസ് തന്നെ ഫ്രഞ്ചു കൂട്ടക്കൊലയുടെ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. കണ്ണില്ലാത്ത ഐ.എസ് കൊലവിവരപ്പട്ടികയിൽ ഇനി 129 പേരുകൾ കൂടി. ചോരപ്പുഴകൾ കണ്ടുമടുത്ത മണ്ണാണ് ഫ്രാൻസ്. സഹസ്രാബ്ദ്ങ്ങളുടെ ചരിത്രം പറയാനുണ്ട് ഫ്രാൻസിന്. അനവധി അധിനിവേശങ്ങൾക്കും അധികാരമാറ്റങ്ങൾക്കും ഫ്രാൻസ് സാക്ഷിയായി. ലോകമൊട്ടാകെ സ്വന്തം കാൽക്കീഴിലാക്കിക്കൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ നടത്തിയ സാമ്രാജ്യത്വ പടയോട്ടത്തിലും മുന്നിൽ തന്നെയുണ്ടായിരുന്നു ഫ്രാൻസ്. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ബ്രീട്ടീഷ് രാജസ്ഥാനത്തിനു തൊട്ടു പിന്നിലായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോളനി സാമ്രാജ്യമായിരുന്നു ഫ്രാൻസ്.
മദ്ധ്യതരണിയാഴി (Mediterranian sea) മുതൽ ഇംഗ്ലീഷ് ചാനലും കരിങ്കടലും വരെ നീണ്ടുകിടക്കുന്ന ഈ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യം രാഷ്ട്രീയത്തിനൊപ്പം കലയുടെയും സംസ്കാരത്തിന്‍റെയുമൊക്കെ വിളനിലമായിരുന്നു. നൂറ്റാണ്ടുകളായി പാരീസാണ് കലയുടെ ആഗോള തലസ്ഥാനമെന്നു തന്നെ വിശ്വസിക്കുന്നവർ ഏറെ. നവോത്ഥാനകാലത്ത് ഫ്രാൻസിന്‍റെ പ്രാമാണ്യത്തിനു കരുത്തേറി. ലൂയി പതിനാലാമന്‍റെ ഭരണകാലത്ത് ഫ്രാൻസിന്‍റെ യശസ്സ് പരമകാഷ്ഠയിലെത്തി. ഒപ്പം ചോരപ്പുഴകളൊഴുകിയ ഒരുപാടു യുദ്ധങ്ങൾക്കും ഫ്രാൻസ് വേദിയായി. ലോകം ഇന്നേ വരെ ദർശിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ യുദ്ധവും ഇതിൽപ്പെടുന്നു. 1337 മുതൽ 116 വർഷം തുടർന്ന യുദ്ധത്തിനു പക്ഷേ നൂറുകൊല്ല യുദ്ധമെന്നാണ് വിളിപ്പേർ.
വർത്തമാനകാലവും ഫ്രാൻസിനു സംഘർഷങ്ങളുടേതു കൂടിയാണ്. പത്തു മാസങ്ങൾക്കു മുന്പു നടന്ന ഷാർലി എബ്ദോ ആക്രമണം കൊന്നൊടുക്കിയത് 17 പേരെയായിരുന്നു. ആക്ഷേപ ഹാസ്യം സാമൂഹ്യ വിമർശനത്തിനുള്ള ആയുധമാക്കിയ കാർട്ടൂണിസ്റ്റുകളും എഴുത്തുകാരുമായിരുന്നു അവരിൽ ഏറെപ്പേരും. ഷാർലി എബ്ദോ പത്രാധിപർ െസ്റ്റഫാൻ എബോണിയർ, കാർട്ടൂണിസ്റ്റുകളായ വോളൻസ്കി, കാബു, ഗിഗ്നസ് തുടങ്ങിയവർ അന്നു കൊല്ലപ്പെട്ടു. ഇതിനെതിരെ ലോകമൊന്നായി പ്രതിഷേധത്തിന്‍റെ അലകളുയർത്തി. എന്നിട്ടും ഇപ്പോഴിതാ അതിന്‍റെ പതിന്മടങ്ങു ശക്തിയിൽ തീവ്രവാദികൾ ഫ്രാൻസിന്‍റെ മണ്ണിൽ സംഹാര താണ്ധവമാടിയിരിക്കുന്നു. പ്രാദേശിക സമയം രാത്രി ഒന്പതരയോടെയായിരുന്നു സ്ഫോടന പരന്പരകളുടെ തുടക്കം. തുടർന്ന് ആറിടങ്ങളിലായി സമാനമായ ആക്രമണങ്ങൾ. ഓരോ സ്ഥലത്തും തീവ്രവാദികൾ ഒന്നുമറിയാത്ത ജനങ്ങൾക്കു നേരേ നിറയൊഴിക്കുകയായിരുന്നു. തീവ്രവാദി സംഘങ്ങളുടെ ചോരക്കളി രാത്രി പന്ത്രണ്ടരയോടെ അവസാനിച്ചു. അപ്പോഴേക്കും 120 ൽ ഏറെപ്പേർക്കു ജീവൻ നഷ്ടമായിരുന്നു. നൂറുകണക്കിനാൾക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആഘോഷങ്ങളുടെ ഇടങ്ങൾ ഞൊടിയിടയിൽ ചോരക്കളങ്ങളായി.
എട്ടു വർഷങ്ങൾക്കുമുന്പ് ലോകത്തെ നടുക്കിക്കൊണ്ട് മുംബൈ നഗരത്തിൽ പാക് തീവ്രവാദികൾ നടത്തിയ തേർവാഴ്ച്ചയുടെ തനിയാവർത്തനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒരുപക്ഷേ അതിന്‍റെ സംഹാര വ്യാപ്തി ഒരൽപ്പം കുറവായിരുന്നു എന്നു മാത്രം. മുംബൈയിൽ പന്ത്രണ്ടിടങ്ങളിൽ ആക്രമണം നടന്നപ്പോൾ പാരീസിൽ ആറിടങ്ങളിൽ മാത്രമായി അതു ചുരുങ്ങി. താജ്, ട്രൈഡന്‍റ് ഹോട്ടലുകൾക്കും കാമാ ആശുപത്രിക്കും നരിമാൻ ഹൗസിനും ഛത്രപതി ശിവജി ടെർമിനസിനും സിയോ പോൾ കഫേക്കും പകരം െസ്റ്റയ്ഡ് ഡി ഫ്രാൻസും ലേ പെറ്റിറ്റ് കന്പോയ്ഡേയും റ്യൂ ഡി ലാ ഫൊണ്ടെയ്ൻ ഓ റോയും ബടൾക്കാൻ കൺസർട്ട് ഹാളും റ്യൂ ഡി കറോണയും അവന്യൂ ഡി ലാ റിപ്പബ്ലിക്യും ഒക്കയായി. മുംബൈയിൽ 166 നിരപരാധികൾ മരിച്ചപ്പോൾ പാരീസിൽ അത് 129 ൽ ഒതുങ്ങി. മുംബൈയിൽ ഒരേയൊരു അജ്മൽ കസബിനെ മാത്രമാണ് പിടികൂടാനായത്. എന്നാൽ പാരീസ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട 3 പേരേ പിടികൂടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇവരെ തൊട്ടടുത്ത ബെൽജിയത്തിൽ െവച്ചാണ് പിടികൂടിയിരിക്കുന്നത്.അക്രമികൾ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് 7 തീവ്രവാദികൾ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. അക്രമികൾക്ക് ഒരു ഫ്രഞ്ചു പൗരന്‍റെ സഹായവും ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അക്രമികളിൽ ഒരാൾ സിറിയയിൽ നിന്നുള്ള അഭയാർത്ഥിയായിരുന്നുവെന്ന റിപ്പോർട്ട് അഭയാർത്ഥി സമൂഹത്തിന് ആശങ്ക പകരുന്നതാണ്. സിറിയയിലും ഇറാഖിലും തുർക്കിയിലും നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിനെതിരേ ഇപ്പോൾതന്നെ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ അതിശക്തമായ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. അഭയാർത്ഥികൾക്കൊപ്പം ആയിരക്കണക്കിനു തീവ്രവാദികളും യൂറോപ്പിലേയ്ക്ക് കടന്നെത്തുമെന്നും യൂറോപ്പിന്‍റെ സുരക്ഷ ഇവർ അപകടത്തിലാക്കുമെന്നുമാണ് ഈ രാജ്യങ്ങളുടെ വാദം. ഇതു ശരി വെയ്ക്കുന്നതാണ് ഫ്രാൻസിൽ ഇപ്പോൾ നടന്ന ആക്രമണത്തിന്‍റെ അന്വേഷണ ഫലങ്ങൾ നൽകുന്ന സൂചന. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് എട്ടുലക്ഷം പേരാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അഭയം തേടിയത്. അത്യന്തം അപകടകരമായി നൗകകളിലേറി മെഡിറ്ററേനിയൻ കടൽ കടക്കുന്നതിനിടെ ലോക മനസാക്ഷിക്കു നൊന്പരമായ ഐലാൻ കുർദിയടക്കം മൂവായിരത്തോളം അഭയാർത്ഥികൾ മരണതീരത്തണഞ്ഞു. ഫ്രാൻസിൽ നടന്ന ആക്രമണങ്ങളെത്തുടർന്ന് അഭയാർത്ഥികളുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നിലപാടു കർക്കശമാക്കാൻ നിർബന്ധിതമായാൽ മദ്ധ്യതരണിയാഴിയിൽ ജലസമാധിയടയാൻ വിധിക്കപ്പെട്ട അഭയാർത്ഥികളുടെ എണ്ണം ഇനിയും ഏറുമെന്നുറപ്പ്.
ഇത്തവണ ബടൾക്കാൻ കൺസർട്ട് ഹാളിൽ ആക്രമണം നടത്തിയ ഇസ്മയിൽ ഒമാർ മുസ്തഫയെന്ന തീവ്രവാദി മൊറോക്കൻ വംശജനാണെന്ന് അറിവായിട്ടുണ്ട്. 2004 ൽ യൂറോപ്പിനെ ഞെട്ടിച്ച മാഡ്രിഡ് സ്ഫോടന പരന്പരക്കു പിന്നിൽ പ്രവർത്തിച്ച ജമാൽ സൗഗത്തും മൊറോക്കോയിൽ നിന്നുള്ളയാളായിരുന്നു. വടക്കൻ സ്പെയിനിന്‍റെയും വടക്കു പടിഞ്ഞാറൻ ഫ്രാൻസിന്‍റെയും ഭാഗങ്ങൾ ഉൾപ്പെടുത്തി സ്വതന്ത്ര ബാസ്ക് രാജ്യം രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന തീവ്രവാദികളായിരുന്നു 198 പേരുടെ ജീവനെടുത്ത അന്നത്തെ ആക്രമണങ്ങൾക്കു പിന്നിൽ. 2004 മാർച്ച 11 ന് മൂന്നു റയിൽവേ േസ്റ്റഷനുകളിലായി നടത്തിയ ആക്രമണം ഇത്തരത്തിൽ യൂറോപ്പിൽ തന്നെ നടന്ന ഏറ്റവും വലിയ ആക്രമണമായി വിലയിരുത്തപ്പെടുന്നു. അതിനു തൊട്ടു പിന്നിലാണ് കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങൾക്കു സ്ഥാനം. പിന്നിലുള്ള സംഘടനകളുടെ പേരു മാറിയിട്ടും ആക്രമണത്തിന്‍റെ സ്വഭാവം മാത്രം മാറുന്നില്ല. കഴിഞ്ഞമാസമവസാനം ഈജിപ്തിലെ ഷാം അൽഷെയ്ഖിനടുത്ത് റഷ്യൻ യാത്രാ വിമാനം തകർന്ന് 224 യാത്രക്കാരും വിമാന ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടൽ മാറും മുന്പാണ് ഫ്രാൻസിൽ ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. വിമാനാപകടം യന്ത്രത്തകരാറുമൂലമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു എങ്കിലും അതിനു പിന്നിൽ ഐ.എസ് തന്നെയാണെന്ന് പിന്നീടു വെളിവായി.
സിറിയയിലും ഇറാഖിലും ഐ.എസ് നടത്തുന്ന കിരാത വാഴ്ചക്കെതിരായുള്ള സൈനിക നടപടികൾക്കുള്ള മറുപടികളായാണ് റഷ്യൻ വിമാനത്തിനു നേരെയും ഫ്രാൻസിലും ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണങ്ങൾ. ഇന്ന് തുർക്കിയിലും ഐ.എസിന്‍റെ ചാവേർ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം നിരവധി ലോകനേതാക്കൾ പങ്കെടുക്കുന്ന ജി 20 ഉച്ചകോടിക്കു രാജ്യം വേദിയാകുന്നതിനിടെ നടന്ന ചാവേർ സ്ഫോടനം ഏറെ ആശങ്ക പടർത്തിയിട്ടുണ്ട്. സിറിയയിലെയും ഇറാഖിലെയും തുടർ സൈനിക നടപടികളിൽ നിന്നും റഷ്യയെയും പാശ്ചാത്യ ശക്തികളെയും പിന്തിരിപ്പിക്കുക എന്നതു തന്നെയാണ് ഇത്തരം സ്ഫോടനങ്ങൾ കൊണ്ടുള്ള ഐ.എസ്സിന്‍റെ ഉദ്ദേശം. പക്ഷെ ഇത്തരത്തിലുള്ള പ്രവൃത്തികൾ ആക്രമണങ്ങൾക്കെതിരായി പരിഷ്കൃതലോകത്തെ ഒന്നിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതു ഫലത്തിൽ ഐ.എസിന് കൂടുതൽ ദോഷകരമാകാനാണ് സാദ്ധ്യത.